by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലയിലെ അഴൂർ ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ പക്ഷികളെ കൊന്നു തുടങ്ങും. കഴിഞ്ഞ ദിവസം ഭോപ്പാലിലെ എൻ.ഐ. എച്ച്.എസ്. എ. ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം
സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷൻ വാർഡി (വാർഡ് 15) ന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളായ റെയിൽവേ സ്റ്റേഷൻ വാർഡ് (വാർഡ് 17) പൂർണമായും, പഞ്ചായത്ത് ഓഫീസ് വാർഡ് (വാർഡ് 16), കൃഷ്ണപുരം വാർഡ് ( വാർഡ് 7 ), അക്കരവിള വാർഡ് (വാർഡ് 14), നാലുമുക്ക് (വാർഡ് 12) കൊട്ടാരം തുരുത്ത് (വാർഡ് 18) എന്നീ വാർഡുകൾ ഭാഗികമായി ഉൾപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ കോഴി, താറാവ്, മറ്റു അരുമ പക്ഷികൾ എന്നിവയെ കൊന്ന്, മുട്ട , ഇറച്ചി, കാഷ്ഠം (വളം ) തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും. ഒരു കിലോമീറ്ററിന് ചുറ്റുമുള്ള ഒൻപത് കിലോമീറ്ററിൽ ഉൾപ്പെടുന്ന കിഴുവിലം, കടക്കാവൂർ കീഴാറ്റിങ്ങൽ ചിറയിൻകീഴ് , മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം (വാർഡ് 1 ), ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നിവയും ഉൾപ്പെടുന്ന സർവൈലൻസ് സോണിന്റെ പരിധിയിൽ നിന്നും പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്,വിൽപ്പന എന്നിവ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു . ഈ പഞ്ചായത്തുകളിൽ നിന്നും പുറത്തേക്ക് മുട്ട, ഇറച്ചി,വളം,തീറ്റ എന്നിവയുടെ വില്പന,നീക്കം എന്നിവയ്ക്കും മൂന്നു മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമുകൾ തിങ്കളാഴ്ച മുതൽ പക്ഷികളെ കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വളർത്തു പക്ഷികളിൽ അസ്വാഭാവികമായി കൂട്ടമരണം സംഭവിക്കുന്ന സാഹചര്യങ്ങളിൽ ആ വിവരം അടുത്തുള്ള മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും മൃഗസംരക്ഷണ ഓഫീസറും അറിയിച്ചു.
പക്ഷിപ്പനി രോഗബാധയുടെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിക്കുന്ന ജാഗ്രതാനിർദ്ദേശം
_ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും_
1. ചത്ത പക്ഷികളെയും രോഗം ബാധിച്ചവയെയോ ദേശാടനക്കിളികളെയോ ഇവയുടെയൊക്കെ കാഷ്ടമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുമുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.
2. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾകൈയുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്.
3. കോഴികളുടെ മാംസം (പച്ചമാംസം ) കൈകാര്യം ചെയ്യുന്നതിന് മുൻപും പിൻപും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.
4. നന്നായി പാകം ചെയ്ത മാംസവും മുട്ടയും മാത്രമേ ഉപയോഗിക്കാവൂ.
5. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാംവിധം പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തിൽ അറിയിക്കുക.
6. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപ്പെടുക.
7. വ്യക്തി ശുചിത്വം കൃത്യമായി പാലിക്കുക.
8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
9. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
10. ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് ലായനി,പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ,കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.
12. നിരീക്ഷണ മേഖലയിൽ പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിർബ്ബന്ധമായും അറിയിക്കേണ്ടതാണ്.
_ചെയ്തുകൂടാത്തത്_
1. ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെ യോ ദേശാടനക്കിളികളുടേയോ അവയുടെ കാഷ്ടമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.
2. പകുതി വേവിച്ച മുട്ടകൾ കഴിക്കരുത് (ബുൾസ് ഐപോലുള്ളവ)
3. പകുതി വേവിച്ച മാംസം കഴിക്കരുത്.
4. രോഗബാധയുള്ള പക്ഷികൾ ഉള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തു നിന്നുംപക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറവനമുട്ടിൽ എ ഗ്രേഡ് നേടി ആറ്റിങ്ങൽ സിഎസ്ഐ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ. ഗണേഷ്, റിഫാൻ ,അജ്മൽ ബഷീർ, അമീർ ,സൂര്യനാരായണൻ , അലൻ , യാസീൻ ,അഹമ്മദ്, അൽഫഹദ്, ആരിസ് തുടങ്ങിയ ടീം മാണ് സമ്മാനം കരസ്ഥമാക്കിയത്.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പോത്തൻകോടുള്ള
ലക്ഷ്മീവിലാസം ഹൈസ്കൂളിൽ കൗൺസിലിംഗ് സംവിധാനം ലഭ്യമാക്കുന്നതിന് സ്കൂളിൽ തന്നെ സ്ഥിരം സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. കോവി ഡാനന്തര കാലത്ത് കുട്ടികൾ നേരിടുന്ന ആത്മസംഘർഷങ്ങൾക്കും സൃഷ്ടിയ്ക്കുന്ന പ്രശ്നങ്ങൾക്കും വലിയൊരു പരിഹാരമാകുകയാണ്. കുട്ടിയുടെ പഠന പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും പരിഹരിച്ച് മികച്ച വിദ്യാലയന്തരീക്ഷം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് മാനേജ്മെന്റ് പ്രതിനിധി ശ്രീ. പ്രവീൺ പറഞ്ഞു. ഫാമിലി കൗൺസിലിംഗ് ഉൾപ്പെടെ ലഭ്യമാക്കിക്കൊണ്ട് ഒരു സ്ഥാപനം സാമൂഹിക പ്രതിബദ്ധതയുള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിയ്ക്കണം എന്നതിന് മാതൃകയാവുകയാണ് പ്രസ്തുത വിദ്യാലയം. മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് കൂടി 7593813842, 7593813843 ഈ നമ്പരുകളിൽ ബന്ധപ്പെട്ട ശേഷം സ്കൂളിൽ കൗൺസിലിംഗ് ഉപയോഗപ്പെടുത്താവുന്ന കൗൺസിലിംഗ് സെന്റർ സംവിധാനമാണ് ഒരുക്കിയിരിയ്ക്കുന്നത്.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മൂന്നാർ: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തർക്കത്തെ തുടർന്ന് ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. കെഡിഎച്ച്പി കമ്പനി ലക്ഷ്മി എസ്റ്റേറ്റ് പാർവ്വതി ഡിവിഷനിൽ പി.വിഷ്ണു (26), എം.മഹേഷ് കുമാർ (25), ബി.സുകുമാരൻ (28), എ. ആൻ്റണി (24), അതുൽ ബാബു (28) എന്നിവരെയാണ് മൂന്നാർ എസ് എച്ച് ഓ മനേഷ് കെ.പൗലോസ് എസ് ഐ പി.ബി.ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറു ചെയ്തു.
സംഭവത്തിൽ കൊച്ചി കളമശേരി സ്വദേശികളുൾപ്പെടെ ഏഴു പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പുതുവർഷദിനത്തിൽ പഴയ മൂന്നാർ ലക്ഷ്മി റോഡിൽ വച്ചാണ് സംഘർഷമുണ്ടായത്. കളമശേരി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന ഓട്ടോറിക്ഷക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഇതിനു ശേഷം കളമശേരി സ്വദേശികൾ ഭക്ഷണം കഴിക്കാനായി പഴയ മൂന്നാറിലെ ആലിബാബ ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഇവരെ ലക്ഷ്മി സ്വദേശികളായ പത്തോളം യുവാക്കൾ അക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ ഹോട്ടലിന് രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു. സംഭവത്തിൽ ഏഴു പേരെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വെജ് ആവശ്യമുള്ളവർക്ക് വെജും നോൺ വെജ് ആവശ്യമുള്ളവർക്ക് അതും കഴിക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

“എൻ്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോട് ബിരിയാണി നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടുത്ത തവണത്തെ കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് ഇവിടെ സൂചിപ്പിക്കുകയാണ്. വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് നോൺ വെജിറ്റേറിയനും കഴിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്നുള്ള കാര്യം സൂചിപ്പിക്കുന്നു. എല്ലാവരുടെയും ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും.”- മന്ത്രി പറഞ്ഞു.
സ്കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം നൽകുന്നില്ലെന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഏറെ വിവാദങ്ങൾ നടന്നു. വർഷങ്ങളായി കലോത്സവ പാചകപ്പുരയിൽ ഭക്ഷണമൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെയായിരുന്നു വിമർശനം. എന്നാൽ, സർക്കാർ നൽകുന്ന മെനു അനുസരിച്ചാണ് ഭക്ഷണം നൽകുന്നതെന്നും നോൺ വെജ് വേണമെന്ന് സർക്കാർ പറഞ്ഞാൽ അത് നൽകുമെന്നും പഴയിടം പ്രതികരിച്ചു. കായികമേളയിൽ നോൺ വെജ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ അടുത്ത കലോത്സവത്തിൽ നോൺ വെജ് ഭക്ഷണം പരിഗണിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസും അറിയിച്ചു.
by Midhun HP News | Jan 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്കു വേണ്ടി ജനുവരി 12 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ടൂവീലർ ലൈസൻസ് അഭികാമ്യം. തിരുവനന്തപുരം ജില്ലയിലാണ് നിയമനം.

35 വയസ്സാണ് ഉയർന്ന പ്രായപരിധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ഒമ്പതിനകം https://forms.gle/yBuPnU3YQ2a8DUvd9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക്: “National Career Service Centre for SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ്, 0471-2332113/8304009409.
Recent Comments