by Midhun HP News | May 29, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വന്ദേമാതരം പൂര്‍ണമായി ആലപിക്കാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ്. വന്ദേമാതരം പൂര്‍ണമായി പാടണമായിരുന്നു. ലോക്ഭവന്‍ ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. എന്തുകൊണ്ട് മുഴുവനായി പാടിയില്ല എന്ന് സ്പീക്കറോട് ചോദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു.
ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നാണ് നിയമം. എന്നാല്‍ നിയമസഭയില്‍ വന്ദേമാതരം പാടുകയല്ല, അതിന്റെ സംഗീതമാണ് ആലപിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത തേടും. എന്നാല്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ വിശദീകരണം ചോദിക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ആദ്യ രണ്ടു ഭാഗങ്ങള്‍ ദേശീയഗീതമായതിനാല്‍ ആലപിച്ചാല്‍ മതിയാകും. മുഴുവനായി ആലപിക്കുക എന്നത് ആര്‍എസ്എസ് അജണ്ടയാണ്. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പറഞ്ഞു. എന്നാല്‍ ഗവര്‍ണറെ അപമാനിച്ചെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവന്‍ ആലപിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും നിയമസഭയില്‍ അത് പാലിക്കപ്പെട്ടില്ല. ഇതുവഴി ഗവര്‍ണറെയും ലോക്ഭവനെയും അവഹേളിക്കുകയാണ് ചെയ്തത്. ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വിഡി സതീശന്‍ സര്‍ക്കാര്‍ കീഴ്‌പ്പെട്ടുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഇത്തവണ സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

by Midhun HP News | May 29, 2026 | Latest News, കേരളം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനം ഇല്ലെന്നത് ശ്രദ്ധേയമാണ്. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിലെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ പിന്തുണ ആഗ്രഹിക്കുന്നു എന്നു വ്യക്തമാക്കുന്നു.
ഫെഡറലിസത്തില്‍ ഊന്നി കേന്ദ്രസര്‍ക്കാരുമായി മികച്ച ബന്ധത്തില്‍ പോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. ഇതല്ലാതെ കേന്ദ്രത്തെ വിമര്‍ശിക്കുന്നതോ, കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്നതോ ആയ പരാമര്‍ശങ്ങളൊന്നും നയപ്രഖ്യാപനത്തില്‍ ഇല്ല.
ജവഹര്‍ലാല്‍ നെഹ്റുവിനെ ഉദ്ധരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം തുടങ്ങിയത്. സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി സമസ്ത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ടുള്ള നയപ്രഖ്യാപനമാണ് യുഡിഎഫ് സര്‍ക്കാരിനുവേണ്ടി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നടത്തിയത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അടക്കം കേന്ദ്രസര്‍ക്കാരിനെതിരായ അതിരൂക്ഷ വിമര്‍ശനം പതിവായിരുന്നു. സാമ്പത്തിക രംഗത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ഞെരുക്കുന്നതും, വികസനപദ്ധതികള്‍ക്ക് പണം അനുവദിക്കാത്തതിലും ഇടതുസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പ് കേന്ദ്ര വിമര്‍ശനത്തില്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

by Midhun HP News | May 29, 2026 | Latest News, കേരളം
കണ്ണൂർ: മയ്യിൽ പാവന്നൂർ കടവിൽ റോഡരികിൽ നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.20 ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്. പാവന്നൂർ കടവ് എടത്തിലേക്കണ്ടി ഹൗസിൽ പി. കെ സാജിദിന്റെയും എ.കെ മൈമൂനത്തിന്റെയും മകൾ തഷ്രീഫ (4) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാജിദിനെയും മൈമൂനത്തിനെയും കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡരികിൽ നിർത്തി നിൽക്കുകയായിരുന്നു. ഈ സമയം പാവന്നൂർ എ. എൽ. പി. സ്കൂൾ ഭാഗത്ത് നിന്ന് അമിതവേഗതയിൽ ഓടിച്ചു വന്ന കെ. എൽ. 59 4847 നമ്പർ മിനിലോറി ഇവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെയും മാതാപിതാക്കളെയും ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം തഷ്രീഫയുടെ മൃതദേഹം പാവന്നൂർ കടവ് മദ്‌റസയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും. തുടർന്ന് പാവന്നൂർ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. അപകടത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് മിനി ലോറി കസ്റ്റഡിയിലെടുത്തു.

by Midhun HP News | May 29, 2026 | Latest News, കേരളം
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രാഥമിക സമാധാന കരാറില്‍ അമേരിക്കയും ഇറാനും തമ്മില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ധാരണയായത്.
എന്നാല്‍ കരാറിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയിട്ടില്ല. ചര്‍ച്ചകളുടെ പുരോഗതിയില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് കൂടുതല്‍ സമയം വേണമെന്ന് ട്രംപ് മധ്യസ്ഥരെ അറിയിച്ചതായും സൂചനയുണ്ട്. ഹോര്‍മുസിലെ ഉപരോധങ്ങള്‍ നീക്കണമെന്ന ഇറാന്റെ നിര്‍ദേശത്തില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
കരാറില്‍ ഏകദേശ ധാരണയായെങ്കിലും, ഇറാന്‍ ഉന്നത നേതൃത്വത്തിനും കരാറിലെ ചില നിര്‍ദേശങ്ങളില്‍ അതൃപ്തിയുള്ളതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസില്‍ സമാധാനം പുനഃസ്ഥാപിക്കലും, കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ കപ്പല്‍ സഞ്ചാരവുമാണ് കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹോര്‍മൂസ് കടലിടുക്കിലെ മൈനുകള്‍ 30 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാമെന്നും, കപ്പലുകളെ തടയില്ലെന്നും ഇറാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
ധാരണ പ്രകാരം തന്ത്രപ്രധാനമായ ചോക്ക്‌പോയിന്റ് കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ ഇറാന് കഴിയില്ല. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരത്തിന്റെ സ്ഥിതി വിലയിരുത്തി നാവിക ഉപരോധം പിന്‍വലിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന് സ്വതന്ത്രമായി എണ്ണ വില്‍ക്കാന്‍ സാധിക്കുന്നതിനായി ചില ഉപരോധങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ അമേരിക്ക തയ്യാറായിട്ടുണ്ട്. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഇറാന്റെ പ്രതിജ്ഞാബദ്ധതയും ഈ കരാറില്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍, ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും, യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ഭാവി നടപടികള്‍ എന്തൊക്കെയായിരിക്കണമെന്നും ഇരുപക്ഷവും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇറാന്‍ എത്രത്തോളം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നുവോ, അത്രത്തോളം നേട്ടങ്ങള്‍ അവര്‍ക്ക് ലഭിക്കുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

by Midhun HP News | May 29, 2026 | Latest News, കേരളം
ലഖ്നൗ: ഉത്തർപ്രദേശിലെ ഹാമിർപുരിനു സമീപം ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. പുലർച്ചെ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകർന്നു വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് തൊഴിലാളികളുടെ മരണം. 3 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്.
പുലർച്ചെ മൂന്ന് മണിയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കുരാരയിലെ മോർകന്ദർ പർസാനി മുതൽ നൈതി ഗ്രാമം വരെ നീളുന്നതാണ് ഈ പാലം. അപകട സമയത്ത് തൊഴിലാളികളെല്ലാം പാലത്തിന്റെ ഒരു ഭാഗത്ത് ഉറങ്ങുകയായിരുന്നു. പാലം തകർന്നു ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജിത് (30), പുഷ്പേന്ദ്ര സിങ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നീ തൊഴിലാളികളാണ് മരിച്ചത്.
അപകടത്തിനു പിന്നാലെ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എസ്ഡിആർഎഫ് സംഘം നിലവിൽ സ്ഥലത്തുണ്ട്. ആറ് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും മൂന്ന് പേർ തൂണിന് മുകളിൽ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

by Midhun HP News | May 29, 2026 | Latest News, കേരളം
അമ്മയിലെ തര്‍ക്കത്തില്‍ തന്റെ പരാതി കേള്‍ക്കാന്‍ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അന്‍സിബ ഹസന്റെ ആവശ്യം ‘അമ്മ’പരിഗണിച്ചേക്കില്ല. ഓരോരുത്തര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കല്‍ അല്ലല്ലോ അമ്മയുടെ രീതി എന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ പ്രതികരിച്ചു. തന്റെ പരാതിയെക്കുറിച്ച് കേള്‍ക്കാന്‍ രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാലാ പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്നായിരുന്നു അന്‍സിബയുടെ ആവശ്യം.
രാജിവച്ച ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ കഴിഞ്ഞ ദിവസം നടി ലക്ഷ്മി പ്രിയയ്ക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. തൃപ്പൂണിത്തുറ സബ് ഇന്‍സ്പെക്ടര്‍ രേഷ്മയ്ക്കെതിരെയാണ് അന്‍സിബയുടെ പരാതി. പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നാണ് പരാതി. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അന്‍സിബ ആരോപിക്കുന്നു.
ലക്ഷ്മി പ്രിയയുടെ പരാതിയില്‍ തന്നെ വിളിച്ചുവരുത്തി സ്റ്റേഷനില്‍ വെച്ച് അവഹേളിച്ചുവെന്നും അന്‍സിബ പറയുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ ഭീഷണിപ്പെടുത്തിയെന്നും അന്‍സിബയുടെ പരാതിയില്‍ പറയുന്നുണ്ട്. അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി.
അന്‍സിബയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അമ്മ കത്ത് നല്‍കിയിരുന്നു. പിന്നാലെ അന്‍സിബ മറുപടി നല്‍കി. തന്റെ പരാതി കേള്‍ക്കാന്‍ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അന്‍സിബയുടെ ആവശ്യം. രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാല പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്നായിരുന്നു ആവശ്യം.
ഇവരില്‍ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താല്‍, തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദല്‍ അംഗങ്ങളെ തീരുമാനിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഹിയറിങ് നടപടികള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യണമെന്നും ഈ റെക്കോര്‍ഡിങ്ങുകള്‍ അമ്മയുടെ ഔദ്യോഗിക രേഖകളില്‍ സൂക്ഷിക്കേണ്ടതും, അതിന്റെ പകര്‍പ്പുകള്‍ തനിക്കും ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എതിര്‍കക്ഷികള്‍ക്കും നല്‍കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. ഇതാണ് ഇപ്പോള്‍ കുക്കു പരമേശ്വരന്‍ നിരസിച്ചിരിക്കുന്നത്.

Recent Comments