by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചെറുധാന്യങ്ങളെ ഭാവിയിലേക്കുള്ള ഭക്ഷ്യവസ്തുവായി പരിഗണിക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. ചെറുധാന്യങ്ങൾ ഉപഭോക്താവിനും കൃഷിക്കാരനും കാലാവസ്ഥയ്ക്കും നല്ലതാണ്. കൃഷിയും ഭക്ഷ്യവൈവിധ്യവും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണു ചെറുധാന്യങ്ങൾ. ഈ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂളിലെ പ്രൈമറി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യമേള. കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിവിധ ഭക്ഷ്യവിഭവങ്ങൾ പ്രദർശിപ്പിച്ചു. അവയുടെ നിർമാണരീതി കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ.പ്രഭൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജി.എൽ. നിമി, സീനിയർ അധ്യാപിക സി.എം. ബീന, അധ്യാപകർ എന്നിവർ സംബന്ധിച്ചു.

by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: ചിതറയിൽ വടിവാളും വളർത്തുനായയുമായി വീട്ടിൽ അതിക്രമം കാണിച്ചയാളെ 24 മണിക്കൂർ കഴിഞ്ഞും പിടികൂടാനായില്ല. സംഭവത്തിൽ പ്രതി സജീവ് വീട്ടിൽ തന്നെയുണ്ട്. ഇയാൾ നായയെ അഴിച്ചുവിട്ട് ഗേറ്റും പൂട്ടിയിട്ടിരിക്കുകയാണ്. പ്രതി പുറത്തിറങ്ങാതെ പിടികൂടാനാകില്ല എന്ന് പോലീസ് പറയുന്നു. പോലീസിന്റെ വീഴ്ചയാണ് പ്രതിയെ പിടികൂടാനാകാത്തത് എന്ന് ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.
ഇന്നലെയാണ് വടിവാളും വളര്ത്തുനായയുമായി കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി സജീവ് അക്രമം നടത്തിയത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. റോഡ് വീലര് നായയുമായി സജീവ് വീട്ടിലെത്തിയപ്പോൾ വീട്ടമ്മയായ സുപ്രഭക്ക് ആദ്യം കാര്യം മനസിലായില്ല. വടിവാളേന്തി, വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചതോടെ വീട്ടമ്മ ഓടി അകത്തൊളിച്ചു. സുപ്രഭ താമസിക്കുന്നത് തന്റെ അച്ഛൻ വാങ്ങിയ വസ്തുവിലെന്നാണ് സജീവന്റെ വാദം. ബഹളം കേട്ട് നാട്ടുകാരെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ വഴങ്ങിയില്ല. തുടർന്ന് പൊലീസെത്തി സജീവിനെ പിന്തിരിപ്പിക്കുകയായിരുന്നു. സുപ്രഭയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. സജീവിനോട് സ്റ്റേഷനിലേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ സുപ്രഭയുടെ വീട്ടിൽ നിന്ന് നേരെ സ്വന്തം വീട്ടിലേക്ക് പോയ സജീവ്, ഇവിടെയെത്തി നായ്ക്കളെ അഴിച്ചുവിട്ടു. ശേഷം ഗേറ്റും പൂട്ടി വീടിനകത്ത് കയറി.
പൊലീസുകാർ ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ പഠിച്ച പണി മുഴുവൻ നോക്കിയെങ്കിലും നടന്നില്ല. ഇതോടെ ഇന്നലെ പൊലീസ് സംഘം ഇവിടെ നിന്ന് മടങ്ങി.ഇന്ന് രാവിലെയും പൊലീസെത്തിയെങ്കിലും നായ്ക്കളെ തുറന്നുവിട്ട് ഗേറ്റുമടച്ച് സജീവ് അകത്ത് തന്നെ കഴിയുകയാണ്. സുപ്രഭയുടെ വീട്ടിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിന്റെ വീഴ്ച്ചയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം സജീവ് മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പൊലീസ് പറയുന്നു. മുമ്പും ഇയാൾ ഇതേപോലെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാര് ആരോപിക്കുന്നു.
by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് സമ്മതിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. വർഗ ബഹുജന സംഘടനയിൽ അംഗമാവുക എളുപ്പമാണ്. അവർ തെറ്റ് ചെയ്യുമ്പോൾ നടപടി എടുത്ത് തിരുത്തിക്കുക എന്നതാണ് രീതി. തെറ്റ് കാണിച്ചാൽ കർശന നടപടി എടുക്കും. തെറ്റിനെ തെറ്റായി കണ്ട് തന്നെ പരിശോധിച്ച് നടപടി എടുക്കുമെന്ന് വി. ജോയ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അച്ചടക്കം നിർബന്ധമായി തുടരുമെന്നും വി. ജോയ് കൂട്ടിച്ചേര്ത്തു. എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. അതാണ് നടപടി എടുക്കാന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

വർക്കല എംഎൽഎയായ വി ജോയിയെ ഇന്നലെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി ജോയിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. പല മുതിർന്ന നേതാക്കളുടേയും പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ സമവായം എന്ന നിലയിലാണ് വി.ജോയിക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വഴി തുറന്നത്.
നിർണായക യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിലവിലെ ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിലെ രീതി അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ജില്ലാ സെക്രട്ടറി പദവി കൈകാര്യം ചെയ്യാറില്ല. എന്നാൽ സംസ്ഥാന സമ്മേളനം കഴിഞ്ഞ് പത്ത് മാസത്തോളമായിട്ടും ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു.
by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവാദമായ ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാൻ ഗവര്ണര്ക്ക് നിയമോപദേശം. ഇത് സംബന്ധിച്ച് രാജ്ഭവൻ ലീഗൽ അഡ്വൈസർ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് ഉപദേശം നല്കി. ഗവർണ്ണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്നാണ് ഉപദേശം. ചാന്സലര് സ്ഥാനത്ത് നിന്ന് ഗവര്ണറെ നീക്കാനുള്ള ബില്ലില് ഗവര്ണര് തന്നെ തീരുമാനമെടുത്താല് അതില് വ്യക്തിതാത്പര്യം കടന്നുവരാന് സാധ്യതയുണ്ടെന്ന് നിയമോപദേശത്തില് പറയുന്നു. നിര്ണായകമായി ഭരണഘടനപദി വഹിക്കുന്നയാളെ സംബന്ധിച്ച ബില്ലില് അയാള് തന്നെ തീരുമാനമെടുക്കരുത്.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില് ചാൻസിലർ ബില്ല് സംബന്ധിച്ച് ഗവര്ണര് ഉടന് തീരുമാനമെടുക്കാന് സാധ്യതയില്ല. ഭരഘണഘടന വിദഗ്ധരുമായി ഗവര്ണര് കൂടിയാലോചന നടത്തിയേക്കും. സജി ചെറിയാന്റെ സത്യപ്രതിജ്ഞ വിഷയത്തില് അറ്റോര്ണി ജനറലിന്റെ അഭിപ്രായവും ഗവര്ണര് തേടിയിരുന്നു. അതേസമയം ബില്ലില് ഗവര്ണറുടെ തീരുമാനം നീണ്ടാല് നിയമനടപടി സ്വീകരിക്കാന് സര്ക്കാര് ആലോചിക്കുന്നുണ്ട്.
by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശബരിമല: മകരവിളക്ക് ദിനമായ ഈ മാസം 14 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. തീർഥാടകരുടെ വരി മരക്കൂട്ടം വരെ നീളാതിരിക്കാൻ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സന്നിധാനത്ത് തങ്ങുന്ന തീർഥാടകർ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. തീപിടിത്തം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനാണിത്.

by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊല്ലത്ത് വടിവാളുമായി കോണ്ഗ്രസ് പ്രാദേശിക നേതാവ് പിടിയില്. കൊല്ലം അഞ്ചല് വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ് റെജിയാണ് വടിവാളുമായി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വാഹനത്തില് നിന്നാണ് വടിവാള് കണ്ടെത്തിയത്. വീടിന് സമീപം വെച്ച് റെജിയും ഡിവൈഎഫ്ഐ പ്രവര്ത്തകരും തമ്മില് വാക്കേറ്റമുണ്ടായിരുന്നു.
Recent Comments