വൈലോപ്പിള്ളിയുടെ വാഴക്കുല; ചിന്തയുടെ പ്രബന്ധം പുനപ്പരിശോധിക്കണമെന്നു  വിസിക്കു പരാതി

വൈലോപ്പിള്ളിയുടെ വാഴക്കുല; ചിന്തയുടെ പ്രബന്ധം പുനപ്പരിശോധിക്കണമെന്നു വിസിക്കു പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപ്പരിശോധിക്കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു മുന്നില്‍ ആവശ്യം. സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടു വിസിക്കു നിവേദനം നല്‍കിയത്. ചിന്തയുടെ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ പ്രസിദ്ധമായ കവിത വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെന്നു പരാമര്‍ശിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.

പ്രബന്ധത്തില്‍ വൈലോപ്പിള്ളിയുടെ പേര് വൈലോപ്പള്ളി എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച അധ്യാപകനോ മൂല്യനിര്‍ണയം നടത്തിയവരോ പിശകുകള്‍ കണ്ടെത്തിയിരുന്നില്ല. അതേസമയം കവിത എടുത്തു ചേര്‍ത്തപ്പോള്‍ സംഭവിച്ച പിശകുമാത്രമാണ് ഇതെന്നും പ്രബന്ധത്തിനെ ഇതിന്റെ പേരില്‍ വിലയിരുത്തുന്നതില്‍ അര്‍ഥമില്ലെന്നുമാണ് ചിന്തയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്തയുടെ ഗവേഷണം. കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന് 2021 ലാണ് പിഎച്ച്.ഡി. നല്‍കിയത്.

പൊലീസിനെതിരെ കുറിപ്പ് എഴുതിയ ശേഷം ആത്മഹത്യാശ്രമം: പ്ലസ് വൺ വിദ്യാർഥിയുടെ മൊഴിയിൽ എസ്ഐക്കെതിരെ ഗുരുതര ആരോപണം

പൊലീസിനെതിരെ കുറിപ്പ് എഴുതിയ ശേഷം ആത്മഹത്യാശ്രമം: പ്ലസ് വൺ വിദ്യാർഥിയുടെ മൊഴിയിൽ എസ്ഐക്കെതിരെ ഗുരുതര ആരോപണം

ഓച്ചിറ: പൊലീസിനെതിരെ കുറിപ്പ് എഴുതിവച്ച ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്ലസ്‌വൺ വിദ്യാർഥിയുടെ മൊഴി അമ്പലപ്പുഴ മജിസ്ട്രേട്ട് രേഖപ്പെടുത്തി. മൊഴിയിൽ ഓച്ചിറ എസ്ഐക്കെതിരെ ഗുരുതര ആരോപണമാണുള്ളത്. ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റിരുന്ന വിദ്യാർഥിയെ കേസ് ഒത്തുതീർത്തില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയെന്നാണു പ്രധാന ആരോപണം. ‍സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കരുനാഗപ്പള്ളിയിലെത്തിയ ഡിഐജി ആർ. നിശാന്തിനി ഇതു സംബന്ധിച്ചു സിറ്റി പൊലീസ് കമ്മിഷണർക്കു നിർദേശം നൽകി. ഓച്ചിറ പൊലീസ് ഇൻസ്പെക്ടറെ വിളിച്ചു വരുത്തി ഇരുവരും വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പൊലീസിനെതിരെ രാഷ്ട്രീയതലത്തിൽ ഗൂഢാലോചന നടന്നതായും ആരോപണമുണ്ട്. ഇതും അന്വേഷിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തെത്തുടർന്ന് എസ്ഐ അവധിയിൽ പ്രവേശിച്ചു.

സ്കൂളിലുണ്ടായ വാക്കേറ്റത്തെത്തുടർന്നാണു വിദ്യാർഥിയെയും 3 സുഹൃത്തുക്കളെയും കഴിഞ്ഞ 23 നു രാത്രി 25 അംഗ സംഘം വീടിനു സമീപം വച്ച് ആക്രമിച്ചത്. വിദ്യാർഥിയുടെ അയൽവാസികളായ രഞ്ജിത്ത് (22), ഹരി ജിത്ത് (23), സാഗർ (19) എന്നിവർക്കു കഴുത്തിനും തലയിലും വെട്ടേറ്റു. ആക്രമണം നടത്തിയവർക്കെതിരെ ഓച്ചിറ പൊലീസ് ദുർബല വകുപ്പ് ചുമത്തിയാണ് ആദ്യം കേസെടുത്തത്. ഇവരുടെ പരാതിയിൽ‍ പരുക്കേറ്റവർക്കെതിരെയും പിന്നീടു കേസെടുത്തു. തുടർന്നാണു വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചത്. വിദ്യാർഥി അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടർമാർ അറിയിച്ചു.

സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു

സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം(93) അന്തരിച്ചു. തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന രത്നം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500 ലധികം സിനിമകളിൽ സംഘട്ടന സംവിധായകനായിട്ടുണ്ട്. എം ജി ആർ, ജയലളിത, എൻ ടി ആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത് തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളിൽ പ്രവർത്തിച്ചു.

1966-ൽ പുറത്തിറങ്ങിയ വല്ലവൻ ഒരുവൻ എന്ന ചിത്രത്തിലൂടെയാണ് സംഘട്ടന പരിശീലകനായി തുടക്കം കുറിച്ചത്. ഏറ്റവും കൂടുതൽ സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചതിന് 2013-ൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട് ജൂഡോ രത്നം. സിന്ദൂരസന്ധ്യയ്ക്ക്‌ മൗനം, രക്തം, മൈനാകം തുടങ്ങിയ മലയാള ചിത്രങ്ങൾക്കുവേണ്ടിയും ഫൈറ്റ് മാസ്റ്ററായി പ്രവർത്തിച്ചു. 1992-ൽ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് ഒടുവിൽ പ്രവർത്തിച്ചത്. താമരക്കുളം, ഗായത്രി, പോക്കിരിരാജ, കൊഞ്ചും കുമാരി, തലൈ നഗരം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

വാമനപുരത്ത് മയക്കു മരുന്നുമായി ഒരാൾ പിടിയിൽ

വാമനപുരത്ത് മയക്കു മരുന്നുമായി ഒരാൾ പിടിയിൽ

വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും പോത്തൻകോട് പൂലന്തറയിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി എം. എ യുമായി ഒരാളെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം വില്ലേജിൽ അന്തിയൂർ ദേശത്ത് അഞ്ചുവർണ്ണ തെരുവിൽ കിണറ്റടിവിളാകത്ത് പുത്തൻവീട്ടിൽ സുധീർ(43) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ഹീറോ ഹോണ്ട ബൈക്കും കസ്റ്റഡിയിലെടുത്തു. 350 മില്ലിഗ്രാം എം.ഡി.എം. എ.യാണ് പിടികൂടിയത്. കഴിഞ്ഞദിവസവും വെഞ്ഞാറമൂട് ജംഗ്ഷനിൽ നിന്നും എം.ഡി.എം. എ യുമായി പരവൂർ സ്വദേശികളായ ഹാമിദ് റോഷൻ, ജാഫർ ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ഉത്സവ സീസൺ പ്രമാണിച്ച് വരും ദിവസങ്ങളിലും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി.മോഹൻകുമാർ അറിയിച്ചു. പരിശോധനയിൽ ഇൻസ്പെക്ടറെ കൂടാതെ പ്രിവൻ്റീവ് ഓഫീസർമാരായ ജി. സുരേഷ്, സുരേഷ് ബാബു സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ, ഹാഷിം, എന്നിവർ പങ്കെടുത്തു.

ദന്തൽ അവബോധന ക്യാമ്പും ലഘു ലേഘ വിതരണവും നടത്തി

ദന്തൽ അവബോധന ക്യാമ്പും ലഘു ലേഘ വിതരണവും നടത്തി

ആറ്റിങ്ങൽ: ആറ്റിങ്ങൽ ദന്തൽ അസോസിയേഷന്റെ കീഴിൽ ഓറൽ ഹൈജീൻ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ പട്ടണത്തിൽ ദന്ത സംരക്ഷണം സംബന്ധിച്ചും ദന്ത ശുചീകരണം സംബന്ധിച്ച് പൊതുവായുള്ള സംശയങ്ങളും അതിനുള്ള മറുപടിയും അടങ്ങിയ ലഘുലേഖ വിതരണവും ബോധ വത്കരണവും നടത്തി. ആറ്റിങ്ങൽ ദന്തൽ അസോസിയേഷൻ പ്രസിഡന്റ് ഡോ വാസുദേവൻ വിനയ് ഉത്ഘാടനം നടത്തി. സി.ഡി. എച്ച്. കൺവീനർ ഡോക്ടർ ഷമീം ഷുക്കൂറിന്റെ നേതൃത്ത്വത്തിൽ നടന്ന ചടങ്ങിൽ ഡോക്ടർമാരായ ബിജു നായർ , ദനുഷ് ഷാജി, അരുൺ എസ്. എന്നിവർ പങ്കെടുത്തു.

‘ബിബിസി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ച’: മല്ലിക സാരാഭായ്

‘ബിബിസി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ച’: മല്ലിക സാരാഭായ്

ബാംഗ്ലൂർ: ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ചയാണ് ബിബിസി ഡോക്യുമെന്ററിയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെന്ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്. 1969 ലെ കലാപവും നടുക്കുന്ന ഓര്‍മ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹല്‍കയുടേതടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നിട്ടെന്തുണ്ടായി. അവരത് അര്‍ഹിക്കുന്നുവെന്ന തരത്തില്‍ സമൂഹം നിശബ്ദമായിരുന്നു എന്നും മല്ലിക സാരാഭായ് പറഞ്ഞു.

മോദി വിരോധി ആയതുകൊണ്ട് മാത്രം തെലങ്കാനയിലെ സർക്കാർ പരിപാടിയിൽ തനിക്ക് നൃത്തം ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടുവെന്നും മല്ലിക പറഞ്ഞു. കേരള കലാമണ്ഡലത്തിന്റെ വികസനത്തിന്‌ കൂടുതൽ ഫണ്ട് സ്വരൂപിക്കുന്നതടക്കം തനിക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും മല്ലിക പറയുന്നു. ഗവർണർ അല്ല, അതാത് വിഷയങ്ങളിലെ വിദഗ്ധർ തന്നെയാണ് സർവകലാശാലകളുടെ തലപ്പത്ത് വരേണ്ടതെന്നും മല്ലിക വ്യക്തമാക്കി.