by Midhun HP News | Dec 30, 2023 | Latest News, കേരളം
തിരുവനന്തപുരം: വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയ നാല് ദീര്‍ഘകാല വൈദ്യുതിക്കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവ്. കരാര്‍ നടപടികളിലെ വീഴ്ചയുടെ പേരില്‍ റദ്ദാക്കിയ ഉത്തരവാണ് കമ്മീഷന്‍ തന്നെ പുനഃസ്ഥാപിച്ചത്. കുറഞ്ഞനിരക്കില്‍ ലഭിച്ചുകൊണ്ടിരുന്ന കരാറുകള്‍ പൊതുതാത്പര്യാര്‍ഥം പുനഃസ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. മൂന്നു കമ്പനികളുമായി 25 വര്‍ഷത്തേക്കുള്ളതായിരുന്നു നാല് കരാറുകള്‍.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 465 മെഗാവാട്ടിന്റെ വൈദ്യുതിക്കരാറുകളുണ്ടാക്കിയത്. ശരിയായ അനുമതികളില്ലാതെയാണ് കരാര്‍ ഉണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ കരാറുകള്‍ റദ്ദാക്കിയത്. പകരം വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചെങ്കിലും കമ്പനികള്‍ വലിയ വില ആവശ്യപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമായി. കരാര്‍ റദ്ദാക്കിയ കമ്മീഷന്‍ നടപടിയെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
സംസ്ഥാനത്തിന് വൈദ്യുതി നല്‍കുന്നത് എത്രയുംവേഗം പുനഃസ്ഥാപിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികള്‍ നിര്‍ദേശം പാലിക്കുന്നുണ്ടോയെന്നതറിയിക്കാന്‍ കെഎസ്ഇബിക്കും നിര്‍ദേശം നല്‍കി. മുന്നുകമ്പനികളില്‍ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ് 150 മെഗാവാട്ട് വൈദ്യുതി നല്‍കാന്‍ തയ്യാറാണെന്ന് തെളിവെടുപ്പുവേളയില്‍ കമ്മിഷനെ അറിയിച്ചിരുന്നു. 100 മെഗാവാട്ടിന്റെ കരാറുണ്ടായിരുന്ന ജിന്‍ഡാല്‍ ഇന്ത്യ തെര്‍മല്‍ പവര്‍ ലിമിറ്റഡ് വൈദ്യുതി നല്‍കാനാകില്ലെന്നും അറിയിച്ചു. എന്‍ടിപിസിക്കുകീഴിലുള്ള ജാബ്വ പവര്‍ ലിമിറ്റഡ് രണ്ടുകരാറുകളിലൂടെയുള്ള 215 മെഗാവാട്ടിന്റെ വൈദ്യുതി നല്‍കാന്‍ തടസം അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഇടപെട്ടാല്‍ അവര്‍ വൈദ്യുതി നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കമ്പനികള്‍ കരാര്‍ പുനഃസ്ഥാപിച്ചാല്‍ വലിയവിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാകും. കഴിഞ്ഞമാസങ്ങളില്‍ 20 കോടി രൂപവരെ ദിവസം നല്‍കിയാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയത്.
by Midhun HP News | Dec 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: 91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തീര്‍ത്ഥാടന മഹാസമ്മേളനം കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും നിര്‍വഹിക്കും. ജനുവരി ഒന്നിനാണ് തീര്‍ത്ഥാടനം സമാപിക്കുക.
തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്കും മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ ജില്ലാ കളക്ടര്‍ ഇന്‍ചാര്‍ജ് അനില്‍ ജോസ് ജെ അവധി പ്രഖ്യാപിച്ചു. വര്‍ക്കല ഗവ മോഡല്‍ എച്ച് എസ്, വര്‍ക്കല ഗവ എല്‍ പി എസ്, ഞെക്കാട് ഗവ എച്ച് എസ് എസ്, ചെറുന്നിയൂര്‍ ഗവ എച്ച് എസ്, വര്‍ക്കല എസ് വി പുരം ഗവ എല്‍ പി എസ് എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.
ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരിയിലും ചെമ്പഴന്തി ഗുരുകുലത്തിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്‌സിബിഷനും ഇന്ന് തുടക്കമാകും.
by Midhun HP News | Dec 29, 2023 | Latest News, കേരളം
വ്യവസായ വകുപ്പിൻ്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 2 ലക്ഷം പുതിയ സംരംഭങ്ങൾ വരുമെന്ന് മന്ത്രി പി രാജീവ്. റേഷൻ കടകളുമായി ചേർന്ന് കെ സ്റ്റോർ പദ്ധതിയുടെ നടപടികൾ തുടരുകയാണ്. വ്യവസായ പാർക്കുകളിലെ ഭൂമിയിലെ ചട്ടങ്ങൾ ഭേദഗതി ചെയ്തു. 8 മാസത്തിനുള്ളിൽ 16 സ്വകാര്യ വ്യവസായ പാർക്കുകൾ കേരളത്തിൽ ആരംഭിച്ചു. പുതിയ വ്യവസായ നയം കേരളത്തിലേക്ക് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള റേഷൻകടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുക എന്നതാണ് ‘കെ-സ്റ്റോർ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങളിലെ റേഷൻ കടകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന.
റേഷൻ കടകളിൽ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും ലഭ്യമാക്കാൻ വേണ്ടിയാണ് കെ സ്റ്റോർ പദ്ധതി ആരംഭിക്കുന്നത്. 10000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, വൈദ്യുതി ബിൽ, വാട്ടർ ബിൽ, എന്നിവ അടക്കമുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക കണക്ഷൻ, ശബരി, മിൽമ ഉൽപ്പന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും. കൂടാതെ ഘട്ടം ഘട്ടമായി കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും കെ സ്റ്റോറിലൂടെ നൽകുവാൻ ഉദ്ദേശിക്കുന്നു.
by Midhun HP News | Dec 29, 2023 | Latest News, കേരളം
തൃശൂര്‍: പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ചില തീവണ്ടികളുടെ സമയത്തിലും സ്റ്റോപ്പുകളിലും മാറ്റം വരുത്തി. ശബരി എക്‌സ്പ്രസ്, ടാറ്റ നഗര്‍ എക്‌സ്പ്രസ്, ഏറനാട് എന്നിവയ്ക്കാണ് മാറ്റം.
17229/17230 തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി എക്‌സ് പ്രസ് ഷൊര്‍ണൂര്‍ ഒഴിവാക്കിയാകും ജനുവരി ഒന്നു മുതല്‍ ഓടുക. അതിന് പകരമായി വടക്കാഞ്ചേരിയില്‍ നിര്‍ത്തും. എല്ലാദിവസവും വടക്കോട്ടുള്ള യാത്രയില്‍ തൃശൂരില്‍ 12.37നും വടക്കാഞ്ചേരിയില്‍ 12.59നും എത്തുന്ന വണ്ടി മടക്കയാത്രയില്‍ വടക്കാഞ്ചേരിയില്‍ 10.14നും തൃശൂരില്‍ 10.35നും എത്തിച്ചേരും.
നിലവില്‍ ആഴ്ചയില്‍ 2 ദിവസം ഓടുന്ന 18189/18190 ടാറ്റ എറണാകുളം എക്‌സ്പ്രസ്സ് ജനുവരി 1 മുതല്‍ ആഴ്ചയില്‍ 5 ദിവസം സര്‍വ്വീസ് നടത്തും. വടക്കോട്ടുള്ള യാത്രയില്‍ ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ തൃശൂരില്‍ 8.37ന് എത്തുന്ന വണ്ടി മടക്കയാത്രയില്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 23.55നും എത്തിച്ചേരും.
16605/16606 ഏറനാട് എക്‌സ്പ്രസ്സ് ജനുവരി 1 മുതല്‍ തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ ഓടുന്നതല്ല. ആ വണ്ടി നാഗര്‍ കോവിലിന് പകരം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിയ്ക്കുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യും.
by Midhun HP News | Dec 29, 2023 | Latest News, കേരളം
കടവൂർ: ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്ന വനിതകൾ അറസ്റ്റിൽ. കൊല്ലം കടവൂർ മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ വൃദ്ധയുടെ ഒന്നേകാൽ ലക്ഷം രൂപയുടെ മാലയാണ് തമിഴ്നാട് സ്വദേശികൾ കവർന്നത്. സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് ചാത്തിനാംകുളം സ്വദേശിയായ 77 വയസുള്ള മഹിളാ മണിയമ്മയുടെ മാല ഈ സംഘം മോഷ്ടിച്ചത്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചന കിട്ടിയത്.
by Midhun HP News | Dec 29, 2023 | Latest News, കേരളം
തിരുവനന്തപുരം: റെക്കോർഡ് വിലയിലേക്ക് ഉയർന്ന ശേഷം സ്വർണവില ഇന്ന് ഇടിഞ്ഞു. പതിമൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. ഡിസംബർ 17 മുതൽ സ്വർണവില മുകളിലേക്കാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. ഇതോടെ 47,000 ത്തിന് താഴേക്കെത്തി വില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46,840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. വിപണി വില 5855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വില 4845 രൂപയാണ്. വെള്ളിയുടെ വിലയും ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
Recent Comments