നാഷണൽ മൊയ് തായ് ചാമ്പ്യൻഷിപ്പ്: പ്രൊഫിഷ്യന്റ്‌ അക്കാഡമിക്ക് ഉജ്ജ്വല വിജയം

നാഷണൽ മൊയ് തായ് ചാമ്പ്യൻഷിപ്പ്: പ്രൊഫിഷ്യന്റ്‌ അക്കാഡമിക്ക് ഉജ്ജ്വല വിജയം

മെയ് 26 മുതൽ 30 വരെ ചെന്നൈയിലെ ഇ വി പി ഫിലിം സിറ്റിയിൽ വെച്ച് നടന്ന നാഷണൽ മൊയ് തായ്‌ ചാമ്പ്യൻഷിപ്പിൽ പ്രൊഫിഷ്യന്റ് അക്കാഡമിയിലെ യോദ്ധാക്കൾ ഉജ്ജ്വലവിജയം നേടി. 3 സ്വർണ്ണവും ഒരു വെള്ളിയും 2 വെങ്കലവുമടക്കം 6 ദേശീയ മെഡലുകളാണ് കേരളത്തിന് വേണ്ടി പ്രൊഫിഷ്യന്റ് അക്കാഡമിയിലെ താരങ്ങൾ വാരിക്കൂട്ടിയത്.
പാലക്കാട് നിന്ന് പ്രമിത എം സീനിയർ വനിതാ വിഭാഗത്തിൽ ഒരു സ്വർണ്ണവും ഒരു വെങ്കലവും, ശ്രീജിത്ത് എച്ച് ഒരു സ്വർണ്ണവും നേടി. തിരുവനന്തപുരത്ത്‌ നിന്ന് വൈശാഖ് ആർ എസ് ഒരു സ്വർണ്ണവും ഒരു വെങ്കലവും, നിതീഷ്‌കുമാർ ഒരു വെള്ളിയും നേടി.

മൊയ് തായ്, കിക്ക്ബോക്സിങ്, കരാട്ടെ തുടങ്ങിയ ആയോധനകലകളുടെ കേരളത്തിലെ പരിശീലകർ കൂടിയായ ഈ ജേതാക്കളെ മൊയ് തായ് സൗത്ത് ഇന്ത്യൻ ചീഫ് ബിനു ജോസഫ് പ്രത്യേകം അഭിനന്ദിച്ചു. പ്രൊഫിഷ്യന്റ്‌ അക്കാഡമി ചീഫ് കോച്ച് കൂടിയായ വൈശാഖിനെ മൊയ് തായ് നാഷണൽ പ്രസിഡന്റ് പ്രസേൻജിത് സിംഗ വേദിയിൽ ആദരിച്ചു.
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകൃത സ്പോർട് ഇനം കൂടിയാണ് മൊയ് തായ്. അടുത്ത ലോക മൊയ് തായ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വേണ്ടി മെഡൽ നേടാനുള്ള പരിശ്രമത്തിലാണ് പ്രൊഫിഷ്യന്റ്‌ അക്കാഡമിയിലെ താരങ്ങൾ.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, ഹിന്ദി, സംഗീതം അധ്യാപകരുടേയും യു.പി.വിഭാഗത്തിൽ കായികം, സംസ്കൃതം അധ്യാപകരുടേയും താൽക്കാലിക ഒഴിവ് ഉണ്ട്. അഭിമുഖം 8 ന്‌ രാവിലെ 10 മണിമുതൽ ഹൈസ്കൂൾ വിഭാഗത്തിന്റെയും ഉച്ചയ്ക്ക് 12 മണി മുതൽ യു.പി. വിഭാഗത്തിന്റേയും സ്കൂളിൽ നടക്കും.

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ത്തു; വരും മണിക്കൂറുകള്‍ നിര്‍ണായകം

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ത്തു; വരും മണിക്കൂറുകള്‍ നിര്‍ണായകം

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ന്നു. ദക്ഷിണ യുക്രൈനിലെ ഖേഴ്‌സണിലെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റിലെ ഡാമാണ് ചൊവ്വാഴ്ച തകര്‍ന്നത്. ഡാമിന് നേരെ റഷ്യ നടത്തിയ ആക്രമണമാണ് ദുരന്തത്തിന് കാരണമെന്ന് യുക്രൈന്‍ ആരോപിച്ചു. മേഖലയില്‍ നിന്ന് പതിനായിരം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍മ്മിച്ച കൂറ്റന്‍ ഡാം ആണിത്. തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലൂടെ അണക്കെട്ടു തകരുന്നതിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ക്രിമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്. 2014 മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ് അണക്കെട്ട് പ്രവര്‍ത്തിക്കുന്നത്.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സര്‍ക്കാര്‍ ഇടപെടുന്നു, മന്ത്രിമാര്‍ അമല്‍ജ്യോതി കോളജിലേക്ക്

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സര്‍ക്കാര്‍ ഇടപെടുന്നു, മന്ത്രിമാര്‍ അമല്‍ജ്യോതി കോളജിലേക്ക്

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ച് സാങ്കേതിക സര്‍വകലാശാല. സംഘം നാളെ കോളജില്‍ എത്തി തെളിവെടുപ്പ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനും നാളെ കോളജിലെത്തി മാനേജ്‌മെന്റുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തും.

രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ശ്രദ്ധ ജീവനൊടുക്കാന്‍ കാരണം അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മാനസ്സിക പീഡനമാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികളും ബന്ധുക്കളും രംഗത്തുവന്നിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിനിന്ന നിലയില്‍ കണ്ടെത്തിയ ശ്രദ്ധയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി എന്നു കുടുംബം ആരോപിച്ചിരുന്നു. കോളജ് എച്ച്ഒഡിയും അധ്യാപകരും ഹോസ്റ്റല്‍ വാര്‍ഡനും ശ്രദ്ധയെ മാനസ്സികമായി തകര്‍ക്കുന്ന തരത്തിലാണ് പെരുമാറിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

പ്രതിഷേധം കനത്ത സാഹചര്യത്തില്‍ ക്യാമ്പസ് അടയ്ക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തിന് എതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കോളജില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തിചാര്‍ജ് നടത്തിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ കോളജില്‍ പൂട്ടിയിട്ടുവെന്നും ഇന്റേര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങള്‍ക്കു നേരെ കൈയേറ്റം നടത്തിയതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മോഹൻലാൽ; ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചു

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മോഹൻലാൽ; ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചു

ആലപ്പുഴ: ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന കുട്ടനാടിന് കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് നടൻ മോഹൻലാൽ. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഇവൈജിഡിഎസുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടോമാറ്റിക് കുടിവെള്ള പ്ലാന്റാണ് സ്ഥാപിച്ചത്. എടത്വ ഒന്നാംവാർഡിലെ 300 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. പരിസ്ഥിതി ദിനത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവിയാണ് പ്ലാന്റിന്റെ ഉ​ദ്ഘാടനം നിർവഹിച്ചത്.

പ്രതിമാസം ഒൻപത് ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റിൽ നിന്നും സൗജന്യമായി എടുക്കാം. പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റ് പ്രകൃതി സൗഹാർദ്ദമായാണ് നിർമിച്ചിരിക്കുന്നത്.

കുട്ടനാട്ടിലെ ജലത്തിൽ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ്, കാൽസ്യം, ക്ലോറൈഡ് എന്നിവ നീക്കം ചെയ്യുന്നതും കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ കഴിവുള്ളതുമാണ് പ്ലാന്റ്. ഗുണഭോക്താക്കൾക്കുള്ള ഇലക്ട്രോണിക് കാർഡിന്റെ വിതരണവും നടന്നു.

നാളെയും മറ്റന്നാളും സംസ്ഥാനത്ത് തീയറ്ററുകള്‍ അടച്ചിടും

നാളെയും മറ്റന്നാളും സംസ്ഥാനത്ത് തീയറ്ററുകള്‍ അടച്ചിടും

കരാർ ലംഘിച്ച് ചില സിനിമകൾ ഒടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയറ്റർ ഉടമകൾ രം​ഗത്ത്. നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിടാനാണ് തീരുമാനം. ഫിയോകിൻ്റെ യോഗത്തിലാണ് രണ്ട് ദിവസത്തേയ്ക്ക് തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കാൻ ഫിയോകിൻ്റെ ഭാരവാഹികൾ മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണും.

ചിത്രം തീയറ്ററിൽ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്നാണ് നിലവിലെ നിബന്ധന. 2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയിൽ പ്രദർശിപ്പിച്ചിരുന്നു.