അതിതീവ്ര ചുഴലിക്കാറ്റായി ബിപോര്‍ജോയ്; വീണ്ടും ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്

അതിതീവ്ര ചുഴലിക്കാറ്റായി ബിപോര്‍ജോയ്; വീണ്ടും ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്രചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള മൂന്നു ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ബംഗ്ലാദേശ് – മ്യാന്‍മാര്‍ തീരത്തിന് സമീപം അതി ശക്തമായ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. സംസ്ഥാനത്ത് അടുത്ത നാലു ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബിജെപിക്കുവേണ്ടി ഇനി മത്സരിക്കില്ല; ആ രാഷ്‌ട്രീയത്തോട്‌ താൽപ്പര്യം തോന്നിയിട്ടില്ല: ഭീമൻ രഘു

ബിജെപിക്കുവേണ്ടി ഇനി മത്സരിക്കില്ല; ആ രാഷ്‌ട്രീയത്തോട്‌ താൽപ്പര്യം തോന്നിയിട്ടില്ല: ഭീമൻ രഘു

ബിജെപിക്കുവേണ്ടി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്‌ സിനിമാനടൻ ഭീമൻ രഘു. ഡൽഹിയിൽനിന്ന്‌ ഒരാൾ ആവശ്യപ്പെട്ടിട്ടാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത്‌ മത്സരിച്ചത്‌. ബിജെപിയുടെ രാഷ്‌ട്രീയത്തോട്‌ ഇതുവരെ താൽപ്പര്യം തോന്നിയിട്ടില്ല. ഇപ്പോൾ ഒരു ബന്ധവുമില്ല. നടനെന്നനിലയിൽ ഒന്നു നിന്നാൽമതിയെന്ന്‌ പറഞ്ഞാണ്‌ മത്സരിപ്പിച്ചത്‌. അറിയാത്തത്‌ രാഷ്‌ട്രീയമായിരുന്നു. അതുകൂടി പഠിക്കാമെന്നു വിചാരിച്ചാണ്‌ മത്സരിച്ചതെന്നും കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എനിക്ക്‌ വളരെ ഇഷ്‌ടമുള്ളയാളാണ്‌ പിണറായി വിജയൻ. കേരളത്തെ ഒരു കുഴപ്പവും കൂടാതെ കൊണ്ടുപോകാൻ പിണറായിക്ക്‌ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി സംവിധാനം ചെയ്യുന്ന ‘ചാണ’ സിനിമയുടെ പ്രചാരണാർഥമാണ്‌ വാർത്താസമ്മേളനം നടത്തിയത്‌. തൊഴിൽതേടി കേരളത്തിലെത്തിയ തമിഴ്‌യുവാവിന്റെ ജീവിതമാണ്‌ സിനിമയുടെ ഇതിവൃത്തം. റിലീസിനൊരുങ്ങിയ ചിത്രത്തിൽ രഘുവിനൊപ്പം മീനാക്ഷി ചന്ദ്രൻ, രാമൻ വിശ്വനാഥ്‌, രഘുചന്ദ്രൻ, സമ്മോഹ്‌ തുടങ്ങിയവരാണ്‌ അഭിനയിക്കുന്നത്‌. കെ ശശീന്ദ്രൻ കണ്ണൂരാണ്‌ നിർമാണം. അജി അലിയറയാണ്‌ കഥ, തിരക്കഥ, സംഭാഷണം. വാർത്താസമ്മേളനത്തിൽ സജി ലൂക്കോസ്‌, കെ ശശീന്ദ്രൻ, സമ്മോഹ്‌, ശരത്‌കുമാർ എന്നിവരും പങ്കെടുത്തു.

നക്ഷത്രയ്ക്ക് നാടിന്‍റെ യാത്രാമൊഴി; അമ്മയുടെ കുഴിമാടത്തോട് ചേർന്ന് ഈ മാലാഖയും അന്തിയുറങ്ങും

നക്ഷത്രയ്ക്ക് നാടിന്‍റെ യാത്രാമൊഴി; അമ്മയുടെ കുഴിമാടത്തോട് ചേർന്ന് ഈ മാലാഖയും അന്തിയുറങ്ങും

ആലപ്പുഴ: അച്ഛൻ അതിക്രൂരമായി കൊലപ്പെടുത്തിയ മാവേലിക്കരയിലെ 4 വയസുകാരി നക്ഷത്രക്ക് നാടിന്‍റെ യാത്രാമൊഴി. നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണം സംബന്ധിച്ചും ദുരൂഹത ഏറുകയാണ്. രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്ത വിദ്യയെ, ഭർത്താവ് ശ്രീമഹേഷ് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം ഉണ്ടെന്ന് വിദ്യയുടെ അച്ഛനും അമ്മയും പറയുന്നു.
പൂമ്പാറ്റയെപ്പോലെ പാറിക്കളിച്ച് നടന്ന നാല് വയസുകാരി നക്ഷത്ര. അച്ഛൻ ശ്രീമഹേഷ് ഇല്ലാതാക്കിയ ആ കുഞ്ഞ് ജീവനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ നാട് മുഴുവൻ കായംകുളം പത്തിയൂരിലെ വീട്ടിലേക്കെത്തി. മിക്കവരുടേയും കണ്ണ് നിറഞ്ഞു. രണ്ട് വർഷം മുമ്പ് വിട പറഞ്ഞ അമ്മയുടെ കുഴിമാടത്തോട് ചേർന്ന് കുഞ്ഞു നക്ഷത്രയ്ക്കും അന്ത്യയുറക്കം.

ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച ശ്രീ മഹേഷിൻ്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള ശ്രീ മഹേഷ് സംസാരിച്ചു തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു.

കൊലപാതകം നടന്ന സമയം മുതൽ അക്രമ സ്വഭാവം കാട്ടിയിരുന്ന ഇയാളെ ജയിലിൽ എത്തിച്ചപ്പോൾ മതിയായ മുൻകരുതൽ എടുത്തില്ലെന്ന ആരോപണവും ശക്തമാണ്. ശ്രീമഹേഷ് അക്രമ സ്വഭാവത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നുവെന്നും എന്നാൽ ജയിലിൽ എത്തിച്ചപ്പോൾ ശാന്തനായിരുന്നത് കൊണ്ടാണ് കുടുതൽ സുരക്ഷ എർപ്പെടുത്താതിരുന്നതെന്നും മാവേലിക്കര ജയിൽ സൂപ്രണ്ട് ജെ പ്രവീഷ്. നാല് വയസുകാരി നക്ഷത്രയെ ശ്രീമഹേഷ് കൊന്നത് ആസൂത്രിതമായിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേകം മഴുവും തയ്യാറാക്കിയിരുന്നു.

മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

പ്രതി മകളെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്നാണ് പൊലീസ് പറയുന്നത്. പുനര്‍ വിവാഹം നടക്കാത്തതില്‍ ശ്രീമഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു; മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും ധനസഹായവും

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു; മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷനും ധനസഹായവും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്നലെ അർധരാത്രി നിലവിൽ വന്നു. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം. 12 നോട്ടിക്കൽ മൈൽ വരെയുള്ള മേഖലയിൽ യന്ത്രവൽകൃത യാനങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തവും ആഴക്കടൽ മീൻപിടിത്തവുമാണു നിരോധിച്ചത്. പരമ്പരാഗത മീൻപിടിത്ത വള്ളങ്ങളിൽ അംഗീകൃത വലകൾ മാത്രം ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം.

മുഴുവൻ മീൻപിടിത്ത തൊഴിലാളികൾക്കും 52 ദിവസത്തേക്ക് ഒരു കാർഡിന് 43 കിലോ വീതം സൗജന്യ റേഷൻ ധാന്യം വിതരണം ചെയ്യും. സംസ്ഥാനത്തു സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ (എസ്‍സിആർഎസ്) അംഗങ്ങളായ 1,58,002 മത്സ്യത്തൊഴിലാളികൾക്ക് 3 ഗഡുക്കളായി 4500 രൂപ ധനസഹായം ലഭിക്കും.

മത്സ്യബന്ധനത്തിന് പോകുന്ന ചെറുവള്ളങ്ങൾ ജീവൻരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവ ഉറപ്പാക്കണം. തൊഴിലാളികളുടെ ക്യുആർ കോഡ് അധിഷ്ഠിത ആധാർ കാർഡ്, ബോട്ടിന്റെ റജിസ്ട്രേഷൻ, ലൈ‍സൻസ് എന്നിവ ഇല്ലാത്ത വള്ളങ്ങൾക്കെതിരെ നടപടിയെടുക്കും.

മുഴുവൻ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾക്കായി ഫിഷറീസ് വകുപ്പ്‌ മറൈൻ എൻഫോഴ്‌സ്‌‌‌‌മെന്റ്, കോസ്‌റ്റൽ പൊലീസ്, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്‌റ്റ് ഗാർഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടക്കും. ഇൻബോർഡ് വള്ളങ്ങൾക്കായി ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.

അനധികൃത ഇന്ധന വിൽപന നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവിലെ അവസാന 3 ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി. അനധികൃതമായി നടത്തുന്ന ട്രോളിങ് തടയാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും പട്രോളിംഗ് ശക്തമാക്കും.

കൊല്ലം ഇന്ത്യന്‍ കോഫി ഹൗസ് പ്രവർത്തനം ഇനി ഒരാഴ്ച കൂടി മാത്രം

കൊല്ലം ഇന്ത്യന്‍ കോഫി ഹൗസ് പ്രവർത്തനം ഇനി ഒരാഴ്ച കൂടി മാത്രം

കൊല്ലം: ഇന്ത്യൻ കോഫി ഹൗസിലെ തീൻ മേശയ്ക്ക് മുന്നിലെ രുചിയും ചൂടും നിറഞ്ഞ ബൗദ്ധിക ചര്‍ച്ചകളും ഇനി ഓര്‍മയായി മാറുന്ന രീതിയിലേക്ക്. 58 വര്‍ഷം കൊല്ലം നഗരത്തിലെ സാമൂഹിക – സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം ഇനി ഒരാഴ്ച കൂടി മാത്രം. 15നു മുൻപ് അടച്ചു പൂട്ടാനാണ് തീരുമാനം.

നിലനിന്നു പോകുന്നതിന് ആവശ്യമായ വരുമാനം ഇല്ലെന്നു പറഞ്ഞാണ് കൊല്ലം കോഫി ഹൗസ് അടച്ചു പൂട്ടുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലെ കാര്യാലയത്തില്‍ നിന്നു സെക്രട്ടറി ഉള്‍പ്പെടെ എത്തിയിരുന്നു. നിലവില്‍ കോഫി ഹൗസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക കാലാവധി 15 ന് അവസാനിക്കുമെന്നും ഇതോടെ കോഫി ഹൗസ് അടച്ചുപൂട്ടി ജീവനക്കാരെ കൊട്ടാരക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത് ഇപ്പോൾ.

തൊഴിലാളികളുടെ സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസ് 1965 ജൂലൈ 27 നാണ് കൊല്ലത്ത് ആരംഭിച്ചത്. കപ്പലണ്ടി മുക്കില്‍ ആയിരുന്നു തുടക്കം. പിന്നീട് ഇത് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. കെട്ടിടം ഒഴിയേണ്ടി വന്നതോടെയാണ് അര്‍ച്ചന – ആരാധന തിയറ്റര്‍ സമുച്ചയത്തിലേക്ക് 2014 ല്‍ കോഫി ഹൗസ് മാറിയത്. ഇതോടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. എങ്കിലും പിടിച്ചു നില്‍ക്കാനുള്ള ശ്രമം ആയിരുന്നു ഇതുവരെ. ഒന്നര പതിറ്റാണ്ടായി പുതിയ നിയമനം ഇല്ലാത്തതിനാല്‍ ജീവനക്കാരുടെ കുറവും നേരിടുന്നു. രണ്ടു മാസത്തിനിടയില്‍ കോഫി ഹൗസിന്റെ വിവിധ ശാഖകളില്‍ നിന്നു അൻപതിലേറെ ജീവനക്കാര്‍ വിരമിച്ചു. 90 പേര്‍ക്ക് ഇരിപ്പിടമുള്ള ഇവിടെ ഭക്ഷണം നല്‍കുന്നതിന് 2 പേര്‍ മാത്രമാണുള്ളത്. ആകെ ജീവനക്കാര്‍ 20 പേരും.

സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ നേതാക്കളുടെ ബൗദ്ധിക ചര്‍ച്ചകളുടെ ഇടമായിരുന്നു ഇന്ത്യൻ കോഫി ഹൗസ്. പഴയ കാലത്തെ തിരക്ക് ഇല്ലെങ്കിലും പതിവായി ഇവിടെയെത്തി ദീര്‍ഘനേരം ചര്‍ച്ച നടത്തുന്ന കൂട്ടായ്മകള്‍ ഇപ്പോഴും ഉണ്ട്. അതെല്ലാം കൊല്ലത്തിന്റെ ഗതകാല സ്മരണകളായി അവശേഷിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്.

കഞ്ചാവുമായി മുണ്ടക്കയം സ്വദേശിയായ സിനിമ പ്രവർത്തകൻ പിടിയിൽ

കഞ്ചാവുമായി മുണ്ടക്കയം സ്വദേശിയായ സിനിമ പ്രവർത്തകൻ പിടിയിൽ

മുണ്ടക്കയം: കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ സുലൈമാൻ (28) എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ 225 ഗ്രാം ഗഞ്ചാവും, തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടികൂടി.

മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കു മരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എക്സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വീട്ടിൽ സൂക്ഷിച്ചിരുന്ന ഗഞ്ചാവാണ് എക്സൈസ് സംഘ കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി വില്പന നടത്തിയിരുന്നത്. മേഖലയിൽ അസി. ക്യാമറമാനായ സുഹൈൽ സുലൈമാൻ സിനിമ പ്രവർത്തനത്തിന് പോകുമ്പോളും മയക്കുമരുന്ന് കൈവശം വെയ്ക്കാറുള്ളതായും എക്സൈസ് പറയുന്നു.

കോളജ് വിദ്യാർഥികൾക്ക് അടക്കം ഇയാൾ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി പിടിയിലായത്. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവൻ്റീവ് ഓഫീസർ ബിനോദ്. കെ. ആർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അനിൽകുമാർ, നൗഷാദ് സിവിൽ എക്സൈസ് ഓഫീസർമാരായ നിമേഷ് കെ.എസ്, പ്രശോഭ് കെ.വി, ഹരിത മോഹൻ, എക്സൈസ് ഡ്രൈവർ അനിൽ കെ.കെ എന്നിവരാണ് പ്രതിയെ പിടികൂടിയത്.