ആശാൻ 150ആം ജന്മവാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് സമാപനമായി

ആശാൻ 150ആം ജന്മവാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് സമാപനമായി

കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷമായി നടത്തിവരുന്ന ആശാൻ നൂറ്റമ്പതാം ജന്മവാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനം തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു.150 ഓളം കവികളുടെ കാവ്യാലാപനത്തോടെ ആരംഭിച്ച സമാപന സമ്മേളനത്തിന് ചിറയിൻകീഴ് എംഎൽഎ വി.ശശി അധ്യക്ഷത വഹിച്ചു. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മലയാള കവിയാണ് കുമാരനാശാൻ എന്നും മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച ആശാൻ കേരള സാമൂഹിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ വ്യക്തിത്വമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പറഞ്ഞു.

കവിയും നവോത്ഥാന നായകനും എന്നതിലുപരി ആധുനിക നിർമ്മാണ രീതികൾ ഉപയോഗിച്ച് ചെങ്ങമനാട് ഓട് നിർമ്മാണ കമ്പനി സ്ഥാപിച്ച കുമാരനാശാൻ എന്ന വ്യവസായിയെ ചടങ്ങിൽ വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് സദസ്സിനെ ഓർമപ്പെടുത്തി. കവിതയുടെ ആസ്വാദനത്തിനും ചർച്ചകൾക്കും പഠനത്തിനുമായി തോന്നയ്ക്കലിൽ ആരംഭിച്ച ആശാൻ പള്ളിക്കൂടം ഉദ്ഘാടനവും പുഷ്പവാടിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ആശാൻ കാലാനുവർത്തിയായ ആശയങ്ങളുടെ വക്താവാണ്.

ഗാന്ധിയുടെ ജീവിതം സത്യാന്വേഷണ പരീക്ഷണങ്ങൾ ആണെങ്കിൽ ആശാന്റെ ജീവിതം സ്നേഹാന്വേഷണ പരീക്ഷണങ്ങളാണ്. ആശാൻ കവിതകളിലെ സ്നേഹവും സ്വാതന്ത്ര്യവും സമകാലിക സാഹചര്യത്തിൽ പ്രസക്തമാണെന്നും തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുമാരനാശാൻ സമ്പൂർണ കൃതികളുടെ പുനഃപ്രകാശനവും മന്ത്രി എം ബി രാജേഷ് നടത്തി.

12,500 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന വീണപൂവ് പുരസ്കാരം വി. ചന്ദ്രബാബു മന്ത്രി സജി ചെറിയനിൽ നിന്നും ഏറ്റു വാങ്ങി. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന കുമാരകവി പുരസ്കാരം മന്ത്രി പി. രാജീവിൽ നിന്നും നീതു സി. സുബ്രമണ്യം ഏറ്റുവാങ്ങി. കാവ്യാലാപന സമ്മാനങ്ങൾ ചടങ്ങിൽ മന്ത്രി എം. ബി രാജേഷ് വിതരണം ചെയ്തു. ആശാൻ ജയന്തി പ്രഭാഷണം സാഹിത്യകാരൻ ജോർജ് ഓണക്കൂർ നിർവഹിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ചെയർമാൻമാരെയും മുൻസെക്രട്ടറിമാരെയും ചടങ്ങിൽ ആദരിച്ചു. കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ, വർക്കല എം എൽ എ
വി ജോയ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാഹിത്യ രംഗത്തും സാമൂഹിക രാഷ്ട്രീയ രംഗത്തുമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.\

കേരളം വെന്തുരുകുന്നു; റെക്കോര്‍ഡ് താപനില

കേരളം വെന്തുരുകുന്നു; റെക്കോര്‍ഡ് താപനില

കേരളത്തില്‍ റിക്കാര്‍ഡ് താപനില. ഉച്ചയ്ക്കു 12 ന് പാലക്കാട് എരിമയൂരില്‍ 44.3 ഡിഗ്രി സെല്‍ഷ്യസ് ചൂടു രേഖപ്പെടുത്തി. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഇടുക്കി തൊടുപുഴയില്‍ 41.7 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍ ചെമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം;  പ്രതിദിന കേസുകള്‍ പതിനായിരം കടന്നു; ജാഗ്രത

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; പ്രതിദിന കേസുകള്‍ പതിനായിരം കടന്നു; ജാഗ്രത

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 11 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,215 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ 79 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 40,215 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,47,76,002 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച 5676 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥീരീകരിച്ചിരുന്നത്. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളമാണ് ഏറ്റവും മുന്നിലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം മൂന്ന് മുതൽ ഒമ്പതുവരെയുള്ള കാലയളവിൽ 11,296 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

മഞ്ഞവര മറികടന്നാല്‍ കുടുങ്ങും; ഓവര്‍ടേക്ക് ചെയ്താലും പിഴ; അറിയിപ്പ് മൊബൈലിലെത്തും

മഞ്ഞവര മറികടന്നാല്‍ കുടുങ്ങും; ഓവര്‍ടേക്ക് ചെയ്താലും പിഴ; അറിയിപ്പ് മൊബൈലിലെത്തും

തിരുവനന്തപുരം: റോഡുകളില്‍ ഇനി അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ കുടുങ്ങും. ട്രാഫിക് നിയമലംഘനം പിടികൂടാന്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ ഈ മാസം 20 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ദേശീയ, സംസ്ഥാന പാതകളിലായി 726 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. അനധികൃത പാര്‍ക്കിങ് പിടികൂടുന്നതിന് 25 കാമറകളും അമിത വേഗം കണ്ടുപിടിക്കുന്നതിന് നാലു ഫിക്‌സഡ് കാമറകളും വാഹനങ്ങളില്‍ ഘടിപ്പിച്ച നാലു കാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാന്‍ 18 കാമറകളും ഉണ്ടാകും. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും തുടങ്ങും. റോഡുകളിലെ മഞ്ഞവര മറികടക്കുക, വളവുകളില്‍ വരകളുടെ അതിര്‍ത്തി കടന്ന് ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും. കാമറകള്‍ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹനഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് അപ്പോള്‍ തന്നെ സന്ദേശം ആയി എത്തും.

പിഴത്തുക ഇങ്ങനെ….

അനധികൃത പാര്‍ക്കിങ്ങിന് 250 രൂപയാണ് കുറഞ്ഞ പിഴ. ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതിരുന്നാല്‍ 500 രൂപ പിഴ നല്‍കണം. അമിത വേഗത്തിന് 1500 രൂപയാണ് പിഴ. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ പിഴ നല്‍കേണ്ടി വരും. പുതിയ കാമറകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ, ഗതാഗത നിയമലംഘനങ്ങള്‍ കാര്യമായി കുറയ്ക്കാനാകുമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ വിലയിരുത്തല്‍.

ആഡംബര വീടുകള്‍ക്ക് കെട്ടിട നികുതി കുത്തനെ ഉയരും; 300 ചതുരശ്ര മീറ്ററിന് മുകളിലുള്ളവയ്ക്ക് വന്‍ വര്‍ധന

ആഡംബര വീടുകള്‍ക്ക് കെട്ടിട നികുതി കുത്തനെ ഉയരും; 300 ചതുരശ്ര മീറ്ററിന് മുകളിലുള്ളവയ്ക്ക് വന്‍ വര്‍ധന

തിരുവനന്തപുരം: പുതിയ കെട്ടിടങ്ങള്‍ക്കുള്ള അടിസ്ഥാനനികുതി കൂട്ടിയത് ആഡംബരവീടുകളുടെ നികുതി കുത്തനെ ഉയര്‍ത്തും. വീടുകളെ 300 ചതുരശ്രമീറ്റര്‍വരെയും അതിനുമുകളിലുള്ളവയുമാക്കി തിരിച്ചാണ് നികുതി പുതുക്കിയത്. ഇതില്‍ 300 ചതുരശ്രമീറ്ററിന് (ഏകദേശം 3200 ചതുരശ്രയടി) മുകളിലുള്ളവയ്ക്കാകും നികുതിയില്‍ വലിയ വര്‍ധനയുണ്ടാവുക. ഇത്തരം വീടുകള്‍ ആഡംബര പട്ടികയില്‍പ്പെടും.

300നു മുകളിലുള്ളവയ്ക്ക് ഗ്രാമപ്പഞ്ചായത്തുകളില്‍ എട്ടുമുതല്‍ 12 രൂപവരെയും നഗരസഭകളില്‍ 10 മുതല്‍ 19 വരെയും കോര്‍പ്പറേഷനുകളില്‍ 12 മുതല്‍ 25 വരെയുമാണ് ചതുരശ്രമീറ്ററിന്റെ നികുതിനിരക്ക്. തദ്ദേശസ്ഥാപനങ്ങളുടെ പൊതുസ്വഭാവം, റോഡില്‍നിന്ന് വീട്ടിലേക്കുള്ള വഴി, വീടിന്റെ സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് നികുതി നിശ്ചയിക്കുക. ഇത് ഓരോ തദ്ദേശസ്ഥാപനത്തിലും വ്യത്യാസപ്പെടും.

വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് നേരത്തേ അഞ്ചുസ്ലാബുണ്ടായിരുന്നു. ഒന്നാം സ്ലാബില്‍ 100 ചതുരശ്രമീറ്റര്‍വരെ തറവിസ്തീര്‍ണമുള്ള ഹോട്ടല്‍, റസ്റ്ററന്റുകള്‍, ഷോപ്പുകള്‍, ഗോഡൗണുകള്‍, രണ്ടില്‍ നൂറിനുമുകളിലുള്ളവ, മൂന്നില്‍ 200 വരെ തറവിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, നാലില്‍ 200നു മുകളിലുള്ളവ, അഞ്ചില്‍ ബങ്കുകള്‍, പെട്ടിക്കടകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, ഫ്യൂവല്‍ സ്റ്റേഷന്‍ എന്നിങ്ങനെയായിരുന്നു തരംതിരിച്ചിരുന്നത്. പുതുക്കിയപ്പോഴും അഞ്ചുവിഭാഗം ഉണ്ടെങ്കിലും നൂറുചതുരശ്രമീറ്റര്‍വരെ, നൂറുമുതല്‍ 500 വരെ, 500നു മുകളിലുള്ളവ, മാളുകള്‍ എന്നിങ്ങനെയാണ് തിരിച്ചത്. ബങ്കുകള്‍ പെട്ടിക്കടകള്‍ എന്നിവയെ അഞ്ചാംവിഭാഗവുമാക്കി. ഹോട്ടല്‍, ലോഡ്ജ് എന്നിവയെ വാണിജ്യത്തില്‍പ്പെടാത്ത പ്രത്യേക വിഭാഗമാക്കിയിട്ടുമുണ്ട്.

നിരക്ക് പുതുക്കിയപ്പോള്‍ ഓഫീസ് വിഭാഗത്തിനുള്ള കെട്ടിടങ്ങളെ സര്‍ക്കാര്‍ ഓഫീസ് എന്നും മറ്റു ഓഫീസുകള്‍ എന്നും രണ്ടുവിഭാഗമാക്കിയെങ്കിലും രണ്ടാമത്തേതില്‍ ഏതൊക്കെ ഉള്‍പ്പെടുമെന്നു വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ല.

വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

പളളിക്കൽ മടവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. മുൻ വിരോധത്താൽ സ്ത്രീകളെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മടവൂർ ലക്ഷം വീട് കോളനിയിൽ നിതിനാണ് അറസ്റ്റിലായത്.

മടവൂർ സ്വദേശികളായ സഹോദരിമാരെ കഴിഞ്ഞ 9-ാം തീയതി ഉച്ചയോടെയാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി അസഭ്യം പറഞ്ഞുകൊണ്ട് ദേഹോപദ്രവം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി നടത്തിയ സമർത്ഥ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.