വൈദ്യുതി ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം; കുടിശ്ശിക അടച്ചു തീർക്കാം ഒറ്റത്തവണ തീർപ്പാക്കലിലൂടെ

വൈദ്യുതി ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം; കുടിശ്ശിക അടച്ചു തീർക്കാം ഒറ്റത്തവണ തീർപ്പാക്കലിലൂടെ

വൈദ്യുതി വ്യവസായങ്ങളുടെയും ഭവനങ്ങളുടെയും ജീവനാഡിയാണ്. ആ ബന്ധം അറ്റുപോകാതെ കാക്കേണ്ടത് കെ എസ് ഇ ബിയുടെയും ഉപഭോക്താവിന്റെയും ഒന്നിച്ചുള്ള ഉത്തരവാദിത്തമാണ്. വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ അനായാസ മാര്‍ഗം ഒരുക്കുകയാണ് കെ എസ് ഇ ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ.

വൈദ്യുതി ബില്‍ കുടിശ്ശിക പലിശയിളവോടെ തീര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് കെ എസ് ഇ ബിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകള്‍ ഈ പദ്ധതിയിലൂടെ ആകര്‍ഷകമായ പലിശയിളവോടെ തീര്‍പ്പാക്കാം. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാം. ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വനിതകള്‍ കെണിയൊരുക്കി; കോഴിക്കോട്ട് ബിസിനസുകാരന് നഷ്ടമായത് കോടികൾ

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വനിതകള്‍ കെണിയൊരുക്കി; കോഴിക്കോട്ട് ബിസിനസുകാരന് നഷ്ടമായത് കോടികൾ

ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസിനസുകാരന് 2.85 കോടി നഷ്ടപ്പെട്ടു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വനിതകളാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് നാല്‍പ്പതുകാരനെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയാക്കിയത്. ജൂലായ് 5-നും ഓഗസ്റ്റ് 16-നും ഇടയിലെ രണ്ടുമാസ കാലയളവിലാണ് ബിസിനസുകാരന്‍ ഇവരെ വിശ്വസിച്ച് വലിയ നിക്ഷേപം നടത്തിയത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടവര്‍ ലിങ്ക് അയച്ചു നല്‍കി ടെലഗ്രാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ബിസിനസുകാരനെ വിശ്വസിപ്പിക്കും വിധമുള്ള വിവരങ്ങളാണ് നല്‍കിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടറെ ഇദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ആശയവിനിമയം നടത്താന്‍ ഇന്ത്യയിലെ ഒരാളെ കമ്പനി ചുമതലപ്പെടുത്തുകയും ചെയ്തു.

യൂസര്‍ ഐ.ഡി. നല്‍കി ഒരു വെബ്സൈറ്റും ഇദ്ദേഹത്തെക്കൊണ്ട് ലോഗിന്‍ ചെയ്യിപ്പിച്ചു. ഇടുന്ന നിക്ഷേപത്തിന്റെയുംലാഭത്തിന്റെയുമൊക്കെ കണക്കുകള്‍ അപ്പപ്പോള്‍ കൃത്യമായി വെബ്സൈറ്റില്‍ കാണാമായിരുന്നു. സ്‌ക്രീന്‍ ഷോട്ടുകളും അപ്പപ്പോള്‍ അയച്ചുകൊടുത്തു. വ്യാജസൈറ്റുകള്‍ വഴിയുള്ള ചതിക്കുഴിയാണെന്നറിയാതെ ബിസിനസുകാരന്‍ പലഘട്ടങ്ങളിലായി വന്‍ നിക്ഷേപമാണ് നടത്തിയത്.

ചാവക്കാട്ടെ ഫ്ളോട്ടിങ് ബ്രിഡ്ജിൽ വീണ്ടും ചാകര

ചാവക്കാട്ടെ ഫ്ളോട്ടിങ് ബ്രിഡ്ജിൽ വീണ്ടും ചാകര

ചാവക്കാട്: തിരകള്‍ക്കൊപ്പം ഒഴുകി നടക്കാന്‍ അവസരമൊരുക്കി ചാവക്കാട് തുറന്ന ഫ്ളോട്ടിങ് ബ്രിഡ്‌ജിൽ വീണ്ടും ചാളച്ചാകര. ഇന്ന് രാവിലെ 6 മണിയോടെയാണ് ഫ്ളോട്ടിങ് ബ്രിഡ്‌ജിൽ കൂട്ടത്തോടെ ചാള എത്തിയത്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ കവറുകളിലും സഞ്ചികളിലുമായി ചാള വാരിയെടുത്തു. കഴിഞ്ഞ ദിവസവും ഫ്ളോട്ടിങ് ബ്രിഡ്‌ജിൽ ചാളച്ചാകര അടിഞ്ഞിരുന്നു.

110 മീറ്റർ നീളത്തിലാണ് കടലിലേക്ക് ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ നിർമിച്ചിട്ടുള്ളത്. സ്വകാര്യ സംരംഭകരുമായി സഹകരിച്ചായിരുന്നു നിര്‍മാണം. ഏകദേശം ഒരു കോടി രൂപ നിര്‍മാണ ചെലവാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജിന് വന്നിട്ടുള്ളത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞദിവസമാണ് ബ്രിഡ്‌ജ്‌ ഉദ്ഘാടനം ചെയ്തത്. തൃശൂരിലെ ആദ്യത്തെ ഫ്‌ലോട്ടിങ്ങ് ബ്രിഡ്‌ജ്‌ ആണിത്. ഫ്‌ലോട്ടിങ്ങ് ബ്രിഡ്‌ജ്‌ തുറന്ന് നല്‍കുന്നതോടെ ചാവക്കാട് ബീച്ച് വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണുള്ളത്. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാം.

തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ചാവക്കാട് ഫ്‌ലോട്ടിങ്ങ് ബ്രിഡ്‌ജ്‌ തയ്യാറാക്കിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന കടലോരമാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്. ഗുരുവായൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതി ചെയ്യുന്നത്.

ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി നാല് കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ചാവക്കാട് കടപ്പുറത്ത് നടപ്പാക്കിയത്. മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതല്‍ ചന്തമേക്കാന്‍ ആണ് ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജും ഒരുക്കിയത്.

വാടകയ്‌ക്ക് വീടെടുത്ത് ബ്രൗൺ ഷുഗർ വിൽപ്പന; വിവിധ ഭാഷാ തൊഴിലാളികളായ ദമ്പതികൾ പിടിയിൽ

വാടകയ്‌ക്ക് വീടെടുത്ത് ബ്രൗൺ ഷുഗർ വിൽപ്പന; വിവിധ ഭാഷാ തൊഴിലാളികളായ ദമ്പതികൾ പിടിയിൽ

പത്തനംതിട്ട: വാടകയ്‌ക്ക് വീടെടുത്ത് ലഹരി മരുന്ന് കച്ചവടം നടത്തിയ വിവിധ ഭാഷാ തൊഴിലാളികളടക്കം മൂന്ന് പേർ പിടിയിൽ. കഴിഞ്ഞ ദിവസം അടൂരും ഏനാത്തും കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ദമ്പതികൾ അസം സ്വദേശികളാണ്. ഫാകറുദീൻ (26), ഫരിദാഖത്തൂൻ (23) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 14 ചെറിയ കുപ്പികളിലായി വില്പനയ്‌ക്ക് സൂക്ഷിച്ചിരുന്ന 3. 62ഗ്രാം ബ്രൗൺ ഷുഗറും പിടികൂടി.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5315 രൂപയിലും പവന് 42,520 രൂപയുമായിരുന്നു.

ഇന്ന് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ ഔദ്യോഗിക വില 5335 രൂപയിലെത്തി. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 42,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഉല്ലാസനൗക ഒരുങ്ങുന്നു

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഉല്ലാസനൗക ഒരുങ്ങുന്നു

തൃശൂര്‍: അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്കായി ഉല്ലാസനൗക ഒരുങ്ങുന്നു. ടൂറിസ്റ്റുകള്‍ക്ക് പുഴയിലൂടെ കാടിനടുത്തേക്ക് പോകാനും വന്യമൃഗങ്ങളെ സുരക്ഷിതമായി കാണാനും സൗകര്യമൊരുക്കുക ലക്ഷ്യമിട്ടാണ് വനംവകുപ്പിന്റെ പുതിയ പദ്ധതി.

അതിരപ്പിള്ളികുത്തിന്റെ മുകളിലായാണ് ചങ്ങാടം ഒരുങ്ങിയിരിക്കുന്നത്. നിലവില്‍ രണ്ടു ചങ്ങാടങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഒരെണ്ണത്തിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. ചങ്ങാടത്തില്‍ മുള കൊണ്ട് ഇരിപ്പിടവും സജ്ജമാക്കിയിട്ടുണ്ട്.

പുഴയില്‍ ഒഴുക്ക് ഇല്ലാത്തിടത്ത് സവാരി നടത്താനാണ് പദ്ധതിയിടുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം കാവല്‍മാടം പണിത തച്ചന്മാര്‍ തന്നെയാണ് ഉല്ലാസനൗക നിര്‍മ്മാണത്തിന് പിന്നിലും. ചങ്ങാടയാത്രയ്ക്ക് പ്രത്യേക ഫീസ് നല്‍കേണ്ടി വരും. ഇതുകൂടാതെ സഞ്ചാരികള്‍ക്കായി വനത്തിലൂടെയുള്ള ട്രക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.