by Midhun HP News | Jan 6, 2024 | Latest News, കേരളം
തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു. കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടയാണ് സംഭവം.
പെണ്‍കുട്ടിയുടെ പിതാവും അര്‍ജുന്റെ ബന്ധുവുമായ പാല്‍രാജും തമ്മില്‍
വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് വാക്കേറ്റം ഉണ്ടാകുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് മാറുകയുമായിരുന്നു. ഇതിനിടെ പാല്‍രാജ് പെണ്‍കുട്ടിയുടെ പിതാവിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതി പാല്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പെണ്‍കുട്ടിയുടെവീട്ടുകാര്‍ അര്‍ജുന്റെ ബന്ധുക്കളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. അർജുന്റെ ബന്ധുക്കൾ ഇതിനിടെ പൊലീസ് സംരക്ഷണം തേടിയതും വാർത്തയായിരുന്നു. ഭീഷണി ഉയർന്നതിനെ തുടർന്ന് പാൽരാജ് ഉൾപ്പെടെയുള്ള അർജുന്റെ ബന്ധുക്കൾക്കു വീടുകളിൽനിന്ന് മാറിത്താമസിക്കേണ്ടിയും വന്നിരുന്നു.
കേസിലെ പ്രതി അര്‍ജുന്‍ സുന്ദറിനെ (24) വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പ്രതിക്കു നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അപ്പീല്‍ ജസ്റ്റിസ് പിബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 29നു പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു.
പ്രതിയെ വിട്ടയച്ച കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവ് റദ്ദാക്കി ശിക്ഷിക്കണം എന്നാണ് അപ്പീലിലെ ആവശ്യം.
വസ്തുതകളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തുന്നതില്‍ വിചാരണക്കോടതിക്ക് തെറ്റുപറ്റി. സാക്ഷിമൊഴികളും കണക്കിലെടുത്തില്ലെന്നും അപ്പീലില്‍ വിശദീകരിച്ചിരുന്നു. 2021 ജൂണ്‍ 30നാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്‍ജുനെ അറസ്റ്റ് ചെയ്തത്. തെളിവു ശേഖരണത്തില്‍ ഉള്‍പ്പെടെ കേസന്വേഷണത്തില്‍ പൊലീസിനു ഗുരുതരമായ വീഴ്ചയുണ്ടായെന്ന് വിചാരണക്കോടതി വിലയിരുത്തിയിരുന്നു.
by Midhun HP News | Jan 6, 2024 | Latest News, കേരളം
പത്തനംതിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ആളപായമില്ല. തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് സംഭവം. പമ്പ- നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിനായി പമ്പയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആര്‍ക്കും അപകടം സംഭവിച്ചില്ല.
തീര്‍ഥാടകര്‍ മലയിറങ്ങി പമ്പയില്‍ ക്യൂ നില്‍ക്കുന്ന മുറയ്ക്കാണ് ബസുകള്‍ ഓരോന്നായി എത്തുന്നത്. ഈ ക്രമീകരണം അനുസരിച്ച് തീര്‍ഥാടകരെ കയറ്റുന്നതിനായി പമ്പയിലെ പാര്‍ക്കിങ് യാര്‍ഡില്‍ നിന്ന് ബസ് എടുക്കാന്‍ പോകുന്നതിന് മുന്‍പാണ് തീ ഉയര്‍ന്നത്.
ബസ് എടുക്കുന്നതിനായി ഡ്രൈവറും കണ്ടക്ടറും ബസില്‍ കയറി. ബസ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് ആയില്ല. തുടര്‍ന്ന് പുക ഉയരുന്നത് കണ്ട് ഇരുവരും ബസില്‍ നിന്ന് പുറത്ത് ഇറങ്ങി. പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ പമ്പയില്‍ ഉണ്ടായിരുന്ന അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു. ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടാവാതിരുന്നത് കൊണ്ട് അപകടം ഒഴിവായി.
by Midhun HP News | Jan 6, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ലക്ഷദ്വീപിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ചക്രവാതച്ചുഴിയില്‍ നിന്ന് വടക്കന്‍ കൊങ്കണ്‍ വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഭാഗമായി അടുത്ത 4-5 ദിവസം കേരളത്തില്‍ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Jan 6, 2024 | Latest News, കേരളം
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്. 425 പോയിന്റുകൾ നേടിയാണ് കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 409 പോയിന്റുകളോടെ തൊട്ട് പിന്നിൽ കൊല്ലവുമുണ്ട്.
ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങൾ. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ഇന്നത്തെ ഗ്ലാമർ ഇനങ്ങൾ. അതിനിടെ ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റെയും, മൂകാഭിനയത്തിന്റെയും വേദികൾ പരസ്പരം മാറ്റിയിട്ടുണ്ട്. ഇത്തവണയും സ്വർണകപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കും എന്നതിൽ സംശയമില്ല. ജനപ്രിയ ഇനങ്ങളുടെ മത്സരം നടക്കുന്നതിനാൽ രണ്ടാം ദിനം സദസ് ഒഴിഞ്ഞ് കിടന്നിരുന്നില്ല.
നാടോടി നൃത്തത്തിൻ്റെയും നാടകത്തിൻ്റെയും ഭരതനാട്യത്തിൻ്റെയും വേദികൾ കാണികളാൽ നിറഞ്ഞിരുന്നു. അതേസമയം, കലോത്സവങ്ങളിൽ അപ്പീലുകളുടെ എണ്ണം നിയന്ത്രിക്കാൻ വേണ്ടി വന്നാൽ നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു. അപ്പീലുകളുടെ എണ്ണം കൂടുന്നതാണ് മത്സരങ്ങൾ വൈകാൻ കാരണം എന്നാണ് സംഘാടക സമിതി പറയുന്നത്. പലയിനങ്ങൾക്കും എത്ര അപ്പീലുകൾ വന്നിട്ടുണ്ടെന്ന് പോലും സംഘാടകർക്ക് നിശ്ചയം ഇല്ലാത്ത അവസ്ഥയും ഉണ്ട്. വരും വർഷങ്ങളിൽ ഇത് ആവർത്തിക്കാതിരിക്കാനാണ് നിയമനിർമാണം സർക്കാർ ആലോചിക്കുന്നത്.
by Midhun HP News | Jan 6, 2024 | Latest News, കേരളം
പത്തനംതിട്ട: പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്പുരാട്ടി (നന്ദിനി-76) അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ മൂലം താള്‍ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോല്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തില്‍ കൊട്ടാരത്തില്‍ നന്ദകുമാര്‍ വര്‍മയാണ് ഭര്‍ത്താവ്.
പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. 12-ാം ദിവസമായ ബുധനാഴ്ച ശുദ്ധിക്രിയകള്‍ക്ക് ശേഷം ക്ഷേത്രം തുറക്കുന്നതാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തിരുവാഭരണ ഘോഷയാത്രയ്ക്ക് മുടക്കം ഉണ്ടാവില്ല. അതേസമയം ഇത്തവണ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു.
by Midhun HP News | Jan 6, 2024 | Latest News, കേരളം
കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ കുപ്പിവെള്ളം, ശീതളപാനീയം തുടങ്ങിയവ കച്ചവടം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണിത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരില്‍ നിന്ന് ഭക്ഷണശാലകള്‍ അധികനിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണം. കുത്തകാവകാശമുള്ള ഭക്ഷണശാലകള്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം.എരുമേലി, റാന്നി, പെരിനാട് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഫ്‌ളൈയിങ് സ്‌ക്വാഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗങ്ങളും പരിശോധനകള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
Recent Comments