ഓൺലൈൻ ആയി നടന്ന ലേലത്തിലൂടെ പുതിയ കാറിനും പതിവ് ഇഷ്ട നമ്പർ സ്വന്തമാക്കി മമ്മൂട്ടി

ഓൺലൈൻ ആയി നടന്ന ലേലത്തിലൂടെ പുതിയ കാറിനും പതിവ് ഇഷ്ട നമ്പർ സ്വന്തമാക്കി മമ്മൂട്ടി

കൊച്ചി: ഓൺലൈൻ ആയി നടന്ന ലേലത്തിലൂടെ പുതിയ കാറിന് തന്റെ പതിവ് ഇഷ്ടനമ്പര്‍ നേടിയെടുത്ത് മെഗാ സ്റ്റാർ. കെ.എല്‍. 07 ഡി.സി. 369 എന്ന നമ്പറാണ് പുതിയ മോഡല്‍ ബെന്‍സിന് മമ്മുട്ടി സ്വന്തമാക്കിയത്.എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തിലൂടെയാണ് പതിവു നമ്പറായ 369 മമ്മൂട്ടി സ്വന്തമാക്കിയത്.

ഫാന്‍സി നമ്പറായ കെ.എല്‍. 07 ഡി.സി. 369 നമ്പര്‍ മമ്മൂട്ടി കമ്പനി കഴിഞ്ഞ ദിവസം ബുക്ക് ചെയ്തിരുന്നു. ഈ നമ്പറിനായി മറ്റ് രണ്ടുപേര്‍ കൂടി രംഗത്തെത്തിയതോടെ ലേലത്തില്‍ വെച്ചു. ഒടുവില്‍ 1.31 ലക്ഷം രൂപയ്ക്ക് താരം നമ്പര്‍ സ്വന്തമാക്കുകയായിരുന്നു.

5,000 രൂപ മാത്രം അടിസ്ഥാന വിലയിട്ടിരുന്ന 369 എന്ന നമ്പര്‍ മമ്മൂട്ടി ചേര്‍ത്തു പിടിച്ചതോടെയാണ് താരമൂല്യമുയര്‍ന്ന് ബ്രാന്‍ഡ് നമ്പറായി മാറിയത്. ഈ നമ്പറിന് മമ്മൂട്ടിയുടെ പേരു വന്നതോടെയാണ് ആവശ്യക്കാര്‍ കൂടിയത്. മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഗ്യാരേജിലെ പല വാഹനങ്ങള്‍ക്കും 369 എന്ന നമ്പറാണ് അവര്‍ സ്വന്തമാക്കിയിട്ടുള്ളത്. മെഴ്‌സിഡീസ് മെയ്ബ ജി.എല്‍.എസ് 600, ജി വാഗണ്‍, ബെന്‍സ് വി ക്ലാസ്, എസ് ക്ലാസ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, റേഞ്ച് റോവര്‍, ഫോക്‌സ്‌വാഗണ്‍ പോളോ ജി.ടി.ഐ തുടങ്ങി കാരവാനുകള്‍ വരെ 369 നമ്പറില്‍ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

എ.സിമൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവില്ല

എ.സിമൊയ്തീൻ എംഎൽഎ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവില്ല

തൃശ്ശൂർ: മുൻമന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എ.സി മൊയ്തീൻ എംഎൽഎ കരുവന്നൂർ സഹകരണ ബാങ്കിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാവില്ല. ഇന്നും നാളെയും ഹാജരാവാൻ കഴിയില്ലെന്ന് ഇഡിയെ എ.സി മൊയ്തീൻ അറിയിച്ചു. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് കാരണമായി അറിയിച്ചിരിക്കുന്നത്. മൊയ്‌തീൻ ഇന്നലെ രാത്രി തന്നെ വീട്ടിൽ നിന്ന് പോയെന്ന് ബന്ധുക്കൾ പറയുന്നു.

ഇതിനിടെ, തൃശ്ശൂർ അയ്യന്തോൾ സഹകരണ ബാങ്കിൽ ഇഡി പരിശോധന തുടരുകയാണ്. ഇന്നലെ രാവിലെ 8.15ന് തുടങ്ങിയ പരിശോധനയാണ് ഇപ്പോഴും തുടരുന്നത്. പി സതീഷ് കുമാർ 40 കോടി രൂപ ബാങ്കിൽ വെളുപ്പിച്ചെന്നാണ് വിവരം. തൃശ്ശൂർ സഹകരണ ബാങ്കിൽ നടന്ന ഇഡി റെയ്ഡ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അവസാനിച്ചു. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങൾ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇഡി സംഘം കൊണ്ടുപോയെന്നും ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ കണ്ണൻ അറിയിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,160 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ച് നാലിന് 44,240 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി.

അടൂരിൽ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തി; പിതാവ് ജീവനൊടുക്കി

അടൂരിൽ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തി; പിതാവ് ജീവനൊടുക്കി

പത്തനംതിട്ട എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. അടൂർ ഏനാത്ത് തട്ടാരുപടിയിൽ ഇന്ന് രാവിലെയാണ് സംഭവം. മെൽവിൻ(8) ആണ് കൊല്ലപ്പെട്ടത്. മെൽവിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് മാത്യു പി.അലക്സ് ജീവനൊടുക്കി.

ഇംഗ്ളണ്ടിലെ ആയോധന കലാ വിദഗ്ധൻ വർക്കല ഗവ. മോഡൽ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയ്ക്കു പരിശീലനം നൽകി

ഇംഗ്ളണ്ടിലെ ആയോധന കലാ വിദഗ്ധൻ വർക്കല ഗവ. മോഡൽ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയ്ക്കു പരിശീലനം നൽകി

വർക്കല ഗോജു റിയു കരാട്ടെ സെന്റർ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെൽഫ് ഡിഫെൻസ് ക്യാമ്പിൽ ഇംഗ്ളണ്ടിലെ ആയോധന കലാ വിദഗ്ധൻ വില്ലിയാംസ്‌ വർക്കല ഗവ. മോഡൽ ഹൈസ്കൂളിലെ വിദ്യാർത്ഥിനി അയിഷയ്ക്ക് പരിശീലനം നൽകുന്നു. റഷ്യൻ താരം യൂറി എലോക്ഹിൻ, കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി കോച്ചും വർക്കല കരാട്ടെ സെന്റർ ഡയറക്ടറുമായ സെൻസെയ് എസ്. വിജയൻ, സുമേഷ്, അനന്ത വർണ്ണ, ആർച്ച, ശരൺ, സജിത് തുടങ്ങിയവർ സമീപം.

ലോണ്‍ ആപ്പുകള്‍ക്ക് പിന്നില്‍ വിദേശികള്‍, പണം ക്രിപ്‌റ്റോകറന്‍സിയാക്കി പുറത്തേയ്ക്ക് കടത്തും

ലോണ്‍ ആപ്പുകള്‍ക്ക് പിന്നില്‍ വിദേശികള്‍, പണം ക്രിപ്‌റ്റോകറന്‍സിയാക്കി പുറത്തേയ്ക്ക് കടത്തും

തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് കേരള പൊലീസ്. അവരുടെ പ്രലോഭനങ്ങള്‍ തിരസ്‌കരിക്കാനും അവര്‍ അയച്ചു നല്‍കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. വായ്പ ആവശ്യമുള്ള പക്ഷം സര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കുകയാണ് വേണ്ടതെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

‘അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാന്‍ നാം അവര്‍ക്ക് അനുമതി നല്‍കുന്നു. വായ്പയായി കിട്ടിയ പണം അവര്‍ പറയുന്ന തുകയായി തിരിച്ചടച്ചില്ലെങ്കില്‍ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ നിങ്ങളുടെ ഫോണില്‍ നിന്നു ശേഖരിച്ച നിങ്ങളുടെ തന്നെ ചിത്രങ്ങള്‍ നഗ്‌നദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അയച്ചു നല്‍കും.

ഇത്തരം ചിത്രങ്ങള്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒക്കെ അയച്ചുനല്‍കുന്നു. ഇത് പണം വായ്പയെടുത്ത ആള്‍ക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കുന്നു. കുടുംബ ബന്ധങ്ങളെയും സൗഹൃദങ്ങളെയും ബാധിക്കുകയും ചെയ്യുന്നു. അംഗീകൃതമല്ലാത്ത ഇത്തരം ലോണ്‍ ആപ്പുകള്‍ക്കു പിന്നില്‍ പലപ്പോഴും വിദേശികള്‍ ആയിരിക്കും. നിങ്ങളില്‍ നിന്ന് കൈക്കലാക്കുന്ന പണം ക്രിപ്‌റ്റോകറന്‍സി മുതലായ മാര്‍ഗങ്ങളിലൂടെ വിദേശത്തേയ്ക്ക് കടത്തുന്നതിനാല്‍ പണം തിരിച്ചുപിടിക്കുന്നത് ദുഷ്‌കരവും ശ്രമകരവും ആണ്.’- കേരള പൊലീസ് പറയുന്നു.