ആറ്റിങ്ങൽ നഗരസഭ വക വസ്തു വകകളുടെ ലേലം ഫെബ്രുവരി 21 ന് നടക്കും

ആറ്റിങ്ങൽ നഗരസഭ വക വസ്തു വകകളുടെ ലേലം ഫെബ്രുവരി 21 ന് നടക്കും

ആറ്റിങ്ങൽ: നഗരസഭ വക വസ്തു വകകളുടെ 2023 – 24 സാമ്പത്തിക വർഷത്തേക്കുള്ള ലേലമാണ് ഫെബ്രുവരി 21 ചൊവ്വാഴ്ച്ച 11 മണിയ്ക്ക് ചേരുന്ന കൗൺസിൽ യോഗത്തിൽ നടക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി 20 തിങ്കളാഴ്ച്ച വൈകുന്നേരം 3 മണിക്ക് മുമ്പായി ക്വട്ടേഷനുകൾ നഗരസഭ ഓഫീസിൽ നൽകേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കേണ്ടവർ അന്നേ ദിവസം രാവിലെ പത്തര മണിക്ക് മുമ്പായി നിരതദ്രവ്യ തുകയും ബാങ്ക് ഗ്യാരണ്ടിയും, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും ബന്ധപ്പെട്ട സെക്ഷനിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ നഗരസഭ റവന്യു വിഭാഗത്തിൽ നിന്നും www.attingalmunicipality.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാവുന്നതാണ്.

ലേലം കൊള്ളുന്ന നഗരസഭാ വക വസ്തുവകകളും, ഒടുക്കേണ്ട നിരതദ്രവ്യവും.

1. മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഫീസ് പിരിവ്, പരസ്യ പ്രക്ഷേപണം, ടിവി പരസ്യ പ്രക്ഷേപണം
നിരതദ്രവ്യം – 75000

2. മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ
നിരതദ്രവ്യം – 15000

3. മാമം കന്നുകാലി ചന്ത
നിരതദ്രവ്യം – 20000

4. ആലംകോട് ചന്ത
നിരതദ്രവ്യം – 200000

5. അവനവഞ്ചേരി ചന്ത
നിരതദ്രവ്യം – 10000

6. ആറ്റിങ്ങൽ ചന്ത
നിരതദ്രവ്യം – 30000

7. മാമം സായാഹ്‌ന ചന്ത (മാമംചന്ത സ്ഥലത്തെ ചില്ലറ പിരിവ് )
നിരതദ്രവ്യം – 2000

8. വിളയിൽമൂല ചന്ത
നിരതദ്രവ്യം – 10000

9. കടമുറികൾ, ബങ്കുകൾ, മാർക്കറ്റ് സ്റ്റാളുകൾ എന്നിവ ഒഴിവുള്ളത്
നിരതദ്രവ്യം – 5000

10. മാമം മൈതാനത്തെ ഡ്രൈവിംഗ് പരിശീലനം
നിരതദ്രവ്യം – 10000

11. സ്ലോട്ടർ ഹൗസ്
നിരതദ്രവ്യം – 50000

12. പഴയ പത്ര മാസികകൾ (മുനിസിപ്പൽ ലൈബ്രറി, തുടർ വിദ്യാ കേന്ദ്രങ്ങൾ)
നിരതദ്രവ്യം – 500

13. വാഹന ടെമോൺസ്ട്രേഷൻ നടത്തുന്നതിനുള്ള ഫീസ് പിരിവ്
നിരതദ്രവ്യം – 10000

അഗ്നിവീർ തിരഞ്ഞെടുപ്പിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ

അഗ്നിവീർ തിരഞ്ഞെടുപ്പിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ

കരസേനയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെചെയ്യാവുന്നതാണ്. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്കായാണ് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ഇന്ത്യയിലുടനീളം കരസേനാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഇത്തവണ മുതൽ തിരഞ്ഞെടുപ്പ് നടത്തുന്നത്. റിക്രൂട്ട്‌മെന്റ് റാലിക്ക് മുമ്പ് ഓൺലൈൻ പൊതുപ്രവേശന പരീക്ഷ നടത്തുന്നതാണ് പുതിയ രീതി. നിർദ്ദിഷ്‌ട വിഭാഗങ്ങൾക്കുള്ള രജിസ്‌ട്രേഷനുള്ള പ്രായം, വിദ്യാഭ്യാസം, യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് 2023 ഫെബ്രുവരി 16-ന് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.

എല്ലാ ബസുകളിലും 28 നകം ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗതമന്ത്രി

എല്ലാ ബസുകളിലും 28 നകം ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28 ന് മുമ്പ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.

കെഎസ്ആർടിസി ബസിലടക്കം ക്യാമറ ഘടിപ്പിക്കും. ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമ ലംഘനമുണ്ടായാൽ ഉദ്യോഗസ്ഥൻ കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും.

ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് പ്രശ്നങ്ങൾ പരിശോധിക്കാനാണ് ഗതാഗതമന്ത്രി യോഗം വിളിച്ചത്. ബസുകളുടെ മരണപ്പാച്ചിലിനെ ഹൈക്കോടതിയും നിശിതമായി വിമർശിച്ച് നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു യോഗം.
ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ യോഗം തീരുമാനിച്ചു. ഡ്രൈവർമാരുടെ ലൈസൻസ് കോപ്പി അടക്കം വിവരങ്ങൾ ബസുടമകൾ ഗതാഗത വകുപ്പിനെ അറിയിക്കണം. ബസ് ജീവനക്കാർക്ക് ആറ് മാസത്തിലൊരിക്കൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നൽകാനും തീരുമാനമായി.

ഡയഫ്രമാറ്റിക് ഹെർണിയ ശസ്ത്രകിയയിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ചരിത്രനേട്ടം

ഡയഫ്രമാറ്റിക് ഹെർണിയ ശസ്ത്രകിയയിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ചരിത്രനേട്ടം

ഇന്ത്യയിൽ ആദ്യമായി 84 വയസുകാരിയ്ക്ക് താക്കോൽ ദ്വാര ശസ്ത്രക്രിയ.
തിരുവനന്തപുരം: ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ 84 വയസുള്ള വൃദ്ധയ്ക്ക് രാജ്യത്ത് ആദ്യമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. ഇന്ത്യയിൽ തന്നെ ഇതിനു മുമ്പ് ഈ രോഗത്തിനുള്ള ശസ്ത്രക്രിയ നടന്നത് 82 വയസുള്ള രോഗിയ്ക്കായിരുന്നു. ഉദരവും ശ്വാസകോശവും തമ്മിൽ വേർതിരിക്കുന്ന ഡയഫ്രത്തിലെ ഹെർണിയ മൂലമുള്ള അസ്വസ്ഥതയാൽ രണ്ടാഴ്ച മുമ്പാണ് ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ വൃദ്ധയെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

കടുത്ത ശ്വാസതടസവും ഛർദിയുമായിരുന്നു ഇവർക്കുണ്ടായിരുന്നത്. സി ടി സ്കാൻ പരിശോധനയിൽ വൻകുടൽ, ഒമെറ്റം എന്നിവ നെഞ്ചിലേയ്ക്ക് കയറിയിരിക്കുന്ന നിലയിലാണെന്ന് കണ്ടെത്തി. ശസ്ത്രക്രിയയ്ക്ക് രോഗിയുടെ പ്രായം ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇടപെട്ട് ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ ഉപകരണങ്ങൾ താക്കോൽ ദ്വാര ശസ്ത്രകിയയ്ക്ക് ഏറെ സഹായകരമായി. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഡയഫ്രത്തിന്റെ കേടുപാടുകൾ തീർത്ത് അതിനു മുകളിൽ ഒരു മെഷ് തുന്നിച്ചേർക്കുകയും ചെയ്തു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗി സുഖം പ്രാപിച്ചു വരുന്നു. സർജറി വിഭാഗത്തിലെ ഡോ സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ. ജി ഉണ്ണികൃഷ്ണൻ, ഡോ സജിൻ, ഡോ കെവിൻ, ഡോ അർച്ചന, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. മായ, ഡോ. സുമ, ഡോ. തുഷാര, ഡോ രഞ്ജന, നേഴ്സുമാരായ പ്രിൻസിത, ശില്പ എന്നിവർ പങ്കാളികളായി. ഡോ. ആർ സി ശ്രീകുമാറിന്റെ യൂണിറ്റിലായിരുന്നു ശസ്ത്രക്രിയ. താക്കോൽ ദ്വാര ശസ്ത്രക്രിയയിൽ നിരവധി റെക്കോർഡുകൾ മികവിന്റെ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പേരിലുണ്ട്.

ഉത്സവം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കൊടുംകുറ്റവാളികൾ പോലീസ് പിടിയിൽ

ഉത്സവം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കൊടുംകുറ്റവാളികൾ പോലീസ് പിടിയിൽ

വർക്കലയിൽ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കൊടുംകുറ്റവാളികൾ പോലീസ് പിടിയിൽ. ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ യുവാവിനെ വഴിമധ്യേ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അതിനു ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വർക്കല അയിരൂർ ഇക്കഴിഞ്ഞ 29 തീയതി രാത്രി 10.30മണിയോടെ ആയിരുന്നു സംഭവം.
വർക്കല പാളയംകുന്ന് കടവുങ്കര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പാളയംകുന്ന് സ്വദേശിയായ അക്ഷയ് മോട്ടോർ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബൈക്ക് തടഞ്ഞുനിർത്തിയ മൂന്ന് അംഗസംഘം യുവാവിനെ അസഭ്യം പറയുകയും ബൈക്കിൽ നിന്നും ചവിട്ടി താഴെയിട്ട് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കും ദേഹത്തും പൊതിരെ അടിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ജോബിനും സംഘവും ഒളിവിൽ പോയിരുന്നു. ഒന്നാം പ്രതി ചാവടിമുക്ക് സ്വദേശിയായ ജോബിൻ, രണ്ടാം പ്രതി അയിരൂർ സ്വദേശിയായ 19 വയസ്സുള്ള ദേവനാരായണൻ എന്നിവരാണ് ഒളിവിൽ താമസിക്കവേ അയിരൂർ പോലീസിന്റെ പിടിയിലായത്. അയിരൂർ എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

താലി കെട്ടാനിരുന്ന പെൺകുട്ടി തളർന്നു കിടപ്പിലായി; 7 വർഷമായി  പൊന്നുപോലെ നോക്കി വിനു

താലി കെട്ടാനിരുന്ന പെൺകുട്ടി തളർന്നു കിടപ്പിലായി; 7 വർഷമായി പൊന്നുപോലെ നോക്കി വിനു

പറവൂർ: ‘ഇവളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇവളെ വിട്ടിട്ടു പോകാൻ എനിക്കാവില്ല’. ഇതു പറയുമ്പോൾ വിനുവിന്റെ കണ്ണു നിറയും. താലി കെട്ടാനിരുന്ന പെൺകുട്ടി അപകടത്തിൽ പരുക്കേറ്റു തളർന്നുപോയിട്ടും 7 വർഷമായി അവളെ പൊന്നുപോലെ നോക്കുകയാണു വിനു. മറ്റൊരു വിവാഹത്തിനു സ്വന്തം വീട്ടുകാരും നാട്ടുകാരും നിർബന്ധിച്ചെങ്കിലും തയാറായില്ല.

പൊയ്യ മഠത്തുംപടി സ്വദേശികളാണു വിനുവും ലിനീഷയും. 11 വർഷം പ്രണയിച്ച ശേഷം ഇവർ‍ വിവാഹക്കാര്യം വീട്ടുകാരെ അറിയിച്ചു. ആദ്യം ചില എതിർപ്പുകൾ ഉണ്ടായെങ്കിലും ഒടുവിൽ ഇരുവീട്ടുകാരും സമ്മതം മൂളി. 2016ൽ വിവാഹനിശ്ചയം കഴിഞ്ഞശേഷം ലിനീഷയുടെ വീട്ടുകാർ പഴനി, വേളാങ്കണ്ണി തീർഥയാത്രയ്ക്കു പോയി മടങ്ങുന്നതിനിടെ വാഹനം അപകടത്തിൽപെട്ടു. അന്നു മുതൽ കിടന്നകിടപ്പിലാണ് ലിനീഷ. വിളിച്ചാൽ കണ്ണുതുറന്നു നോക്കും എന്നു മാത്രം. അപകടത്തിൽ ലിനീഷയുടെ അച്ഛനും അമ്മയ്ക്കും പരുക്കേറ്റു. ‍മൂവരും കിടപ്പിലായതോടെ ഇവരെ വിനു ഏറ്റെടുത്തു.

തളർന്നു കിടക്കുന്ന ലിനീഷയെ കണ്ടുകൊണ്ടു മറ്റൊരാളെ താലികെട്ടാൻ കഴിയില്ലെന്നു വിനു പറഞ്ഞു. കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്നാണു വിനു സ്വന്തം വീട്ടിലെയും ലിനീഷയുടെ വീട്ടിലെയും കാര്യങ്ങൾ നടത്തുന്നത്. ദിവസവും ലിനീഷയുടെ അടുത്തു വരികയും ചികിത്സയും വീട്ടിലെ ആവശ്യങ്ങളും നടത്തിക്കൊടുക്കുകയും ചെയ്യുന്നു. പാണ്ടിപ്പിള്ളി കൃഷ്ണൻകുട്ടിയുടെയും ഓമനയുടെയും മകളാണു ലിനീഷ. സ്വന്തം വീട് താമസയോഗ്യമല്ലാതായതിനാൽ 3 വർഷമായി വാടക വീട്ടിലാണു താമസം. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടെങ്കിലും തുടർനടപടിയായില്ല. ലിനീഷയുടെ സഹോദരി നഴ്സായ അനീഷയും ചേച്ചിയെ ശുശ്രൂഷിച്ചു വീട്ടിലുണ്ട്.