by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കലയിൽ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കൊടുംകുറ്റവാളികൾ പോലീസ് പിടിയിൽ. ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങിയ യുവാവിനെ വഴിമധ്യേ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അതിനു ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വർക്കല അയിരൂർ ഇക്കഴിഞ്ഞ 29 തീയതി രാത്രി 10.30മണിയോടെ ആയിരുന്നു സംഭവം.
വർക്കല പാളയംകുന്ന് കടവുങ്കര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പാളയംകുന്ന് സ്വദേശിയായ അക്ഷയ് മോട്ടോർ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബൈക്ക് തടഞ്ഞുനിർത്തിയ മൂന്ന് അംഗസംഘം യുവാവിനെ അസഭ്യം പറയുകയും ബൈക്കിൽ നിന്നും ചവിട്ടി താഴെയിട്ട് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കും ദേഹത്തും പൊതിരെ അടിക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ജോബിനും സംഘവും ഒളിവിൽ പോയിരുന്നു. ഒന്നാം പ്രതി ചാവടിമുക്ക് സ്വദേശിയായ ജോബിൻ, രണ്ടാം പ്രതി അയിരൂർ സ്വദേശിയായ 19 വയസ്സുള്ള ദേവനാരായണൻ എന്നിവരാണ് ഒളിവിൽ താമസിക്കവേ അയിരൂർ പോലീസിന്റെ പിടിയിലായത്. അയിരൂർ എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പറവൂർ: ‘ഇവളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇവളെ വിട്ടിട്ടു പോകാൻ എനിക്കാവില്ല’. ഇതു പറയുമ്പോൾ വിനുവിന്റെ കണ്ണു നിറയും. താലി കെട്ടാനിരുന്ന പെൺകുട്ടി അപകടത്തിൽ പരുക്കേറ്റു തളർന്നുപോയിട്ടും 7 വർഷമായി അവളെ പൊന്നുപോലെ നോക്കുകയാണു വിനു. മറ്റൊരു വിവാഹത്തിനു സ്വന്തം വീട്ടുകാരും നാട്ടുകാരും നിർബന്ധിച്ചെങ്കിലും തയാറായില്ല.

പൊയ്യ മഠത്തുംപടി സ്വദേശികളാണു വിനുവും ലിനീഷയും. 11 വർഷം പ്രണയിച്ച ശേഷം ഇവർ വിവാഹക്കാര്യം വീട്ടുകാരെ അറിയിച്ചു. ആദ്യം ചില എതിർപ്പുകൾ ഉണ്ടായെങ്കിലും ഒടുവിൽ ഇരുവീട്ടുകാരും സമ്മതം മൂളി. 2016ൽ വിവാഹനിശ്ചയം കഴിഞ്ഞശേഷം ലിനീഷയുടെ വീട്ടുകാർ പഴനി, വേളാങ്കണ്ണി തീർഥയാത്രയ്ക്കു പോയി മടങ്ങുന്നതിനിടെ വാഹനം അപകടത്തിൽപെട്ടു. അന്നു മുതൽ കിടന്നകിടപ്പിലാണ് ലിനീഷ. വിളിച്ചാൽ കണ്ണുതുറന്നു നോക്കും എന്നു മാത്രം. അപകടത്തിൽ ലിനീഷയുടെ അച്ഛനും അമ്മയ്ക്കും പരുക്കേറ്റു. മൂവരും കിടപ്പിലായതോടെ ഇവരെ വിനു ഏറ്റെടുത്തു.
തളർന്നു കിടക്കുന്ന ലിനീഷയെ കണ്ടുകൊണ്ടു മറ്റൊരാളെ താലികെട്ടാൻ കഴിയില്ലെന്നു വിനു പറഞ്ഞു. കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്നാണു വിനു സ്വന്തം വീട്ടിലെയും ലിനീഷയുടെ വീട്ടിലെയും കാര്യങ്ങൾ നടത്തുന്നത്. ദിവസവും ലിനീഷയുടെ അടുത്തു വരികയും ചികിത്സയും വീട്ടിലെ ആവശ്യങ്ങളും നടത്തിക്കൊടുക്കുകയും ചെയ്യുന്നു. പാണ്ടിപ്പിള്ളി കൃഷ്ണൻകുട്ടിയുടെയും ഓമനയുടെയും മകളാണു ലിനീഷ. സ്വന്തം വീട് താമസയോഗ്യമല്ലാതായതിനാൽ 3 വർഷമായി വാടക വീട്ടിലാണു താമസം. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടെങ്കിലും തുടർനടപടിയായില്ല. ലിനീഷയുടെ സഹോദരി നഴ്സായ അനീഷയും ചേച്ചിയെ ശുശ്രൂഷിച്ചു വീട്ടിലുണ്ട്.
by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: ക്വാറികളിൽനിന്ന് അനധികൃതമായി മണ്ണും മണലും കടത്തുന്നതിന് ലോറി ഉടമകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ മാസംതോറും കൈക്കൂലിയായി വാങ്ങിയ കേസിൽ കോട്ടയത്തെ മൂന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തു. കോട്ടയം തെള്ളകത്തെ എൻഫോഴ്സ്മെന്റ് ആർ.ടി. ഓഫീസിലെ എം.വി.ഐ.മാരായ വി. ഷാജൻ, അജിത്ത് ശിവൻ, എം.ആർ. അനിൽ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് സസ്പെൻഡ് ചെയ്തത്.

കിഴക്കൻമേഖല വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാസില്ലാതെ പോകുന്നതിനും അമിതമായി ലോഡ് കയറ്റുന്നതിനും മാസപ്പടിയായി ഒരു ലോറിക്ക് 7,500 രൂപ വീതം ആറ് ലക്ഷം രൂപ സസ്പെൻഷനിലായ ഉദ്യോഗസ്ഥർ വാങ്ങിയതിന്റെ രേഖകൾ വിജിലൻസിന് ലഭിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സർക്കാരിന് ലഭിക്കേണ്ട ജി.എസ്.ടി., റോയൽറ്റി ഇനത്തിൽ വൻ നഷ്ടം വരുത്തിയതായും വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന ലോറി ഉടമ കടപ്പൂര് വട്ടുകളം സ്വദേശി രാജീവിനെതിരേ കോട്ടയം വിജിലൻസ് കേസ് രജിസ്റ്റർചെയ്തു.

പാസില്ലാതെ ടോറസ് ലോറികളിൽ മണ്ണും മണലും കടത്തുന്നുവെന്ന പരാതിയിൽ ഓപ്പറേഷൻ ഓവർലോഡ് എന്ന പേരിൽ എം.സി. റോഡിൽ ഏറ്റുമാനൂരിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. ഗൂഗിൾ പേ വഴിയാണ് മൂവരും കൈക്കൂലിപണം വാങ്ങിയിരുന്നത്.
ഷാജൻ അച്ഛന്റെ തിരുവനന്തപുരത്തെ ബാങ്ക് അക്കൗണ്ടിലൂടെ മൂന്ന് ലക്ഷവും അജിത്ത് ശിവൻ സ്വന്തം അക്കൗണ്ടിലൂടെ രണ്ടരലക്ഷവും, അനിൽ ബിനാമി അക്കൗണ്ടിലൂടെ 53,000 രൂപയും കൈപ്പറ്റിയതിന്റെ തെളിവുകളാണ് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്.
ഉദ്യോഗസ്ഥരുടെ വീടിന്റെ വാടകയും ഇടനിലക്കാരൻ രാജീവാണ് നൽകിയിരുന്നത്. എം.സി. റോഡ് എന്ന വാട്സാപ്പ് ഗ്രൂപ്പു വഴിയാണ് ലോറി ഉടമകളും ഉദ്യോഗസ്ഥരുമായുള്ള ഇടപാടുകൾ നടത്തിയിരുന്നത്. പരിശോധനയിൽ പിടിക്കാതിരിക്കാൻ ലോറി നമ്പരുകൾ ഉദ്യോഗസ്ഥർക്ക് ഈ വാട്സാപ് ഗ്രൂപ്പിലൂടെ നൽകും. ലിസ്റ്റിൽപെട്ട ലോറികളെത്തിയാൽ പിടിക്കാതിരിക്കുകയോ, പിടിച്ചശേഷം നടപടിയെടുക്കാതെ പറഞ്ഞുവിടുകയോ ആണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. മാസം അരലക്ഷം രൂപവരെ കൈക്കൂലി നൽകുന്ന ഉടമകളുമുണ്ടെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. മൂന്ന് ലക്ഷത്തിലേറെ രൂപ ഒരുമാസം ലോറി ഉടമകളിൽനിന്ന് മാത്രം കൈക്കൂലിയായി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ടെന്നും വിജിലൻസ് നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു.
by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് എളുമ്പലാശ്ശേരിയിൽ എടിഎം തകർത്ത് മോഷണശ്രമം. പടക്കം പൊട്ടിച്ചാണ് എടിഎം തകർത്തത്. പക്ഷേ പണം എടുക്കാനുള്ള ശ്രമം നടന്നില്ല. അലാറം കിട്ടിയതോടെ ബാങ്ക് അധികൃതർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് എടിഎമ്മിന്‍റെ സൈഡില്‍ പടക്കം വച്ച് പൊട്ടിച്ചത്.

മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യ സമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് പണം അപഹരിക്കാനായില്ല. തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ കഴിഞ്ഞ രാത്രി നാല് എടിഎമ്മുകൾ ഒരേ സമയം കൊള്ളയടിച്ച് 75 ലക്ഷത്തിലേറെ രൂപ കവർന്നത് ഒരേ സമയമാണ്. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ചാണ് പണം കവർന്നത്. തെളിവ് നശിപ്പിക്കാൻ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളും വൺ ഇന്ത്യ ബാങ്കിന്‍റെ ഒരു എടിഎമ്മുമാണ് കൊള്ളയടിച്ചത്. തിരുവണ്ണാമല സിറ്റിയിൽ, മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പത്താം തെരുവിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, തേനിമല ഭാഗത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, കലശപ്പാക്കം ഭാഗത്ത് പ്രവർത്തിക്കുന്ന വൺഇന്ത്യയുടെ എടിഎം, പോലൂർ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം എന്നിവ ഒരേ സമയം തകർത്ത് പണം കവരുകയായിരുന്നു.

അർദ്ധരാത്രി ആളൊഴിഞ്ഞതിന് ശേഷം എടിഎം മെഷീനുകൾ സ്ഥാപിച്ച മുറികളിൽ കയറി ഷട്ടറിട്ടതിന് ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ മുറിച്ചാണ് പണം കൊള്ളയടിച്ചത്. ആകെ എഴുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. നാലിടത്തും കൊള്ളയ്ക്ക് ശേഷം എടിഎം മെഷീനും സിസിടിവി ക്യാമറകളും മോഷ്ടാക്കൾ കത്തിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളിൽ ഒരേ സമയം ഒരേ സ്വഭാവത്തിൽ കവർച്ച നടത്തിയത്. എടിഎം മെഷീനുകൾക്കും സിസിടിവിക്കും തീയിട്ടതിനാൽ സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കണ്ടെത്താനായില്ല. ഫോറൻസിക് സംഘമെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. തിരുവണ്ണാമലൈ സിറ്റി, പോലൂർ, കലശപ്പാക്കം എന്നിങ്ങനെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കവർച്ച നടന്നത്.
by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റിങ്ങൽ നഗരൂർ -കാരേറ്റ് റോഡിൽ ചെറുക്കാരം പാലം പൊളിച്ചുമാറ്റി പുതിയ പാലം പണിയുന്നതിനാൽ, ഫെബ്രുവരി 16 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നഗരൂർ ഭാഗത്ത് നിന്നും എം.സി റോഡിലെ കാരേറ്റ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ, പൊയ്കക്കട ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുളിമാത്ത്-പുല്ലയിൽ റോഡ് വഴി മരോട്ടിക്കടവ് പാലത്തിലൂടെ എം.സി റോഡിലെ പുളിമാത്ത് ജംഗ്ഷനിലേക്കും തിരിച്ചും പോകാവുന്നതാണ്. ഭാരവാഹനങ്ങൾ കിളിമാനൂർ-നഗരൂർ റോഡ് വഴിയോ വാമനപുരം-കളമച്ചൽ-അയിലം-ഗണപതിയാംകോണം-നഗരൂർ റോഡ് വഴിയോ തിരിഞ്ഞ് പോകണം.


by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രണയദിനത്തിൽ ഓർമയാകാനൊരുങ്ങി ഇന്റർനെറ്റ് എക്സ്പ്ലോറർ 11. ഫെബ്രുവരി 14ന് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ആകുന്നതോടെ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 11 പൂർണമായും പ്രവർത്തനരഹിതമാകും. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻഡോസ് 11ൽ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്‌വെയർ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ വിൻഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളിൽ സേവനം ലഭ്യമാകുന്നത് തുടരുന്നുണ്ടായിരുന്നു.

പ്രണയദിനത്തിൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 11 പ്രവർത്തനരഹിതമാകുമെന്ന് റെഡ്‌മണ്ട്‌കമ്പനി ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് എക്സ്പ്ലോറർ 11-നെ മൈക്രോസോഫ്റ്റ് എഡ്‌ജിലേക്ക് റീഡയറക്ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും ഈ അപ്‌ഡേറ്റ് ബാധിക്കുമെന്നും സ്ഥാപനം അറിയിച്ചിരുന്നു. ആദ്യകാല ഇന്റർനെറ്റ് ബ്രൗസറുകളിൽ ഒന്നാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ. 25 വർഷത്തെ സേവനമാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ ഇപ്പോൾ അവസാനിപ്പിക്കുന്നത്.

വിൻഡോസ് 95 ന്റെ അധിക ഫീച്ചറായി 1995ലാണ് എക്സ്പ്ലോറർ അവതരിപ്പിക്കപ്പെടുന്നത്. പിന്നീടിത് സൗജന്യമായി നൽകാൻ തുടങ്ങി. ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. 90-കളുടെ അവസാനമാണ് ഏറ്റവും പ്രചാരമുള്ള ബ്രൗസറായി എക്‌സ്‌പ്ലോറർ മാറുന്നത്. ഒജി സെർച്ച് ബ്രൗസർ എന്ന പേരിലാണ് ആദ്യകാലങ്ങളിൽ ഇതറിയപ്പെട്ടിരുന്നത്. 2003 ൽ 95 ശതമാനമായിരുന്നു എക്‌സ്‌പ്ലോററിന്റെ ഉപയോഗം. അതിനു ശേഷം 11 തവണ ബ്രൗസർ പുതുക്കി. 2016 മുതൽ പുതിയ വേർഷനുകൾ ഉൾപ്പെടുത്താതെയായി.
2013ലാണ് ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 2013 റീലിസ് ചെയ്യുന്നത്. നിലവിലുള്ളത് എക്‌സ്‌പ്ലോറർ വേർഷൻ 11 ആണ്. വിവരസാങ്കേതിക മേഖലയിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾക്കൊപ്പം എക്‌സ്‌പ്ലോററിനെ നവീകരിക്കാൻ കമ്പനി സമയം ചെലവാക്കിയിരുന്നില്ല. വൈകാതെ ഗൂഗിൾ ക്രോമും മറ്റു സെർച്ച് എഞ്ചിനുകളും ആധിപത്യം സ്ഥാപിച്ചു. നിലവിൽ ഇന്റർനെറ്റ് എക്‌സ്‌പ്ലോററിന്റെ പിൻഗാമി എന്നറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് എഡ്ജാണ്.2015-ൽ വിൻഡോസ് 10ലാണ് എഡ്ജ് അവതരിപ്പിച്ചത്. കൂടുതൽ വേഗവും സുരക്ഷയുമുള്ള ആധുനിക ബ്രൗസറാണ് എഡ്ജ് എന്ന പ്രത്യേകതയുമുണ്ട്.
Recent Comments