വർക്കലയിൽ ഹോട്ടലിന് തീപിടിച്ചു

വർക്കലയിൽ ഹോട്ടലിന് തീപിടിച്ചു

വർക്കലയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
വർക്കലക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന എലിഫന്റ് ഇറ്റെറി എന്ന സ്ഥാനത്തിനാണ് തീ പിടിച്ചത്. റസ്റ്റോറന്റ് ന്റെ ഗ്രിൽഡ് ചിക്കൻ പാകം ചെയ്യുന്ന സ്ഥലത്ത് നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു എന്നാണ് സ്ഥാപനത്തിലെ സ്റ്റാഫുകൾ നൽകുന്ന വിവരം.
ചെറിയ തോതിൽ പടർന്ന തീ എക്‌സ്ഹോസ്റ്റ് പൈപ്പിന്റെ ഭാഗത്തേക്ക് പടരുകയായിരുന്നു. ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും വെളിയിലേക്ക് ഓടി മാറുകയായിരുന്നു. വർക്കല ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. മറ്റ് അപായങ്ങൾ ഒന്നും തന്നെയില്ല.

ലൈഫ് മിഷന്‍ കോഴ: സ്വപ്‍ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ഇഡി നോട്ടീസ് നൽകി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടീസ്. സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്കാണ് ചോദ്യംചെയ്യല്‍. മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.

ബജറ്റ് സമ്മേളനത്തിന് തുടക്കം; ഗവർണർ നയപ്രഖ്യാപനം നടത്തുന്നു

ബജറ്റ് സമ്മേളനത്തിന് തുടക്കം; ഗവർണർ നയപ്രഖ്യാപനം നടത്തുന്നു

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കമിട്ടത്. സുസ്ഥിര വികസന സൂചികകളില്‍ കേരളം മുന്നിലാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം പതിനേഴ് ശതമാനം വളര്‍ച്ച നേടിയെന്നും ഗവര്‍ണര്‍ പറഞ്ഞു. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിനാണ് തുടക്കമായത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. രാവിലെ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലേക്ക് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും ചേര്‍ന്ന് സ്വീകരിച്ചു.

സര്‍ക്കാര്‍-ഗവര്‍ണര്‍ ഭായ് ഭായ് എന്നു വിളിച്ച് പ്രതിപക്ഷം പരിഹസിച്ചു. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് അയഞ്ഞതോടെയാണ്, ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ സഭാസമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ സമര്‍പ്പിച്ച നയപ്രഖ്യാപന പ്രസംഗം മാറ്റങ്ങളൊന്നും നിര്‍ദേശിക്കാതെ ഗവര്‍ണര്‍ നേരത്തെ അംഗീകരിച്ചിരുന്നു.

ആറ്റിങ്ങലിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു

ആറ്റിങ്ങലിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ വാഹനാപകടം, ഒരാൾ മരണപ്പെട്ടു. ഇരുചക്രവാഹന യാത്രക്കാരനാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം ആയിരുന്നു അപകടം നടന്നത്. ഇരുചക്രവാഹന യാത്രക്കാരൻ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. പൂവൻപാറയിൽ വച്ച് ഇരുചക്രവാഹന യാത്രികൻ സ്കൂൾ ബസ്സിനെ മറി കടക്കാൻ ശ്രമിയ്ക്കവേ നിയന്ത്രണം വിട്ട് ബസിനടിയിൽപെടുകയായിരുന്നു. വഞ്ചിയൂർ സ്വദേശി സുഗതൻ (റിട്ടയേർഡ് പോസ്റ്റ്മാൻ) (60) ആണ് മരണപ്പെട്ടത്.

സംസ്ഥാനത്തിന്റെ വികസന നേട്ടത്തെ പ്രശംസിച്ച് ഗവര്‍ണര്‍; ഭായ്-ഭായ് ബന്ധമെന്ന് പ്രതിപക്ഷം

സംസ്ഥാനത്തിന്റെ വികസന നേട്ടത്തെ പ്രശംസിച്ച് ഗവര്‍ണര്‍; ഭായ്-ഭായ് ബന്ധമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ എട്ടാംസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ തുടങ്ങി. രാവിലെ ഒന്‍പതോടെ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ നിയമസഭയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്ന് സഭാ കവാടത്തില്‍ ഗവണര്‍റെ സ്വീകരിച്ചു. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ നയപ്രഖ്യാപനം ഗവര്‍ണര്‍ ആരംഭിച്ചത് മുതല്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ഗവര്‍ണര്‍ സര്‍ക്കാര്‍ ഭായ്-ഭായ് എന്ന് മുദ്രാവാക്യം വിളിച്ചു. കേന്ദ്രത്തിനെതിരായ വിമര്‍ശനം നയപ്രഖ്യാപനത്തില്‍ മയപ്പെടുത്തിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിച്ചു. പ്ലക്കാര്‍ഡുകളുയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു.

ബജറ്റ് സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. 33 ദിവസമാണ് സമ്മേളനം.ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ആറുമുതല്‍ എട്ടുവരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ 2023-24 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവെച്ചിട്ടുണ്ട്. ബജറ്റിനെക്കുറിച്ചുള്ള രണ്ട് ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കേണ്ടതുണ്ട്.

എംഡിഎംഎയും ലഹരി ഗുളികളുമായി രണ്ടുപേർ അറസ്റ്റിൽ

എംഡിഎംഎയും ലഹരി ഗുളികളുമായി രണ്ടുപേർ അറസ്റ്റിൽ

കഴക്കൂട്ടം: മാരക മയക്കുമരുന്നായ എം ഡി എം എ യും ലഹരി ഗുളികളുമായി രണ്ടുപേർ പിടിയിൽ. കഴക്കൂട്ടം പോലീസാണ് പ്രതികളെ പിടികൂടിയത്. ഞാണ്ടൂർകോണം അംബേക്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ (32), ശ്രീകാര്യം കല്ലമ്പള്ളി സൂര്യ ഭവനിൽ അരുൺ (32) എന്നിവരാണ് പിടിയിലായത്. കച്ചവടം നടത്തുന്നതിന് വേണ്ടി ഓട്ടോയിൽ കടത്തുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികളിൽ നിന്നും 65 ഗ്രാം എം ഡി എം എയും ലഹരി ഗുളികളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പോലീസ് കണ്ടെടുത്തു.

ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും രണ്ടാം പ്രതിയുടെ ഓട്ടോയിൽ നിന്നുമാണ് എംഡിഎംഎ പിടികൂടിയത്. ലഹരി കടത്താൻ ഉപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അബേദ്ക്കർ നഗർ കോളനിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. എസ് ഐ മാരായ തുളസീധരൻ നായർ, മിഥുൻ, സി പി ഒ മാരായ അരുൺ രാജ്, പ്രഭിൻ, വിജേഷ്, ചിന്നു, അൻവർഷാ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.