by Midhun HP News | May 22, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എ സി മൊയ്തിന് 35 വോട്ടും ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളും ലഭിച്ചു.
by Midhun HP News | May 22, 2026 | Latest News, കേരളം
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ മാറ്റം. സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസത്തെക്കാള്‍ 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1,17,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ കഴിഞ്ഞ ദിവസത്തെ വില. 320 രൂപ കുറഞ്ഞ 1,16,960 രൂപയാണ് ഇന്ന് ഒരു പവന് രേഖപ്പെടുത്തിയത്. 14,620 രൂപയാണ് ഒരു ഗ്രാമിൻ്റെ ഇന്നത്തെ വില.
കഴിഞ്ഞ 13ന് ആണ് ഈ മാസത്തെ ഏറ്റവും കൂടിയ വില സ്വർണത്തിന് രേഖപ്പെടുത്തിയത്. 1,23,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. കഴിഞ്ഞ അഞ്ചാം തീയതിയാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 1,09,400 രൂപയായിരുന്നു അന്നത്തെ വില.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ സ്വർണത്തിൻ്റെ വില മാറ്റമില്ലാതെ കൂടിയും കുറഞ്ഞും തുടരുകയാണ്. പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ ഇനിയും സ്വർണവില കൂടുമെന്നാണ് വിദഗ്ധർ കരുതുന്നത്. കഴിഞ്ഞ ദിവസം സ്വർണവില വീണ്ടും ഉയർന്നതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കുറഞ്ഞത്.

by Midhun HP News | May 22, 2026 | Latest News, കേരളം
തിരുവനന്തപുരം: ആലപ്പുഴയില്‍ നിന്നുള്ള എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എ ഡി തോമസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്ത് ചെന്ന് കൈപിടിച്ച് അഭിവാദ്യം ചെയ്തു. ഇത് മധുരപ്രതികാരത്തിന്റെ രാഷ്ട്രീയ ചിത്രമായി.
2023 ഡിസംബര്‍ 15ന് നവകേരളയാത്രയുമായി ആലപ്പുഴയിലെത്തിയ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ ഡി തോമസിനെ പൊലീസ് പിടിച്ചുമാറ്റിയിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വാഹനത്തില്‍ നിന്ന് വടിയുമായി ഇറങ്ങി പ്രവര്‍ത്തകരെ തല്ലിയിരുന്നു. തുടര്‍ന്ന് ഇത് വിവാദമായി. ഹൈക്കോടതിയും ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇതിനെ ന്യായീകരിക്കുകയും ചെയ്തു. പുനരന്വേഷണത്തിനുള്ള കോടതി ഉത്തരവ് നടപ്പാക്കിയതുമില്ല.സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസിനെ ആലപ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. സിപിഎമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറിയും സിറ്റിങ് എംഎല്‍എയുമായ ചിത്തരഞ്ജനെ തോല്‍പ്പിച്ചാണ് തോമസ് എംഎല്‍എ ആയത്.
by Midhun HP News | May 22, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി. നിലവില്‍ വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷ നേതാവ്, മുന്‍മുഖ്യമന്ത്രി എന്നീ പരിഗണനകള്‍ വെച്ച് നല്‍കുന്നത്. ഇതോടെ ഗണ്‍മാന്‍മാര്‍ കൂടെയുണ്ടാവില്ല.
ഗണ്‍മാനെ പിന്‍വലിച്ചതോടെ രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും. ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും. നവകേരള യാത്രയ്ക്കിടെ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതിയായ ഗണ്‍മാന്‍ സന്ദീപിനെയാണ് പിണറായി വിജയന്റെ സുരക്ഷാ സംഘത്തില്‍ നിന്ന് ഒഴിവാക്കിയത്. സന്ദീപ് തിരികെ പൊലീസിലേക്ക് മടങ്ങുകയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ അതിസുരക്ഷ പൂര്‍ണമായി പിന്‍വലിച്ചതോടെയാണ് സന്ദീപ് പൊലീസിലേക്ക് മടങ്ങിയത്. കേസില്‍ മറ്റൊരു പ്രതിയായ സുരക്ഷ ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ പിണറായിക്കൊപ്പം തുടരുകയാണ്.
by Midhun HP News | May 22, 2026 | Latest News, കേരളം
പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു യാത്രക്കാരന് ഗുരുതര പരിക്ക്. ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് പുളിക്കൽ വീട്ടിൽ സിദ്ദിഖിനാണ് (52) ഗുരുതര പരിക്കേറ്റത്. ഇയാളുടെ വലതു കാലറ്റു. ഇടതു കാലിനും ഗുരുതര പരിക്കുണ്ട്. അറ്റുപോയ കാൽ ഏറെ നേരം തിരഞ്ഞാണ് ട്രാക്കിൽ നിന്നു കണ്ടെത്തിയത്.
ഇന്നലെ രാത്രി ഏഴേ മുക്കാലോടെയാണ് അപകടം. ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ടാണ് അപകടമുണ്ടായത്. സിദ്ദിഖിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by Midhun HP News | May 22, 2026 | Latest News, കേരളം
കൊച്ചി: മോഡലിംഗിന്റെ മറവിൽ യുവതികളെ സെക്സ് റാക്കറ്റിൽ എത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടു പോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചു കൊടുത്തു. വിലപേശൽ നടക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു.
വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു. പരാതിക്കാരിയെ രണ്ടാം പ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചു. ശാരീരികവും മാനസികവുമായി പീഡിപ്പിച്ച അഞ്ചാം പ്രതി പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തൃശൂർ സ്വദേശിനി സിന്ധു എന്ന സ്റ്റോയ്‌സി, മരടിലെ ഫ്ളാറ്റിൽ താമസിക്കുന്ന ആലുവ സ്വദേശിനി അലീന, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് നിലവിൽ പൊലീസ് പിടിയിലായത്. പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും ചേർന്നാണ്. സിന്ധുവാണ് ഇവർക്ക് ദുബായിലേക്കുള്ള വിമാനടിക്കറ്റ്, വിസിറ്റിങ് വിസ എന്നിവ തരപ്പെടുത്തുന്നത്. യുവതികളെ ദുബായിൽ എത്തിച്ചാലുടൻ ഇവരുടെ ഫോട്ടോകൾ വാട്സാപ്പ് വഴി കൈമാറിയാണ് സംഘം ‘ഡീൽ’ ഉറപ്പിക്കുന്നത്.
സിന്ധുവിനു കീഴിൽ ദുബായിലുള്ള അലീസ ഇവന്റ്‌സ് മാനേജ്മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ വിദേശത്തെത്തിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് സിന്ധു യുവതികളെ ദുബായിലെത്തിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ചില സിനിമ- സീരിയൽ താരങ്ങൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചിലരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളതായാണ് സൂചന. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ കോടതി റിമാൻഡ് ചെയ്തു.

Recent Comments