അമൃതാ വിജയന്‍; കരാട്ടെയില്‍ വര്‍ക്കലയുടെ പെണ്‍കരുത്ത്

അമൃതാ വിജയന്‍; കരാട്ടെയില്‍ വര്‍ക്കലയുടെ പെണ്‍കരുത്ത്

വര്‍ക്കല: കരാട്ടെയില്‍ വര്‍ക്കലയുടെ പെണ്‍കരുത്തായ അമൃതാ വിജയന്‍ 2023-ല്‍ ചൈനയില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ കരാട്ടെ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സിലേക്ക്. ഡല്‍ഹിയില്‍ 19, 20 തീയതികളില്‍ നടക്കുന്ന വനിതാ പുരുഷവിഭാഗം ഇന്ത്യന്‍ കരാട്ടെ ടീമിനെ തിരഞ്ഞെടുക്കുന്ന ട്രയല്‍സിലാണ് വര്‍ക്കല ഗോജുറിയു കരാട്ടെ സ്‌കൂളിലെ അമൃതാ വിജയന് ക്ഷണം ലഭിച്ചിരിക്കുന്നത്. 2018-ല്‍ ദേശീയ കരാട്ടെ ഫെഡറേഷനായിരുന്ന കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയതലത്തില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. ജപ്പാനില്‍ നടന്ന ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിരുന്നു.

ഈവര്‍ഷം ഛത്തീസ്ഗഡില്‍ നടന്ന ഓള്‍ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പൂള്‍ ചാമ്പ്യനായി. ഈ വര്‍ഷം ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സെലക്ഷന്‍ നേടിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഓള്‍ ഇന്ത്യ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ സ്വര്‍ണവും വ്യക്തിഗത വെങ്കല്‍ മെഡലും നേടിയാണ് പുതിയ നേട്ടത്തിലേക്കുള്ള ട്രയല്‍സിലേക്ക് പോകുന്നത്. വര്‍ക്കല ശിവഗിരി എസ്.എന്‍. കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി. കെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. കരാട്ടെ പരിശീലകനും വര്‍ക്കല ഗോജുറിയു കരാട്ടെ സ്‌കൂള്‍ ഡയറക്ടറുമായ സെന്‍സായ് എസ്.വിജയന്റെ മൂത്തമകളാണ്.

കുടുംബശ്രീ ലോണ്‍ വിവാദം; നടപടിയെടുക്കുമെന്ന് നഗരസഭാ സെക്രട്ടറി

കുടുംബശ്രീ ലോണ്‍ വിവാദം; നടപടിയെടുക്കുമെന്ന് നഗരസഭാ സെക്രട്ടറി

ആറ്റിങ്ങല്‍: നഗരസഭയിലെ ഏഴുലക്ഷം രൂപയോളം കുടുംബശ്രീ ബള്‍ക്ക് ലോണ്‍ ബി.ജെ.പി കൗണ്‍സിലറുടെ അക്കൌണ്ടിലേയ്ക്ക് അയക്കുകയും കൗണ്‍സിലര്‍ അത് വീട് പണിയ്ക്കായി ചെലവാക്കുകയും തുടര്‍ന്ന് നഗരസഭാ കുടുംബശ്രീ ലോണ്‍ തിരുമറി വിവാദമായപ്പോള്‍ തുക നഗരസഭാ അകൗണ്ടില്‍ തിരിച്ച് അടയ്ക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബശ്രീ ആഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കുകയും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ രണ്ടു ദിവസിത്തിനകം നടപടിയെടുക്കുമെന്ന് നഗരസഭാ സെക്രട്ടറി കെ.എസ്.അരുണ്‍ കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ വി.മുരളീധരന്‍ നായരുടെ ചോദ്യത്തിന് മറുപടി പറ‍ഞ്ഞു.

ആറ്റിങ്ങല്‍ കുടുംബശ്രീയില്‍ ഏറെ വിവാദമായ ഈ വിഷയത്തെ ചൊല്ലി കോണ്‍ഗ്രസ്സ്
കൗണ്‍സിലര്‍മാര്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിക്ഷേധിക്കുകയും. തുടര്‍ന്ന് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെയും പാര്‍ലെമന്‍ററി പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ നഗരസഭാകവാടത്തിനുമുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിക്കുകയും, കുടുംബശ്രീ മിഷനും, വിജിലന്‍സിനും പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധത്തിലായ ഭരണപക്ഷം സി.ഡി.എസിലെ ഉദ്യാേഗസ്ഥനെതിരെ നടപടിയെടുത്ത് വിഷയത്തില്‍ നിന്ന് തലയൂരി.

പ്ലസ് വണ്‍, വിഎച്ച്എസ് ഇ : ആദ്യ അലോട്ട്‌മെന്റ് നാളെ

പ്ലസ് വണ്‍, വിഎച്ച്എസ് ഇ : ആദ്യ അലോട്ട്‌മെന്റ് നാളെ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം.

4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക. www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും. ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗം ആദ്യ അലോട്ട്‌മെന്റും തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. www. admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ വിവരങ്ങള്‍ ലഭിക്കും.

കാലവർഷം കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത

കാലവർഷം കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലാണ് വ്യാപകമായി മഴയ്ക്ക് സാധ്യതയുള്ളത്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടൽ പ്രക്ഷുബ്‌ധമായിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

സംസ്ഥാനത്ത് നിരവധിപ്പേരാണ് ഡെങ്കിപ്പനി അടക്കം ബാധിച്ച് ചികിത്സ തേടുന്നത്. പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഫീൽഡ് തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. പനി വന്നാല്‍ സ്വയം ചികിത്സ നടത്താതെ, ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടാനും മന്ത്രി നിര്‍ദേശിച്ചു.

കാലവർഷം കനക്കുന്നു; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത

നാളെ മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച അഞ്ചുജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 20,21 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഈ ദിവസങ്ങളില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.