by Midhun HP News | Apr 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 22-23 വാർഷിക പദ്ധതി പ്രകാരം ലൈബ്രറികൾക്കുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എസ്. അനീജ,
സ്ഥിരം സമിതി അദ്ധ്യക്ഷരായ ജനറ്റ് വിക്ടർ, ആർ.അനിൽകുമാർ, വിജയകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ ലൈബ്രറി പ്രവർത്തകർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
by Midhun HP News | Apr 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: സ്വകാര്യ ആശുപത്രിയിൽ നൽകിയ മരുന്നു കഴിച്ചു നവജാതശിശു അവശനിലയിലായ സംഭവത്തിൽ അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേർന്നു മർദ്ദിച്ചതായി പരാതി. മാങ്കോട് തേൻകുടിച്ചാലിൽ ഷുഹൈബിനാണ്(30) മർദനമേറ്റത്. ഷുഹൈബ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്കു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ 14നാണു ഷുഹൈബിന്റെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചത്. പിറ്റേ ദിവസം ആശുപത്രിയിൽ നിന്നു നൽകിയ മരുന്നു കഴിച്ച് നവജാതശിശു അവശനിലയിലാകുകയും അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെയോടെയാണ് കുഞ്ഞിന്റെ നില ഗുരുതരമായത്. തുടർന്നാണ് ഷുഹൈബ് ആശുപത്രിയിലെത്തിയത്.
പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിലെത്തി ഡോക്ടറുമായി സംസാരിച്ചെങ്കിലും ഏതു മരുന്നാണ് നൽകിയതെന്നു പറയാൻ ഡോക്ടർ തയാറായില്ല. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസിന്റെ മുന്നിൽ വച്ചു ഷുഹൈബിനെ ഡോക്ടറും മകനും ചേർന്നു മർദിച്ചെന്നാണു പരാതി. ഷുഹൈബ് മർദിച്ചെന്ന് ആരോപിച്ച് ഡോക്ടറും പരാതി നൽകിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെത്തിയ ഷുഹൈബിനെ പരിശോധിക്കാൻ ഡോക്ടർ താമസം വരുത്തിയെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു.
by Midhun HP News | Apr 20, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ച എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങി. സംസ്ഥാനമൊട്ടാകെ 726 എഐ (നിർമിതബുദ്ധി) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ 3 പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകും. ഇതുൾപ്പെടെ കർശന വ്യവസ്ഥകൾ പൂർണ തോതിൽ നടപ്പാക്കാനാണ് പുതിയ പരിഷ്കാരം. കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയിൽ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടർന്നുള്ള ക്യാമറകളിൽ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിനു പിഴ വരും. അതേസമയം, ദൃശ്യങ്ങളിൽ വ്യക്തമാകുന്ന നിയമലംഘനത്തിനു മാത്രമേ പിഴയുണ്ടാകൂ എന്നും വാഹന രേഖകൾ കൃത്യമാണോ എന്നതുൾപ്പെടെയുള്ള മറ്റു പരിശോധനകൾ കൺട്രോൾ റൂം മുഖേന തൽക്കാലമില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ലൈൻ ട്രാഫിക് ലംഘനങ്ങളും പരിശോധിക്കില്ല.
വാഹനമോടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്നതും പിടികൂടും. കാറിൽ ഹാൻഡ്സ് ഫ്രീ ബ്ലൂടൂത്ത് സൗകര്യമുപയോഗിച്ചു ഫോണിൽ സംസാരിക്കുന്നതും ഒഴിവാക്കണമെന്നാണു നിർദേശമെങ്കിലും തൽക്കാലം ഇതിനു പിഴയില്ല. പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർദേശിച്ചിട്ടുണ്ടെങ്കിലും ഇതു ലംഘിക്കുന്നവർക്കും തൽക്കാലം പിഴ ചുമത്തില്ല.
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, അപകടം ഉണ്ടാക്കി നിർത്താതെ പോകൽ എന്നിവ പിടിക്കാൻ 675 ക്യാമറകളും സിഗ്നൽ ലംഘിച്ച് പോയി കഴിഞ്ഞാൽ പിടികൂടാൻ 18 ക്യാമറകളാണ് ഉള്ളത്. അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകളും പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകൾ ഒപ്പിയെടുക്കും.
നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളിൽ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസിൽ രജിസ്റ്റേർഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കിൽ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റം ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാൽ അത്രയധികം തവണ പിഴയടക്കേണ്ടി വരും. ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപയാണ് പിഴ. അമിതവേഗത്തിന് 1500 രൂപ, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്താൽ 2000 രൂപ, അനധികൃതപാർക്കിങിന് 250 രൂപ, പിൻസീറ്റിൽ ഹെൽമെറ്റ് ഇല്ലെങ്കിൽ 500 രൂപ, മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപ എന്നിങ്ങനെയാണ് പിഴ.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ മാസം 23ന് സർവീസിൽ നിന്നും വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സർക്കാർ യാത്രയയപ്പ് നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും യാത്രയയപ്പിനെത്തി. കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകിയത്. സാധാരണ നിലയിൽ ഹൈക്കോടതി ഫുൾ കോർട്ട് മാത്രം യാത്രയയപ്പ് നൽകുന്നതാണ് കീഴ് വഴക്കം.
ചടങ്ങിൽ മന്ത്രിമാരായ പി രാജീവ്, കെഎൻ ബാലഗോപാൽ, കെ രാജൻ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി വിപി ജോയ്, ആഭ്യന്തര സെക്രട്ടറി കെ വേണു, നിയമസെക്രട്ടറി ഹരിനായർ തുടങ്ങിയവരും പങ്കെടുത്തു.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. അന്തരീക്ഷതാപനില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് കഎസ്ഇബി നിർദേശം.
പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 102.95 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. കഴിഞ്ഞ വർഷം ഇതേസമയം 89.62 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു പീക്ക് സമയ ഉപയോഗം. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ് ഇ ബി.
വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. മാന്യ ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കിൽ ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ നമുക്ക് കഴിയും. വൈകുന്നേരം 6നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാം.
പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റു സമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യാം. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാൻ സഹായകമാണ്.- കെഎസ്ഇബി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരംം: മിൽമ പാലിന്റെ വില വർധന പിൻവലിച്ചു. കൊഴുപ്പു കൂടിയ പാൽ മിൽമ റിച്ചിന്റെ വർധിപ്പിച്ച രണ്ടുരൂപയാണ് പിൻവലിച്ചത്. അതേസമയം മിൽമ സ്മാർട്ടിന്റെ വില വർധിപ്പിച്ചത് തുടരും. ഇന്ന് മുതലാണ് മിൽമ പാൽ വില കൂട്ടിയത്. വില വർധന സർക്കാരിനെ അറിയിച്ചിരുന്നില്ലെന്ന് മന്ത്രി ചിഞ്ചുറാണി ഇന്നലെ വ്യക്തമാക്കിയിരുന്നു.
മിൽമ റിച്ചിനും, സ്മാർട്ടിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് വർധിപ്പിച്ചത്. വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകർഷകർക്ക് നൽകുന്നുവെന്നുമായിരുന്നു മിൽമയുടെ വിശദീകരണം.
Recent Comments