ഭർത്താവ് മറ്റൊരു സ്‌ത്രീയ്ക്കൊപ്പം ഭാര്യയുടെ സ്കൂട്ടറിൽ; കുടുംബ കലഹവും അറസ്റ്റും

തിരുവനന്തപുരം: ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നതു റോഡ് കാമറയിൽ പതിഞ്ഞതിന് പിന്നാലെ കുടുംബ കലഹം.
ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്‌തതിന് ആർസി ഓണറായ ഭാര്യയ്‌ക്ക് മോട്ടോർ വാഹന വകുപ്പ് കാമറയിൽ പതിഞ്ഞ ചിത്രം അയച്ചു നൽകിയതാണ് പൊല്ലാപ്പായത്.

സ്കൂട്ടറിൽ ഉണ്ടായിരുന്ന യുവതി ആരാണെന്ന് ചോദിച്ച് ഭാര്യ ഭർത്താവുമായി വഴക്കിട്ടു. വഴിയാത്രക്കാരിയാണെന്ന് പറഞ്ഞിട്ടും ഭാര്യ അം​ഗീകരിച്ചില്ല. ഒടുവിൽ തന്നെയും മൂന്നു വയസുള്ള കുഞ്ഞിനെയും ഭർത്താവ് മർ​ദിച്ചെന്ന് കാട്ടി ഭാര്യ കരമന പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്‌തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

ആശുപത്രിയില്‍ യുവാവിന്റെ അക്രമം, കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു

ആശുപത്രിയില്‍ യുവാവിന്റെ അക്രമം, കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് ചികിത്സയ്ക്ക് എത്തിച്ച യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിയായ ഹൗസ് സര്‍ജന്‍ വന്ദനാ ദാസ് (23) ആണ് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ കുത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കേയാണ് വന്ദനാ ദാസ് മരിച്ചത്. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയും യുവാവ് ആക്രമിക്കുകയായിരുന്നു. പ്രകോപനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റ മറ്റു നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ടാണ് സന്ദീപ് വീടിന് സമീപമുള്ളവരുമായി അടിപിടി കൂടിയത്. യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. കാലിന് പരിക്കേറ്റ സന്ദീപിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

താനൂർ ബോട്ടപകടത്തിൽ ബോട്ട് ഡ്രൈവർ അറസ്റ്റിൽ

താനൂർ ബോട്ടപകടത്തിൽ ബോട്ട് ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ സ്രാങ്ക് അറസ്റ്റിൽ. ബോട്ട് ഓടിച്ച ദിനേശനാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ താനൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. എങ്ങനെയാണ് ബോട്ട് അപകടത്തിൽപെട്ടത് എന്നുൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തത വരാനുണ്ട്. മലപ്പുറം പൊലീസ് മേധാവിയുടെയും താനൂർ ഡിവൈഎസ്‌പിയുടെയും നേതൃത്വത്തിലാകും ഇയാളെ ചോദ്യം ചെയ്യുക.

കേസിലെ മുഖ്യപ്രതി നാസർ ഇന്നലെ പിടിയിലായിരുന്നു. ഇയാൾക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ രക്ഷപ്പെടുത്താൻ സഹായിച്ച മൂന്ന് പേരെയും ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇന്നലെ അറസ്റ്റിലായ നാസറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാളെ പൊലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.

അപകടത്തില്‍പ്പെട്ട ബോട്ടില്‍ വിദഗ്ധ പരിശോധന നടത്തും. ഇതിനായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം അടുത്തു തന്നെ പരിശോധിക്കും. മത്സ്യബന്ധന ബോട്ടിന് രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിക്കും. ബോട്ടിന് പെര്‍മിറ്റ്, അനുമതി തുടങ്ങിയവ ലഭിച്ചതിനെപ്പറ്റിയും അന്വേഷിക്കുമെന്ന് എസ്പി സുജിത് ദാസ് അറിയിച്ചു. അതേസമയം താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെയും മലപ്പുറത്തെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് സർവീസ് നിർത്തിവെച്ചു. അറിയിപ്പ് ഉണ്ടാകുന്നത് വരെ ബേപ്പൂർ പോർട്ട് പരിധിയിൽ വരുന്ന ബോട്ട് സർവീസ് നിർത്തിവെക്കാനാണ് ഉത്തരവ്. വിശദമായ പരിശോധനയ്‌ക്ക് ശേഷം മാത്രം സർവീസ് നടത്താൻ അനുമതി നൽകും.

ഇഞ്ചോടിഞ്ച് പോരാട്ടം; കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി

ബം​ഗളൂരു: കോൺ​ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാടുന്ന കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി. 224 നിയമസഭ മണ്ഡ‍ലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. അഞ്ചരക്കോടിയിലധികം വോട്ടർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. അരലക്ഷത്തോളം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിന് ഒടുവിലാണ് കർണാടക വിധിയെഴുതുന്നത്. മേയ് 13ന് ആണ് വോട്ടെണ്ണൽ . ഭിന്നശേഷിക്കാർക്കും എൺപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. കർണാടകയിൽ 9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും.

ജലന്ധർ ലോക്സഭ മണ്ഡലത്തിലും നാല് നിയമസഭ മണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തി തുടങ്ങി. ഒഡീഷയിലെ ഝാർസുഗുഡ, യുപിയിലെ സ്വാർ, ഛാൻബെ, മേഘാലയിലെ സൊഹിയോങ് നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

24 മണിക്കൂറിനിടെ ചുഴലിക്കാറ്റ്; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തു മഴ കനക്കും. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും വയനാട്ടിൽ നാളെയും കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തു ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരും. ഇന്നലെ കൊച്ചി (20.2 മില്ലിമീറ്റർ), ആലപ്പുഴ (9.8), കോട്ടയം (6.8), തിരുവനന്തപുരം (2.3) മഴ ലഭിച്ചതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി തിങ്കളാഴ്ച രൂപപ്പെട്ട ന്യൂനമർദം ഇന്നത്തോടെ തീവ്രമാകുമെന്നും തുടർന്നു മോക്ക ചുഴലിക്കാറ്റായി മാറുമെന്നുമാണു മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ലെങ്കിലും കർണാടക തീരത്തു വിലക്കുണ്ട്. ചുഴലിക്കാറ്റ് വ്യാഴാഴ്ച വരെ വടക്കുപടിഞ്ഞാറുദിശയിൽ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ സഞ്ചരിച്ച ശേഷം പിന്നീടു ബംഗ്ലദേശ്, മ്യാൻമർ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം.

എക്സ് റേ കണ്ണട ധരിച്ചാൽ ന​ഗ്നത കാണാം; ചെന്നൈയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളികൾ ഒടുവിൽ പിടിവീണു

എക്സ് റേ കണ്ണട ധരിച്ചാൽ ന​ഗ്നത കാണാം; ചെന്നൈയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മലയാളികൾ ഒടുവിൽ പിടിവീണു

ചെന്നൈ: ആളുകളെ ന​ഗ്നമായി കാണാൻ സാധിക്കുന്ന എക്സ് റേ കണ്ണടയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മലയാളികളടങ്ങുന്ന സംഘത്തെ ചെന്നൈയിൽ പിടികൂ‌ടി. തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോയമ്പേടുള്ള ലോഡ്ജില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

തട്ടിപ്പിന് ഇരയായ ചിലർ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ന‌ത്തിയത്. സംഘം തോക്കു ചൂണ്ടി ആറു ലക്ഷം രൂപ തട്ടിയെന്നാണ് ചെന്നൈ സ്വദേശി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ താമസിക്കുന്ന ലോഡ‍്ജിലെത്തി പൊലീസ് പരിശോധന നടത്തി തോക്കടക്കമുള്ള സാധനങ്ങൾ കണ്ടെത്തി. ഇവരെ ചോ​ദ്യം ചെയ്തപ്പോഴാണ് ത‌ട്ടിപ്പ് അറി‌യുന്നത്. നിരവധി പേരാണ് ഇവരു‌ചെയ്ത തട്ടിപ്പിനിരയായത്.

നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് ഇരകളെ സംഘടിപ്പിച്ചത്. ഒരു കോടി രൂപ വിലയുള്ള കണ്ണട പത്ത് ലക്ഷത്തിന് നൽകാമെന്ന് പറഞ്ഞ് ഇവർ ഹോട്ടലിലേയ്ക്ക് ക്ഷണിക്കും. പിന്നീട് കൃത്യമായ ആസൂത്രണത്തിലൂടെ കണ്ണട കേടായെന്നും വാങ്ങാനെത്തിയവരാണ് കേടാക്കിയതെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടും. പലരും നാണക്കേട് ഭയന്ന് പുറത്ത് പറഞ്ഞില്ല. പൊലീസ് വേഷത്തിലെത്തിയാണ് ഇവർ ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത്.