ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ

ദില്ലി മദ്യനയ അഴിമതി ആരോപണക്കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. സിബിഐ ആസ്ഥാനത്ത് വിളിച്ചു വരുത്തി എട്ടുമണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ​അറസ്റ്റ്. സെൻട്രൽ ദില്ലിയിലെ ലോദി റോഡിലുള്ള സി.ബി.ഐ ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
2021-2022-ലെ ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് മൂന്നുമാസത്തിനുശേഷമാണ് സിബിഐ സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മദ്യനയത്തിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ ദില്ലി ലഫ്. ഗവർണറായിരുന്ന വിജയ് കുമാർ സക്സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന നാലാമത്തെ വ്യക്തിയാണ് മനീഷ് സിസോദിയ. എഎപിഐയുടെ കമ്മ്യൂണിക്കേഷൻ ഇൻചാർജ് വിജയ് നായർ, ഇൻഡോ സ്പിരിറ്റ് ഗ്രൂപ്പിന്റെ സമീർ മഹേന്ദ്രു, ഹൈദരാബാദ് ആസ്ഥാനമായ വ്യവസായി അഭിഷേക് ബോയിൻപള്ളി എന്നിവരെയാണ് നേരത്തേ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയയെയും മറ്റ് 14 പേരെയും സിബിഐ പ്രതികളാക്കിയിരുന്നു. അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഉപയോഗിച്ചെന്നാണ് ആരോപണം. 2021 നവംബർ 17-ന് നടപ്പാക്കിയ മദ്യനയം വിവാദത്തെത്തുടർന്ന് ആം ആദ്മി സർക്കാർ 2022 ജൂലൈയിൽ പിൻവലിച്ചിരുന്നു.

28 തദ്ദേശ വാര്‍ഡുകളില്‍ മറ്റന്നാള്‍ ഉപതെരഞ്ഞെടുപ്പ്

28 തദ്ദേശ വാര്‍ഡുകളില്‍ മറ്റന്നാള്‍ ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് 1 ന് നടത്തും.
സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി. ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

ഇടുക്കി, കാസര്‍ഗോഡ് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 97 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 40 പേര്‍ സ്ത്രീകളാണ്. വോട്ടര്‍പട്ടിക ജനുവരി 30 ന് പ്രസിദ്ധീകരിച്ചു. ആകെ 1,22,473 വോട്ടര്‍മാര്‍. 58,315 പുരുഷന്മാരും 64,155 സ്ത്രീകളും 3 ട്രാന്‍സ്ജെന്‍ഡറുകളും. പ്രവാസി വോട്ടര്‍പട്ടികയില്‍ 10 പേര്‍. വോട്ടെടുപ്പിന് 163 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്തില്‍ നൂറും തളിക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ പതിന്നാലും കൊല്ലം കോര്‍പ്പറേഷനില്‍ നാലും മുനിസിപ്പാലിറ്റികളില്‍ രണ്ടും ഗ്രാമപഞ്ചായത്തുകളില്‍ നാല്പത്തിമൂന്നും ബൂത്തുകളുണ്ടാവും.പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. പോളിംഗ് സാധനങ്ങള്‍ തലേദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് സെക്ടറല്‍ ഓഫീസര്‍മാര്‍ മുഖേന അതാത് പോളിംഗ് ബൂത്തുകളില്‍ എത്തിക്കും. ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ നേരിട്ട് ഹാജരായാല്‍ മതിയാകും.

ക്രമസമാധാന പാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തും. വോട്ടണ്ണല്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഫലം അപ്പോള്‍ തന്നെ

www.lsgelection.kerala.gov.in sസെറ്റിലെ TREND ല്‍ ലഭ്യമാകും.

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി: ശുപാർശ മുഖ്യമന്ത്രി തള്ളി

സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി: ശുപാർശ മുഖ്യമന്ത്രി തള്ളി

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കാനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദേശം മുഖ്യമന്ത്രി തള്ളി. നാലാം ശനിയാഴ്ചയിലെ അവധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വെച്ച വ്യവസ്ഥകളോട് ജീവനക്കാര്‍ക്ക് സഹകരിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. നാലാം ശനി അവധി സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ മഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ചര്‍ച്ചയില്‍ ഈ നടപടിയെ ഇടത് സംഘടനകള്‍ ഇതിനെ പൂര്‍ണമായി എതിര്‍ക്കുകയും ചെയ്തിരുന്നു. നാലം ശനി അവധി നടപ്പിലാക്കുന്നതിന് നിലവിലുള്ള ശമ്പളത്തോടെയുള്ള അവധി 20 ദിവസത്തില്‍ നിന്നും 15 ആക്കി കുറക്കുക, പ്രതിദിന പ്രവര്‍ത്തന സമയം രാവിലെ 10.15 മുതല്‍ 5.15 എന്നത് 10 മുതല്‍ 5.15 വരെയാക്കുക തുടങ്ങിയ വ്യവസ്ഥകളായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ നാലാം ശനിയാഴ്ച അവധിയാക്കാനായിരുന്നു സര്‍ക്കാര്‍ തലത്തിലെ ആലോചന.

നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന്  മാധ്യമങ്ങൾക്ക്  ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണം: സ്പീക്കർക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണം: സ്പീക്കർക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി.
ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഗാലറിയില്‍ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കോവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കോവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കോവിഡ് പ്രോട്ടോകോള്‍ പിന്‍വലിക്കുകയും ചെയ്ത് കാലങ്ങള്‍ കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിന്‍വലിച്ചിട്ടില്ല. മാധ്യമവിലക്ക് അടിയന്തിരമായി പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ആറ്റുകാൽ പൊങ്കാല: മാർച്ച് ആറ് മുതൽ സമ്പൂർണ മദ്യനിരോധനം

ആറ്റുകാൽ പൊങ്കാല: മാർച്ച് ആറ് മുതൽ സമ്പൂർണ മദ്യനിരോധനം

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മാർച്ച് ആറ് വൈകിട്ട് ആറ് മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറ് വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽപന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ആറ്റിങ്ങൽ പുളിമൂട്ടിൽ കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ പുളിമൂട്ടിൽ കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആലംകോട് പുളിമൂട്ടിൽ കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ പനവേലിപ്പറമ്പിൽ രശ്മി നിവാസിൽ ശരത് ബാബു(30)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 .30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങൽ പോലീസിന്റെ സാന്നിധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കിരൺ കൊല്ലമ്പുഴ കടവിൽ ഇറങ്ങി മൃതദേഹം കരയ്ക്കെത്തിച്ചു. നഗരസഭ കൗൺസിലർ ജീവൻ ലാൽ കരവാരം വൈസ് പ്രസിഡന്റ് എന്നിവർ സ്ഥലെത്തുണ്ടായിരുന്നു. ശരത് ബാബുവിന്റെ ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഫെബ്രുവരി 22നു രാത്രി 12 മണിയോടെ ഭാര്യ രശ്മിയെ കുത്തിപരിക്കേൽപ്പിച്ച ശേഷം ശരത് ബാബു ഓടി രക്ഷപെട്ടുവെന്നായിരുന്നു റിപ്പോർട്ട്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നുമാണ് പ്രാഥമിക വിവരം.