കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ട് മരണം

കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ട് മരണം

കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാര്യാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഓട്ടോ ഡ്രൈവര്‍ ഷെരീഫും യാത്രക്കാരിയുമാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് അതിന് പിന്നാലെ കാറിലും ബൈക്കിലും ഇടിച്ചു. കെഎസ്ആര്‍ടിസി ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

ഉള്‍ക്കാട്ടില്‍ പ്രസവിച്ചു; ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

ഉള്‍ക്കാട്ടില്‍ പ്രസവിച്ചു; ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട്: ഉള്‍ക്കാട്ടില്‍ പ്രസവിച്ചതിന് പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയ ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട് മംഗലം ഡാം തളികക്കല്ലില്‍ കണ്ണന്റെ ഭാര്യ സുജാതയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയേയും കുഞ്ഞിനേയും ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
ഊരില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ കാട്ടുചോല തേടിപ്പോയതിനിടെയായിരുന്നു സുജാത ഉള്‍ക്കാട്ടില്‍ പ്രസവിച്ചത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ 680 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം. പ്രസവശേഷം സുജാത ഭര്‍ത്താവിനൊപ്പം നടന്നു ഊരിലെ വീട്ടിലെത്തി.

ആറുമാസം ഗര്‍ഭിണിയായ സുജാതയെ കഴിഞ്ഞ 17നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരും സഹായിക്കാനില്ലാത്തതിനാല്‍ ആശുപത്രി വിട്ട് ഇറങ്ങിയെന്ന് ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞു. തുടര്‍ന്ന് ഊരില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ ഉള്‍വനത്തിലെത്തി കാട്ടുചോല കണ്ടെത്തി സമീപത്തുകുടില്‍ കെട്ടി താമസിക്കുകയായിരുന്നു. അമ്മ കമലം, സഹോദരി തത്ത എന്നിവരം ഒപ്പുമുണ്ടായിരുന്നു. 23ന് വൈകീട്ടാണ് സുജാത പ്രസവിച്ചത്.

കെഎസ്ആര്‍ടിസിയില്‍ വിആര്‍എസ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല; ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയില്‍ വിആര്‍എസ് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല; ഗതാഗതമന്ത്രി

പാലക്കാട്: കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചകളും ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

‘ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റോ സര്‍ക്കാരോ ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യൂണിയനുകളുമായി ഇത്തരമൊരു ആശയവിനിമയം സര്‍ക്കാര്‍ തലത്തില്‍ നടത്തിയിട്ടില്ല. ഇത് കാലാകാലങ്ങളില്‍ ധനവകുപ്പ് പലവകുപ്പുകളുമായി സാമ്പത്തിക സഹായത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളാണ്. ഇങ്ങനെ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല’- മന്ത്രി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നേരത്തെ കെഎസആര്‍ടിസിയോട് നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിക്ക് പ്രാഥമികമായ റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നല്‍കിയിരുന്നു. അന്‍പത് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കാം എന്നതാണ് ഒരു പ്രധാനനിര്‍ദേശം. ഇതിനായി 7200 പേരുടെ പട്ടിക മാനേജ്മെന്റ് തയ്യാറാക്കിയിരുന്നു.

ഒരാള്‍ക്ക് കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ അന്‍പത് ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.

പൂവൻപാറ വിളയിൽ ദേവി ക്ഷേത്രത്തിലെ തിരുമഹോത്സവം 27 ന്

പൂവൻപാറ വിളയിൽ ദേവി ക്ഷേത്രത്തിലെ തിരുമഹോത്സവം 27 ന്

ആറ്റിങ്ങൽ: പൂവൻപാറ വിളയിൽ ദേവി ക്ഷേത്രത്തിലെ തിരുമഹോത്സവം ഫെബ്രുവരി 27 നു ആരംഭിയ്ക്കും. ഇതിനോടനുബന്ധിച്ച് നാളെ(26- 02- 23) രാവിലെ 9.30ന് ദേവിമാർക്ക് കലശം നടത്തും. ഒന്നാം ദിവസം 27 നു രാവിലെ 8.30 നു സമൂഹപൊങ്കാല ഉണ്ടായിരിയ്കും. വൈകുന്നേരം തൃക്കൊടിയേറ്റ്, ഉത്സവത്തിന്റെ 7 ആം ദിവസം പറയ്‌ക്കെഴുന്നളത്ത് , ആകാശ ദീപക്കാഴ്ച എന്നിവയും ഉണ്ടായിരിയ്ക്കും.

എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാ‍‍ര്‍; പൈലറ്റിന് സസ്പെൻഷൻ

എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാ‍‍ര്‍; പൈലറ്റിന് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോടു നിന്നും ദമാമിലേക്ക് പറന്നുയ‍ര്‍ന്ന കരിപ്പൂർ – ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുട‍ര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ അപകടമുണ്ടായതിന് കാരണം വിമാനത്തിന്റെ ഭാര നിർണ്ണയത്തിൽ പൈലറ്റാനുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കെഎസ്ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്

കെഎസ്ആര്‍ടിസിയില്‍ 50വയസ് കഴിഞ്ഞവര്‍ക്ക് നിര്‍ബന്ധിത വിആര്‍എസ്

തിരുവനന്തപുരം: ശമ്പളച്ചെലവ് പകുതിയായി കുറയ്ക്കുക ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ പദ്ധതി വരുന്നു. അന്‍പത് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കാം. ഇതിനായി 7200 പേരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ അന്‍പത് ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടിവരില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്.