by Midhun HP News | Jun 3, 2026 | Latest News, കേരളം
വൈദ്യുതി വാങ്ങിയതില്‍ അധിക ബാധ്യതയെത്തുടര്‍ന്ന് നഷ്ടം ഉപഭോക്താവില്‍ നിന്ന് ഈടാക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാനാണ് തീരുമാനം
ഉപഭോഗം വര്‍ധിച്ചതോടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന്റെ അധിക ബാധ്യതയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കുക.
ജൂണ്‍ മാസത്തെ ബില്ലില്‍ സര്‍ചാര്‍ജായി യൂണിറ്റിന് രണ്ട് പൈസ വീതം ഈടാക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. പുറത്തു നിന്ന് ബെദ്യുതി വാങ്ങിയ വകയില്‍ 5.45 കോടിയുടെ അധിക ബാധ്യതയാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ തവണത്തെ ബില്ലില്‍ ഒരു പൈസ സര്‍ചാര്‍ജ് ഈടാക്കിയിരുന്നു. മാര്‍ച്ച് മാസത്തെ അധികബാധ്യതയായി 1.19 കോടി സമാഹരിക്കാനായിരുന്നു യൂണിറ്റിന് ഒരു പൈസ സര്‍ചാര്‍ജ് ഈടാക്കിയത്.
ജനുവരിയില്‍ ഈടാക്കിയ ഇന്ധന സര്‍ചാര്‍ജ് മാര്‍ച്ച് മാസത്തെ ബില്ലില്‍ ചരിത്രത്തിലാദ്യമായി ഉപഭോക്താവിന് തിരികെ നല്‍കുകയുണ്ടായി. ബാധ്യത കൂടുന്നതനുസരിച്ച് പരിധിയില്ലാതെ സര്‍ചാര്‍ജ് പിരിക്കാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയുണ്ട്. 2022 മുതല്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയ വകയില്‍ പ്രതിവര്‍ഷം 10,000 കോടിക്ക് മുകളിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലിത് 12,000 കോടിക്ക് മുകളിലെത്തുകയും ചെയ്തതോടെയാണ് കെഎസ്ഇബിക്ക് അധിക ബാധ്യതയായത്.

by Midhun HP News | Jun 3, 2026 | Latest News, കേരളം
കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഒരു മാസത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് നടപടി. തുടര്‍ നടപടികള്‍ക്കായി ഫര്‍മാന് മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. പെണ്‍കുട്ടിയും ഫര്‍മാനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലാണ് ഭര്‍ത്താവിനെതിരെ പട്ടികജാതി -വര്‍ഗ പീഡന നിരോധനം, പോക്സോ നിയമപ്രകാരം മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. എന്നാല്‍, താന്‍ പ്രായപൂര്‍ത്തിയായ ആളാണെന്നും വിവാഹ സമയം 18 വയസ് പൂര്‍ത്തിയായിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് സാധുവായ രേഖകളും ഇവര്‍ കാണിച്ചിരുന്നു.
മധ്യപ്രദേശ് പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. മധ്യപ്രദേശിലെ മുഴുവന്‍ സംസ്ഥാന സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്. വാദത്തിനിടെ ദമ്പതികള്‍ കേരളത്തിലായത് ഭാഗ്യമെന്ന് ജഡ്ജി നിരീക്ഷിച്ചപ്പോള്‍ ഇവര്‍ ജീവനോടെയിരിക്കുന്നതിന് ഒരേയൊരു കാരണം അതുമാത്രമാണെന്നായിരുന്നു അഭിഭാഷകന്റെ വാദം.
പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നും ജനന റജിസ്ട്രാര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നും മധ്യപ്രദേശ് പൊലീസ് വാദിച്ചു. നിലവില്‍ പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമെന്നും സമര്‍പ്പിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതിയും ആശുപത്രി രേഖകളും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ഇവരുടെ വിവാഹം ഒരു ക്ഷേത്രത്തില്‍ വച്ചാണ് നടന്നതെന്നും ഇത് കൃത്യമായ മതാചാരപ്രകാരമല്ല നടന്നതെന്നും അതിനാല്‍ തന്നെ വിവാഹത്തിന് നിയമസാധുതയില്ലെന്നും റജിസ്റ്റര്‍ ചെയ്ത വിവാഹവും നിയമപരമായി നിലനില്‍ല്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ കേസില്‍ ഒരു ഇരയായി കണ്ട് ആവശ്യമായ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും മധ്യപ്രദേശ് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

by Midhun HP News | Jun 3, 2026 | Latest News, കേരളം
പാലക്കാട്: നെന്മാറയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി ബിജെപി സ്ഥാനാര്‍ഥി. നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പ്രഭാവതിയെയാണ് പൊലീസ് പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ മാസം 29 ന് രാത്രി ആയിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ചെറിയ ഗേറ്റ് വഴി അകത്തുകടന്ന പ്രതി, ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് ഉള്ളിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു.
ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. നെന്മാറയിലെ ഇവരുടെ വീട്ടിൽ വെച്ചാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സമീപപ്രദേശത്തെ സിസിടിവി പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. നേരത്തെ മുക്കുപണ്ടം പണയം വെച്ച കേസിലും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നെന്മാറ പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

by Midhun HP News | Jun 3, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട. നിയമത്തിന്റെ മുന്നില്‍ സ്റ്റാറ്റസോ, പണമോ പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നും ഡാര്‍ക് വെബിന്റെ മറവിലിരുന്ന് കച്ചവടം നടത്തുന്ന ഡിജിറ്റല്‍ അടയാളങ്ങള്‍ പിന്തുടരാന്‍ സൈബര്‍ സെല്ലിന് പ്രത്യേകം നിര്‍ദേശം നല്‍കിയതായും ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ തുഫാന്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ഡിജെ പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗം നിര്‍ത്തണം. ആ പാര്‍ട്ടികളുടെ ഉദ്ദേശം മയക്കുമരുന്ന് വിതരണമോ ഉപയോഗമോ അല്ലെന്ന് തിരിച്ചറിയണം. അല്ലെങ്കില്‍ അവിടെയും നിയമത്തിന്റെ കരങ്ങള്‍ പിന്തുടരും.
ഇന്നോടു കൂടി ലഹരിക്കച്ചവടം അവസാനിപ്പിക്കുന്നതാണ് ലഹരി വില്‍പ്പനക്കാര്‍ക്ക് നല്ലതെന്ന്് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്ന് കേന്ദ്രങ്ങള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ ഉണ്ട്. അത് തടയുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേന്ദ്രങ്ങള്‍ അരിച്ചുപെറുക്കി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഓപ്പറേഷന്‍ തുഫാന്‍ ജനങ്ങളുടെ പദ്ധതിയാണ്. അധ്യാപകര്‍ക്ക് വേണ്ടി, വിദ്യര്‍ഥികള്‍ക്കുവേണ്ടി പുതിയ തലമുറയ്ക്കുവേണ്ടിയുള്ള പദ്ധതിയാണെന്നും ചെന്നിത്തല പറഞ്ഞു.
ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ എൻഫോഴ്‌സ്‌മെന്റും ബോധവത്കരണവും കേന്ദ്രീകരിച്ചാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പാക്കുന്നത്. പോലീസും എക്‌സൈസും ലഹരിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഈ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം, കുട്ടികളിലും യുവാക്കളിലും ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ‘നോ എക്‌സ്‌ക്യൂസസ്’ നിലപാടായിരിക്കും പൊലീസ് സ്വീകരിക്കുക. വരും തലമുറയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി എക്‌സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ.ജി ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പൊലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് മാഫിയയെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് പൂർണ്ണ സംരക്ഷണം നൽകുമെന്നും, അവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പൊലീസ് മീഡിയ സെന്റർ നിർമ്മിച്ച ബോധവൽക്കരണ അനിമേഷൻ ചിത്രവും തൂഫാൻ കെയർ പദ്ധതി ലോഗോയും ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി എൻ. ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഫ്ലാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോൺ, ശശി തരൂർ എം പി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സ്വാഗതം ആശംസിച്ച ചടങ്ങിൽ എഡിജിപി എച്ച് വെങ്കിടേഷ് നന്ദി പറഞ്ഞു.

by Midhun HP News | Jun 3, 2026 | Latest News, കേരളം
തിരുവനന്തപുരം: ഷെയറിട്ട് കുപ്പി വാങ്ങാന്‍ ഇനി എന്തെളുപ്പം! പതിവ് കൂട്ടുകാരനെ കിട്ടിയില്ലെങ്കില്‍ ആദ്യം കാണുന്ന നാല് പേരെ മുട്ടി നോക്കൂ, ഒരാളെങ്കിലും സെറ്റാകും. കേരളത്തില്‍ കുടി കൂടിയെന്നും നാലിലൊന്ന് പുരുഷന്മാരും മദ്യം കഴിക്കുന്നവരാണെന്നുമാണ് ഏറ്റവും പുതിയ വാര്‍ത്ത. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ആറാമത് പതിപ്പിലാണ് കേരളത്തില്‍ പുരുഷന്മാരുടെ മദ്യപാനം വര്‍ധിച്ചതായുള്ള കണ്ടെത്തല്‍.
15 വയസിന് മുകളിലുള്ള ആണുങ്ങളില്‍ 22.7 ശതമാനം പേരും മദ്യം കഴിക്കുന്നവരാണ്. 2023-24 ല്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. ഇതേ സര്‍വേയുടെ മുന്‍ പതിപ്പില്‍, 2019-20ല്‍, 15 വയസിന് മുകളിലുള്ള ആണുങ്ങളില്‍ മദ്യം കഴിക്കുന്നവര്‍ 19.9 ശതമാനം മാത്രമെന്നായിരുന്നു കണ്ടെത്തല്‍. നാലു വര്‍ഷങ്ങള്‍ക്കിടെ മദ്യപാനികളുടെ ശതമാനത്തിലുണ്ടായ ആപേക്ഷിക വര്‍ധന 14 ശതമാനമാണ്.
ദേശീയ തലത്തില്‍ പുരുഷന്മാരുടെ മദ്യപാനത്തില്‍ ചെറിയ വര്‍ധനവാണുണ്ടായത്. 2019-20 ലെ 18.7 ശതമാനത്തില്‍ നിന്ന് 2023-24ല്‍ 18.9 ശതമാനമായി. കേരളത്തില്‍ സ്ത്രീകളുടെയിടയില്‍ മദ്യപാനം തീരെ കുറവാണ്. എങ്കിലും അവരുടെ എണ്ണത്തിലും നേരിയ വര്‍ദ്ധനവ് ഉണ്ടായെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍. മുമ്പ് 0.2 ശതമാനമായിരുന്നത് 0.3 ശതമാനമായാണ് വര്‍ധിച്ചത്. രാജ്യത്ത് പുരുഷന്മാരുടെ മദ്യപാനത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് അരുണാചല്‍പ്രദേശിലാണ്, 50.5 ശതമാനം. തൊട്ടുപിന്നില്‍ തെലങ്കാന, 43.9 ശതമാനം. കേരളം പത്തൊമ്പതാം സ്ഥാനത്താണ്.
കേരളത്തില്‍ മദ്യപാനം കൂടിയെന്നത് പ്രാധാന്യമര്‍ഹിക്കുന്നൊരു വാര്‍ത്തയാണ്. കാരണം കാലങ്ങളായി കേരളത്തില്‍ മദ്യപാനം കുറയുന്ന ട്രെന്‍ഡാണ് കണ്ടുവന്നത്. ഇതേ സര്‍വേയുടെ മൂന്നാം പതിപ്പില്‍, 2005-06 ല്‍, 45 ശതമാനം പുരുഷന്മാര്‍ മദ്യപിച്ചിരുന്നത് നാലാം പതിപ്പായപ്പോഴേക്കും, 2015-16 ല്‍, 37 ശതമാനമായി കുറഞ്ഞു. ഈ രണ്ടു സര്‍വേകളും 15 മുതല്‍ 49 വയസുവരെയുള്ള പുരുഷന്മാരെയാണ് പരിഗണിച്ചത്.
പിന്നീട് നടന്ന അഞ്ചാം പതിപ്പും (2019-20) ഒടുവില്‍ നടന്ന ആറാം പതിപ്പും 15 വയസിനു മുകളിലുള്ള എല്ലാ ആണുങ്ങളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തി. എന്തായാലും ഒരു ദശാബ്ദത്തിലേറെ കുറഞ്ഞു വന്ന ട്രെന്‍ഡിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. കേരളത്തില്‍ പുരുഷന്മാരുടെ മദ്യപാനത്തില്‍ നഗര ഗ്രാമ വ്യത്യാസം കുറയുകയാണ്. ഒടുവിലത്തെ സര്‍വേയില്‍ ഗ്രാമ പ്രദേശങ്ങളില്‍ 23.7 ശതമാനവും നഗരങ്ങളില്‍ 21.5 ശതമാനവും മദ്യപിക്കുന്നു എന്നാണ് കണ്ടെത്തല്‍. അഞ്ചാം പതിപ്പിലിത് യഥാക്രമം 21 ശതമാനവും 18.7 ശതമാനവുമായിരുന്നു.
സര്‍വേയിലെ കണ്ടെത്തലും സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്റെ (ബെവ്കോ) വില്പന കണക്കും പക്ഷേ അത്രയങ്ങ് പൊരുത്തപ്പെടുന്നില്ല. ബെവ്കോ യുടെ കണക്കു പ്രകാരം 2023-24ല്‍ 3.30 കോടി കെയ്‌സ് മദ്യമാണ് (ഒരു കെയ്‌സ് ഒന്‍പത് ലിറ്റര്‍) വിറ്റത്. ഇത് യഥാര്‍ത്ഥത്തില്‍ 2019-20ലെ വില്‍പ്പനയെക്കാള്‍, 3.35 കോടി കെയ്‌സുകളെക്കാള്‍ കുറവായിരുന്നു. വില വര്‍ധന മൂലം കോര്‍പറേഷന്റെ ആകെ വിറ്റുവരവ് ഇക്കാലയളവില്‍ 14,708 കോടി രൂപയില്‍ നിന്ന് 19,089 കോടിയായി ഉയര്‍ന്നു.

by Midhun HP News | Jun 3, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തും. തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന്, തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ജൂണ്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നലിനും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ (തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ബാക്കി ഭാഗങ്ങള്‍, വടക്കുകിഴക്കന്‍, മധ്യ-കിഴക്കന്‍, മധ്യ-പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ) കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യത.
സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Recent Comments