കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു, യുവമോർച്ചാ പ്രവർത്തകർ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം. കെഎസ്‌യു പ്രവർ‌ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തുടർന്ന് ഏഴു കെഎസ്‍‍‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി തങ്ങിയ കോഴിക്കോട് സർക്കാർ ​ഗസ്റ്റ് ഹൗസിനു മുന്നിൽ പ്രതിഷേധവുമായി യുവമോർച്ചാ പ്രവർത്തകർ എത്തി. മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോൾ കരിങ്കൊടി കാണിക്കാനായിരുന്നു ശ്രമം. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ ശ്രമം സംഘർഷത്തിൽ കലാശിച്ചു.

യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഈസ്റ്റ് ഹില്ലിൽ രണ്ട് കെഎസ്‌യു പ്രവർത്തകരേയും കസ്റ്റഡിയിലെടുത്തു. ഇന്ധന സെസിൽ ഉൾപ്പടെപ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി കോഴിക്കോട് എത്തിയത്. കോഴിക്കോട്ടെ ഇന്നത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മീഞ്ചന്ത ഗവണ്‍മെന്‍റ് ആര്‍ട്‍സ് കോളജില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു.

കുടുംബത്തോടൊപ്പം മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തി: കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങിമരിച്ചു

കുടുംബത്തോടൊപ്പം മാങ്കുളത്ത് വിനോദസഞ്ചാരത്തിനെത്തി: കുളിക്കാനിറങ്ങിയ 17കാരന്‍ മുങ്ങിമരിച്ചു

തൊടുപുഴ: മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരി മരിച്ചു. പ്ലസ്‌ടു വിദ്യാർഥിയായ അമിത് മാത്യു (17) ആണ് മരിച്ചത്. എറണാകുളം നെട്ടൂർ അമ്പലത്തിങ്കൽ മാത്യു– മായ ദമ്പതികളുടെ മകനാണ് അമിത്. കുടുംബത്തോടൊപ്പമാണ് അമിത് മാങ്കുളത്തെത്തിയത്. ഇന്നലെ നെട്ടൂരിൽ നിന്ന് വൈകിട്ട് ആറ് മണിയോടെയാണ് 12 കുടുംബങ്ങളിൽപ്പെട്ട 29 പേർ വിനോദസഞ്ചാരത്തിന് മാങ്കുളത്ത് എത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഘം ആനക്കുളത്ത് പുഴയിൽ ഇറങ്ങിയത്.

മുട്ടോളം വെള്ളത്തിൽ നടക്കുന്നതിനിടെ പാറക്കൂട്ടത്തിൽ മുങ്ങിപ്പോയ അമിത്തിനെ ഒപ്പമുണ്ടായിരുന്ന പിതാവ് ഉടൻതന്നെ കരക്കെത്തിച്ചു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അരൂർ ഔർ ലേഡി മേഴ്‌സി സ്‌കൂൾ വിദ്യാർഥിയാണ്‌ അമിത്. അച്ഛൻ മാത്യു ആന്റണി എറണാകുളത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. അമ്മ മായ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് ആണ്.

കിളിമാനൂരില്‍ ഫിനാന്‍സ് കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതി പിടിയില്‍

കിളിമാനൂരില്‍ ഫിനാന്‍സ് കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതി പിടിയില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ ഫിനാന്‍സ് കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രതി പിടിയില്‍. കേച്ചേരി ഫിനാന്‍സ് കിളിമാനൂര്‍ ബ്രാഞ്ച് മാനേജര്‍ സുരേഷ് കുമാറാണ് പിടിയിലായത്. രണ്ട് വര്‍ഷം മുമ്പാണ് കേച്ചേരി ഫിനാന്‍സിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടന്നത്. 35 ബ്രാഞ്ചുകളിലായി 350 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേച്ചേരി ഫിനാന്‍സ് ഉടമയായിരുന്ന വേണുഗോപാലിനെ കഴിഞ്ഞ വര്‍ഷം കൊട്ടാരക്കരയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കിളിമാനൂര്‍ ബ്രാഞ്ചില്‍ 25 നിക്ഷേപകരില്‍നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് സുരേഷ് കുമാറിനെതിരായ കേസ്. കിളിമാനൂരില്‍ നിന്ന് മാത്രം 12 കോടി തട്ടിയെന്നാണ് വിവരം. നിക്ഷേപകര്‍ക്ക് പണവും പലിശയും ആവശ്യപ്പെട്ട് സമീപച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

നാളെ മുതൽ ഗതാഗത നിയന്ത്രണം

നാളെ മുതൽ ഗതാഗത നിയന്ത്രണം

എൻ എച്ച് 66 ന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഹൈവേയിൽ പള്ളിപ്പുറം സി ആർ പി എഫ് ക്യാമ്പ് മുതൽ മംഗലപുരം വരെയുള്ള ഭാഗത്ത്‌ 17.02.2023 മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി തിരുവനന്തപുരം എ ഡി എം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ഹൈവേയിലൂടെ തന്നെ പള്ളിപ്പുറം സിഗ്നൽ ജംഗ്ഷൻ മുതൽ മംഗലപുരം വരെ വൺ വേ ആയി പോകേണ്ടതും കൊല്ലം ഭാഗത്ത്‌ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മംഗലപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു ടെക്‌നോ സിറ്റിയുടെ മുൻഭാഗത്തുള്ള റോഡ് വഴി പള്ളിപ്പുറം സിഗ്നൽ കഴിഞ്ഞു എൻ എച്ച് 66 ൽ കയറി യാത്ര തുടരേണ്ടതുമാണ്. ഇത് സംബന്ധിച്ച് എല്ലാ ക്ലസ്റ്റർ ഓഫീസർമാരും ജീവനക്കാർക്ക് കൃത്യമായ നിർദ്ദേശം നൽകേണ്ടതാണ്.

സന്തോഷ് ട്രോഫി: കേരളം സെമി കാണാതെ പുറത്ത്

സന്തോഷ് ട്രോഫി: കേരളം സെമി കാണാതെ പുറത്ത്

ഭുവനേശ്വർ: സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെതിരായ നിർണായക പോരാട്ടത്തിൽ കേരളത്തിന് നിരാശ. മത്സരത്തിൽ ആദ്യം മുന്നിലെത്തിയിട്ടും കേരളം സമനില വഴങ്ങി. നിലവിലെ ചാമ്പ്യൻമാരായ കേരളം ഇതോടെ സെമി കാണാതെ പുറത്തായി. മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് കേരളത്തിന്റെ സാധ്യതകൾക്കും തിരശ്ശീല വീണത്. മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ കേരളം അവസാന നാലിൽ ഇടംപിടിക്കുമായിരുന്നു.
മറ്റൊരു മത്സരത്തിൽ കർണാടകയും ഒഡിഷയും സമനിലയിൽ പിരിഞ്ഞു. ഇതോടെ ​ഗ്രൂപ്പ് എയിൽ നിന്ന് പഞ്ചാബ് 11 പോയിന്റുമായും കർണാടക ഒൻപത് പോയിന്റുമായും സെമിയിലേക്ക് മുന്നേറി. എട്ട് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്ത്.

കേരളത്തിനായി വിശാഖ് മോഹനനാണ് ആദ്യം വല ചലപ്പിച്ചത്. ആദ്യ പകുതിക്ക് പിരിയുന്നതിന് മുൻപ് തന്നെ പഞ്ചാബ് രോഹിത് ഷെയ്ഖിലൂടെ സമനില പിടിച്ചു.
തുടക്കം മുതൽ കേരളം ആക്രമിച്ച് കളിച്ചു. 24ാം മിനിറ്റിൽ തന്നെ അതിന്റെ ഫലവും വന്നു. അബ്ദുൽ റഹീം നൽകിയ പാസിൽ നിന്നാണ് വിശാഖ് മോഹൻ ക്ലിനിക്കൽ ഫിനിഷിലൂടെ കേരളത്തിന് ലീഡ് സമ്മാനിച്ചത്.

കേരളം ആക്രമണം കടുപ്പിച്ചപ്പോൾ പഞ്ചാബ് കൗണ്ടർ അറ്റാക്കിലാണ് ശ്രദ്ധിച്ചത്. കേരളത്തിന്റെ ലീഡിന്റെ ആ​ഹ്ലാദം പത്ത് മിനിറ്റ് മാത്രമാണ് നിലനിന്നത്. 34ാം മിനിറ്റിൽ അവർ സമനില ​ഗോൾ കണ്ടെത്തി. രോഹിത് ഷെയ്ഖായിരുന്നു സ്കോറർ. ഓഫ്‌സൈഡ് ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കമല്‍ദീപ് നല്‍കിയ ക്രോസ് രോഹിത് അനായാസം വലയിലെത്തിച്ചു. കേരളത്തിന്റെ പ്രതിരോധത്തിലെ പിഴവാണ് പഞ്ചാബിന് ​ഗോളിലേക്കുള്ള വഴി തുറന്നത്. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ​ഗോൾ നേടാൻ സാധിച്ചതുമില്ല

ആറ് സെന്‍റിമീറ്റർ നീളമുള്ള വാലുമായി പിറന്ന് പെണ്‍കുഞ്ഞ്

ആറ് സെന്‍റിമീറ്റർ നീളമുള്ള വാലുമായി പിറന്ന് പെണ്‍കുഞ്ഞ്

ആറ് സെന്റിമീറ്റർ നീളമുള്ള വാലുമായി ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബ്രസീലില്‍ നിന്നും പുറത്തുവരുന്നത്. മെക്‌സിക്കോയിലാണ് ഈ അപൂർവ്വമായ സംഭവം നടന്നത്. കുഞ്ഞിനെ കണ്ട് ഡോക്ടർമാർ വരെ അമ്പരന്നുപോയി. സി-സെഷൻ ഡെലിവറിയിലൂടെ ജന്മം നൽകിയ കുഞ്ഞിനാണ് വാൽ കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ വാൽ നീക്കം ചെയ്തു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കുഞ്ഞ് ജനിച്ച് രണ്ട് മാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോഴാണ് വാൽ അതിവേഗം വളരുന്നതായി കണ്ടെത്തിയത്.

ഇതേത്തുടര്‍ന്നാണ് വാൽ നീക്കം ചെയ്തത്. ശരീരത്തിന്റെ പിൻഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ ശരിയാക്കാനും ഡോക്ടർമാർ തീരുമാനിച്ചു.കുഞ്ഞിന് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടിയും അമ്മയും സുഖമായിരിക്കുന്നു എന്നാണ് അശുപത്രി അധിക്യതർ അറിയിച്ചിരിക്കുന്നത്. കുഞ്ഞിന്റെ വാലിന്റെ നീളം 5.7 സെന്റിമീറ്ററും വ്യാസം 3.5 മില്ലീമീറ്ററുമാണ്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള അണുബാധയോ റേഡിയേഷനോ ബാധിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ രണ്ടുപേരും ആരോഗ്യവാന്മാരായിരുന്നു.കുട്ടിയുടെ തലച്ചോറും സുഷുമ്‌നാ നാഡിയും ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളും ഡോക്ടർമാർ പരിശോധിച്ചു.

ശസ്ത്രക്രിയകൾക്ക് ശേഷവും പെൺകുട്ടി സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. പീഡിയാട്രിക് സർജറി ജേണലിൽ ഈ അപൂർവ്വ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആദ്യമായല്ല വാലുമായി കുഞ്ഞുങ്ങൾ ജനിക്കുന്നത് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 ൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ അവലോകനത്തിൽ 2017 വരെ ലോകത്ത് 195 കേസുകൾ ഇങ്ങനെ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്.