by Midhun HP News | Aug 22, 2026 | Latest News, കേരളം
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുന്നമടക്കായലില്‍ പൂര്‍ത്തിയായി. 22 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ മൊത്തം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ശേഷം വള്ളങ്ങളുടെ മാസ് ഡ്രില്ലും തുടര്‍ന്ന് ചുണ്ചന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കും.

ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. കെഎസ്ഇബി ക്യാഷ് കൗണ്ടറുകളും പ്രവര്‍ത്തിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

ആലപ്പുഴ നഗരത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് ആറ് മണിവരെ കെഎസ്ആര്‍ടിസി ബസുകള്‍ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കില്ല. വള്ളംകളി കാണാനെത്തുന്നവര്‍ക്കായി റിക്രിയേഷന്‍ ഗ്രൗണ്ടിലും, ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിനു താഴെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാണികളുടെ യാത്രാസൗകര്യത്തിനായി പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക ഫീഡര്‍ സര്‍വീസുകള്‍ നടത്തും. എറണാകുളം, കൊല്ലം, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ നിന്നെത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്കായി പ്രത്യേക യാത്രാവഴികളും ക്രമീകരിച്ചിട്ടുണ്ട്.

by Midhun HP News | Aug 22, 2026 | Latest News, കേരളം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിചാരണ കോടതി സമയക്രമം നിശ്ചയിച്ചത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെകെ ബാലകൃഷ്ണന്‍ പരിഗണിക്കുന്ന കേസില്‍, പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ഹാജരാകും.

കേസില്‍ ആകെ 156 സാക്ഷികളാണുള്ളത്. അവധി ദിവസങ്ങള്‍ ഒഴികെ തുടര്‍ച്ചയായി നടക്കുന്ന വിസ്താരം 18 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 15ന് ഒന്നും രണ്ടും സാക്ഷികളെ വിസ്തരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലായി മറ്റ് സാക്ഷികളുടെ വിസ്താരം നടക്കും. ഇത് നവംബര്‍ 12നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതിഭാഗം ആവശ്യപ്പെട്ട 209 രേഖകളില്‍ 112 എണ്ണം പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
2018 ജൂലൈ 2നാണ് മഹാരാജാസ് കോളജില്‍ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു കൊല്ലപ്പെടുന്നത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് കേസ്. ആദ്യഘട്ടത്തില്‍ 16 പ്രതികളാണ് വിചാരണ നേരിടുന്നത്. കൊലക്കുറ്റം, മാരകായുധങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കുറ്റപത്രം സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ അനന്തമായി നീണ്ടുപോയതിനെതിരെ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയില്‍ കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന ചില രേഖകള്‍ നഷ്ടപ്പെട്ടതും അന്വേഷണത്തിലെ കാലതാമസവും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.


by Midhun HP News | Aug 22, 2026 | Latest News, കേരളം
മലപ്പുറം: 2027ല്‍ തിരുനാവായയില്‍ നടക്കാനിരിക്കുന്ന കേരളം കുംഭമേളയെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്ന് മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി. പ്രയാഗ്രാജില്‍ എല്ലാ വര്‍ഷവും നടക്കുന്ന മാഘമേളയ്ക്ക് സമാനമായ രീതിയിലായിരിക്കും തിരുനാവായയിലെ മഹാമാഘ മഹോത്സവം സംഘടിപ്പിക്കുകയെന്നും ആനന്ദവനം ഭാരതി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് തീര്‍ഥാടകരും സന്യാസിമാരും തിരുനാവായയിലെത്താന്‍ സാധ്യതയുള്ളതിനാല്‍ ഒരുക്കങ്ങള്‍ നേരത്തെ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുനാവായയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2028ല്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് മുന്നോടിയായാണ് 2027ലെ കേരളം കുംഭമേള സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്യാസിമാരുടെയും തീര്‍ഥാടകരുടെയും വലിയ സാന്നിധ്യം മേളയില്‍ പ്രതീക്ഷിക്കുന്നുണ്ട്. വിവിധ സന്യാസി പരമ്പരകളില്‍പ്പെട്ട സന്യാസിമാര്‍ ഇത്തവണ തിരുനാവായയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും സന്യാസിമാരും വലിയ തോതില്‍ എത്തുന്നതിനാല്‍ മേള കേരളത്തിലെ പ്രധാന ആത്മീയ സംഗമമായി മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2027ലെ മകരസംക്രാന്തി മുതല്‍ ശിവരാത്രി വരെയുള്ള കാലയളവിലാണ് കേരളം കുംഭമേള നടക്കുക. ഇത്രയും വലിയ ജനസാന്നിധ്യം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഗതാഗതം, താമസം, ശുചിത്വം, കുടിവെള്ളം, സുരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ആരംഭിക്കണമെന്നും മഹാമണ്ഡലേശ്വര്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തീര്‍ഥാടകരെത്തുന്ന വലിയ ആത്മീയ സംഗമത്തിന് ആവശ്യമായ സംവിധാനങ്ങള്‍ സമയബന്ധിതമായി ഒരുക്കിയില്ലെങ്കില്‍ പിന്നീട് വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


by Midhun HP News | Aug 22, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്നലെ രണ്ടു തവണയായി 1680 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഒറ്റയടിക്ക് 1120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് വര്‍ധിച്ചത്. 14,950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വര്‍ണത്തിന് കരുത്തേകി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Aug 21, 2026 | Latest News, കേരളം
കാഞ്ഞങ്ങാട്: തറവാട്ടു വീട്ടിലെ ആവശ്യത്തിനായി വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകൻ മരിച്ചു. പെരിയ വടക്കേക്കരയിലെ നടുവിൽവീട്ടിൽ പുരുഷോത്തമൻ നായർ (64) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം.രാവിലെ തറവാട്ടു വീട്ടിലേക്ക് ആവശ്യമായ വെള്ളം കോരാനായി പോയതായിരുന്നു പുരുഷോത്തമൻ നായർ. ഏറെ നേരം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് വെള്ളം കോരുന്ന കയർ കിണറ്റിലേക്ക് താഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്.

അപകടം മനസ്സിലാക്കിയ വീട്ടുകാർ ഉടൻതന്നെ നാട്ടുകാരെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിനൊടുവിലാണ് പുരുഷോത്തമൻ നായരുടെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്. ഭാര്യ: ശോഭ. മക്കൾ: സച്ചിൻ കൃഷ്ണ, ശ്വേത.



by Midhun HP News | Aug 21, 2026 | Latest News, കേരളം
കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസിൽ അർജുൻ ആയങ്കിക്കെതിരെ (29) കാപ്പ ചുമത്തി ഉത്തരവിറങ്ങി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നൽകിയ റിപ്പോർട്ടും ശുപാർശയും പരിഗണിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഒൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള അർജുൻ ആയങ്കി പൊതുസമൂഹത്തിന് ഭീഷണിയാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയാൽ വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ നിർദ്ദേശം.



Recent Comments