സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു; ഒപ്പം സൗജന്യ തിമിര ശസ്ത്രക്രിയയും

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു; ഒപ്പം സൗജന്യ തിമിര ശസ്ത്രക്രിയയും

ആറ്റിങ്ങൽ ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും നടത്തി. അറേബ്യൻ ഫാഷൻ ജ്വല്ലറിയും ആലംകോട് വാക്കേഴ്സ് ക്ലബും സംയുക്തമായാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ആലംകോട് എൽ പി എസ് (മെയിൻ റോഡ്) സ്കൂളിൽ നടന്ന ക്യാമ്പിൽ തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി 60 പരം രോഗികളെ സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തുവാൻ തിരുനെൽവേലി അരവിന്ദ് ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു.

ശിവരാത്രി മഹോത്സവത്തിന്റെ പേരിൽ വ്യാജനോട്ടീസ് ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തതായി പരാതി

വർക്കല നെടുങ്ങണ്ട പൊന്നും തുരുത്ത് ശിവപാർവ്വതി വിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ പേരിൽ വ്യാജനോട്ടീസ് ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തതായി പരാതി. അഞ്ചുതെങ്ങ് കായലിലെ ദ്വീപായ പൊന്നും തുരുത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. ഈ കായലിന്റെ പടിഞ്ഞാറുള്ള കര കായ്ക്കര നെടുങ്ങണ്ടയും കിഴക്കേക്കര വെന്നികോട് പണയിൽക്കടവുമാണ്. വെന്നികോടുള്ള ഒരു സംഘനയാണ് ക്ഷേത്രത്തിന്റെ പേരിൽ വ്യാജനോട്ടീസ് അച്ചടിച്ചു പിരിവ് നടത്തിയിട്ടുള്ളത്. ഇത് കാരണം പൊന്നും തുരുത്തു ക്ഷേത്രത്തിന് ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ ഇവർ ക്ഷേത്രത്തിന്റെതെന്ന പേരിൽ പിരിച്ചെടുത്തിരിക്കുകയാണ്.

കുറച്ചു വർഷങ്ങളായി പണയിൽകടവിൽ ശിവരാത്രി ദിനത്തിൽ പൊന്നുംതുരുത്ത് ക്ഷേത്രവുമായി ബന്ധമില്ലാത്ത ചില ആഘോഷപരിപാടികൾ
ചെറിയ രീതിയിൽ നടത്തി വന്നിരുന്നു. അതാണ് ഇത്തവണ പൊന്നുംതുരുത്ത് ക്ഷേത്രത്തിലെ ശിവരാത്രി ദിനത്തിലെ ആഘോഷം എന്ന് ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നോട്ടീസ് അച്ചടിച്ചു വൻതുകകൾ പിരിവിലൂടെ സമാഹരിച്ചിട്ടുള്ളത്.

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന യുവാവ് മരണപ്പെട്ടു

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന യുവാവ് മരണപ്പെട്ടു

ആറ്റിങ്ങൽ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരുന്ന യുവാവ് മരണപ്പെട്ടു. മുദാക്കൽ നെടുംപുറം എ എസ് ഭവനിൽ ചന്ദ്രസേനൻ നായർ – സരസ്വതി ദമ്പതികളുടെ മകൻ സി അമൽ ( 21 ) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരണമടഞ്ഞത്. ഫെബ്രുവരി 12 ന് രാത്രി ഒൻപത് മണിയോടെ ആറ്റിങ്ങലിൽ നിന്നും മുദാക്കലിലേയ്ക്ക് വരവെ പൂവണത്തിൻ മൂടിന് സമീപം അമൽ സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്.

ഉടൻ തന്നെ വലിയ കുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഡി വൈ എഫ് ഐ മുദാക്കൽ യൂണീറ്റ് അംഗമായിരുന്നു. സഹോദരി: ആര്യ

ലഹരി കൈമാറ്റം ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് വഴി; പെൺകുട്ടിയുടെ മൊഴിയിൽ 10 പേർക്കെതിരെ കേസ്

ലഹരി കൈമാറ്റം ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് വഴി; പെൺകുട്ടിയുടെ മൊഴിയിൽ 10 പേർക്കെതിരെ കേസ്

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ലഹരി കൊടുക്കുകയും കാരിയറാക്കുകയും ചെയ്ത സംഭവത്തിൽ പത്ത് പേർക്കെതിരെ കേസ്. പ്രദേശവാസിയാണ് പെൺകുട്ടിയ്ക്ക് മയക്കുമരുന്ന് നൽകിയത്. 25 പേർ അടങ്ങുന്ന ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് വഴിയായിരുന്നു ലഹരി കൈമാറ്റം നടന്നിരുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുറ്റക്കാരെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയാണ് ലഹരിമാഫിയയുടെ വലയിലായത്. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ലഹരി ഉപയോ​ഗിക്കാൻ പഠിപ്പിക്കുന്നത്. മാനസികസമ്മര്‍ദ്ദം അകറ്റാനുളള മരുന്ന് എന്ന പേരിലാണ് എംഡിഎംഎ നല്‍കിയത്. ഏഴാംക്ലാസില്‍
പഠിക്കുമ്പോഴായിരുന്നു എംഡിഎംഎ ആദ്യം പരീക്ഷിച്ചതെന്നും പെൺകുട്ടി പറയുന്നു.

കയ്യിൽ ലഹരി ഉപയോ​ഗിക്കുന്നതിന്റെ പാടുകളും പെരുമാറ്റത്തിലെ പൊരുത്തക്കേടും കണ്ട് വീട്ടുകാരാണ് പെൺകുട്ടിയുടെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് മനസിലാക്കുന്നത്. തുടർന്ന് കുട്ടിയെ ബാംഗ്ലുരിലുളള പിതാവിനൊപ്പമയച്ചു. അവിടെ നിന്ന് മടങ്ങുംവഴി മൂന്നുഗ്രാം എംഡിഎംഎ കുട്ടി കോഴിക്കോട്ടെ ആവശ്യക്കാർക്കെത്തിച്ചു. ഇതിന്‍റെ തെളിവ് സഹിതം രണ്ട് മാസം മുമ്പ് മെഡിക്കല്‍ കോളേജ് പൊലീസിന് പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് കേസ് എടുക്കാതെ തിരിച്ചയച്ചു. സ്കൂള്‍ അധികൃതരും സംഭവം ഗൗരവത്തിലെടുത്തില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ കീഴിലുളള ഡീഅഡിക്ഷന്‍ സെന്‍ററില്‍ ചികില്‍സയിലാണ് കുട്ടിയിപ്പോള്‍.

കൈറ്റ് വിക്ടേഴ്‌സിൽ എസ് എസ് എൽ സി, പ്ലസ് ടു റിവിഷൻ ക്ലാസുകൾ

കൈറ്റ് വിക്ടേഴ്‌സിൽ എസ് എസ് എൽ സി, പ്ലസ് ടു റിവിഷൻ ക്ലാസുകൾ

തിരുവനന്തപുരം: പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. ഫെബ്രുവരി 19 മുതൽ 25 വരെയാണ് SSLC, പ്ലസ് ടു റിവിഷൻ ക്ലാസുകൾ നടക്കുക. സംപ്രേഷണ ടൈംടേബിൾ kite.kerala.gov.in -ൽ ലഭ്യമാണ്.

പത്താം ക്ലാസിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂർ ദൈർഘ്യമുള്ള നാല് ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 9 മുതൽ 11 വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകീട്ട് 6 മുതൽ 8 വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. പ്ലസ് ടുക്കാർക്ക് വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകൾ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതൽ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്‌സിലും രാത്രി എട്ടു മുതൽ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും.

വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം

വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം

വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം. അയര്‍ലന്‍ഡ് ആണ് എതിരാളികള്‍. ഇന്നു വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ പ്രവേശിക്കാനാകും. പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് മത്സരം. അതേസമയം ഇന്ന് പരാജയപ്പെട്ടാല്‍ നാളെ നടക്കുന്ന പാകിസ്ഥാന്‍-ഇംഗ്ലണ്ട് മത്സരഫലമാകും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. നിലവില്‍ ആറ് പോയിന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഒന്നാമത്. മൂന്നു മത്സരങ്ങളില്‍ രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. ഇംഗ്ലണ്ട് സെമി ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് പോയിന്റ് മാത്രമുള്ള പാകിസ്ഥാന്‍ കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് മൂന്ന് റണ്ണിന് തോറ്റു. ഇംഗ്ലണ്ടിനെതിരായ മത്സരം പാകിസ്ഥാന്‍ വിജയിച്ചാല്‍ പാകിസ്ഥാനും നാലു പോയിന്റാകും.