by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 115 കിലോ ചീഞ്ഞ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിമുതല്‍ ആറുമണിവരെയാണ് പരിശോധന നടത്തിയത്. തിരുവല്ല മത്സ്യമാര്‍ക്കറ്റില്‍ പുറത്ത് നിന്നാണ് മത്സ്യം എത്തിക്കുന്നത്. മത്സ്യം വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. അതിനാല്‍ മുഴുവന്‍ മത്സ്യവും പരിശോധിക്കാന്‍ സാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. മീനില്‍ രാസവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ മത്സ്യങ്ങള്‍ ചീഞ്ഞ നിലയിലായിരുന്നു. പരിശോധന സംഘത്തിന്റെ ഒപ്പം ഉണ്ടായിരുന്ന മൊബൈല്‍ യൂണിറ്റില്‍ ഉടന്‍ തന്നെ പരിശോധന നടത്തുകയായിരുന്നു.
by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈമാസം 30 മുതൽ പുത്തരിക്കണ്ടം നായനാർ പാർക്കിൽ ആരംഭിക്കുന്ന അനന്തപുരി ചക്ക മഹോൽസവത്തിന്റെ പ്രചണോദ്ഘാടനം ഗായകൻ എംജി ശ്രീകുമാർ നിർവഹിച്ചു. എംജി ശ്രീകുമാറിന്റെ വസതിയിലെ “വൈറൽ പ്ലാവിൻ്റെ” മുന്നിൽ വെച്ചാണ് മേളയുടെ പോസ്റ്ററും ടൈറ്റിലും സിസ്സ ജനറൽ സെക്രട്ടറി ഡോ.സി സുരേഷ് കുമാറിന് കൈമാറി പ്രകാശനം ചെയ്തത്.
സംസ്ഥാന ഫലമായ ചക്കയുടെ പ്രചരണാർത്ഥം സെൻ്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ )യുടെ നേതൃത്വത്തിൽ കേരളത്തിലെ ചക്ക കര്‍ഷകരുടെയും ചക്ക പ്രേമികളുടെയും കൂട്ടായ്മയും പ്രശസ്ത ചക്ക പ്രചാരകരായ ചക്കക്കൂട്ടവും ചേർന്നാണ് അനന്തപുരി ചക്ക മഹോൽസവം സംഘടിപ്പിക്കുന്നത്. കോവിഡിന് മുമ്പായി കനകക്കുന്നില്‍ നടന്ന ചക്ക മഹോല്‍സവത്തിന്റെ വിജയത്തെ തുടര്‍ന്നാണ് ഈ വര്‍ഷം മേള സംഘടിപ്പിച്ചിരിക്കുന്നത്.
ജൂലൈ ഒമ്പതുവരെ എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെയും ചക്ക വിഭവങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയുമാണ് ഒരുക്കുന്നത്. മേളയുടെ ഉദ്ഘാടനം 30ന് ഡപ്യൂട്ടി മേയർ പി കെ രാജു നിർവഹിക്കും. ”നല്ലഭക്ഷണം, നല്ല ആരോഗ്യം, നല്ലജീവിതം, നമുക്കും വരും തലമുറയ്ക്കും” എന്ന സന്ദേശമുയര്‍ത്തിയാണ് ഇക്കുറി മേള സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ദിവസങ്ങളിലായി മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, സിനിമാതാരങ്ങള്‍ എന്നിവര്‍ മേള സന്ദര്‍ശിക്കും.
by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാലുതവണ എംഎൽഎയും എകെ ആന്റണി മന്ത്രിസഭയിൽ അംഗവുമായിരുന്ന കോൺഗ്രസിന്റെ പ്രമുഖ നേതാവ് എം എ കുട്ടപ്പൻ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്.
2001ലെ എ കെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ മന്ത്രിയായിരുന്നു. 1980ല്‍ വണ്ടൂരിൽ നിന്ന് ആദ്യമായി എംഎൽഎയായി . 87 ൽ ചേലക്കരയിൽ നിന്നും വിജയിച്ചു .
1996ലും 2001ലും ഞാറക്കലിൽ നിന്നും വിജയിച്ചു. രാഷ്ട്രീയത്തിൽ എത്തുംമുമ്പ് അദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ട്യൂട്ടറായും, ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജനായും പ്രവർത്തിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5470 രൂപയായി. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് വില 43760 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് വില 4543 രൂപയാണ്.ഇന്നലെ സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5500 ൽ എത്തിയിരുന്നു. ഒരു പവന് വില 44,000 രൂപയിലും എത്തിയിരുന്നു. ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.
by liji HP News | Jun 21, 2023 | Latest News, കേരളം
നിയന്ത്രണം മറികടന്നുള്ള മത്സ്യബന്ധനത്തെചൊല്ലി മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റ്
ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ മുതലപ്പൊഴി റോഡ് ഉപരോധം ആവസാനിപ്പിച്ചു.
മറൈൻ എൻഫോഴ്സ്മെന്റ് ഇദ്യോഗസ്ഥർ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ വച്ച് മത്സ്യത്തൊഴിലാകളെ ചർച്ചയ്ക്ക് വിളിച്ചതോടെയാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്.
ഇന്ന് രാവിലെയോടെ നിയന്ത്രണം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് ഡിവൈഎസ്പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാലോളം വള്ളങ്ങൾ കസ്റ്റഡിയിൽ എടുത്ത്
ബോട്ടുകൾ വിഴിഞ്ഞത്തേയ്ക്ക് കൊണ്ടുപോകുവാനുള്ള ശ്രമമാണ് സംഘർഷ സാധ്യതയ്ക്ക് കാരണമായത്.
by liji HP News | Jun 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് : കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും കോൺഗ്രസ്സ് സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സിന്റെ ഭാഗമായി യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.
ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.ചന്ദ്രബാബു സദസ്സ് ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ്സ്.അജിത്കുമാർ അധ്യക്ഷനായി. മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബി.എസ്സ്.അനൂപ്, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് തുടങ്ങി നിരവധി യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു.

അഴിമതിയുടെ കൂത്തരങ്ങായ സംസ്ഥാന ഭരണത്തിന്റെ ദുഷ്ചെയ്തികളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ്സെടുക്കുന്നത്. എ.ഐ.ക്യാമറ ഇടപാടിലെ അഴിമതിയിൽ പെട്ട് മുഖം വികൃതമായ പിണറായി സർക്കാരും, സി.പി.എമ്മും ജനശ്രദ്ധ തിരിക്കാൻ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഗൂഢാലോചന നടത്തുന്നതായി നേതാക്കൾ ആരോപിച്ചു. യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം വർഷത്തിൽ അഴിമതിയുടെ മാരത്തോണാണ് നടക്കുന്നതെന്നും സദസ്സ് ആരോപിച്ചു.
Recent Comments