ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കടയ്ക്കൽ മണ്ണൂരിൽ ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടക്കൽ മൂല ബൗണ്ടർ ശിവ വിലാസത്തിൽ ശ്യാം പ്രസാദാണ് മരിച്ചത്. ഇന്ന് രാവിലെ മണ്ണൂർ ആയുർവേദ ഹോസ്പിറ്റലിന് സമീപമാണ് അപകടം. ജൂവലറിയിലെ ജീവനകാരനായിരുന്നു. എതിർദിശയിൽ നിന്നു വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

വിവിധ വകുപ്പുകളിലെ ആറ് ജില്ലാതല ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി

വിവിധ വകുപ്പുകളിലെ ആറ് ജില്ലാതല ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി

മെയ് 31ന് സർവീസിൽ നിന്നും വിരമിക്കുന്ന വിവിധ വകുപ്പുകളിലെ ആറ് ജില്ലാതല ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആദരിച്ചു. എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ അനിൽകുമാർ ജെ.എ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ബീന ബീവി ടി.എം, ജില്ലാ സപ്ലൈ ഓഫീസർ സി.എസ് ഉണ്ണികൃഷ്ണകുമാർ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ബൈജു എസ് സൈമൺ, ബിൽഡിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് വി, ഡിസ്ട്രിക്ട് ഇൻഫർമാറ്റിക്സ് ഓഫീസർ ഷാജി കുര്യാക്കോസ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ഉദ്യോഗസ്ഥർ നൽകിയ സേവനങ്ങളെ കളക്ടർ അനുമോദിച്ചു. ചടങ്ങിൽ എഡിഎം അനിൽ ജോസ് ജെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 10 മുതൽ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 10 മുതൽ

തിരുവനന്തപുരം: കേരള തീരത്ത് ട്രോളിംഗ് നിരോധനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് പ്രഖ്യാപനം നടത്തി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കുക.

അതേസമയം സംസ്ഥാനത്തു ഇന്ന് വ്യാപക മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ കോട്ടയം വരെയും, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഡല്‍ഹിയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡല്‍ഹിയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന പത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 9 എണ്ണം ജയ്പൂരിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. എന്‍സിആര്‍ മേഖലയില്‍ ശക്തമായ മഴയാണ് ഇന്നലെ മുതല്‍ ലഭിക്കുന്നത്. വരുന്ന നാലു ദിവസത്തേക്ക് ഡല്‍ഹിയില്‍ അതിശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ മേഖലകലില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടകയിലെ പത്തു ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ ജൂണ്‍ മൂന്നുവരെ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ല; 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട്; ഡല്‍ഹി പൊലീസ്

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ല; 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട്; ഡല്‍ഹി പൊലീസ്

ഡല്‍ഹി: ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയില്‍ റസ്ലിങ് ഫെഷറേഷന്‍ (ഡബ്ല്യൂഎഫ്‌ഐ) പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പതിനഞ്ചു ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. താരങ്ങളുടെ ആക്ഷേപത്തെ പിന്തുണയ്ക്കുന്ന വസ്തുതകള്‍ ഇല്ല- ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേസില്‍ പതിനഞ്ചു ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറില്‍ സമരത്തിലാണ്. ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങിയ ഇവരെ ജന്തര്‍ മന്ദറില്‍നിന്ന് പൊലീസ് ഒഴിപ്പിക്കുകയായിരുന്നു.

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. മന്ത്രാലയത്തിന്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായി കേന്ദ്ര മന്ത്രി വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. ആയിരങ്ങൾ ആശ്രയിക്കുന്ന ചിറയിൻകീഴ് സ്റ്റേഷനിൽ പല എക്‌സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പില്ലെന്ന പ്രദേശവാസികളുടെ പരാതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വി മുരളീധരൻ നേരിട്ട് അറിയിച്ചിരുന്നു.

യാത്രക്കാർ വർക്കല സ്റ്റേഷനെ ആശ്രയിക്കേണ്ടി വരുന്നുവെന്നിരിക്കെ യാത്രാദുരിതത്തിന് അറുതിവരുത്താൻ അനുഭാവപൂർവം ഇടപെടുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇന്നത് യാഥാർത്ഥ്യമാകുമ്പോൾ ചിറയിൻകീഴ് നിവാസികൾക്ക് വേണ്ടി സ്‌നേഹവും നന്ദിയും അറിയിക്കുന്നതായും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. ജൂൺ 6 നു വൈകുന്നേരം 6 മണിയ്ക്ക് കേന്ദ്ര മന്ത്രി വി മുരളീധരൻ പരശുറാം എക്സ്പ്രസ് ചിറയിൻകീഴ് റെയിൽ വേ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്യും.