by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള തീരത്ത് നാളെ (ഫെബ്രുവരി 25) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാനദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.

by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ചാനൽ ചർച്ചയിലെ പരാമർശത്തിന്‍റെ പേരിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നൽകിയ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയറ്റ് എഡിറ്റർ വിനു വി. ജോൺ പൊലീസിൽ ഹാജരായി മൊഴി നൽകി. തന്‍റെ പരാമർശത്തിന്‍റെ പൂർണ രൂപമടങ്ങിയ വിഡിയോ ക്ലിപ്പുകളും വിനു പൊലീസിന് കൈമാറി. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്. മൊഴി നൽകാൻ ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പ് പൊലീസ് നൽകിയ നോട്ടീസിലുണ്ടായിരുന്നു. കഴിഞ്ഞ മാർച്ച് 28ന് ട്രേഡ് യൂണിയനുകൾ നടത്തിയ 48 മണിക്കൂർ പണിമുടക്കിലെ അക്രമസംഭവങ്ങൾ ചർച്ച ചെയ്ത ന്യൂസ് അവറിലെ പരാമർശത്തിന്‍റെ പേരിലാണ് കേസ്. പണിമുടക്ക് നടന്ന രണ്ടു ദിവസവും സംസ്ഥാനത്തിന്‍റെ പല ഭാഗത്തും സാധാരണക്കാർ ആക്രമിക്കപ്പെട്ടിരുന്നു.

വിഷയം വലിയ വാർത്തയാകുകയും ട്രേഡ് യൂണിയനുകൾക്കെതിരെ ജനരോഷമുയരുകയും ചെയ്തപ്പോൾ നുള്ളിയതും പിച്ചിയതും മാന്തിയതും പരാതിയാക്കുന്നെന്ന പരിഹാസമാണ് എളമരം കരീമിൽ നിന്നുണ്ടായത്. ഇതിനെതിരെ ന്യൂസ് അവറിൽ വിനു വി. ജോൺ നടത്തിയ പരാമർശത്തിന്‍റെ പേരിലാണ് കേസ്. വ്യക്തിപരമായി അപമാനിക്കുന്നതാണ് വിനുവിന്‍റെ പരാമർശമെന്നാണ് പരാതി. ഇടതുസംഘടനകൾ വിനുവിന്‍റെ വീടിന് സമീപത്തുൾപ്പെടെ പോസ്റ്റർ ഒട്ടിക്കുകയും ഏഷ്യാനെറ്റിലേക്ക് ട്രേഡ് യൂണിയനുകൾ മാർച്ച് നടത്തുകയും ചെയ്തിരുന്നു.

by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലുവ: പ്രമുഖ ഓട്ടോമോട്ടിവ് വില്‍പനാന്തര സേവനദാതാവായ സയാര ഇന്നൊവേഷന്‍സിന്റെ കീഴിലുള്ള ഗരാഷ് മീ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി (ഐഒസി) ധാരണാപത്രം ഒപ്പുവെച്ചു. ഇത് പ്രകാരം സര്‍വീസ് ഓണ്‍ വീല്‍സ് വിഭാഗത്തില്‍ ഇന്ധനേതര പ്രവര്‍ത്തനങ്ങളില്‍ ഗരാഷ് മീ ഐഒസിയുടെ പങ്കാളിയാകും. കമ്പനിപ്പടിയിലെ ഐഒസി പമ്പ് എംഎ മൂപ്പന്‍ ആന്‍ഡ് ബ്രദേഴ്‌സില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നത്. ഐഒസി റീട്ടെയ്ല്‍ സെയില്‍സ് ജിഎം ദീപു മാത്യുവാണ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്. തിരുവനന്തപുരത്ത് എംഎസ്എച്ച് ഫ്യുയല്‍സില്‍ വെള്ളിയാഴ്ചയും അടുത്താഴ്ച തൃശൂരില്‍ അനിദ്യ പെട്രോ കഫേയിലും ഗരാഷ്മീയുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. 2020-ലാണ് ടെക്‌നോളജി സഹായത്തോടെയുള്ള കേരളത്തിലെ ആദ്യ വാതില്‍പ്പടി കാര്‍ സര്‍വീസ് പ്ലാറ്റ്‌ഫോമായ ഗരാഷ് മീ ആരംഭിച്ചത്. ധാരണപത്രം പ്രകാരം രാജ്യത്തുടനീളമുള്ള ഐഒസി ഔട്ട്‌ലെറ്റുകളിലൂടെ ഗരാഷ് മീയുടെ സേവനങ്ങള്‍ ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലായി പത്ത് കേന്ദ്രങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാക്കുക.

ഐഒസിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഗരാഷ്മീ സ്ഥാപകരായ അരുണ്‍രാജ് പി.ആര്‍, ആനന്ദ് ആന്റണി എന്നിവര്‍ പറഞ്ഞു. ഇതിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് സേവനം എത്തിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. മികച്ച സര്‍വീസ് ആഗ്രഹിക്കുന്ന കാര്‍ ഉടമകള്‍ക്ക് ഗരാഷ്മീ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പങ്കാളിത്തം. ഇന്ത്യയിലുടനീളം സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതോടൊപ്പം തന്നെ ആഗോളതലത്തിലുള്ള അവസരങ്ങള്‍ തേടുകയും ചെയ്യും. കാര്‍ വാങ്ങുന്നത് മുതല്‍ അതിന്റെ സമയബന്ധിത സര്‍വീസുകള്‍, അറ്റകുറ്റപ്പണികള്‍, ഇന്‍ഷൂറന്‍സ് പുതുക്കല്‍ തുടങ്ങി കാര്‍ വില്‍ക്കുന്നത് വരെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ നല്‍കിവരുന്ന വാതില്‍പ്പടി കാര്‍ സര്‍വീസ് ഇതില്‍ ഒന്ന് മാത്രമാണെന്നും ഗരാഷ്മീ സ്ഥാപകര്‍ വ്യക്തമാക്കി.

ഇന്‍ഷൂറന്‍സ് പുതുക്കല്‍, ടയര്‍, ബാറ്ററി, യൂസ്ഡ് കാര്‍ സെയില്‍, പര്‍ച്ചേസ് തുടങ്ങിയ സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. കാര്‍ ഉടമകളില്‍ 65 ശതമാനത്തിലേറെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ എത്താത്ത സാഹചര്യത്തില്‍ വില്‍പനാനന്തര സര്‍വീസ് മേഖലയില്‍ ഏറെ സാധ്യതകളാണ് ഉളളത്. കോവിഡാനന്തരം സ്വന്തം വാഹന വിപണിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഗരാഷമീക്ക് യൂണിറ്റുകളുള്ളത്. ഇതിന് പുറമേ സംസ്ഥാനത്തുടനീളം സേവനങ്ങള്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് ഫ്രാഞ്ചൈസി സംവിധാനവും ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.
നിശ്ചിത കാലയളവിലുള്ള മെയിന്റനന്‍സ്, കാര്‍ വാഷിങ്, ക്ലീനിങ്, സാധാരണയായുള്ള പരിശോധനകള്‍, യൂസ്ഡ് കാര്‍ ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയ സേവനങ്ങളാണ് ഗരാഷ്മീ വാതില്‍പ്പടി സേവനങ്ങളായി ലഭ്യമാക്കുന്നത്. ബോഡി ഡെന്റിങ്, പെയിന്റിങ് ഉള്‍പ്പെടെയുള്ള വലിയ മെക്കാനിക്കല്‍ ജോലികള്‍ ഗരാഷ്മീയുടെ കോ-ബ്രാന്‍ഡഡ് പാര്‍ട്ണര്‍ വര്‍ക്‌ഷോപ്പുകളിലുമാണ് ലഭ്യമാക്കുന്നത്. ഐഒസി ഡിവിഷണല്‍ റീട്ടെയ്ല്‍ സെയില്‍സ് ഹെഡ് വിപിന്‍ ഓസ്റ്റിന്‍, റീട്ടെയ്ല്‍ സെയില്‍സ് കേരള ഡിജിഎം പി.ആര്‍. ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വൈഡ് റിലീസിംഗ് രീതിയിലേക്ക് മാറിയതിനു ശേഷം ഒരേ ദിവസം തിയറ്ററുകളിലെത്തുന്ന ചിത്രങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ ഓണം, വിഷു, ക്രിസ്മസ് പോലെയുള്ള ഫെസ്റ്റിവല്‍ സീസണുകളില്‍ അഞ്ചും ആറും ചിത്രങ്ങള്‍ വരെ, അപൂര്‍വ്വമാണെങ്കിലും ഇപ്പോഴും എത്താറുമുണ്ട്. എന്നാല്‍ ആ കണക്കുകളെയൊക്കെ നിഷ്പ്രഭമാക്കുന്ന റിലീസ് ആണ് ഇന്ന് മലയാള സിനിമയില്‍ സംഭവിക്കുന്നത്. ഒന്നും രണ്ടുമല്ല, മലയാളത്തില്‍ നിന്ന് ഇന്ന് ഒന്‍പത് സിനിമകളാണ് തീയറ്ററുകളില്‍ എത്തുന്നത്.

ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, അനിഖ സുരേന്ദ്രനെ നായികയാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ഓ മൈ ഡാര്‍ലിംഗ്, അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന പ്രണയ വിലാസം, ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരന്‍ സംവിധാനം ചെയ്ത ബൂമറാംഗ്, നിത്യ ദാസ്, ശ്വേത മേനോന്‍, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കുമ്പഴ സംവിധാനം ചെയ്ത പള്ളിമണി എന്നിവയാണ് ഇന്നത്തെ റിലീസുകളില്‍ പ്രീ റിലീസ് പബ്ലിസിറ്റിയില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍.

അനു സിത്താര, കലാഭവന്‍ ഷാജോണ്‍, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത്ത് വി തോമസ് സംവിധാനം ചെയ്ത സന്തോഷം, ചന്ദുനാഥ്, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മിനി ഐ ജി സംവിധാനം ചെയ്ത ഡിവോഴ്സ്, മണികണ്ഠനെ നായകനാക്കി നെറ്റോ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്ത ഏകന്‍, രതീഷ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ബി ശ്രീവല്ലഭവന്‍ സംവിധാനം ചെയ്ത ധരണി എന്നിവയാണ് ഇന്ന് തീയറ്ററുകളിലെത്തുന്ന മറ്റ് മലയാള ചിത്രങ്ങള്‍.
by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വർണവില കുറഞ്ഞു. തുടർച്ചയായ ഏഴാം ദിവസമാണ് സ്വർണവില ഇടിയുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,170 രൂപയിലും പവന് 41,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഒരാഴ്‌ചയ്ക്കുള്ളിൽ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ഫെബ്രുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ്.

by Midhun HP News | Feb 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കോഴിക്കോട് നിന്ന് പുറപ്പെട്ട എയർഇന്ത്യയുടെ കോഴിക്കോട് – ദമാം വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാൻഡിംഗ്.

ലാൻഡിംഗ് സുരക്ഷിതമായിരുന്നുവെന്നും യാത്രികർ സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലാവുകയായിരുന്നു. ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ആദ്യം ലാൻഡ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നു. പിന്നീട് സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. രാജ്യത്ത് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരമുള്ളത്.

തിരുവനന്തപുരത്തെത്തിയതിന് പിന്നാലെ ഇന്ധനം ചോർത്തി കളഞ്ഞ ശേഷമാണ് വിമാനം നിലത്തിറക്കിയത്. അടിയന്തിര ലാന്റിംഗിന് കൃത്യമായ പ്രോട്ടോക്കോൾ ഉള്ളതിനാൽ ഫയർഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു. മാത്രമല്ല, സമീപത്തെ ആശുപത്രികൾക്കും പൊലീസ് സ്റ്റേഷനുകൾക്കും അടിയന്തിര സന്ദേശവും നൽകിയിരുന്നു. ഇതിനുശേഷമാണ് വിമാനം ലാൻഡിംഗ് നടത്തിയത്.
Recent Comments