by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലംകോട്: പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി സ്കൂൾ തലത്തിൽ നടപ്പിലാക്കുന്ന പ്രാദേശിക പഠനോത്സവത്തിൻ്റെ ഭാഗമായാണ്കുട്ടികളുടെ കലാപ്രകടനം അരങ്ങേറിയത്. നാടകവും, പാട്ടും, ഡാൻസും ഒക്കെ സമന്വയിപ്പിച്ച് കുട്ടികൾ നടത്തിയ പഠനോത്സവം നാടിൻ്റ ഉത്സവമായി മാറി. കഴിഞ്ഞ ഒരു വർഷ കാലമായി അവർ നേടിയെടുത്ത അറിവുകളുടെ നേരവതരണമാണ് നടന്നത്.
ആലംകോട് തൊട്ടിക്കല്ലിൽ ഒരു വീട് കേന്ദ്രീകരിച്ചാണ് കുട്ടികളുടെ കലാപ്രകടനങ്ങൾ നടന്നത്. കുട്ടികൾ നേടിയ മികവുകളെ സർഗ്ഗാത്മകമായി പൊതു ഇടങ്ങളിൽ അവതരിപ്പിച്ച് സ്കൂളിൻ്റെ മികവ് ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ഈ പഠനോത്സവത്തിന് കഴിഞ്ഞു. കുട്ടികൾ തത്സമയം നിർമ്മിച്ച “കളി കൂട്ടുകാർ” പതിപ്പ് ഏറെ ശ്രദ്ധേയമായി. എസ് എം സി അംഗങ്ങൾ, നാട്ടുകാർ, ഹെഡ്മിസ്ട്രസ് റീജാ സത്യൻ, അധ്യാപകരായ സുധീർ, ഷംന, വിജിത, അതുല്യ, അജീ ശ്രീ രാജ് എന്നിവർ നേതൃത്വം നൽകി.

by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ച് കൊണ്ടാണ് കോടതി ഉത്തരവ്.
ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നതിന് തെളിവുണ്ട് എന്നതായിരുന്നു ഇഡിയുടെ വാദം. ഇത് അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി നടപടി. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന്് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കര്‍ വാദിച്ചത്.

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാന്‍ തന്നെ കരുവാക്കുകയാണെന്നും ശിവശങ്കര്‍ ആരോപിച്ചു. തനിക്ക് കേസുമായി നേരിട്ട് ബന്ധമില്ല. മുന്‍പ് സമാനമായ കേസില്‍ തനിക്ക് ജാമ്യം അനുവദിച്ചിരുന്നു എന്നും ശിവശങ്കര്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ച് തള്ളുകയായിരുന്നു.
ശിവശങ്കറിന് ജാമ്യം അനുവദിച്ച കേസും ഇതും രണ്ടും രണ്ടാണെന്നും ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറാണ് മുഖ്യ സൂത്രധാരന്‍ എന്നും ഇഡി കോടതിയെ ബോധിപ്പിച്ചു. കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി ഉത്തരവ്.
by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഫ്ലാറ്റുകളുടെയും വലിയ വാണിജ്യ കെട്ടിടങ്ങളുടെയും കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 20 മടങ്ങ് വര്‍ധന വരുത്തി. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്ലാറ്റ് പ്രോജക്ടിന് നേരത്തെ ഒരു ലക്ഷമായിരുന്നു പെര്‍മിറ്റ് ഫീസ്. ഇത് 20 ലക്ഷമായിട്ടാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ, തിരുവനന്തപുരം കോര്‍പറേഷന്‍ 10 ശതമാനം സര്‍വീസ് ചാര്‍ജും ഫീസിന് മുകളില്‍ ചുമത്തുന്നുണ്ട്. അതോടെ ആകെ തുക 22 ലക്ഷമായി ഉയരും. കോര്‍പറേഷനുകളില്‍ നേരത്തെ 300 ചതുരശ്ര മീറ്ററിന് മുകളില്‍ ചതുരശ്ര മീറ്ററിന് 10 രൂപയായിരുന്നു പെര്‍മിറ്റ് ഫീസ്. ഇത് 200 രൂപയായിട്ടാണ് കൂട്ടിയിട്ടുള്ളത്.

നിര്‍മാണസാമഗ്രികളുടെ വിലയും കൂടി കുതിച്ചുയര്‍ന്നതോടെ ഫ്ളാറ്റുകളുടെ വില കൂട്ടേണ്ടി വരുമെന്ന് ബില്‍ഡര്‍മാര്‍ പറയുന്നു. നഗരസഭകളില്‍ 300 ചതുരശ്രമീറ്ററിന് മുകളില്‍ താമസിക്കുന്നതിന് കെട്ടിടം വയ്ക്കാന്‍ നേരത്തെ ചതുരശ്രമീറ്ററിന് ഏഴു രൂപയായിരുന്നു ഫീസ്. അത് ഇപ്പോള്‍ 200 രൂപയാക്കിയിട്ടുണ്ട്.
by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ചു. ബഷീർ കൊല്ലപ്പെട്ടത് 2019 ഓഗസ്റ്റ് 3 നാണ്.സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. രണ്ടാം പ്രതി വഫയെ കേസിൽ നിന്നും ഒഴിവാക്കി. ഇവർക്കെതിരെ പ്രേരണാകുറ്റമായിരുന്നു ചുമത്തിയിരുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചു. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ജലവൈദ്യുതി ഉൽപ്പാദനവും റിക്കോർഡിലേക്കാണ്. 24.98 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉൽപ്പാദിപ്പിച്ചത്. 71.38 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചു. ഇടുക്കിയിലുള്ളത് 37 ശതമാനം ജലം മാത്രമാണ്. ആകെ സംഭരണികളിൽ ശേഷിക്കുന്നത് 41 ശതമാനം ജലമാണ്.
നീരാഴുക്കും കഴിഞ്ഞ വർഷത്തേതിന്റെ പകുതിയായിട്ടുണ്ട്..കേരളം ചുട്ടുപൊള്ളുകയാണ്. സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോർഡ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ (AWS) ചിലയിടത്ത് 40° സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. പാലക്കാടും, കരിപ്പൂർ വിമാനത്താവളത്തിലുമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ (38.6°c) ആയിരുന്നു ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തി (36.2°c). അതേ സമയം AWS (ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ) പലയിടങ്ങളിലും 40°C ന് മുകളിൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ചേമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. നിലമ്പൂർ, കൂത്താട്ടുകുളം, മണ്ണാർക്കാട്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും നാൽപത് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് AWS ൽ രേഖപ്പെടുത്തിയ താപനില. അതേസമയം തെക്കൻ കേരളത്തിൽ മഴയ്ക്കും സാധ്യതയുണ്ട്.
by Midhun HP News | Apr 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ക്ലീൻ എനർജി മേഖലയിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ക്ലീൻ എനർജി ഇന്നവേഷൻ ബിസിനസ് ഇൻക്യുബേഷൻ സെൻറർ സംഘടിപ്പിക്കുന്ന ക്ലീൻ ടെക് ചാലഞ്ച് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചാലഞ്ചിന്റെ ഭാഗമായി ലഭിച്ച 100 ആശയങ്ങൾ അടങ്ങിയ അപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച 10 ആശയങ്ങൾക്കാണ് പുരസ്കാരം നൽകിയത്. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഹരിതോർജ്ജ സാങ്കേതികവിദ്യകളുടെ വികസനത്തിനായി ഊർജ്ജവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളായ കെഎസ്ഇബി എൽ, അനർട്ട്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എനർജി മാനേജ്മെൻറ് സെൻറർ എന്നിവയെ പ്രതിനിധീകരിച്ച് എനർജി മാനേജ്മെൻറ് സെന്ററും, കെ ഡിസ്കും ഡൽഹിയിലുള്ള ക്ലീൻ എനർജി ഇൻറർനാഷണൽ ഇൻക്യുബേഷൻ സെന്ററും ചേർന്ന് കഴിഞ്ഞ വർഷമാണ് ക്ലീൻ എനർജി ഇന്നവേഷൻ ആൻഡ് ബിസിനസ് ഇൻക്യുബേഷൻ സെൻറർ (സിബെക്) ആരംഭിച്ചത്. സിബക്കിന്റെ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ആയാണ് ഗ്രീൻ ടെക് ചാലഞ്ച് സംഘടിപ്പിച്ചത്.
ആശയങ്ങൾ പ്രാവർത്തികമാക്കാൻ 2026 ഓടെ 30 സ്റ്റാർട്ടപ്പുകൾക്ക് സിബക്കിന്റെ നേതൃത്വത്തിൽ സാങ്കേതിക സഹായവും സിബക്കിന്റെ ലാബുകൾ ഉപയോഗിക്കാനുള്ള സൗകര്യവും അന്താരാഷ്ട്രതലത്തിലുള്ള സാങ്കേതിക വിദഗ്ധരുമായി ചർച്ചകൾക്കുള്ള അവസരവും ഒരുക്കും.
ചടങ്ങിൽ വി. കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി ഡോക്ടർ വി. പി ജോയ് മുഖ്യപ്രഭാഷണം നടത്തി. ഇ എം സി ഡയറക്ടർ ഡോക്ടർ ആർ ഹരികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അനിൽകുമാർ വി സി, ടാറ്റ പവർ കമ്പനി ലിമിറ്റഡ് ചീഫ് ഗണേഷ് ദാസ്, സോഷ്യൽ ആൽഫ പ്രതിനിധി സ്മിതാ രാകേഷ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Recent Comments