by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പോത്തൻകോട് : ലക്ഷ്മീവിലാസം ഹൈസ്കൂളിൽ കൗൺസിലിംഗ് ലഭ്യമാക്കുന്നതിന് സ്കൂളിൽ തന്നെ സ്ഥിരം സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. കോവിഡാനന്തര കാലത്ത് കുട്ടികൾ നേരിടുന്ന ആത്മസംഘർഷങ്ങൾക്കും അവ സൃഷ്ടിയ്ക്കുന്ന പ്രശ്നങ്ങൾക്കും വലിയൊരു പരിഹാരമാകുകയാണ്. കുട്ടിയുടെ പഠന പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും പരിഹരിച്ച് മികച്ച വിദ്യാലയന്തരീക്ഷം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് മാനേജ്മെന്റ് പ്രതിനിധി ശ്രീ. പ്രവീൺ പറഞ്ഞു. ഫാമിലി കൗൺസിലിംഗ് ഉൾപ്പെടെ ലഭ്യമാക്കിക്കൊണ്ട് ഒരു സ്ഥാപനം; സാമൂഹിക പ്രതിബദ്ധതയുള്ള അന്തരീക്ഷം എങ്ങനെ സൃഷ്ടിയ്ക്കണം എന്നതിന് മാതൃകയാവുകയാണ് പ്രസ്തുത വിദ്യാലയം. മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് കൂടി 7593813842, 7593813843 ഈ നമ്പരുകളിൽ ബന്ധപ്പെട്ട ശേഷം സ്കൂളിൽ കൗൺസിലിംഗ് ഉപയോഗപ്പെടുത്താവുന്ന കൗൺസിലിംഗ് സെന്റർ സംവിധാനമാണ് ഒരുക്കിയിരിയ്ക്കുന്നത്.

by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം> തമ്പാനൂരില് റെയില്വേ സ്റ്റേഷന്റെ എതിര്വശത്ത് കോര്പറേഷന് നിര്മിക്കുന്ന ആധുനിക മള്ട്ടി ലെവല് പാര്ക്കിങ് കേന്ദ്രം ഫെബ്രുവരി പകുതിയോടെ പ്രവര്ത്തനസജ്ജമാകും. സ്മാര്ട്ട് സിറ്റി തിരുവനന്തപുരത്തിനാണ് നിര്മാണച്ചുമതല. നാനൂറോളം ഇരുചക്ര വാഹനവും 22 കാറും പാര്ക്ക് ചെയ്യാനാകും. സ്ത്രീകളുടെ വാഹനങ്ങള് പാര്ക്ക് ചെയ്യാന് പ്രത്യേക ക്രമീകരണമുണ്ടാകും. കോര്പറേഷന്റെ 50 സെന്റ് സ്ഥലത്ത് 18.89 കോടി ചെലവഴിച്ചാണ് നിര്മാണം. വൈദ്യുത വാഹന ചാര്ജിങ് സൗകര്യം, നിരീക്ഷണത്തിന് സിസിടിവി കാമറ എന്നിവയും ഏര്പ്പെടുത്തും. മൊബൈല് ആപ്പിലൂടെയുള്ള ഡിജിറ്റല് പാര്ക്കിങ് സേവനവും ലഭ്യമാക്കും. ഇതോടെ പാര്ക്കിങ് സ്ലോട്ടിന്റെ ലഭ്യതയും എണ്ണവും ഉപയോക്താവിന് അറിയാം. പേയ്മെന്റും ഡിജിറ്റലായി നടത്താം. ഏഴുനിലകളിലായി നിര്മിക്കുന്ന കെട്ടിടത്തിന്റെ നിര്മാണം അവസാനഘട്ടത്തിലാണ്.

അഞ്ചുനിലകളില് പാര്ക്കിങ്ങും മുകള് നിലകളില് ഓഫീസ് കോംപ്ലക്സും പ്രവര്ത്തിപ്പിക്കും. നഗരത്തില് ഇരുചക്രവാഹന യാത്രികരുടെ എണ്ണം കൂടുന്ന സാഹചര്യത്തില് അവര്ക്ക് പ്രാധാന്യം കൊടുക്കുമെന്ന് കോര്പറേഷന് സെക്രട്ടറി ബിനു ഫ്രാന്സിസ് പറഞ്ഞു. പാളയം, പുത്തരിക്കണ്ടം, മെഡിക്കല് കോളേജ് എന്നിവിടങ്ങളിലും കോര്പറേഷന് മള്ട്ടിലെവല് പാര്ക്കിങ് കേന്ദ്രങ്ങള് ഒരുക്കും. പാളയത്ത് സാഫല്യം കോംപ്ലക്സിന്റെ പിന്നില് നിര്മിക്കുന്ന പാര്ക്കിങ് കേന്ദ്രത്തിന്റെ നടപടികള് പുരോഗമിക്കുന്നു. സ്മാര്ട്ട് സിറ്റി മിഷന്റെ കീഴിലുള്ള പദ്ധതിക്ക് 32 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുത്തരിക്കണ്ടം, മെഡിക്കല് കോളേജ് എന്നിവിടങ്ങളില് അമൃത് പദ്ധതിയുടെ ഭാഗമായാണ് പാര്ക്കിങ് കേന്ദ്രം നിര്മിക്കുക.
by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപം നടന്ന വാഹന അപകടത്തിൽ കുട്ടിക്ക് പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ഒരു കുടുംബം സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളും കൂട്ടിയിടിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിക്കാണ് ഗുരുതര പരിക്കേറ്റത് . കുട്ടിയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോടതി ഉത്തരവ് വഴി പങ്കെടുക്കാനെത്തിയവരുടെ ഫലം തടഞ്ഞു. 94 മത്സരഫലങ്ങളാണ് കലോത്സവ സംഘാടകർ തടഞ്ഞത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് സംഘാടകർ പറയുന്നു. ഇവരുടെ ഫലം പ്രഖ്യാപിച്ചാലും അത് ജില്ലകളുടെയോ സ്കൂളിന്റെയോ പോയന്റിൽ ഉൾപ്പെടില്ലെന്ന് സംഘാടകർ പറയുന്നു. ഇക്കാര്യത്തിൽ എജിയുടെ നിയമോപദേശം ഉണ്ടെന്ന് വ്യക്തമാക്കിയ സംഘാടകർ, ഗ്രേസ് മർക്കിനും കോടതി ഇടപെടൽ വേണമെന്ന് പറയുന്നു. അതേസമയം വിദ്യാഭ്യാസ വകുപ്പ് വഴി വന്ന അപ്പീലുകൾക്ക് ഈ തടസമില്ല.

by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാമിഷൻ +2 തുല്യതാ അഞ്ചാം ബാച്ചിൽ പഠിച്ച് ജില്ലാ തലത്തിൽ ഫുൾ A+ വാങ്ങി ഒന്നാം സ്ഥാനത്തിനും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനത്തിനും അർഹത നേടിയ 65 വയസ്സ് പ്രായമുള്ള അനിതകുമാരിയെ ആറ്റിങ്ങൽ ജി.ജി.എച്ച്എസ്എസിൽ വച്ച് നടന്ന വിജയോത്സവത്തിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.S കുമാരി അനുമോദിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, കൗൺസിലർ സതി, നോഡൽ പ്രേരക് മിനിരേഖ അദ്ധ്യാപകരായ സുജ, രതീഷ്, മുഹമ്മദ് ഷാഫി, ശ്രീ കല,ജയറാണി, ദിവ്യ, ആര്യ തുടങ്ങിയവർ സംസാരിച്ചു. +2 കോഴ്സിൽ രണ്ടാം സ്ഥാനം രമ്യയ്ക്കും മൂന്നാം സ്ഥാനം നിഷാന്തിനും ലഭിച്ചു.പത്താംതരം തുല്യതാ പരീക്ഷയിൽ ഒന്നാം സ്ഥാനം ലീനയ്ക്കും ലഭിച്ചു. ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വ പഠിതാക്കളുടെ സംഗമവും പുതുവർഷാഘോഷവും നടന്നു

by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചെറുധാന്യങ്ങളെ ഭാവിയിലേക്കുള്ള ഭക്ഷ്യവസ്തുവായി പരിഗണിക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ചെറുധാന്യങ്ങൾ ഉപഭോക്താവിനും കൃഷിക്കാരനും കാലാവസ്ഥയ്ക്കും നല്ലതാണ്. കൃഷിയും ഭക്ഷ്യവൈവിധ്യവും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണു ചെറുധാന്യങ്ങൾ. ഈ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യമേള. കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിവിധ ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. അവയുടെ നിർമാണരീതി കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ.പ്രഭൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജി.എൽ. നിമി, സീനിയർ അധ്യാപിക സി.എം. ബീന, അധ്യാപകർ എന്നിവർ സംബന്ധിച്ചു.

Recent Comments