ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയിലായി

ഭിക്ഷക്കാരന്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ പിടിയിലായി

കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷക്കാരൻ്റെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ചവറ സ്വദേശി മണിലാലിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിൽ ഭിക്ഷാടനം നടത്തിവന്ന സുകുമാരൻ നായർ എന്നയാളുടെ പണം ഒരു മാസം മുൻപാണ് നഷ്ടപ്പെട്ടത്. രാത്രിയിൽ പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിൻ്റെ മണ്ഡപത്തിലാണ് ഇയാൾ ഉറങ്ങിയിരുന്നത്.

ക്ഷേത്രത്തിന് സമീപമുള്ള ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇദ്ദേഹവുമായി പരിചയത്തിലായി. സുകുമാരൻ നായർ ഭാണ്ഡത്തിലാണ് പണം സൂക്ഷിച്ചതെന്ന് മനസിലാക്കിയ പ്രതി മോഷണം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മണിലാലാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. ഇയാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടേകാൽ ലക്ഷം രൂപ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി; ആദ്യദിനം അര ലക്ഷത്തിലധികം അപേക്ഷ

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പണം തുടങ്ങി; ആദ്യദിനം അര ലക്ഷത്തിലധികം അപേക്ഷ

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ ആദ്യദിനം അരലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് അപേക്ഷ സമര്‍പ്പണം ആരംഭിച്ചത്. രാത്രി ഒമ്പത് വരെയുള്ള കണക്ക് പ്രകാരം 69030 പേര്‍ അപേക്ഷ കണ്‍ഫേം ചെയ്തിട്ടുണ്ട്. ആദ്യ ദിവസം ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ പാലക്കാട് ജില്ലയില്‍ നിന്നാണ്- 7688 പേര്‍. മലപ്പുറം ജില്ലയില്‍ നിന്ന് 7005 പേരും അപേക്ഷകരായുണ്ട്. അപേക്ഷ സമര്‍പ്പണത്തിന്‍റെ മുന്നോടിയായി 91620 പേര്‍ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടുണ്ട്. ജൂണ്‍ ഒമ്പത് വരെയാണ് അപേക്ഷ സമര്‍പ്പണം. 13ന് ട്രയല്‍ അലോട്ട്മെന്‍റും 19ന് ഒന്നാം അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും.

അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്‌:
തിരുവനന്തപുരം -6420, കൊല്ലം- 6855, പത്തനംതിട്ട- 3079, ആലപ്പുഴ- 6782, കോട്ടയം- 3938, ഇടുക്കി- 2256, എറണാകുളം- 6111, തൃശൂര്‍- 4940, പാലക്കാട് -7688, മലപ്പുറം- 7005, കോഴിക്കോട്- 4656, വയനാട്- 1745, കണ്ണൂര്‍- 4530, കാസര്‍കോട്- 3025

ഒരു ബോ​ഗിക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു, റെയിൽവേ മന്ത്രി ബാലസോറിയിലേക്ക്

ഒരു ബോ​ഗിക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു, റെയിൽവേ മന്ത്രി ബാലസോറിയിലേക്ക്

ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടമുണ്ടാകാനുണ്ടായ കാരണം കണ്ടെത്തണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അപകട സ്ഥലത്ത് എത്തി. സി​ഗ്നലിങ് പാളിച്ചയുണ്ടായതായാണ് നി​ഗമനം, ആദ്യ അപകടമുണ്ടായതിന് ശേഷം മുന്നറിയിപ്പു സി​ഗ്നലുകൾ കാര്യമായി പ്രവർത്തിച്ചില്ലെന്നാണ് സൂചന. അതിനിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനി ഉയർന്നേക്കാമെന്നാണ് സൂചനകൾ. നിരവധി പേരാണ് ട്രെയിനിനുള്ളിൽ കുടുങ്ങി കിടക്കുന്നത്. ഒരു ബോ​ഗിയിലേക്ക് രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല. ബോ​ഗി വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. അപകട സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയും വ്യോമസേനയും രക്ഷാപ്രവർത്തനം നടത്തുന്നത്.

ദുരന്തത്തിൽ ഇതുവരെ 233 പേരാണ് മരിച്ചത്. 900ലേറെ പേർക്ക് പരുക്കേറ്റു. ഒഡീഷയിലെ ബാലസോർ ജില്ലയ്ക്ക് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഷാലിമാറിൽ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെ പുറപ്പെട്ട കോർമണ്ഡൽ എക്സ്പ്രസ് രണ്ട് സ്റ്റേഷനുകൾ പിന്നിട്ട് ബാലസോറിലെത്തി. വേഗത്തിൽ കുതിച്ച ട്രെയിൻ ബഹനാഗ സ്റ്റേഷന് സമീപം വച്ചാണ് പാളം തെറ്റിയത്. 12 കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് യശ്വന്ത്പൂർ ഹൗറ എക്പ്രസും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു.

നെടുമങ്ങാട് മാർക്കറ്റിൽ രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി

നെടുമങ്ങാട് മാർക്കറ്റിൽ രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി

തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാത്രി നഗരസഭ ഹെൽത്ത് സ്‌ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്നുമെത്തിച്ച മത്സ്യം പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് പരിശോധന നടത്തിയത്. കുറഞ്ഞ ചെലവിൽ മത്സ്യം വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. മത്സ്യമെത്തിച്ച ലോറിയും രണ്ട് ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്: പ്രതി ഗ്രീഷ്മക്ക് ജാമ്യമില്ല

കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്: പ്രതി ഗ്രീഷ്മക്ക് ജാമ്യമില്ല

തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഒന്നാം പ്രതിയ്ക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തിൽ വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആൻ മരിയയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ

ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആൻ മരിയയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ

ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആൻ മരിയയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആൻ മരിയ ജീവൻ നിലനിർത്തുന്നത്. 72 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇന്നലെ നടത്തിയ പരിശോധനകളുടെ ഫലം വന്നതിന് ശേഷമേ ആരോഗ്യനിലയെ കുറിച്ച് കൂടുതൽ പറയാൻ കഴിയു എന്നാണ് ഡോക്ടർമാർ അറിയിച്ചത്.

ഇന്നലെയാണ് ഇടുക്കി ഇരട്ടയാർ സ്വദേശിയായ ആൻമരിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. തുടർന്ന് കട്ടപ്പനയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ചികിത്സക്കായി എറണാകുളം അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ അടിയന്തര ചികിത്സക്കായി ഇന്നലെയാണ് മലയാളികൾ കൈകോർത്ത് രംഗത്തെത്തിയത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ കുട്ടിയെ ആംബുലൻസിൽ എത്തിക്കാൻ വേണ്ടിവന്നത് 2 മണിക്കൂർ 45 മിനിറ്റ് മാത്രം. കട്ടപ്പനയിൽ നിന്നും യാത്ര തുടങ്ങിയ ആംബുലൻസിന് വഴിയൊയൊരുക്കാൻ നാടും കേരള പൊലീസും മറ്റ് അധികൃതരും ഒന്നിച്ചു നിന്നു. സാധാരണ ഗതിയിൽ നാല് മണിക്കൂറിനു മുകളിൽ യാത്ര സമയമെടുക്കുന്ന ദൂരമാണ് മൂന്നു മണിക്കൂറിനുള്ളിൽ ആംബുലൻസ്‌ ഓടിയെത്തിയത്.