കൂട്ട അവധിയെടുത്ത് മൂന്നാർ യാത്ര; ജീവനക്കാർക്കെതിരെ നടപടിയ്ക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ

കൂട്ട അവധിയെടുത്ത് മൂന്നാർ യാത്ര; ജീവനക്കാർക്കെതിരെ നടപടിയ്ക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയില്‍ നടപടിക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ. ജില്ലാ കലക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറി. ജീവനക്കാരുടെ കൂട്ടഅവധിയില്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് റവന്യൂമന്ത്രി പരിശോധിച്ച ശേഷമാകും നടപടി സ്വീകരിക്കുക. കോന്നി താലൂക്ക് ഓഫീസിലെ 40 ഓളം ജീവനക്കാരാണ് വെള്ളിയാഴ്ച ജോലിയ്ക്ക് ഹാജരാകാതിരുന്നത്. ഇവരില്‍ പകുതിയോളം പേര്‍ ലീവ് അപേക്ഷ നല്‍കിയിരുന്നു. 19 പേരാണ് മൂന്നാറില്‍ വിനോദയാത്രയ്ക്ക് പോയത്.

ഇവര്‍ കൃത്യമായി അവധിയെടുത്തശേഷമാണ് ഉല്ലാസയാത്രയ്ക്ക് പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തഹസില്‍ദാര്‍ അടക്കം ജീവനക്കാരെ കലക്ടറേറ്റിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തശേഷമാണ് കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 61 ജീവനക്കാരുള്ള താലൂക്ക് ഓഫീസിലെ 40 ഓളം പേര്‍ കൂട്ടത്തോടെ അവധിയെടുത്തത് ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിരുന്നു. ജീവനക്കാര്‍ കൂട്ട അവധിയെടുത്ത വിവരം അറിഞ്ഞ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ താലൂക്ക് ഓഫീസിലെത്തിയതോടെയാണ് സംഭവം വിവാദമായത്. എംഎല്‍എ താലൂക്ക് ഓഫീസിലെ ഹാജര്‍ബുക്ക് പരിശോധിക്കുകയും, വിവരം മന്ത്രിയെയും റവന്യൂ സെക്രട്ടറി ഉള്‍പ്പെടെയുള്ള അധികാരികളെയും അറിയിക്കുകയായിരുന്നു.

‘പെട്രോള്‍ ബോംബ്’; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്ഥാന്‍

‘പെട്രോള്‍ ബോംബ്’; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്ഥാന്‍

പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കുത്തനെ ഉയര്‍ത്തി. പെട്രോള്‍ ലിറ്ററിന് 22 രൂപയും ഹൈസ്പീഡ് ഡീസല്‍ 17 രൂപയുമാണ് ഉയര്‍ത്തിയത്. ഇന്നലെ അര്‍ധരാത്രിയാണ് വില ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇന്നു മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ ബോംബ് എന്നാണ് പുതിയ വില വര്‍ധനയെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന പാകിസ്ഥാന്‍ രാജ്യാന്തര നാണ്യ നിധിയില്‍നിന്നു (ഐഎംഎഫ്) വായ്പയ്ക്കു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐഎംഎഫിന്റെ നിബന്ധന പ്രകാരമാണ് ഇപ്പോഴത്തെ ഇന്ധന വില വര്‍ധനയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വില വര്‍ധനയോടെ ഒരു ലിറ്റര്‍ പെട്രോളിന് 272 രൂപയാണ് വില. ഹൈസ്പീഡ് ഡീസല്‍ ലിറ്ററിന് 280 രൂപ നല്‍കണം. മണ്ണെണ്ണ 202 രൂപയും ലൈറ്റ് ഡീസല്‍ 196 രൂപയുമാണ് വില.
പാകിസ്ഥാനില്‍ വാഹനങ്ങള്‍ പ്രധാനമായും പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളിലാണ് ഓടുന്നത്.

സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും നടത്തുന്നു

സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും നടത്തുന്നു

ആറ്റിങ്ങൽ ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും നടത്തുന്നു. അറേബ്യൻ ഫാഷൻ ജ്വല്ലറിയും ആലംകോട് വാക്കേഴ്സ് ക്ലബും സംയുക്തമായാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്. 2023 ഫെബ്രുവരി 19 ഞായർ രാവിലെ ആലംകോട് എൽ പി എസ് (മെയിൻ റോഡ്) സ്കൂളിൽ നടക്കും. തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കുന്നു. തിമിരമുള്ളവരെ നേരിട്ട് അരവിന്ദ് കണ്ണാശുപത്രിയിൽ എത്തിച്ച് ഐ. ഒ . എൽ ലെൻസ്‌ ഇട്ടു കൊടുക്കയും ചെയ്യും. ഇവരുടെ യാത്ര ചിലവ്, ചികിത്സ, താമസ സൗകര്യം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ്- 9447471550, സെക്രട്ടറി- 9447903841 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ആറ്റിങ്ങൽ സ്വകാര്യ ബസ് സ്കൂട്ടറിൽ കയറി ഇറങ്ങി

ആറ്റിങ്ങൽ സ്വകാര്യ ബസ് സ്കൂട്ടറിൽ കയറി ഇറങ്ങി

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്കൂട്ടറിൽ കയറി ഇറങ്ങി. ഇന്ന് വൈകുന്നേരം 5 മണിയോടെ സ്റ്റാന്റിൽ നിന്നും ഇറങ്ങിയ ബസ് അത് വഴി കടന്നുപോയ സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. തെറിച്ചു വീണ യാത്രക്കാരൻ ആറ്റിങ്ങൽ സ്വദേശി ഈശ്വര പ്രസാദ് (78) അത്ഭുതകരമായി രക്ഷപെട്ടു. ഇതിനിടയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ കയറിയിറങ്ങിയി രുന്നു.

അന്നദാനത്തിനായി തെങ്ങുംവിള ക്ഷേത്രം ധാന്യങ്ങൾ ശേഖരിക്കുന്നു

അന്നദാനത്തിനായി തെങ്ങുംവിള ക്ഷേത്രം ധാന്യങ്ങൾ ശേഖരിക്കുന്നു

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ഛ് നടത്തുന്ന സമൂഹസദ്യ, അന്നദാനം എന്നിവയ്ക്കു വേണ്ടിയുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി തെങ്ങുംവിള ക്ഷേത്രത്തിൽ പൊതുജനങ്ങളിൽ നിന്ന് കാർഷിക ധാന്യങ്ങൾ ശേഖരിക്കുന്നു. ‘കലവറ നിറക്കൽ’ എന്നു പേരിട്ടിരിക്കുന്ന ചടങ്ങിന് കഴിഞ്ഞ ദിവസം ക്ഷേത്രനടയിൽ തുടക്കംകുറിച്ചു. നാട്ടിലെ പ്രമുഖ കർഷകനും കിഴുവിലം റെസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റുമായ പി.കെ ഉദയഭാനുവിൽ നിന്ന് കാർഷിക വിളകൾ ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി ഏറ്റുവാങ്ങി .

ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ്, സെക്രട്ടറി പി.വി.ജയൻ, ട്രഷറർ എൻ.എസ്.പ്രഭാകരൻ, വൈസ്പ്രസിഡന്റ് ബി.എസ്സജിതൻ, ഭരണസമിതി അംഗം എസ്.പുഷ്പൻ, കർഷകരായ മധു, ചന്ദ്രൻ, രമണൻ, എം.പ്രസന്നൻ തുടങ്ങിയവരും പങ്കെടുത്തു. വരും ദിവസങ്ങളിൽ നാട്ടുകാർക്ക് കാർഷിക ധാന്യങ്ങൾ ക്ഷേത്രത്തിൽ നൽകാവുന്നതാണ്. കർഷകരുടെ കൈയ്യിൽ നിന്നും കാർഷിക ധാന്യങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രം ട്രസ്റ്റ് ഈ പരിപാടി ആവിഷ്കരിച്ചത്. ഈ മാസം18 മുതൽ 25 വരെയാണ് ക്ഷേത്രത്തിലെ ഉത്സവം.

രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശി മരിച്ച നിലയിൽ

രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശി മരിച്ച നിലയിൽ

പാലക്കാട്: രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ 17കാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍ അനസാണ് മരിച്ചത്. തൃശൂരില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് സുഹൃത്തിന്റെ കടയിലേക്ക് പോയ ശേഷം കാണാതാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഗ് ബസാര്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥി ആണ് അനസ്. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.