ചെറിയ പെരുന്നാൾ ശനിയാഴ്ച

ചെറിയ പെരുന്നാൾ ശനിയാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ മറ്റന്നാൾ. വിവിധ ഖാസിമാരാണ് ശനിയാഴ്ച പെരുന്നാളായിരിക്കുമെന്ന് അറിയിച്ചത്. നോമ്പ് 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്.

എഐ ക്യാമറ: ഒരുമാസം വരെ പിഴയീടാക്കില്ല, ബോധവത്കരണം നടത്തുമെന്ന് ഗതാഗതമന്ത്രി

എഐ ക്യാമറ: ഒരുമാസം വരെ പിഴയീടാക്കില്ല, ബോധവത്കരണം നടത്തുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകുമെന്ന് ഗതാഗതമന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക, 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ്ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രയൽറണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമ ലംഘങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇത്തരത്തിൽ നിയമലംഘനങ്ങള്‍ ആവർത്തിച്ചാൽ കോടികളാകും പിഴയിലൂടെ സർ‍ക്കാർ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർവാഹന വകുപ്പ് നോട്ടീസയച്ച് തുടർ നടപടികളിലേക്ക് കടക്കും. ഇരുചക്ര വാഹനങ്ങളിൽ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി യാത്ര ചെയ്താലും പിഴ വീഴും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്. മന്ത്രി വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇതൊന്നും ബാധകമാവില്ല എന്ന് ചുരുക്കം.

ശവ്വാൽ മാസപ്പിറവി; ഇമാമുമാർ ഇന്ന് വൈകിട്ട് പാളയം ജുമാമസ്ജിദിൽ യോഗം ചേരും

ശവ്വാൽ മാസപ്പിറവി; ഇമാമുമാർ ഇന്ന് വൈകിട്ട് പാളയം ജുമാമസ്ജിദിൽ യോഗം ചേരും

ഈദുൽ ഫിത്തർ സംബന്ധിച്ച ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ മഹല്ലുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും ഇന്ന് വൈകീട്ട് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ യോഗം ചേരുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി അറിയിച്ചു. മാസദർശന വിവരം സ്ഥിരീകരിക്കുന്നതനുസരിച്ച് ഈദുൽ ഫിത്വ്‌റുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിനായാണ് കൂടിച്ചേരൽ എന്നും ഇമാം അറിയിച്ചു.

എം കെ വിദ്യാധരൻ സ്മാരക ധമനം സാഹിത്യ പുരസ്കാരം രാവെളിച്ചത്തിന്

എം കെ വിദ്യാധരൻ സ്മാരക ധമനം സാഹിത്യ പുരസ്കാരം രാവെളിച്ചത്തിന്

തോന്നയ്ക്കൽ കുടവൂർ ധമനം സാഹിത്യ വേദിയുടെ എം. കെ വിദ്യാധരൻ സ്മാരക പ്രഥമ സാഹിത്യ പുരസ്കാരത്തിന് അഹമ്മദ്ഖാന്റെ രാവെളിച്ചം എന്ന കവിതാ സമാഹാരം തെരഞ്ഞെടുത്തിരിക്കുന്നു. ഡോ. എസ്. ഭാസിരാജ്, ഡോ.ആർ.രഘുനാഥൻ, പ്രൊഫ.എസ് രാധാകൃഷ്ണൻ നായർ എന്നിവരടങ്ങിയ സമിതിയാണ് വിധി നിർണയം നടത്തിയത്. പതിനായിരത്തി ഒരുനൂറ്റി പതിനൊന്ന് (11,111) രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വേങ്ങോട് ജംഗ്ഷനിൽ കൂടുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ സമ്മാനിക്കുന്നു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ശ്രീ വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തുന്നു.

സെയിൽസ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്

സെയിൽസ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്

പോത്തൻകോട് പ്രവർത്തിക്കുന്ന പ്രമുഖ മെഡിക്കൽ ഷോപ്പിലേക്ക് പരിചയസമ്പന്നരായ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. താൽപ്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

95675 28899, 85930 08300

കൊടുംചൂടിനിടെ ഇരുട്ടടി; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്

കൊടുംചൂടിനിടെ ഇരുട്ടടി; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്

കൊടുംചൂടിനിടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്. പകല്‍ സമയത്തും ലോഡ് ഷെഡിങ് ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെയാണ് ഇരുട്ടടിയായി അപ്രഖ്യാപിത ലോഡ് ഷെഡിംഗും എത്തുന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക് കുതിക്കുകയാണെന്നതാണ് നിലവിലെ സാഹചര്യം.

ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാതെ വഴിയില്ലെന്നാ കെഎസ്ഇബി വിശദീകരിക്കുന്നത്. വൈദ്യുതി ആവശ്യകത 5000 മെഗാവാട്ട് കടന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടത് 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയത് 9.288 കോടി യൂണിറ്റ് ആയിരുന്നു. ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രില്‍ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാല്‍ ഈ മാസം പതിനൊന്നാം തീയതി മുതല്‍ വൈദ്യുതി ആവശ്യകതയും ഉപയോഗവും മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്ന നിലയാണ്.വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും, വൈദ്യുത ദുരുപയോഗം ഒഴിവാക്കണമെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു.