‘ഷവർമ്മ മാർഗനിർദേശം’ കാറ്റിൽ പറത്തി ഹോട്ടലുകൾ, അനുമതിയില്ലാത്ത തട്ടുകടകൾ

‘ഷവർമ്മ മാർഗനിർദേശം’ കാറ്റിൽ പറത്തി ഹോട്ടലുകൾ, അനുമതിയില്ലാത്ത തട്ടുകടകൾ

തിരുവനന്തപുരം: പ്രഖ്യാപനങ്ങൾക്കപ്പുറം, തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാത്തതാണ് ഹോട്ടൽ ഭക്ഷണം സുരക്ഷിതമാക്കുന്നതിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തിരിച്ചടി. ചെറുവത്തൂരിലെ ദേവനന്ദയുടെ മരണശേഷം പുറത്തിറക്കിയ ‘ഷവർമ്മ മാർഗനിർദേശം’ പലരും മറന്ന സ്ഥിതിയിലാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലാതെ തന്നെ ഭക്ഷണം കൈകാര്യം ചെയ്യുന്ന കടകൾക്ക് ലൈസൻസും രജിസ്ട്രേഷനും ലഭിക്കുന്ന സ്ഥിതിക്കും മാറ്റമില്ല.

ഹെയർ ക്യാപ്പുണ്ട്. പക്ഷെ കൈയിൽ ഗ്ലൗസില്ല. ഷവർമ്മ സ്റ്റാൻഡിൽ നിന്ന് അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണമെന്നാണ്, അതുണ്ടായില്ല. ഇത് തലസ്ഥാനത്തെ ഒരു ഷവർമ്മ കടയിൽ നിന്ന് നേരിട്ട് പാഴ്സൽ വാങ്ങിയപ്പോഴുള്ള സാധാരണ കാഴ്ച്ച. പാഴ്സൽ വാങ്ങുകയാണെങ്കിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഷവർമ്മ ഉണ്ടാക്കിയ സമയം, തിയതി എന്നീ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തണം എന്നായിരുന്നു മറ്റൊരു മാർഗനിർദേശം.

ഇതാണ് ഷവർമ്മയ്ക്ക് മാത്രമായി പുറത്തിറക്കിയ മാർഗനിർദേശത്തിന്റെ സ്ഥിതി. കടകൾക്ക് പ്രവർത്തിക്കാാനുള്ള ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയ്ക്ക് മുന്നോടിയായുള്ള പരിശോധനകളാണ് മറ്റൊന്ന്. അനുമതി നൽകും മുൻപ് എല്ലായിടത്തും പരിശോധനയ്ക്കെത്താൻ സംവിധാനങ്ങളില്ലാത്തതിനാൽ എണ്ണ, മാംസം, പാൽ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ കാര്യത്തിൽ മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസൻസിന് മുൻപ് നിർബന്ധിത പരിശോധന നടത്തുന്നത്. ബാക്കിയുള്ളവ തദ്ദേശസ്ഥാപനങ്ങളുടെ പരിശോധന കഴിഞ്ഞ്, നിശ്ചിത സമയം കഴി‍ഞ്ഞാൽ അനുമതി കിട്ടിയതായി കണക്കാക്കി പ്രവർത്തനം തുടങ്ങുകയാണ്. തട്ടുകടകളാകട്ടെ രജിസ്ട്രേഷൻ ഉപയോഗിച്ചാണ് പ്രവർത്തനം. ഇവയെ കൂടുതൽ ഗൗരവമുള്ള തരത്തിൽ ലൈസൻസിന് കീഴിൽ കൊണ്ടുവരാൻ ശ്രമം നടക്കുന്നതേ ഉള്ളൂ. എല്ലാത്തിനും പുറമെ ഇതൊന്നും എടുക്കാത്തവർ വേറെയും.

അതായത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം സുരക്ഷിത ഭക്ഷണം കഴിക്കാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വരും. തിരുവനന്തപുരം നഗരസഭാ പരിധിയിൽ മാത്രം 47 തട്ടുകടകളും ഹോട്ടലുകളുമാണ് അനുമതിയില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത് എന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഒരു തവണ നോട്ടീസ് നൽകിയിട്ടും വീണ്ടും ലൈസൻസെടുക്കാൻ തയാറാകാതിരുന്ന 8 കടകൾക്ക് വീണ്ടും നോട്ടീസ് നൽകേണ്ടി വന്നു. അപകടങ്ങൾ ആവർത്തിക്കുമ്പോഴും അനുമതി പോലും നേടാതെ പ്രവർത്തിക്കുന്നവ ഇനിയും ചുറ്റുമുണ്ടെന്ന് ചുരുക്കം.

കലോത്സവ സ്വാഗത ഗാനത്തിലെ വിവാദ ചിത്രീകരണം; നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

കലോത്സവ സ്വാഗത ഗാനത്തിലെ വിവാദ ചിത്രീകരണം; നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

കോഴിക്കോട്: കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്ക്കാരം വിവാദമായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കണമെന്നുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം.

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിനെതിരെ മുസ്ലിം ലീ​ഗ് രം​ഗത്തെത്തിയിരുന്നു. മുസ്ലിം വേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചെന്നാണ് ആക്ഷേപം. മുജാഹിദ് സമ്മേളനത്തിൽ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് മുഖ്യമന്ത്രി കയ്യടി വാങ്ങി. ഇതേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കി എന്ന് മുൻ വി​ദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ആരോപിച്ചു. സ്വാഗതഗാനം തയ്യാറാക്കിയതിൽ സൂക്ഷ്മതയുണ്ടായില്ലെന്നുമാണ് ആരോപണം. സാഹോദര്യവും മതമൈത്രിയും ദേശസ്നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്നായിരുന്നു കെപിഎ മജീദിന്റെ വിമർശനം.

ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്‌ഫോടനം വലുതായിരിക്കും. മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടതെന്നും മജീദ് കുറ്റപ്പെടുത്തിയിരുന്നു.

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ

നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ

നടി മോളി കണ്ണമാലി ​ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ​ഗൗതം ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്. ബി​ഗ് ബോസ് താരവും സാമൂഹിക പ്രവർത്തകയുമായ ദിയ സനയാണ് വിവരം പുറത്തുവിട്ടത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയയുടെ കുറിപ്പ്

“മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിൾ പേ നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648 സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ!!”, ആശുപത്രിയിൽ നിന്നുള്ള ചിത്രം സഹിതം ദിയ ഫേയ്സ്ബുക്കിൽ കുറിച്ചു.

സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ബി​ഗ് സ്ക്രീനിലേക്കെത്തിയ മോളി പിന്നീട് അന്നയും റസൂലും, അമർ അക്ബർ അന്തോണി, ദ ഗ്രേറ്റ് ഫാദർ, കേരള കഫെ, ചാപ്പ കുരിശ്, ചാർലി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തിൽ മോളി അഭിനയിക്കുന്നു എന്നതാണ് നടിയെക്കുറിച്ച് ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം.

യേശുദാസിന് ഇന്ന് 83ാം പിറന്നാള്‍; കൊച്ചിയില്‍ വിപുലമായ ആഘോഷം

യേശുദാസിന് ഇന്ന് 83ാം പിറന്നാള്‍; കൊച്ചിയില്‍ വിപുലമായ ആഘോഷം

ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് ഇന്ന് 83 വയസ്. ജന്മദിനാഘോഷം ഇത്തവണ കൊച്ചിയില്‍ നടക്കും. ഇക്കുറി കൊല്ലൂരില്‍ ആഘോഷങ്ങളില്ല. വര്‍ഷങ്ങളായി കൊല്ലൂരിലാണ് യേശുദാസ് പിറന്നാള്‍ ആഘോഷിച്ചിരുന്നത്. മമ്മൂട്ടി, മന്ത്രി പി രാജീവ്, ഗായകര്‍, ഗാനരചയിതാക്കാളുടെ നേതൃത്വത്തിലാണ് കൊച്ചിയിലെ ആഘോഷങ്ങള്‍.
യേശുദാസിന്റെ ആയുരാരോഗ്യത്തിനായി സുഹൃത്തുക്കള്‍ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നടത്തി. അദ്ദേഹത്തിന്റെ ജന്മദിനം സുഹൃത്തുക്കള്‍ക്കുള്ളതാണെന്ന് യേശുദാസിന്റെ അടുത്ത ചങ്ങാതിയായ ചേര്‍ത്തല ഗോവിന്ദന്‍ കുട്ടി പറഞ്ഞു. ജന്മദിനത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഗീതമാണ് യേശുദാസിന്റെ ശ്വാസം. അദ്ദേഹം മിക്കാവാറും എല്ലാ ദിവസങ്ങളിലും എന്നെ വിളിക്കുകയും സംഗീതത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. അദ്ദേഹം ഒരുരാഗം പാടി എന്നോട് പാടാന്‍ ആവശ്യപ്പെടും. ഇത്രയും വലിയ ഗായകന്റെ സുഹൃത്ത് ആവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും ഗോവിന്ദന്‍ കുട്ടി പറഞ്ഞു.

തൃപ്പൂണിത്തുറയിലെ ആര്‍എല്‍വി മ്യൂസിക് അക്കാദമിയില്‍ വച്ചാണ് യേശുദാസിനെ കണ്ടുമുട്ടിയത്. 1960ല്‍ ഫസ്റ്റ് ക്ലാസോടെ ബിരുദം നേടിയ ശേഷം താന്‍ അവിടുത്തെ അധ്യാപകനായി. യേശുദാസ് ഗായകനായി തന്റെ ജോലി തുടര്‍ന്നു. ‘ആര്‍എല്‍വിയില്‍ ഏഴ് പുരുഷന്മാരും 15 സ്ത്രീകളും വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഞാനും യേശുദാസും മാത്രം അവശേഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

പാടിവട്ടം അസീസിയ കണ്‍വന്‍ഷന്‍ സെന്ററിലെ പരിപാടിയില്‍ യേശുദാസ് ഓണ്‍ലൈനായി പങ്കെടുക്കും. ലഹരിവിരുദ്ധ സന്ദേശവും നല്‍കും. യേശുദാസിന്റെ പുതിയ ആല്‍ബം ‘തനിച്ചൊന്നു കാണാന്‍’ 10ന് നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്യും. 11നു സംഗീത, സാഹിത്യ, സിനിമ, രാഷ്ട്രീയ മേഖലകളിലുള്ളവര്‍, യേശുദാസിന്റെ സഹപാഠികള്‍, സഹകലാകാരന്മാര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചേര്‍ന്നു കേക്കു മുറിക്കും. തുടര്‍ന്നു ഗായക സംഘടനയായ ‘സമ’ത്തിന്റെ നേതൃത്വത്തില്‍ എം.ജി.ശ്രീകുമാര്‍, ഉണ്ണി മേനോന്‍, വിജയ് യേശുദാസ്, സുദീപ്കുമാര്‍ എന്നിവര്‍ നയിക്കുന്ന ആശംസാ ഗീതാഞ്ജലി. ഗാനരചയിതാക്കളായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ആര്‍.കെ.ദാമോദരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഷിബു ചക്രവര്‍ത്തി, സംഗീത സംവിധായകരായ വിദ്യാധരന്‍, ബേണി ഇഗ്‌നേഷ്യസ്, ശരത്, ടിഎസ് രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിറന്നാള്‍ മംഗളം. ലീന്‍ തോബിയാസ് പകര്‍ത്തിയ 83 യേശുദാസ് ചിത്രങ്ങളുടെ പ്രദര്‍ശനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ വയോജന കേന്ദ്രത്തിലുള്ളവര്‍ക്കും അതിഥികള്‍ക്കും യേശുദാസ് അക്കാദമി അംഗങ്ങള്‍ക്കുമായി സദ്യയൊരുക്കും

നാലാം ശനി അവധി; ആശ്രിത നിയമനം പരിമിതപ്പെടുത്തല്‍

നാലാം ശനി അവധി; ആശ്രിത നിയമനം പരിമിതപ്പെടുത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നതും, സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാസത്തിലെ നാലാം ശനി അവധി നല്‍കുന്നതും ഇന്ന് ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി വി പി ജോയി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സര്‍വീസ് സംഘടനകളുടെ പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.

ആശ്രിത നിയമനം അഞ്ചു ശതമാനമായി പരിമിതപ്പെടുത്താനാണ് ആലോചന. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ യോഗ്യതയുള്ള ഒരാള്‍ ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെന്നു സമ്മതപത്രം കൊടുത്താല്‍ മാത്രം നിയമനം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. നിയമനം നല്‍കാത്തവര്‍ക്ക് പത്തുലക്ഷം രൂപ ആശ്രിത ധനം നല്‍കാനാണ് ആലോചിക്കുന്നത്. ആശ്രിത ധനം കൈപ്പറ്റുന്നവര്‍ക്ക് പിന്നീട് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരുന്നവയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം ആലോചിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നതും സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റമുണ്ടാകും. നാലാം ശനി അവധിയാക്കിയാല്‍ മറ്റു പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയാകും.

അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ സ്‌കലോനി മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു

അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ സ്‌കലോനി മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു

അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ സ്‌കലോനിയെ മികച്ച പരിശീലകനായി തെരഞ്ഞെടുത്തു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സാണ് സ്‌കലോണിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 44 വയസുള്ളപ്പോള്‍ അര്‍ജന്‍റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച സ്‌കലോണിക്ക് 240 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഫ്രഞ്ച് പരിശീലകന്‍ ദെഷാമിന് 45 വോട്ടുകളേയുള്ളൂ.

മൊറോക്കോയെ ലോകകപ്പില്‍ നാലാം സ്ഥാനത്ത് എത്തിച്ച വാലിദ് റെഗ്റാഗി 30 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. റഷ്യന്‍ ലോകകപ്പിന് പിന്നാലെ 2018 ൽ പുറത്താക്കപ്പെട്ട ജോർജ് സാംപാളിക്ക് പകരം അർജന്‍റൈ ടീമിന്‍റെ താത്കാലിക പരിശീലകനായി നിയമിക്കപ്പെടുമ്പോൾ സ്‌കലോണിയുടെ പ്രായം നാൽപത് മാത്രമായിരുന്നു.

അര്‍ജന്‍റീനയെ തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയമറിയാതെ പരിശീലിപ്പിച്ച റെക്കോര്‍ഡും സ്‌കലോണിക്കുണ്ട്. 2021ല്‍ കോപ്പ അമേരിക്ക കിരീടവും ടീമിന് സമ്മാനിച്ചു. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തിയത്.