പെൺസുഹൃത്തിനെ ബസ് സ്റ്റോപ്പിൽ വച്ച് മർദിച്ചു; യുവാവ് അറസ്റ്റിൽ

പെൺസുഹൃത്തിനെ ബസ് സ്റ്റോപ്പിൽ വച്ച് മർദിച്ചു; യുവാവ് അറസ്റ്റിൽ

തൃശൂർ: പെണ്‍സുഹൃത്തിനെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വച്ച് മർദിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂര്‍ വീട്ടില്‍ രഞ്ജിത്ത് ബാബുവിനെ (23) ആണ് മാള പോലീസ് പിടികൂടിയത്. ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ഇയാൾ യുവതിയെ മർദിച്ചത്. വ്യാഴാഴ്ച രാവിലെ കോട്ടമുറിയിലാണ് സംഭവം. ഫോണില്‍ വിളിക്കുമ്പോള്‍ എല്ലാം ‘സബ്സ്‌ക്രൈബര്‍ തിരക്കിലാണെന്ന’ സന്ദേശം കേള്‍ക്കുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ആരോടാണ് എപ്പോഴും സംസാരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് രഞ്ജിത്ത് യുവതിയെ മർദിച്ചത്.

ഇതു കണ്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രഞ്ജിത്ത് ബാബു നിരന്തരം ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ അന്നമനടയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്യുകയാണ്.

വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു; മധ്യപ്രദേശില്‍ അപകടം

വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു; മധ്യപ്രദേശില്‍ അപകടം

ഡല്‍ഹി: മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്. മൊറേനയ്ക്കു സമീപം ആയിരുന്നു അപകടം. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചതായി സ്ഥിരീകരണം ഇല്ലെന്ന് വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം അന്വേഷിക്കുമെന്ന് അവര്‍ പറഞ്ഞു. അപകടസമയത്ത് സുഖോയ് വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ ഉണ്ടായിരുന്നു. മിറാഷില്‍ ഒരു പൈലറ്റ് ആണ് ഉണ്ടായിരുന്നത്. രണ്ടു പൈലറ്റുമാര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.

കാലടിയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു: ഭര്‍ത്താവ് അറസ്റ്റിൽ

കാലടിയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു: ഭര്‍ത്താവ് അറസ്റ്റിൽ

കൊച്ചി: കാലടി കാഞ്ഞൂരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. തമിഴ്‌നാട് തെങ്കാശി സ്വദേശിനി രത്‌നവല്ലിയാണ് മരിച്ചത്. ഭര്‍ത്താവ് മഹേഷ്‌കുമാറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഇന്നലെ രാത്രി ഏഴിനും എട്ടിനും ഇടയിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മഹേഷ് കുമാര്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.

വീടിനോട് ചേര്‍ന്നുള്ള ജാതി തോട്ടത്തില്‍ വച്ചായിരുന്നു കൊലപാതകം. മുഖത്ത് പുതപ്പ് വച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷം മഹേഷ്‌കുമാര്‍ ഒന്നും അറിയാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവുമൊന്നിച്ച് പൊലീസ് വീട്ടില്‍ എത്തി. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയില്‍ പൊരുത്തക്കേട് തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തി എന്ന കാര്യം ഭര്‍ത്താവ് പറഞ്ഞതെന്നും പൊലീസ് പറയുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ 480 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5265 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4350 രൂപയാണ്.

വർക്കല മാർക്കറ്റിൽ നിന്ന് വീണ്ടും പഴകിയ മത്സ്യം പിടികൂടി

വർക്കല മാർക്കറ്റിൽ നിന്ന് വീണ്ടും പഴകിയ മത്സ്യം പിടികൂടി

വർക്കല പുന്നമൂട് മാർക്കറ്റിൽനിന്ന് വീണ്ടും പഴകിയ മത്സ്യം പിടികൂടി.
പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ വീണ്ടും പഴകിയ മത്സ്യങ്ങൾ പിടികൂടി. വിൽപ്പനയ്ക്ക് എത്തിച്ച മത്സ്യങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചാണ് പഴകിയതാണെന്ന് കണ്ടെത്തിയത്. ഇവ മാർക്കറ്റിൽ വച്ചുതന്നെ നശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. മണൽവിതറി മത്സ്യവില്പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. മണൽവിതറി മത്സ്യം പ്രദർശിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർ വിൽപ്പനക്കാർക്ക് വീണ്ടും കർശന നിർദേശം നൽകിയിട്ടുണ്ട്.

വർക്കല ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആറ്റിങ്ങൽ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ജിഷ, ചിറയിൻകീഴ് സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ധന്യ ശ്രീവത്സൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ആറ്റിങ്ങൽ ഗവൺമെന്റ് എൽപിഎസിന്റെ ശതാബ്ദി ആഘോഷം നടന്നു

ആറ്റിങ്ങൽ ഗവൺമെന്റ് എൽപിഎസിന്റെ ശതാബ്ദി ആഘോഷം നടന്നു

ഗവൺമെന്റ് എൽപിഎസ് ആറ്റിങ്ങലിന്റെ ശതാബ്ദി ആഘോഷം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക അവർകൾ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭാ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആശ ഡി എസ് സ്വാഗതം പറഞ്ഞു. നഗരസഭാ അധ്യക്ഷ അഡ്വ എസ് കുമാരിഅവർകൾ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഗിരിജ, കൗൺസിലർ എസ് സുഖിൽ, എഇഒ വിജയകുമാരൻ നമ്പൂതിരി, ബിപിസി പി സജി, ഡോക്ടർ രാധാകൃഷ്ണൻ പിടിഎ പ്രസിഡന്റ് പി സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്യാമ, എസ്.എം.സി ചെയർമാൻ എൽ ജയചന്ദ്രൻ, സിപിഐഎം ഏരിയ കമ്മിറ്റി അംഗംസി ദേവരാജൻ, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.