ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാത്ത 8 പേരെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

ആശുപത്രിയിൽ ഏറ്റെടുക്കാൻ ആരുമില്ലാത്ത 8 പേരെ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. ശ്രീകാര്യത്തെ ഹോമിലാണ് ഇവരെ പുനരധിവസിപ്പിച്ചത്. ഇവരുടെ തുടര്‍ പരിചണം ഉള്‍പ്പെടെയുള്ളവ മെഡിക്കല്‍ കോളേജ് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്നവരുടെ എണ്ണം കൂടി വരികയാണ്. ആശുപത്രി ജീവനക്കാരാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണവും പരിചരണവുമൊക്കെ നല്‍കി വരുന്നത്. ജീവനക്കാരുടെ മാതൃകാപരമായ ഈ പ്രവര്‍ത്തി പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അതേസമയം ഇത് പലപ്പോഴും മറ്റ് രോഗികളുടെ പരിചരണത്തിന് ബുദ്ധിമുട്ടാണ്. ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് പ്രശ്‌നത്തിലിടപെട്ടു.

മന്ത്രി വീണാ ജോര്‍ജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവും യോഗം ചേര്‍ന്ന് ഇവരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഹോമുകളില്‍ ചികിത്സ പൂര്‍ത്തിയാക്കിവരുടെ പുനരധിവാസം ഉറപ്പാക്കി വരുന്നു. അതിന്റെ ഭാഗമായാണ് 8 രോഗികളെ ശ്രീകാര്യത്തെ ഹോം ഏറ്റെടുത്തത്. ഈ വര്‍ഷം ഇതുവരെ 17 രോഗികളെയാണ് പുനരധിവസിപ്പിച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണം

കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണം

തിരുവനന്തപുരം കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ രക്തചാമുണ്ഡി, ബാലചാമുണ്ഡി ശ്രീകോവിലുകളുടെ പുനർ നിർമ്മാണം നടത്താനും ശാസ്താ ക്ഷേത്രം, ആയിരവല്ലി ക്ഷേത്രം, ക്ഷേത്ര കാട്ടിലെ വീട് തറവാട്, നാഗർക്കാവ് എന്നിവ പുതുക്കി പണിയാനും ദേവിയുടെ ശ്രീകോവിൽ കരിങ്കല്ലിൽ നിർമിക്കുവാനും ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചു.

ബാലാലയ പ്രതിഷ്ഠ നടത്തു ന്നതിനുവേണ്ടിയുള്ള ബാലായത്തിന്റെ സ്ഥാനം നിർണയിച്ച് പുനർനിർമാണ പണികൾ ആരംഭിക്കുന്നതിന്റെ ചടങ്ങുകൾ ക്ഷേത്ര തന്ത്രി പുലിയന്നൂർ നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽ ശാന്തി കെ.എ.രാമചന്ദ്രൻ നമ്പൂതിരി നിർവഹിച്ചു.

ട്രസ്റ്റ് സെക്രട്ടറി എം.ഭാർഗവൻ നായർ, ചെയർമാൻ എം .രാധാകൃഷ്ണൻ നായർ. പ്രസിഡന്റ് എം.വിക്രമൻ നായർ, ട്രെഷറർ വി.എസ്. മണികണ്ഠൻ നായർ,ട്രസ്റ്റ്‌ ജോയിന്റ് സെക്രട്ടറി പി ശിവകുമാർ, ട്രസ്റ്റ്‌ വൈസ് പ്രസിഡന്റ്‌ ജെ ശങ്കരദാസൻ നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ കാലവർഷം ദുർബലമാണ്. എന്നാൽ, അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയുടെയും, ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെയും സ്വാധീന മൂലമാണ് മഴ ശക്തമായിരിക്കുന്നത്.

തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലുമാണ് കനത്ത മഴ അനുഭവപ്പെടാൻ സാധ്യത.മഴയുടെ തീവ്രതയ്ക്ക് അനുസരിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിങ്ങനെ അഞ്ച് ജില്ലകൾക്ക് ഇന്നും നാളെയും യെല്ലോ അലർട്ടാണ്. കേരളതീരത്ത് വരും മണിക്കൂറുകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ എന്നിവർ ജാഗ്രത പുലർത്തേണ്ടതാണ്. നിലവിൽ, കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പെൻഷൻ മസ്റ്ററിങ്: സ്റ്റേ ഹൈക്കോടതി നീക്കി

പെൻഷൻ മസ്റ്ററിങ്: സ്റ്റേ ഹൈക്കോടതി നീക്കി

കൊച്ചി: സാമൂഹികസുരക്ഷാ പെൻഷൻ മസ്റ്ററിങ്ങിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. സാമൂഹികസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾ വഴിമാത്രം ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ് എന്ന സംസ്ഥാന സർക്കാരിന്റെ മാർച്ച് 28-ലെ ഉത്തരവാണ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നത്.

മസ്റ്ററിങ് ഡിസംബറിൽ കഴിഞ്ഞതാണെന്നതും അനുബന്ധ രേഖകളാണ് ഇനി അപ്‌ലോഡ്ചെയ്യേണ്ടത് എന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് വിജു എബ്രഹാം സ്റ്റേ നീക്കിയിരിക്കുന്നത്. സർക്കാർ ഉത്തരവിനെതിരെ സിഎസ് സി നടത്തിപ്പുകാർ കോടതിയെ സമീപിക്കുകയായിരുന്നു. മസ്റ്ററിങ്ങിന് സിഎസ്സികൾക്കും അക്ഷയ സെൻററുകൾക്കും തുല്യപരിഗണന നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ഹർജി 10 ദിവസത്തിനുശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ, ഇന്നലെ രാത്രി സഞ്ചരിച്ചത് 15 കിലോമീറ്റർ; നിരീക്ഷണം ശക്തമാക്കി

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ, ഇന്നലെ രാത്രി സഞ്ചരിച്ചത് 15 കിലോമീറ്റർ; നിരീക്ഷണം ശക്തമാക്കി

നാ​ഗർകോവിൽ: അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി വിവരം. ഇന്നലെ രാത്രിയോടെയാണ് 15 കിലോമീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പൻ കന്യാകുമാരി വനാതിർത്തിയിലേക്ക് കടന്നത്. അരിക്കൊമ്പന്റെ റേഡിയോ കോളർ സി​ഗ്നലുകൾ ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് കന്യാകുമാരി വനാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.

അരിക്കൊമ്പൻ ആരോ​ഗ്യവാനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു ആദ്യ ദിവസങ്ങളിൽ നിലയുറപ്പിച്ചിരുന്നത്. എന്നാൽ ഇന്നലെയോടെ 15 കിലോമീറ്റർ ദൂരമാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്. ഇതോടെയാണ് അരിക്കൊമ്പൻ പൂർണ ആരോ​ഗ്യവാനാണെന്ന് വിലയിരുത്തുന്നത്.

15 പേർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാർ വനാതിർത്തിയിൽ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു. കന്യാകുമാരി വനമേഖലയിൽ അരിക്കൊമ്പൻ എത്തുകയാണങ്കിൽ ജനവാസമേഖലയിൽ എത്താനുള്ള സാധ്യത ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ ആദിവാസികൾ ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനൊപ്പം, അതിർത്തി പ്രദേശത്ത് ആന എത്തുകയാണെങ്കിൽ ഉൾക്കാട്ടിലേക്കു കടത്തിവിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി ഡി.എഫ്‌.ഒ. അറിയിച്ചു. അംബാസമുദ്രം, കളക്കട്, കന്യാകുമാരി മേഖലകളിലെ 60 വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.

വിദ്യാർഥികൾക്ക് സുരക്ഷാ ഉറപ്പാക്കാൻ ഇനി ‘സെൽ’

വിദ്യാർഥികൾക്ക് സുരക്ഷാ ഉറപ്പാക്കാൻ ഇനി ‘സെൽ’

വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ പരാതികൾ അറിയാനും സ്വാശ്രയസ്ഥാപനങ്ങളടക്കം എല്ലാ കോളേജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും പ്രത്യേക സെൽ തുടങ്ങാൻ സർക്കാർ ഉത്തരവ്. ഒരുമാസത്തിനകം തന്നെ സെൽ രൂപികരിക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. വിദ്യാർഥി, അധ്യാപകർ, പി.ടി.എ എന്നിവർ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിക്കേണ്ടത്. സമിതിയിലേക്കുള്ള വിദ്യാർഥികളെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനൊപ്പം തന്നെ തിരഞ്ഞെടുക്കും.

ഇതിനായി നിയമഭേദഗതി വരും. നിയമം ലംഘിച്ചാൽ കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കും. സഹായധനം പിൻവലിക്കൽ, കോഴ്‌സുകൾ വിലക്കൽ തുടങ്ങിയ നടപടികളാണ് കോളേജിന് നേരെ സ്വീകരിക്കുക. ‘വിദ്യാർഥികളുടെ അവകാശപത്രിക’ ഉടൻ പുറത്തിറക്കും. സെൽ അംഗങ്ങളുടെ പേരും നമ്പറും സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മേൽനോട്ടത്തിന് സർവകലാശാലകളിൽ പ്രത്യേക ഉദ്യോഗസ്ഥനുണ്ടാവും.

സ്വാശ്രയ കോളേജുകളിൽ കൗൺസലിങ് സേവനം വിദ്യാർഥികളുടെ അവകാശമാക്കും. വിദ്യാർഥികളെ ഭീഷണിപ്പെടുത്താനും നിലയ്ക്കുനിർത്താനുമുള്ള മാർഗമായി ഇന്റേണൽ മാർക്ക് ഉപയോഗിക്കരുത്. അതിനു കൃത്യമായി മാനദണ്ഡമുണ്ടാക്കാൻ സർവകലാശാലകളോട് ആവശ്യപ്പെടും. ഇവയെല്ലാം ഉറപ്പുവരുത്തുകയും ഇതിനെതിരെ എന്തെങ്കിലും ലംഘനം ഉണ്ടായാൽ സെല്ലിൽ പരാതി നൽകാം.

പ്രവേശനമാനദണ്ഡങ്ങളുടെ ലംഘനം, രേഖകളും സർട്ടിഫിക്കറ്റും തടഞ്ഞുവെക്കൽ, അധികഫീസ്, അടിസ്ഥാനസൗകര്യങ്ങളുടെ കുറവ്, പരീക്ഷാപരാതികൾ, ജാതി-ലിംഗ-മത-സാമൂഹിക-ഭിന്നശേഷി വിവേചനം, അധ്യാപകർ, സഹപാഠികൾ, ജീവനക്കാർ എന്നിവരിൽനിന്നുള്ള മാനസിക-ശാരീരികപീഡനം, ഏതെങ്കിലും തരത്തിലുള്ള ഇരവത്കരണം എന്നിവയ്ക്കെതിരെ പരാതിപ്പെടാം. നിയമമനുസരിച്ചുള്ള ലഭിക്കേണ്ട ക്ലാസും ട്യൂട്ടോറിയലും ഇല്ലെങ്കിലും പരാതിപ്പെടാം.