പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍: കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍: കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലുണ്ടായ അക്രമത്തില്‍ നഷ്ടം ഈടാക്കാനായി കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ നല്‍കും. കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തിയാക്കി കരട് റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആഭ്യന്തരവകുപ്പ് മുഖേന അഡ്വക്കറ്റ് ജനറലിന് കൈമാറി.

ഇത് ക്രോഡീകരിച്ച് ഇന്നുരാവിലെ കോടതിക്ക് കൈമാറും. ജില്ല തിരിച്ചുള്ള കണക്കാണ് ലാന്‍ഡ് റവന്യൂ കമീഷണര്‍ കൈമാറിയത്. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാന വ്യാപകമായി അക്രമത്തിന് നേതൃത്വം നല്‍കിയ നേതാക്കളുടെ സ്വത്ത് കണ്ട്‌കെട്ടിയിരുന്നു. മിന്നല്‍ പണിമുടക്കില്‍ 5.2 കോടി രൂപ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കണ്ടുകെട്ടിയ സ്വത്തുക്കള്‍ വില്‍പ്പന നടത്തി തുക നഷ്ടത്തിലേക്ക് ഈടാക്കും. ജപ്തി നേരിട്ടവരില്‍ ചിലര്‍ തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടുകാരല്ലെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ഇന്ന് മന്ത്രിയുമായി ചർച്ച

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ഇന്ന് മന്ത്രിയുമായി ചർച്ച

തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ സമരം അവസാനിപ്പിക്കാനായി മന്ത്രി ഇന്ന് ചർച്ച നടക്കും. രാവിലെ 11.30 ന് തിരുവനന്തപുരത്തു വെച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവാണ് സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. മന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. ആവശ്യങ്ങൾക്കുള്ള മറുപടി ഔദ്യോഗികമായി ലഭിച്ചാൽ സമരം അവസാനിപ്പിക്കുന്നതിൽ തീരുമാനം എടുക്കുമെന്ന് സ്റ്റുഡന്റ്സ് കൗൺസിൽ ചെയർമാൻ ശ്രീദേവ് സുപ്രകാശ് പറഞ്ഞു. ഡിസംബർ 5നാണ് സമരം ആരംഭിച്ചത്.

അതിനിടെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു രാജിവച്ച ഡയറക്ടർ ശങ്കർ മോഹനു പകരം പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടികൾ‍ സർക്കാർ ഊർജ്ജിതമാക്കും. പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനായി ഡോ. വി കെ രാമചന്ദ്രൻ, പ്രമുഖ സംവിധായകരായ ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

കൊച്ചിയില്‍ നോറോ വൈറസ് ബാധ; 19 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം

കൊച്ചിയില്‍ നോറോ വൈറസ് ബാധ; 19 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം

കൊച്ചി: കൊച്ചിയില്‍ നോറോ വൈറസ് ബാധ. കൊച്ചി കാക്കനാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒന്നാം ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് രോഗബാധയുണ്ടായിട്ടുള്ളത്.
കുട്ടികളുടെ സാമ്പിള്‍ വിശദപരിശോധനയ്ക്ക് അയച്ചു. സ്‌കൂളിലെ പ്രൈമറി വിഭാഗം മൂന്നു ദിവസത്തേയ്ക്ക് അടച്ചു. സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി. പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കടുത്ത ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ നോറോ വൈറസ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,880 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 5 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4330 രൂപയാണ്.

ചികിത്സയ്ക്ക് പണം കണ്ടെത്തിയത് നാട്ടുകാരുടെ കാരുണ്യത്തിൽ; ഇന്ന് ഒരു കോടിയുടെ ഭാ​ഗ്യശാലി

ചികിത്സയ്ക്ക് പണം കണ്ടെത്തിയത് നാട്ടുകാരുടെ കാരുണ്യത്തിൽ; ഇന്ന് ഒരു കോടിയുടെ ഭാ​ഗ്യശാലി

കൊച്ചി: അഖിലേഷിന്റേയും കുമാരിയുടേയും ദുരിതജീവിതം അവസാനിക്കുന്നു. മാസങ്ങളോളം ആശുപത്രിയിൽ കഴിയുമ്പോൾ ചികിത്സിക്കാൻ പണമില്ലാതെ
നെട്ടോട്ടമോടുകയായിരുന്നു ഇവർ. അവസാനം നാട്ടുകാരുടെ കാരുണ്യത്തിലാണ് ചികിത്സാ ചെലവ് കണ്ടെത്തിയത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഇവരുടെ ജീവിതം മാറി. ഇന്ന് ഒരു കോടി രൂപയുടെ ഭാ​ഗ്യശാലിയാണ് അഖിലേഷ്.

ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി രണ്ടാം സമ്മാനമായ ഒരു കോടി രൂപ കിട്ടിയത് വൈക്കം പുത്തൻവീട്ടിൽ കരയിൽ അഖിലേഷിനാണ് (59). 2018ൽ പക്ഷാഘാതം സംഭവിച്ച് 3 മാസം അഖിലേഷ് ആശുപത്രിയിലായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഹരികുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും ആശുപത്രി അധികൃതരുടെയും സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയായിരുന്നു.

ഇൻഡോ അമേരിക്കൻ ആശുപത്രി ജീവനക്കാരനായ അഖിലേഷിന് സ്വന്തമായി വീടുപോലുമില്ല. വാടകവീട്ടിൽ കഴിയുന്ന ഇവർ ലൈഫ് പദ്ധതിയിൽ സർക്കാരിന്റെ നാലു ലക്ഷം രൂപ സഹായത്തിനുള്ള കാത്തിരിപ്പിലായിരുന്നു. എന്നാൽ വല്ലപ്പോഴും മാത്രം എടുക്കാറുള്ള ലോട്ടറിയിലൂടെ ഇവരെ ഭാ​ഗ്യ​ദേവത കനിഞ്ഞിരിക്കുകയാണ്. വൈക്കം വടക്കേനട സ്കൂളിനു മുൻവശം ലോട്ടറി വ്യാപാരം നടത്തുന്ന ഇന്ദുവിന്റെ കയ്യിൽനിന്നു വാങ്ങിയ ടിക്കറ്റാണു ഭാഗ്യം സമ്മാനിച്ചത്.

തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോ​ഗം: മനുഷ്യരിലേക്ക് പടരാതിരിക്കാൻ മുൻകരുതൽ

തിരുവനന്തപുരം മൃഗശാലയിൽ ക്ഷയരോ​ഗം: മനുഷ്യരിലേക്ക് പടരാതിരിക്കാൻ മുൻകരുതൽ

തിരുവനന്തപുരം: തിരുവനന്തപുരം മൃ​ഗശാലയിൽ മൃ​ഗങ്ങൾ ചത്തൊടുങ്ങുന്നതിന് കാരണം ക്ഷയരോ​ഗമെന്ന് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മൃഗശാലയിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ്. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
മൃ​ഗശാലയിലെ കൃഷ്ണമൃഗങ്ങളും മാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം മൂലമാണെന്നാണ് സ്ഥിരീകരിച്ചത്.

കൂടുതൽ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതർ. രോഗബാധയുള്ളവയെ കൂട്ടത്തിൽ നിന്ന് മാറ്റി പരിചരിക്കാനും നിർദേശമുണ്ട്. അഞ്ച് ദിവസത്തിനകം മന്ത്രിയ്‌ക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് റിപ്പോർട്ടിന് അനുസരിച്ചാണ് നടപടികൾ സ്വീകരിക്കുക. മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.