by Midhun HP News | Jul 15, 2023 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പനി മരണം. ഡെങ്കി, എലിപ്പനി, ജപ്പാൻ ജ്വരം, എച്ച്1 എൻ1 എന്നിവ ബാധിച്ചാണ് മരണം. 290 പേർ ഡെങ്കി ലക്ഷണങ്ങളുടെ ചികിത്സ തേടി. 103 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. അതേസമയം ഇന്ന് 11,241 പേർ പനിബാധിച്ച് ചികിത്സ തേടി.
തിരുവനന്തപുരത്ത് പനിബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. പുല്ലമ്പാറ ലക്ഷം വീട് കോളനിയിൽ റാഹില ബീവിയാണ് മരിച്ചത്. ഒരാഴ്ചയായി പനിബാധിച്ച് ചികിത്സയിലായിരുന്നു. മഴ കനത്തതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ പനി തടയാനുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു. ചെളിയിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.
by Midhun HP News | Jul 15, 2023 | Latest News, കേരളം
നിലവില്‍ ആധാര്‍ ലിങ്കു ചെയ്യാത്തവര്‍ക്കും ലിങ്ക് ചെയ്യുന്നത് പരാജിതപ്പെട്ടതുമൂലം ഡിബിടി ലഭിക്കാത്തവര്‍ക്കും പോസ്റ്റ് ഓഫീസില്‍ അല്ലെങ്കില്‍ പോസ്റ്റ്മാന്‍ വഴി അക്കൗണ്ട് തുറക്കുന്നതിനും ആധാര്‍ ലിങ്ക് ചെയ്യുന്നതിനും പോസ്റ്റല്‍ വകുപ്പ് സൗകര്യം ഒരുക്കുന്നു. പോസ്റ്റ്മാന്‍ /പോസ്റ്റ് ഓഫീസുകളിലുളള മൊബൈല്‍ ഫോണും ബയോമെട്രിക് സ്‌കാനറും ഉപയോഗിച്ച് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനും ആധാര്‍ സീഡ് ചെയ്യാനും സാധിക്കും. പിഎം കിസാന്‍ സമ്മാന്‍നിധി പദ്ധതി പ്രകാരം കര്‍ഷകര്‍ക്കായി 2018 മുതല്‍ 6000 രൂപ നല്‍കിവരുന്നു. ആധാര്‍ സീഡ് ചെയ്യാത്തതിനാല്‍ ഡിബിടി ലഭിക്കാത്ത കര്‍ഷകര്‍ക്ക് തപാല്‍ വകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് ക്യാമ്പുകളും നടത്തുന്നു.
by Midhun HP News | Jul 15, 2023 | Latest News, കേരളം
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം വ്യാപക മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.
കാസര്‍ക്കോട് ഇന്ന് യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറിനിടെ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി ലിറ്റര്‍ വരെ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. അഞ്ച് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 18ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. 19നു മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.
by Midhun HP News | Jul 15, 2023 | Latest News, കേരളം
പത്തനംതിട്ട: എഐ കാമറയില്‍ നിന്നു രക്ഷപെടാന്‍ മാസ്‌ക് ഉപയോഗിച്ച് മുന്‍പിലെയും പുറകിലെയും റജിസ്‌ട്രേഷന്‍ നമ്പര്‍ മറച്ച ബൈക്ക് മോട്ടര്‍ വാഹന വകുപ്പ് പിടികൂടി. ഇതോടൊപ്പം റജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തതയില്ലാതെ പ്രദര്‍ശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനവും പിടികൂടി. കുന്നന്താനം സ്വദേശികളായ വിദ്യാര്‍ഥികളുടേതാണ് വാഹനങ്ങള്‍. രണ്ടു വാഹനങ്ങള്‍ക്കും കൂടി ഇരുപതിനായിരത്തിനു മേല്‍ പിഴ ഈടാക്കുമെന്നും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റു ഗുരുതര കുറ്റകൃത്യങ്ങളില്‍ ഈ വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ക്കു വിവരങ്ങള്‍ കൈമാറും.
ക്യാമറയിൽ പതിഞ്ഞിരുന്നെങ്കില്‍ ഇവര്‍ക്ക് 500 രൂപ പിഴയില്‍ ഒതുങ്ങുമായിരുന്നു. എന്നാല്‍ ഇവരുടെ അതിസാമര്‍ഥ്യമാണ് ഇവര്‍ക്ക് വിനയായത്.
by Midhun HP News | Jul 15, 2023 | Latest News, കേരളം
കൊച്ചി: അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജി(40)യാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ് ലിജിയെ കാണാനായാണ് ആശുപത്രിയിലെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ കത്തിയെടുത്ത് മഹേഷ് ലിജിയെ നിരവധിത്തവണ കുത്തിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് പിടികൂടിയത്.
by Midhun HP News | Jul 15, 2023 | Latest News, കേരളം
തൊടുപുഴ: കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ എടിഎം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തു. കട്ടപ്പനയിലെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് തമിഴ്‌നാട് സ്വദേശിയായ തമ്പിരാജിനെ അറസ്റ്റ് ചെയ്തത്. എടിഎം കൗണ്ടറുകളിലെ കാര്‍ഡ് ഇടുന്ന സ്ലോട്ടുകളില്‍ പേപ്പര്‍ തിരുകി വെക്കുന്ന പ്രതി, പണം പിന്‍വലിക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി കാര്‍ഡും പിന്‍നമ്പരും കൈക്കലാക്കിയാണ് പണം തട്ടിയെടുക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ജൂലായ് രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത്ത് എസ് നായരുടെ എടിഎം കാര്‍ഡ് തട്ടിയെടുത്താണ് ഇയാള്‍ പണം തട്ടിയെടുത്തത്. ശ്രീജിത്ത് കട്ടപ്പനയിലെ ഒട്ടേറെ എടിഎം കൗണ്ടറുകളില്‍ എത്തിയെങ്കിലും പണം പിന്‍വലിക്കുന്നതില്‍ തടസം നേരിട്ടു. തുടര്‍ന്ന് ഒന്നിലേറെ കൗണ്ടറുകളുള്ള എസ്ബിഐയുടെ എടിഎമ്മില്‍ എത്തിയപ്പോഴും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല.
ഇതേസമയം, അടുത്തുള്ള കൗണ്ടറില്‍ പണം പിന്‍വലിച്ചുകൊണ്ടിരുന്ന തമ്പിരാജിനെ സഹായത്തിനായി സമീപിച്ചു. ശ്രീജിത്തിന്റെ കൈയില്‍നിന്ന് കാര്‍ഡ് വാങ്ങിയ തമ്പിരാജ് തന്ത്രത്തില്‍ മറ്റൊരു കാര്‍ഡ് എടിഎം കൗണ്ടറിലിട്ട ശേഷം ശ്രീജിത്തിനോട് പിന്‍ ടൈപ്പ് ചെയ്യാന്‍ പറഞ്ഞു. ടൈപ്പ് ചെയ്ത പിന്‍ തെറ്റാണെന്ന് കാണിച്ചതോടെ ശ്രീജിത്തിനെ മറ്റൊരു എടിഎം കാര്‍ഡ് നല്‍കി തമ്പിരാജ് മടക്കി. അടുത്ത ദിവസം രാവിലെ മുതല്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതായുള്ള സന്ദേശം വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതെന്ന് മനസിലാക്കിയത്. ബാങ്കിനെ സമീപിച്ചപ്പോള്‍ കൈയിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എടിഎം കാര്‍ഡ് ആണെന്ന് ബോധ്യമായി. തുടര്‍ന്നു പൊലീസിനെ സമീപിക്കുകയായിരുന്നു.
തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ കട്ടപ്പന ഇന്‍സ്പെക്ടര്‍ ടിസി മുരുകന്‍, എസ്‌ഐ. സജിമോന്‍ ജോസഫ്, വികെ അനീഷ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും അടക്കം സമാന രീതിയില്‍ തട്ടിപ്പ് നടത്തി വന്‍ തുക ക്കൈലാക്കിയ കാമരാജ് ഒരു മാസം മുമ്പാണ് ചൈന്നെ ജയിലില്‍നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. വിവിധ സംസ്ഥാനങ്ങളിലായി മുപ്പതോളം സമാന കുറ്റക്യത്യങ്ങളില്‍ പ്രതിയാണ് കാമരാജ്. തമിഴ്നാട്ടില്‍ 27 കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. പീരുമേട്, കുമളി, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍, ഏലപ്പാറ എന്നിവിടങ്ങളിലും ഇതേ രീതിയില്‍ പണം തട്ടിയതായി പ്രതി സമ്മതിച്ചു.
Recent Comments