മലൈക്കോട്ടൈ വാലിബന് രാജസ്ഥാനിൽ സ്വിച്ച് ഓൺ; ചിത്രങ്ങളുമായി മോഹൻലാൽ

മലൈക്കോട്ടൈ വാലിബന് രാജസ്ഥാനിൽ സ്വിച്ച് ഓൺ; ചിത്രങ്ങളുമായി മോഹൻലാൽ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോ​ഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മലൈക്കോട്ടൈ വാലിബനെക്കുറിച്ചറിയാൻ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നവരോട്, ഞങ്ങൾ ഇന്ന് തുടങ്ങി.- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് തുടക്കമായത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ഇന്ന് രാവിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്നു.

ചടങ്ങില്‍ മോഹന്‍ലാല്‍,ലിജോ ജോസ് പെല്ലിശ്ശേരി, മറ്റു താരങ്ങള്‍, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പിഎസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.

കോടീശ്വരനായ വജ്രവ്യാപാരിയുടെ മകള്‍; 9 വയസ്സുകാരി സന്യാസം സ്വീകരിച്ചു, അപൂര്‍വ്വ സംഭവം ഗുജറാത്തില്‍

കോടീശ്വരനായ വജ്രവ്യാപാരിയുടെ മകള്‍; 9 വയസ്സുകാരി സന്യാസം സ്വീകരിച്ചു, അപൂര്‍വ്വ സംഭവം ഗുജറാത്തില്‍

ഗുജറാത്തിലെ ധനികനായ വജ്രവ്യാപാരിയുടെ 9 വയസ്സുകാരി മകള്‍ സന്യാസം സ്വീകരിച്ചു. വ്യാപാരിയായ ധനേഷിന്റെയും അമി സാംഘ്‌വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ ദേവാന്‍ഷിയാണ് സന്യാസം സ്വീകരിച്ചത്. ജൈന സന്യാസി ആചാര്യ വിജയ് കൃത്യഷൂരിയില്‍ നിന്നാണ് ദേവാന്‍ഷി ദീക്ഷ സ്വീകരിച്ചത്. സൂറത്തിലെ വേസുവില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

ഗുജറാത്തിലെ പ്രധാനപ്പെട്ട വജ്രവ്യാപാര സ്ഥാപനമായ സാംഘ്‌വി ആന്റ് സണ്‍സിന്റെ നിലവിലെ മേധാവിയാണ് ധനേഷ്. ദീക്ഷ സ്വീകരിച്ചതോടെ, പെണ്‍കുട്ടി ധനിക കുടുംബത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കും. ചെറുപ്രായത്തില്‍ തന്നെ സന്യാസത്തോട് അടുപ്പം പുലര്‍ത്തിയ ദേവാന്‍ഷി, സന്യാസിമാരോടൊപ്പം 700 കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. അഞ്ച് ഭാഷകള്‍ ദേവാന്‍ഷി കൈകാര്യം ചെയ്യും.

ദേവാന്‍ഷി ദീക്ഷ സ്വീകരിക്കുന്നതിന് മുന്‍പ് ചൊവ്വാഴ്ച ബന്ധുക്കള്‍ നഗരത്തില്‍ ഘോഷയാത്ര നടത്തി. ബെല്‍ജിയത്തിലും സമാനമായ രീതിയില്‍ ഘോഷയാത്ര നടത്തിയതായി ദേവാന്‍ഷിയുടെ ബന്ധു നീരവ് ഷാ പറഞ്ഞു. ഗുജറാത്തിലെ ചില ജൈന വിഭാഗക്കാരായ വജ്ര വ്യാപാരികള്‍ക്ക് ബെല്‍ജിയവുമായി അടുത്ത ബന്ധമാണുള്ളത്. ഇതിനാലാണ് ബെല്‍ജിയത്തില്‍ ഷോഷയാത്ര സംഘടിപ്പിച്ചത്.

വിഭിന്ന ശേഷി കുട്ടികൾക്കായി എക്സ്പോഷർ ട്രിപ്പ് സംഘടിപ്പിച്ചു

വിഭിന്ന ശേഷി കുട്ടികൾക്കായി എക്സ്പോഷർ ട്രിപ്പ് സംഘടിപ്പിച്ചു

കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂർ എക്സ്പോഷർ ട്രിപ്പ് സംഘടിപ്പിച്ചു. വിക്രം സാരാഭായി സ്പെയ്‌സ് സെന്ററിൽ റോക്കറ്റ് വിക്ഷേപണം, വേളി ടൂറിസ്റ്റ് വില്ലേജ്, പ്രിയദർശിനി പ്ലാനിറ്റോറിയം എന്നിവിടങ്ങൾ സന്ദർശിച്ചു. ബ്ലോക്ക് പരിധിയിലെ 30 വിഭിന്ന ശേഷി കുട്ടികൾക്കായാണ് ട്രിപ്പ് സംഘടിപ്പിച്ചത്. പ്ലാനിറ്റോറിയത്തിൽ കുട്ടികൾക്ക് സൗജന്യമായി പ്രത്യേക ഷോ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി ആർ പ്രോഗ്രാമിന് നേതൃത്വം നൽകി. ഉൾച്ചേർക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് എല്ലാവർഷവും കുട്ടികൾക്ക് എക്സ്പോഷർ വിസിറ്റ് നടത്തുന്നത്. കഴിഞ്ഞ വർഷം കുട്ടികൾക്കായി ട്രെയിൻ യാത്ര സംഘടിപ്പിച്ചിരുന്നു. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കടക്കം പുത്തൻ ആശയങ്ങൾ സമ്മാനിക്കുന്നതായിരുന്നു യാത്ര . രക്ഷകർത്താക്കൾ, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ എന്നിവർ പങ്കെടുത്തു.

ഗില്ലിന് ഇരട്ട സെഞ്ച്വറി;  ന്യൂസിലന്‍ഡിന് വിജയലക്ഷ്യം 350

ഗില്ലിന് ഇരട്ട സെഞ്ച്വറി; ന്യൂസിലന്‍ഡിന് വിജയലക്ഷ്യം 350

ഹൈദരബാദ്‌: ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന് ഇരട്ടസെഞ്ച്വറി. 146 പന്തില്‍ നിന്നാണ് ഗില്ലിന്റെ നേട്ടം. ഇതോടെ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി ഗില്‍. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരവും ഗില്ലാണ്.

19 ഫോറുകളും ഒന്‍പത് സിക്‌സും ഗില്‍ ബൗണ്ടറി കടത്തി. ശീലങ്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിനത്തിലും ഗില്‍ സെഞ്ചറി നേടിയിരുന്നു. മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. 149 പന്തില്‍ നിന്ന് ഗില്‍ നേടിയത് 208 റണ്‍സാണ്

ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (38 പന്തില്‍ 34), വിരാട് കോലി (10 പന്തില്‍ എട്ട്), ഇഷാന്‍ കിഷന്‍ (14 പന്തില്‍ അഞ്ച്), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 31) എന്നിവരാണു പുറത്തായത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്കു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് രോഹിതും ഗില്ലും ചേര്‍ന്നു കൂട്ടിച്ചേര്‍ത്തു. ബ്ലെയര്‍ ടിക്‌നറിന്റെ പന്തില്‍ ഡാരില്‍ മിച്ചല്‍ ക്യാച്ചെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പുറത്താകല്‍. കോലിയും ഇഷാനും നിരാശപ്പെടുത്തി.

കോലി മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ബോള്‍ഡായപ്പോള്‍, ഇഷാന്‍ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാതം ക്യാച്ചെടുത്തു പുറത്തായി. നാലു ബൗണ്ടറുകളോടെ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് ഡാരില്‍ മിച്ചലിനാണ്. മിച്ചല്‍ സാന്റ്‌നര്‍ ക്യാച്ചെടുത്താണു സൂര്യയെ പുറത്താക്കിയത്.

ഹാര്‍ദിക് പാണ്ഡ്യ (28) വാഷിങ്ടണ്‍ സുന്ദര്‍ (12) ശാര്‍ദുല്‍ താക്കൂര്‍ (3) പുറത്താകാതെ കുല്‍ദീപ് യാദവ് അഞ്ചും മുഹമ്മദ് ഷമി 2 റണ്‍സും നേടി

കോട്ടയത്ത് കാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കാറിന്‍റെ ഡ്രൈവർ അറസ്റ്റിൽ

കോട്ടയത്ത് കാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കാറിന്‍റെ ഡ്രൈവർ അറസ്റ്റിൽ

കോട്ടയം: കോട്ടയം പാലായിൽ കാൽനട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൂഞ്ഞാർ തെക്കേക്കര സ്വദേശി നോർബർട്ട് ജോർജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. വിമുക്തഭടനായ നോർബർട്ട് പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്. കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലറ സ്വദേശിനി സ്നേഹ ഓമനക്കുട്ടൻ എന്ന യുവതിയെ പാലാ മരിയൻ ആശുപത്രിക്ക് സമീപത്ത് വച്ചാണ് നോർബർട്ടിന്‍റെ കാർ ഇടിച്ചത്. യുവതി റോഡ് മുറിച്ചുകടക്കുമ്പോൾ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്നേഹ റോഡിലേക്ക് തെറിച്ച് വീണെങ്കിലും നോർബർട്ട് കാർ നിർത്താൻ കൂട്ടാക്കിയില്ല. കൈയ്ക്ക് പൊട്ടലേറ്റ സ്നേഹ പിന്നീട് പൊലീസിൽ പരാതി നൽകി. ആദ്യ ഘട്ടത്തിൽ പരാതി പൊലീസ് കാര്യമായെടുത്തില്ലെങ്കിലും മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനം കണ്ടെത്തുകയായിരുന്നു.

സൗജന്യ തൊഴിൽ പരിശീലനം

സൗജന്യ തൊഴിൽ പരിശീലനം

സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന വെയർഹൗസ് സൂപ്പർവൈസർ, സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  തിരുവനന്തപുരം നഗരസഭ പരിധിയിലുളള ഡിഗ്രി പാസ്സായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പരിശീനം പൂർത്തിയാക്കുന്നവർക്ക് അതത് മേഖലകളിൽ നിയമനം ലഭിക്കുന്ന രീതിയിലാണ് കോഴ്‌സ്. കൂടുതൽ വിവരങ്ങൾക്ക്: 7025335444, 9995928899.