മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫ് ഓഫ് മന്നാർ, കന്യകുമാരി തീരം, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും നാളെ കന്യാകുമാരി തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി ദുർബലപ്പെട്ട്, മന്നാർ കടലിടുക്കിൽ പ്രവേശിച്ചു. തുടർന്ന് തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി വീണ്ടും ദുർബലപ്പെടാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലത്താൽ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട സാധാരണ മഴയക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ടെറസില്‍ നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിച്ചു; വീട്ടമ്മ വീണുമരിച്ചു

ടെറസില്‍ നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിച്ചു; വീട്ടമ്മ വീണുമരിച്ചു

തൃശൂര്‍: കൊടകരയില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. കൊപ്രക്കളം പുത്തന്‍വീട്ടില്‍ ജയന്തിയാണ് മരിച്ചത്. 53 വയസായിരുന്നു. തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും ഹോര്‍ട്ടി വൈന്‍; എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കും

കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും ഹോര്‍ട്ടി വൈന്‍; എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കും

തിരുവനന്തപുരം: കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും നിര്‍മ്മിക്കുന്ന ഹോര്‍ട്ടി വൈനിന് ഇന്ത്യന്‍ നിര്‍മ്മിത വൈനിന്റെ അതേ നികുതി ഘടന തന്നെ ബാധകമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഹോര്‍ട്ടി വൈന്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

കേരളത്തിലെ ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും ഹോര്‍ട്ടി വൈന്‍ ഇത്പാദിപ്പിക്കാന്‍ അനുവാദം നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളത്. കേരളത്തില്‍ മദ്യ ഉത്പാദനത്തിന് എക്‌സൈസ് വകുപ്പ് ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും മദ്യ ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുവായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംസ്ഥാനത്തിന് പുറത്തു നിന്നാണ് കൊണ്ടു വരുന്നത്.

ഓരോ വര്‍ഷവും ശരാശരി അഞ്ചുകോടി ലിറ്റര്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ആണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. കേരളത്തില്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്നത് പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാകും. ഇതു കണക്കിലെടുത്ത് സംസ്ഥാനത്തിനകത്ത് എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇത്തവണയും ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ല; അനര്‍ഹരെ ഒഴിവാക്കുമെന്ന് പ്രഖ്യാപനം

ഇത്തവണയും ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ല; അനര്‍ഹരെ ഒഴിവാക്കുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച മൂന്നാം ബജറ്റിലും ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ല. സംസ്ഥാനത്ത് 62 ലക്ഷം പേര്‍ക്കു 1600 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും ഇതു തുടരുമെന്നുമാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞത്. അനര്‍ഹരെ പെന്‍ഷന്‍ വാങ്ങുന്നവരില്‍നിന്ന് ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ സാധാരണക്കാരെ സഹായിക്കുന്ന ഈ പദ്ധതി ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോവും. അനര്‍ഹരെ ഒഴിവാക്കി സാമൂഹ്യ ക്ഷേമ പദ്ധതി വിപുലീകരിക്കുകയും ദുരുപയോഗം തടയുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 50.66 ലക്ഷം പേര്‍ക്കാണ് പ്രതിമാസം 1600 രൂപ നിരക്കില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. സ്വന്തമായി വരുമാനമില്ലാത്ത ക്ഷേമ നിധി ബോര്‍ഡുകളിലെ 6.73 ലക്ഷം അംഗങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. വരുമാനമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 4.28 ലക്ഷം പേര്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

ആറ്റിങ്ങലിൽ മദ്യ ലഹരിയിൽ അനിയൻ ചേട്ടനെ വെട്ടി പരിക്കേൽപ്പിച്ചു

ആറ്റിങ്ങലിൽ മദ്യ ലഹരിയിൽ അനിയൻ ചേട്ടനെ വെട്ടി പരിക്കേൽപ്പിച്ചു

മദ്യ ലഹരിയിൽ അനിയൻ ചേട്ടനെ വെട്ടി പരിക്കേൽപ്പിച്ചു. ആറ്റിങ്ങൽ മാമത്താണ് സംഭവം. മാമം ചിറ്റാറ്റിൻകര പാറേക്കാട്ടിൽ ഹൗസിൽ രാധാകൃഷ്ണൻ (66) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ചേട്ടൻ നടന്നു പോകുമ്പോൾ ഓട്ടോയിൽ വരികയായിരുന്ന അനുജൻ ഹരികുമാർ (55) കൂട്ടികൊണ്ടു വന്നില്ല എന്ന കാരണത്താൽ ആണ് വാക്കേറ്റം ഉണ്ടായത്. തുടർന്ന് വെട്ടേൽക്കുകയായിരുന്നു. സാരമായ പരിക്കേറ്റ രാധാകൃഷ്ണനെ ആദ്യം വലിയകുന്നു ഹോസ്പിറ്റലിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; തീ ആളിപ്പടരാന്‍ ഇടയാക്കി; കണ്ണൂര്‍ അപകടത്തില്‍ പുതിയ കണ്ടെത്തല്‍

ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; തീ ആളിപ്പടരാന്‍ ഇടയാക്കി; കണ്ണൂര്‍ അപകടത്തില്‍ പുതിയ കണ്ടെത്തല്‍

കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം മരിച്ച സംഭവത്തില്‍, വാഹനത്തില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ രണ്ട് കുപ്പികളിലായി പെട്രോള്‍ സൂക്ഷിച്ചിരുന്നു. തിപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിഗമനം.

എയര്‍ പ്യൂരിഫയറും അപകടത്തിന്റെ ആഘാതം കൂട്ടിയതായാണ് കണ്ടെത്തല്‍.
അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.