ആറ്റിങ്ങലിൽ നാളെ വൈദ്യുതി മുടങ്ങും

ആറ്റിങ്ങലിൽ നാളെ വൈദ്യുതി മുടങ്ങും

ആറ്റിങ്ങൽ: 11 കെ.വി ലൈനിൽ അത്യാവശ്യ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ആറ്റിങ്ങൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാലുമുക്ക്, കോളേജ് റോഡ്, ടൗൺ യു പി എസ്, പാലസ് റോഡ്, കെ എസ് ആർ ടി സി, ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ നാളെ (10/03/2023) വെള്ളിയാഴ്ച) രാവിലെ 8.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടുന്നതാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തു; ആരോപണവുമായി സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തു; ആരോപണവുമായി സ്വപ്ന സുരേഷ്

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

വിജയ് പിള്ള എന്നയാളാണ് വാഗ്ദാനവുമായി വന്നതെന്ന് സ്വപ്‌ന പറഞ്ഞു. തല്‍ക്കാലം ഹരിയാണയിലേക്കോ ജയ്പൂരിലേക്കോ മാറാനാണ് ഇയാള്‍ നിർദേശിച്ചത്. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്നെ കൊന്നുകളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞതായും സ്വപ്ന പറയുന്നു. ഒരു മാസത്തിനകം രാജ്യം വിട്ടുപോകാനുള്ള സൗകര്യങ്ങളൊരുക്കിത്തരാമെന്ന് ഇയാള്‍ വ്യക്തമാക്കിയതായും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

ആക്രമണം കടുപ്പിച്ച് റഷ്യ: യുക്രൈനില്‍ മിസൈല്‍ വര്‍ഷം

ആക്രമണം കടുപ്പിച്ച് റഷ്യ: യുക്രൈനില്‍ മിസൈല്‍ വര്‍ഷം

യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ് അടക്കമുള്ള നഗരങ്ങളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം നടത്തി. വ്യാഴാഴ്ച രാവിലെയോടെ, യുക്രൈനിലെ വിവിധ നഗരങ്ങളില്‍ റഷ്യ ഒരേസമയം ആക്രമണം നടത്തുകയായിരുന്നു. അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ലിവിവ് നഗരത്തിലെ ജനവാസ മേഖലയിലുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. ലിവിവില്‍ മൂന്നു ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണന്നും ലിവിവ് ഭരണകൂടം അറിയിച്ചു.

വ്യാപക ആക്രമണത്തെ തുടര്‍ന്ന് യുക്രൈനിലെ വൈദ്യുതി ബന്ധം താറുമാറായി. കീവ് അടക്കമുള്ള നഗരങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. യുക്രൈന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയും റഷ്യന്‍ മിസൈല്‍ ആക്രമണമുണ്ടായി.

എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കൊല്ലം: എംഡിഎംഎയുമായി അഞ്ചലില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കിളിമാനൂര്‍ റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലും മൂന്ന് കൂട്ടാളികളുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥനായ അഖിലിന്റെ നേതൃത്വത്തില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അഖിലിനെ നിരീക്ഷിച്ചു വരികയായിരുന്നു.

അഞ്ചലില്‍ ഇവര്‍ തമ്പടിച്ച ലോഡ്ജില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. അഖിലിനെ കൂടാതെ തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഐ എച്ച് ആർ ഡി ആറ്റിങ്ങൽ എഞ്ചിനീറിംഗ് കോളേജിൽ സൗജന്യ കോഴ്‌സുകൾ ആരംഭിയ്ക്കുന്നു

ഐ എച്ച് ആർ ഡി ആറ്റിങ്ങൽ എഞ്ചിനീറിംഗ് കോളേജിൽ സൗജന്യ കോഴ്‌സുകൾ ആരംഭിയ്ക്കുന്നു

കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന പദ്ധതിയുടെ ഭാഗമായി ഐ എച്ച് ആർ ഡി ആറ്റിങ്ങൽ എഞ്ചിനീറിംഗ് കോളേജിൽ താഴെ പറയുന്ന സൗജന്യ കോഴ്‌സുകൾ മാർച്ചിൽ ആരംഭിയ്ക്കുന്നു.

1  അസിസ്റ്റന്റ് ടെക്‌നിഷ്യൻ – കമ്പ്യൂട്ടർ ഹാർഡ്‌വെയർ
2  ഇലക്ട്രിയ്കൽ ടെക്‌നിഷ്യൻ

ഏറ്റവും കുറഞ്ഞ യോഗ്യത 10 th പാസ്സ് /8 th പാസ്സ്, രണ്ട് വർഷം പ്രവർത്തി പരിചയവും. അപേക്ഷകൾ സമർപ്പിയ്ക്കേണ്ട അവസാന തീയതി മാർച്ച് 15 .
കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപെടുക.
ഫോൺ നമ്പർ: 0470 2627400

പെരുമാതുറ മുസ്ലിം ജമാഅത്തിന് പുതിയ ഭാരവാഹികൾ

പെരുമാതുറ മുസ്ലിം ജമാഅത്തിന് പുതിയ ഭാരവാഹികൾ

പെരുമാതുറ: പെരുമാതുറ മുസ്ലിം ജമാഅത്തിന്റെ പുതിയ ഭാരവാഹികളായി നസീർ ശറഫുദ്ധീൻ (പ്രസിഡന്റ്‌), എം.ബഷറുള്ള (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ ജമാഅത്ത് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ജമാഅത്തിലെ എട്ട് വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങളാണ് പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും നേരിട്ട് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ബാക്കി ഭാരവാഹികളെ ശനിയാഴ്ച നടക്കുന്ന എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പിന് ശേഷം എക്സിക്യൂട്ടീവ് അംഗങ്ങൾ കൂടിയാണ് തെരഞ്ഞെടുക്കുക.