by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പരാതിപരിഹാര അദാലത്ത് ചിറയിൻകീഴ് താലൂക്കിൽ തിങ്കളാഴ്ച നടക്കും. അദാലത്ത് ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ വച്ച് രാവിലെ 10-ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ, അടൂർ പ്രകാശ് എം.പി., എം.എൽ.എ.മാരായ ഒ.എസ്.അംബിക, വി.ശശി, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, നഗരസഭാധ്യക്ഷ എസ്.കുമാരിജില്ലാകളക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുക്കും.
ആകെ 2247 അപേക്ഷകളാണ് അദാലത്തിലേക്ക് ലഭ്യമായിട്ടുള്ളത്. ചിറയിൻകീഴ് താലൂക്കുമായി ബന്ധപ്പെട്ട 512 അപേക്ഷകളും തദ്ദേശസ്വയംഭരണവകുപ്പുമായി ബന്ധപ്പെട്ട 1052 അപേക്ഷകളും സിവിൽസപ്ലൈസുമായി ബന്ധപ്പെട്ട 154 അപേക്ഷകളും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട 529 അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളതെന്ന് തഹസീൽദാർ അറിയിച്ചു.

by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ കുടുങ്ങിയ കേന്ദ്ര സർവകലാശാലയിലെ മലയാളി വിദ്യാർഥികൾ നാളെ നാട്ടിലെത്തും. ഒമ്പത് വിദ്യാർഥികളാണ് നാളെ ഉച്ചക്ക് 2.30ന് ബംഗളൂരു വഴിയുള്ള വിമാനത്തിൽ കേരളത്തിലെത്തുക. നോർക്ക വഴി ഇവരുടെ യാത്രക്കുള്ള വിമാന ടിക്കറ്റ് ലഭിച്ചു. അതേസമയം, മണിപ്പൂർ നാഷണൽ സ്പോർട്സ് സർവകലാശാലയിലെ 29 മലയാളി വിദ്യാർഥികളുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കുകയാണ്. പരീക്ഷയുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. നാലാം തീയതി തുടങ്ങേണ്ട പരീക്ഷ സംഘർഷം കാരണമാണ് മുടങ്ങിയെന്നും ഇവർ പറഞ്ഞു. അതിനിടെ സംഘർഷ സാഹചര്യം കുറഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് കർഫ്യൂവിന് താത്കാലിക ഇളവ് അനുവദിക്കും. സംഘർഷം നടന്ന ചുരചന്ത്പൂരിൽ രാവിലെ 7 മുതൽ 10 വരെ നിരോധനാജ്ഞ ഒഴിവാക്കി.
സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. മ്യാന്മറിൽ നിന്ന് സായുധരായ വിഘടനവാദികൾ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയതായും സംശയം ഉണ്ട്. സംഘർഷ സാഹചര്യം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇപ്പോഴും കാവൽ തുടരുകയാണ്. 10,000 ത്തോളം സൈനികരെയാണ് മണിപ്പൂരിൽ നിയോഗിച്ചിരിക്കുന്നത്.
അക്രമങ്ങളിൽ പ്രതിഷേധിച്ച് കേരളത്തിൽ മുഴുവൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളും ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും. ജനങ്ങൾ സമാധാനമായി ജീവിച്ചിരുന്ന മണിപ്പൂർ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം അശാന്തിയുടെ താഴ്‌വരയായി മാറിയെന്നാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പറഞ്ഞത്.
by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ബാബുരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 48 വയസായിരുന്നു. സംസ്‌കാരം നാളെ.
കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.

by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഏപ്രില്‍ 9 വരെ കെട്ടിട നിര്‍മാണത്തിനായി ഓണ്‍ലൈനായും ഓഫ്‌ലൈനായും സമര്‍പ്പിച്ച എല്ലാ അപേക്ഷകള്‍ക്കും പഴയ പെര്‍മിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമെന്ന് തദ്ദേശമന്ത്രി എംബി രാജേഷ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യത്തിലെ അവ്യക്തത സംബന്ധിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള നടപടി.

ഏപ്രില്‍ 10 മുതലുള്ള അപേക്ഷകള്‍ക്ക് പുതുക്കിയ നിരക്കാകും ബാധകമാവുക. വാര്‍ഷിക പദ്ധതി അവസാനിക്കുന്ന ഘട്ടമായതിനാല്‍ പല ഓഫീസുകളിലും മാര്‍ച്ച് മാസത്തില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നത് ഏപ്രില്‍ ആദ്യത്തേക്ക് നീണ്ടിരുന്നു. ഇക്കാര്യങ്ങള്‍ നിരവധി പേര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പ്രശ്‌നപരിഹാരത്തിന് മന്ത്രി നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്ത് കെട്ടിട നിര്‍മാണ പെര്‍മ്മിറ്റുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പെര്‍മിറ്റ് ഫീസ് പുതുക്കിയത് ഏപ്രില്‍ 10നായിരുന്നു. എന്നാല്‍ ഏപ്രില്‍ 10ന് മുന്‍പ് ലഭിച്ച അപേക്ഷകളില്‍ പെര്‍മിറ്റ് ഫീസ്/ അപേക്ഷാ ഫീസ്/ സ്‌ക്രൂട്ട്‌നി ഫീസ്/ ക്രമവല്‍കരണ ഫീസ് എന്നിവ പുതുക്കിയ നിരക്കാണോ പഴയ നിരക്കാണോ ബാധകമാവുകയെന്ന കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെ വൈകിട്ടാണ് ഗവർണർ ക്ഷേത്രത്തിൽ എത്തിയത്. പുറത്തുനിന്ന് ഗുരുവായൂരപ്പനെ തൊഴുത ആരിഫ് ഖാൻ തുലാഭാരവും നടത്തി. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ് സമിതി സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ ഗുരുവായൂരിലെത്തിയത്.
കദളിപ്പഴത്തിലാണ് ഗവർണർ തുലാഭാരം നടത്തിയത്. നാലരയോടെ ക്ഷേത്രത്തിൽ എത്തിയ ഗവർണർ ഗോപുര കവാടത്തിന് മുന്നിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുതു. കൈകൂപ്പി ഏതാനും മിനിട്ടുകൾ ഗോപുര കാവടത്തിൽ നിന്ന ഗവർണർ പിന്നീട് കിഴക്കേ നടയിലേക്കെത്തി തുലാഭാരം നടത്തി. 83 കിലോ കദളിപ്പഴമാണ് തുലാഭാരത്തിനു വേണ്ടി വന്നത്. ഇതിനായി 4250 രൂപ ക്ഷേത്രത്തിൽ അടച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഗുരുവായൂരപ്പന്‍റെ പ്രസാദ കിറ്റ് ഗവർണർക്ക് നൽകി.
‘വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകാത്ത ആത്മീയഅനുഭവം’ എന്നായിരുന്നു ഗുരുവായൂർ ക്ഷേത്ര ദർശനത്തെക്കുറിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. തുലാഭാരത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും ഗവർണർ സമയം കണ്ടെത്തി. ദേവസ്വം ചെയർമാനോടും ഭരണ സമിതി അംഗങ്ങളോടും നന്ദി പറഞ്ഞായിരുന്നു ഗവർണറുടെ മടക്കം.

by Midhun HP News | May 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡൽഹി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്. ആർസിബി ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം ഡൽഹി 16.4 ഓവറിൽ മറികടന്നു. 45 പന്തുകൾ നേരിട്ട് എട്ട് ഫോറും ആറ് സിക്‌സും പറത്തി 87 റൺസെടുത്ത ഫിലിപ്പ് സാൾട്ടിന്റെ ഇന്നിങ്‌സാണ് ഡൽഹിയുടെ ജയത്തിൽ നിർണായകമായത്.
ക്യാപ്റ്റൻ ഡേവിഡ് വാർണർക്കൊപ്പം സാൾട്ട് ഓപ്പണിങ് വിക്കറ്റിൽ 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മിച്ചൽ മാർഷിനൊപ്പം രണ്ടാം വിക്കറ്റിൽ 59 റൺസും സ്കോർബോർഡിൽ ചേർത്തു. റൈലി റൂസ്സോവിനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ 52 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഡൽഹിക്ക് അനായാസ ജയമൊരുക്കുകയായിരുന്നു. സീസണിൽ ഡൽഹിയുടെ നാലാമത്തെ മാത്രം ജയമാണിത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാംഗ്ലൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തിരുന്നു. വിരാട് കോഹ്‍ലി, നായകൻ ഫാഫ് ഡുപ്ലെസി, മഹിപാൽ ലോംറോർ എന്നിവരുടെ ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോർ സമ്മാനിച്ചത്. പുറത്താകാതെ നിന്ന ലോംറോർ 29 പന്തിൽ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 54 റൺസ് നേടി. കോഹ്‍ലി 46 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 55 റൺസെടുത്തു. ഡുപ്ലെസി ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 45 റൺസ് നേടി.

Recent Comments