by Midhun HP News | Jan 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ അറസ്റ്റിലായ നാസു ആണ് കൊലനടത്തിയത്. ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ തന്ത്രപൂർവം റെയിൽവേ കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് യുവതിയുടെ നഗ്നമായ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 29നാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയെ കാണാതാകുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. കെട്ടിടത്തിൽ നിന്നും ദുര്ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതിനു പിന്നാലെ യുവതിയുടെ മൊബൈലുമായി പൊലീസിനു മുന്നിൽ കുടുങ്ങിയ നാസുവിനെ കസ്റ്റഡിയിലെടുത്തു. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നാണ് 24കാരനായ യുവാവ് പൊലീസിന് മൊഴി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രേരണക്കുറ്റം ചുമത്തി നേരത്തെ ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. കൂടുതൽ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

പുതുവത്സര രാത്രിയില് കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംശയകരമായി കണ്ട യുവാവിന്റെ പക്കല്നിന്ന് യുവതിയുടെ ഫോണ് കണ്ടെത്തിയത്. എന്നാല് ഫോണ് കളഞ്ഞുകിട്ടിയെന്നാണ് പൊലീസിന് ഇയാള് നല്കിയ വിശദീകരണം. ഫോണ് വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ചു. ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില് ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാതായതിനെ തുടര്ന്ന് പരാതി നല്കിയ വിവരം അറിയുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു ശേഷമാണ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: അഗസ്ത്യാര്കൂടം സീസണ് ട്രക്കിങ് ഓണ്ലൈന് ബുക്കിങ് വ്യാഴാഴ്ച(ജനുവരി 5) രാവിലെ 11 മുതല് ആരംഭിക്കും. ജനുവരി 16 മുതല് ഫെബ്രുവരി 15 വരെയാണ് ട്രക്കിങ്. ദിവസവും 75 പേര്ക്കാണ് ഓണ്ലൈന് പ്രവേശനം അനുവദിക്കുക. സന്ദര്ശകര് കര്ശനമായും കോവിഡ് പ്രോട്ടോകോള് പാലിക്കണം. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്ശിച്ച് serviceonline.gov.int/rekking എന്ന ലിങ്കില് ഓണ്ലൈനായി രജിസ്റ്റര് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. രജിസ്ട്രേഷന് ഫീസ് 1800 രൂപയാക്കി ഉയര്ത്തിയിട്ടുണ്ട്.
പശ്ചിമഘട്ടത്തില് ആറായിരത്തിലേറെ അടി ഉയരമുള്ള കൊടുമുടിയാണ് അഗസ്ത്യാര്കൂടം. യാത്രയില് പൂജാദ്രവ്യങ്ങള്, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്ഥങ്ങള് എന്നിവ കൈയില് കരുതാന് പാടില്ല. ദുര്ഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിങ് ആയതിനാല് നല്ല ശാരീരികക്ഷമതയുള്ളവര് മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികള് പാടില്ല.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രത്യേക സംക്ഷിപ്ത വോട്ടര് പട്ടിക പുതുക്കല് 2023 ന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ 2,67,95,581 വോട്ടര്മാരാണ് പട്ടികയില് ഇടം പിടിച്ചിരിക്കുന്നത്. 09.11.2022 ല് പ്രസിദ്ധീകരിച്ച കരട് വോട്ടര് പട്ടികയില് ആകെ വോട്ടര്മാരുടെ എണ്ണം 2,71,62,290 ആയിരുന്നു.
കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ച 09.11.2022 മുതല് 18.12.2022 വരെയുള്ള സംക്ഷിപ്ത വോട്ടര് പട്ടിക പുതുക്കല് കാലയളവില് നടന്ന വോട്ടര് പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ പശ്ചാത്തലത്തില് മരണപ്പെട്ടതും (3,60,161) , താമസം മാറിയതും (1,97,497) ഉള്പ്പെടെ 5,65,334 വോട്ടര്മാരാണ് പട്ടികയില് നിന്ന് ഒഴിവാക്കപ്പെട്ടത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് സഞ്ജയ് കൗളിന്റെ നിര്ദേശ പ്രകാരം ജില്ലകള്തോറും വോട്ടര് പട്ടിക പുതുക്കലിനായി തീവ്ര യജ്ഞമാണ് നടന്നത്. അഞ്ച് ലക്ഷത്തിലധികം വോട്ടര്മാര് പട്ടികയില് നിന്ന് നീക്കപ്പെട്ടത് വോട്ടര് പട്ടിക ശുദ്ധീകരിച്ചു എന്നതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചര്ത്തു.

പ്രത്യേക സംക്ഷിപ്ത വോട്ടര് പട്ടിക പുതുക്കല് കാലയളവില് ബൂത്ത് ലെവല് ഓഫീസര്മാര് നിരന്തരം വീടുകള് സന്ദര്ശിച്ചാണ് മരണപ്പെട്ടവരുടേത് ഉള്പ്പെടെ ഏറ്റവും പുതിയ വിവരങ്ങള് ശേഖരിച്ചത്.
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില് (www.ceo.kerala.gov.in) അന്തിമ വോട്ടര് പട്ടിക വിവരങ്ങള് ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല് ഓഫീസറുടെ കൈവശവും അന്തിമ വോട്ടര് പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്ട്ടികള്ക്ക് താലൂക്ക് ഓഫീസുകളില് നിന്ന് വോട്ടര് പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.
അന്തിമ വോട്ടര് പട്ടികയിലെ ചില സുപ്രധാന വിവരങ്ങള് ചുവടെ ചേര്ക്കുന്നു.
▪️ആകെ വോട്ടര്മാര് 2,67,95,581,
▪️ആകെ സ്ത്രീ വോട്ടര്മാര് 1,38,26,149,
▪️ആകെ പുരുഷ വോട്ടര്മാര് 1,29,69,158,
▪️ആകെ ഭിന്നലിംഗ വോട്ടര്മാര് 274 ,
▪️കൂടുതല് വോട്ടര്മാരുള്ള ജില്ല മലപ്പുറം (32,18,444 ),
▪️കുറവ് വോട്ടര്മാരുള്ള ജില്ല വയനാട് (6,15,984 ),
▪️കൂടുതല് സ്ത്രീ വോട്ടര്മാരുള്ള ജില്ല മലപ്പുറം(16,08,247),
▪️ കൂടുതല് ഭിന്നലിംഗ വോട്ടര്മാരുള്ള ജില്ല തിരുവനന്തപുരം (55 ),
▪️ ആകെ പ്രവാസി വോട്ടര്മാര് 87,946 ,
▪️പ്രവാസി വോട്ടര്മാര് കൂടുതലുള്ള ജില്ല കോഴിക്കോട് (34,695),
▪️ പതിനെട്ട് വയസുള്ള 41,650 വോട്ടര്മാരാണ് പുതിയതായി വോട്ടര് പട്ടികയില് ഉള്പ്പെട്ടത്.
17 വയസ് പൂര്ത്തിയായ 14,682 പേരാണ് മുന്കൂറായി വോട്ടര് പട്ടികയില് പേര് ചേര്ക്കാനായി അപേക്ഷിച്ചിരിക്കുന്നത്.
ഏപ്രില് 1, ജൂലൈ 1, ഒക്ടോബര് 1, എന്നീ യോഗ്യതാ തീയതികളില് എന്നാണോ 18 വയസ് പൂര്ത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അര്ഹത അനുസരിച്ച് വോട്ടര് പട്ടികയില് ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയല് കാര്ഡ് ലഭിക്കും. സ്കൂള് കോളേജ് തലത്തില് പ്രവര്ത്തിക്കുന്ന ഇലക്ട്രല് ലിറ്ററസി ക്ലബ്ബുകളുടെ ഫലപ്രദമായ പ്രവര്ത്തനത്തിന്റെ പശ്ചാത്തലത്തില് കൂടിയാണ് പുതിയ അപേക്ഷകരുടെ വര്ധന.
വിവിധ പ്രായപരിധിയില് ഉള്പ്പെടുന്ന 1,78,068 ആളുകളാണ് പുതിയതായി വോട്ടര് പട്ടികയില് പേര് ചേര്ത്തിട്ടുള്ളത്. 80 വയസിന് മുകളില് പ്രായമുള്ള ആകെ വോട്ടര്മാര് – 6,51,678 (സ്ത്രീ- 4,00,391 പുരുഷന്- 2,51,284 ടി ജി -3 )
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്.എല് ലൈഫ്കെയര് ലിമിറ്റഡിന്റെ ടെക്നിക്കല് ആന്ഡ് ഓപ്പറേഷന്സ് ഡയറക്ടറായി ഡോ.അനിത തമ്പി ചുമതലയേറ്റു. വൈവിധ്യമാര്ന്ന മേഖലകളില് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ഡോ.അനിത തമ്പി എച്ച്എല്എല് കോര്പ്പറേറ്റ് ആര്&ഡി വൈസ് പ്രസിഡന്റായും എച്ച്എല്എല് അക്കാദമിക് വിഭാഗമായ എച്ച്എല്എല് മാനേജ്മെന്റ് അക്കാദമിയുടെ സി.ഇ.ഒയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഗോവ ആന്റിബയോട്ടിക്സ് ആന്ഡ് ഫാര്മസ്യൂട്ടിക്കല്സ് ലിമിറ്റഡിന്റെ (ജിഎപിഎല്) സി.ഇ.ഒയായും പ്രവര്ത്തിച്ചിട്ടുണ്ട്.
കേരള സര്വ്വകലാശാലയില് നിന്നും കെമിക്കല് എഞ്ചിനീയറിംഗില് ബിരുദം നേടിയ ശേഷം ഐഐടി മുംബൈയില് നിന്ന് എം ടെക്കും പിഎച്ച്ഡിയും കരസ്ഥമാക്കി.
1991ല് എച്ച്എല്എല് എക്സിക്യൂട്ടീവ് ട്രെയിനിയായി സേവനമാരംഭിക്കുകയും ഓപ്പറേഷന്സ്, ആര്&ഡി, സോഷ്യല് പ്രോജക്ടുകള്, തുടങ്ങിയ നിരവധി മേഖലകളില് പ്രവര്ത്തിക്കുകയും ചെയ്തിട്ടുണ്ട്. എച്ച്.എല്.എല്ലിന്റെ മെന്സ്ട്രല് കപ്പ് വിതരണവും ആര്ത്തവ ബോധവത്കരണ പദ്ധതിയുമായ ‘തിങ്കള്’ അവതരിപ്പിച്ചു നടപ്പിലാക്കുന്നതിന് നിര്ണായക പങ്കു വഹിച്ചിട്ടുണ്ട്.
ഇതിനുപുറമെ, സാഹിത്യരംഗത്ത് കവയിത്രി ഉപന്യാസകര്ത്താവ് വിവര്ത്തക എന്നീ മേഖലയിലും പ്രശസ്തയാണ് ഡോ.അനിത തമ്പി. 2021-ലെ കേരള സാഹിത്യ അക്കാദമി അവാര്ഡിന് അര്ഹയായിട്ടുണ്ട്. ഭര്ത്താവ് ശ്രീ.അജയകുമാര് ഏണസ്റ്റ് & യങ്ങിന്റെ സീനിയര് ഡിസൈനറായി പ്രവര്ത്തിക്കുന്നു. മകള് മീനാക്ഷി.
by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറൂടെ മകള് സാന്ദ്രയാണ് മരിച്ചത്. വായില് പ്ലാസ്റ്ററും മൂക്കില് ക്ലിപ്പുമിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. സംഭവത്തില് മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

by Midhun HP News | Jan 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇ–കൊമേഴ്സ് ഭീമനായ ആമസോൺ 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. അനിശ്ചിത സമ്പദ്വ്യവസ്ഥ കണക്കിലെടുത്ത് 18,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ആമസോൺ സിഇഒ ആൻഡി ജാസി പ്രസ്താവനയിൽ പറഞ്ഞു. ആമസോൺ സ്റ്റോർ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോർട്ട്.ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി നവംബറിൽ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഡിസംബറിൽ ആമസോൺ 20,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Recent Comments