by Midhun HP News | Jan 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നതും, സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മാസത്തിലെ നാലാം ശനി അവധി നല്‍കുന്നതും ഇന്ന് ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി വി പി ജോയി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സര്‍വീസ് സംഘടനകളുടെ പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.
ആശ്രിത നിയമനം അഞ്ചു ശതമാനമായി പരിമിതപ്പെടുത്താനാണ് ആലോചന. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ യോഗ്യതയുള്ള ഒരാള്‍ ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെന്നു സമ്മതപത്രം കൊടുത്താല്‍ മാത്രം നിയമനം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. നിയമനം നല്‍കാത്തവര്‍ക്ക് പത്തുലക്ഷം രൂപ ആശ്രിത ധനം നല്‍കാനാണ് ആലോചിക്കുന്നത്. ആശ്രിത ധനം കൈപ്പറ്റുന്നവര്‍ക്ക് പിന്നീട് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരുന്നവയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം ആലോചിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നതും സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റമുണ്ടാകും. നാലാം ശനി അവധിയാക്കിയാല്‍ മറ്റു പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയാകും.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ സ്‌കലോനിയെ മികച്ച പരിശീലകനായി തെരഞ്ഞെടുത്തു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സാണ് സ്‌കലോണിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 44 വയസുള്ളപ്പോള്‍ അര്‍ജന്‍റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച സ്‌കലോണിക്ക് 240 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഫ്രഞ്ച് പരിശീലകന്‍ ദെഷാമിന് 45 വോട്ടുകളേയുള്ളൂ.

മൊറോക്കോയെ ലോകകപ്പില്‍ നാലാം സ്ഥാനത്ത് എത്തിച്ച വാലിദ് റെഗ്റാഗി 30 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. റഷ്യന്‍ ലോകകപ്പിന് പിന്നാലെ 2018 ൽ പുറത്താക്കപ്പെട്ട ജോർജ് സാംപാളിക്ക് പകരം അർജന്‍റൈ ടീമിന്‍റെ താത്കാലിക പരിശീലകനായി നിയമിക്കപ്പെടുമ്പോൾ സ്‌കലോണിയുടെ പ്രായം നാൽപത് മാത്രമായിരുന്നു.
അര്‍ജന്‍റീനയെ തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയമറിയാതെ പരിശീലിപ്പിച്ച റെക്കോര്‍ഡും സ്‌കലോണിക്കുണ്ട്. 2021ല്‍ കോപ്പ അമേരിക്ക കിരീടവും ടീമിന് സമ്മാനിച്ചു. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്താണ് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തിയത്.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃകയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോണ്‍ഫറന്‍സിലാണ് ആരോഗ്യ മേഖലയിലെ പുതിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചത്. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗം നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന നവീന ആരോഗ്യ പദ്ധതികളായ ജീവിതശൈലീ രോഗ നിര്‍ണയ കാമ്പയിന്‍, ഗുരുതര ശ്വാസകോശ രോഗങ്ങള്‍ക്കായുള്ള ശ്വാസ് പദ്ധതി, നേത്രപടല അന്ധത കണ്ടെത്തുന്നതിനുള്ള റെറ്റിനോപ്പതി പദ്ധതി, സാന്ത്വന ചികിത്സാ പദ്ധതി, നവജാത ശിശുക്കളിലെ സ്‌ക്രീനിംഗ്, ഹബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ലാബ് സിസ്റ്റം തുടങ്ങിയ പദ്ധതികള്‍ രാജ്യത്താകമാനം മാതൃകയാകുമെന്ന് യോഗം വിലയിരുത്തി. ‘ജീവിതശൈലീ രോഗങ്ങളും പോഷകാഹാരങ്ങളും’ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചു.

ജീവിതശൈലീ രോഗങ്ങളും അവ നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അവലംബിച്ചു വരുന്ന പുതിയ പദ്ധതികള്‍, നയപരമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പുതിയ നേട്ടങ്ങള്‍ എന്നിവ സംബന്ധിച്ചും അവതരണം നടത്തി. പോഷകാഹാരത്തിന്റെ കുറവ് കൊണ്ടും കൂടുതല്‍ കൊണ്ടും കേരളത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍, അവയുടെ പരിഹാരങ്ങള്‍, അവ നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നയപരമായും അല്ലാതെയുമായി നടപ്പിലാക്കുന്ന പരിശോധനകള്‍, പരിപാടികള്‍ എന്നിവയും എടുത്തു പറയാനായി. കാന്‍സര്‍ കെയര്‍, ആന്റി മൈക്രോബയല്‍ റെസിസ്റ്റന്‍സ് സര്‍വയലന്‍സ്, മെറ്റബോളിക് സ്‌ക്രീനിംഗ്, സാംക്രമിക രോഗ സ്ഥിരീകരണം, ക്ഷയരോഗ നിര്‍ണയം, ഔട്ട്‌ബ്രേക്ക് റസ്‌പോണ്‍സ് ലാബ് സിസ്റ്റം എന്നിവയ്ക്ക് വേണ്ടി ജില്ലകളില്‍ ഹബ് ആന്റ് സ്‌പോക്ക് മാതൃകയിലുള്ള ലാബ് സിസ്റ്റവും തയ്യാറാക്കി വരുന്നു.
ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 60 ലക്ഷത്തോളം ആള്‍ക്കാരെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ഇതിലൂടെ കാന്‍സര്‍ രോഗ സാധ്യത കണ്ടെത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. കുട്ടികളുടെ ആരോഗ്യ സ്‌ക്രീനിംഗിനായി ശലഭം, ഹൃദ്യം പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഹൃദ്യം പദ്ധതി വഴി 5,200ലധികം പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായെന്നും മന്ത്രി വ്യക്തമാക്കി.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് വീണ്ടും മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് മാര്‍ഗ നിര്‍ദേശം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ പര്‍വതീകരിക്കുന്ന ദ്യശ്യങ്ങൾ, അധ്യാപകര്‍ കുട്ടികളെ മര്‍ദിക്കുന്നത് പോലെയുള്ളവ ഉൾപ്പടെ സംപ്രക്ഷേപണം ചെയ്യരുതെന്നാണ് നിര്‍ദേശം. മുന്‍പ് നിര്‍ദേശിച്ച കോഡുകള്‍ക്ക് അനുസൃതമായി വേണം വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യാനെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അപകട വാര്‍ത്തകളും കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നല്ല സൂക്ഷ്മത പുലര്‍ത്തണം. മൃതദേഹങ്ങളുടെ ചിത്രങ്ങളും കുട്ടികളെ ഉപദ്രവിക്കുകയും വലിച്ചെറിയുകയും മറ്റും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഉപയോഗിക്കരുത്.
മൃതദേഹങ്ങളും ആളുകള്‍ അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച് കിടക്കുന്ന ചിത്രങ്ങളും ചില മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം പറയുന്നു. കുട്ടികളേയും സ്ത്രീകളേയും ആള്‍ക്കൂട്ടം ദയാരഹിതമായി മര്‍ദിക്കുന്ന ക്ലോസ് അപ് ദൃശ്യങ്ങളും പരുക്കേറ്റ ശരീരാവയവങ്ങള്‍ മാസ്‌ക് ചെയ്യാതെയും ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യരുത്. സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചട്ടങ്ങള്‍ക്ക് ബാധകമാണെന്ന് ഉറപ്പുവരുത്തി മാത്രം സംപ്രേക്ഷണം ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കേസ് ഡയറിയും മറ്റു രേഖകളും പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘത്തെ തീരുമാനിച്ചത്. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വർധിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച മ്യൂസിയം പൊലീസിന് വീഴ്ച പറ്റിയതായ വിമർശനങ്ങളും ശക്തമാണ്. നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല. നയന താമസിച്ചിരുന്ന വീടിന്റെ മുൻവാതിൽ അടച്ചിരുന്നുവെങ്കിലും ബാൽക്കണി വഴി ഒരാൾക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും അസി.കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു ആദ്യം അന്വേഷണം മ്യൂസിയം പോലീസിന്റെ നിരീക്ഷണം. നയനയുടെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും, ഇവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ അന്വേഷണമെത്തിയിരുന്നില്ല.
തുടർന്ന് മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നയനയുടെ സുഹൃത്തുക്കൾ രംഗത്ത് വരികയും കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നുമുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ കൂടിയത്. ഇതേ തുടർന്നാണ് അസി.കമ്മീഷണർ തുടരന്വേഷണ സാധ്യതയും ഇപ്പോൾ പരിശോധിച്ചത്. മാത്രമല്ല ചില നിർണായക വിവരങ്ങൾ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തൽ.
by Midhun HP News | Jan 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാറശാല • രോഗികളെ പരിശോധിക്കുന്നതിന് അവധി പ്രഖ്യാപിച്ച ഡോക്ടർമാരുടെ നടപടിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രിയുടെ ഉത്തരവ്. ചെങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചട്ടങ്ങൾ ലംഘിച്ച് ഡോക്ടർമാർ കൂട്ട അവധി എടുത്തതോടെ മെഡിക്കൽ ഒാഫീസർ ഇന്നലെ ഒപി പ്രവർത്തനം റദ്ദാക്കിയത്. ദിവസം മുന്നൂറോളം പേർ ചികിത്സ തേടി എത്തുന്ന ആശുപത്രിയിൽ രണ്ട് പിഎസ്‌സി ഡോക്ടർമാരും ഒരു എൻആർഎച്ച്എം ഡോക്ടറും നിലവിലുണ്ട്.ഇന്നലെ രാവിലെ രോഗികൾ എത്തിയപ്പോൾ ഇന്ന് ഒപി പ്രവർത്തനമില്ലെന്നു കാട്ടി ഗേറ്റിൽ ബോർഡ് ഒട്ടിച്ചിരുന്നു. ആശുപത്രിയിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ഡോക്ടർമാരുടെ കൂട്ട അവധിയാണ് ഒപി പ്രവർത്തനം റദ്ദാക്കിയതെന്ന് ആയിരുന്നു മറുപടി.
സംഭവം അറിഞ്ഞ് സിപിഎം ചെങ്കൽ എൽസി സെക്രട്ടറി കെ.എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ സമരം ആരംഭിച്ചതോടെ ഡിഎംഒ ഇടപെട്ട് ഉച്ചയ്ക്ക് 12.45 ഒാടെ പൂവാർ ആശുപത്രിയിൽ നിന്ന് ഒരു ഡോക്ടറെ ചെങ്കലിൽ എത്തിച്ച് രോഗികൾക്ക് ചികിത്സ നൽകി.കഴിഞ്ഞ തിങ്കളാഴ്ചയും ആശുപത്രിയിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നു സമീപവാസികൾ പറയുന്നു. ചെങ്കൽ ആശുപത്രിക്ക് സമീപം ചെങ്കൽ സായികൃഷ്ണ പബ്ളിക് സ്കൂളിൽ എൻട്രൻസ് പരീക്ഷ ഇന്നലെ നടക്കുന്നതിനാൽ സമീപ ആശുപത്രിയിൽ ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന് ഡിഎംഒ മെഡിക്കൽ ഒാഫീസറെ കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചിട്ടും അവധി എടുത്തത് കടുത്ത അച്ചടക്ക ലംഘനമാണെന്നും ആരോപണം ഉണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പ്രാദേശിക സിപിഎം നേതാക്കൾ ബന്ധപ്പെട്ടപ്പോൾ മെഡിക്കൽ ഒാഫീസറുടെ പ്രതികരണം പരുഷമായിരുന്നു. ആശുപത്രിക്ക് അവധി നൽകിയ സംഭവം ശ്രദ്ധയിൽ പെട്ടതോടെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ഉടൻ നിർദേശം നൽകി. അൻപത് പേർക്ക് കിടത്തി ചികിത്സ നടത്താൻ വേണ്ട സംവിധാനമുള്ള ആശുപത്രിയിൽ ഐപി സേവനം നിലച്ചിട്ട് രണ്ട് വർഷത്തോളമായി. കിടത്തി ചികിത്സ വിഭാഗം വീണ്ടും ആരംഭിക്കണമെന്ന് ആവശ്യം ശക്തമായിട്ടും പഞ്ചായത്ത് ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടില്ല.
Recent Comments