5.7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേയ്‌ക്കെത്തും; റിഷഭ് പന്ത് ഓടിച്ചത് മെഴ്‌സിഡസ് കൂപ്പെ

5.7 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേയ്‌ക്കെത്തും; റിഷഭ് പന്ത് ഓടിച്ചത് മെഴ്‌സിഡസ് കൂപ്പെ

ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടത്തില്‍പ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പന്തിന്റെ മെഴ്‌സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിച്ച് തകര്‍ന്ന് തീപിടിക്കുകയായിരുന്നു.

മെഴ്‌സിഡസ്-എഎംജി ജിഎല്‍ഇ 434 മാറ്റിക്ക് കൂപ്പെ ആണ് റിഷഭ് പന്ത് ഓടിച്ചിരുന്നത്. വെറും 5.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. മണിക്കൂറില്‍ 250 കിലോമീറ്റര്‍ എന്നതാണ് ഏറ്റവും ഉയര്‍ന്ന വേഗതയായി ക്രമീകരിച്ചിരിക്കുന്നത്. ഏഴ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓള്‍-വീല്‍ ഡ്രൈസ് തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകള്‍ ഉള്ളതാണ് ഈ വാഹനം.

ഈ എസ് യു വി കൂപ്പെ ഹൈബ്രിഡിന് മൂന്ന് ലിറ്റര്‍ ബൈടര്‍ബോ പെട്രോള്‍ എന്‍ജിനും 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉണ്ട്. 362 ബിഎച്ച്പി ശക്തിയും 520 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍.

അപകടത്തില്‍ നിന്ന് താരം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരിക്കേറ്റിട്ടുണ്ട്. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി സൂചിപ്പിച്ചു.

കാലിത്തീറ്റ വിതരണോദ്ഘാടനം നടന്നു

കാലിത്തീറ്റ വിതരണോദ്ഘാടനം നടന്നു

പുരവൂർ ക്ഷീര സഹകരണ സംഘത്തിലെ എല്ലാ ക്ഷീര കർഷകർക്കും കാലിത്തീറ്റ വിതരണ ഉദ്ഘാടനം ചെയ്തു. 2022-23 സാമ്പത്തിക വർഷത്തിൽ ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ പദ്ധതി വിഹിതം വിനിയോഗിച്ചുകൊണ്ട് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ ക്ഷീരകർഷകർക്കും സബ്സിഡി ഇനത്തിൽ കാലിത്തീറ്റ വിതരണം ചെയ്യുന്നതിനായി തുക വകയിരുത്തിയിരുന്നു. തുക ഉപയോഗിച്ച് കൊണ്ട് പുരവൂർ ക്ഷീര സഹകരണ സംഘത്തിലെ (T 261) എല്ലാ ക്ഷീരകർഷകർക്കും കാലിത്തീറ്റ വിതരണംചെയ്തു.

വിതരണ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എ.എസ്. ശ്രീകണ്ഠൻ നിർവഹിച്ചു. യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ആശ, ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി ബിന്ദു, ക്ഷീരകർഷകർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

പുതുവർഷ കലണ്ടർ പ്രകാശനം ചെയ്‌ത് ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ്

പുതുവർഷ കലണ്ടർ പ്രകാശനം ചെയ്‌ത് ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ്

ആറ്റിങ്ങൽ: വിനോദ സഞ്ചാര രംഗത്തെ മാതൃക സഹകരണ സ്ഥാപനമായ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ പുതു വർഷ കലണ്ടർ പ്രകാശനം ചെയ്തു. ഋതുഭേതങ്ങൾക്ക് അനുസൃതമായ സഞ്ചാര സാധ്യതകളെ വിനിയോഗിക്കുവാൻ ജനങ്ങളെ ബോധവത്കരിക്കാൻ ഉതകുന്ന രീതിയിൽ കാവ്യാത്മകമായിട്ടാണ് കലണ്ടർ സജ്ജീകരിച്ചിട്ടുള്ളത്.

തൊഴിൽ ഇടത്തിലെയും ജീവിത പ്രശ്നങ്ങളിലെയും സമ്മർദങ്ങൾക്ക് ഇടയിൽ മാനസിക ഉല്ലാസത്തിലൂടെ മാനസിക ആരോഗ്യം നിലനിർത്തേണ്ടത് ആവശ്യമായ കാലഘട്ടം ആണിത്. ഇതിന് അനുസരിച്ച് യാത്രയുടെ, യാത്ര ഓർമ്മകളുടെ സന്ദേശങ്ങൾ എഴുത്തിലൂടെയും വരയിലൂടെയും വർണിക്കുന്നതാണ് കലണ്ടർ. വിനോദ സഞ്ചാരത്തെയും അതിൻ്റെ അനുഭൂതികളെയും പ്രത്യേക തീം ആക്കി പേജുകൾ ക്രമീകരിച്ചിട്ടുള്ള കലണ്ടർ സംസ്ഥാനത്ത് ആദ്യമാണ്. സംസ്ഥാന സർക്കാരിന് കീഴിലുള്ള സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് പ്രകാശനം ചെയ്തു. ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡൻ്റ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു

വര്‍ക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടനെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

വര്‍ക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടനെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

തിരുവനന്തപുരം: വര്‍ക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടനെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. തൊണ്ണൂറാമത് ശിവഗിരി മഹാ തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സന്യാസിമാരാണ് രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുന്നത്. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യസുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു.

നമുക്ക് സുഹൃത്തുക്കളെ മാറ്റാം, എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പരാമര്‍ശം രാജ്‌നാഥ് സിങ് അനുസ്മരിച്ചു. ഇതുകൊണ്ടു തന്നെ സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ മരണത്തില്‍ കേന്ദ്രമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.

ഇന്ധനം തീര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍

ഇന്ധനം തീര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍

തൃശൂർ: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍. ചെന്നൈ-എറണാകുളം എസി സ്ലീപ്പര്‍ ബസ്സാണ് പെരുവഴിയിലായത്.
പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപമെത്തിയപ്പോഴാണ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നത്. തുടര്‍ന്ന് ബസില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ കിട്ടിയ വണ്ടികളിൽ യാത്ര തുടരുകയായിരുന്നു. ഇന്ന് രാവിലെ 9.30ന് എറണാകുളത്തേക്ക് വരികയായിരുന്നു ബസ്. ഇന്ധനം തീർന്നതാണെന്ന് മനസിലാക്കിയ ജീവനക്കാർ അഞ്ച് ലിറ്റര്‍ ഡീസല്‍ എത്തിച്ച് ഒഴിച്ചെങ്കിലും വാഹനം സ്റ്റാര്‍ട്ട് ആയില്ല.

തുടര്‍ന്ന് യാത്രക്കാരെല്ലാം ഇറങ്ങി മറ്റു വാഹനങ്ങള്‍ക്ക് പോകുകയായിരുന്നു. ഓണ്‍ലൈന്‍ വഴി നിരവധി യാത്രക്കാര്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഈ സാഹചര്യത്തിലും ബദല്‍ സംവിധാനം ഒരുക്കി നല്‍കാത്തതില്‍ യാത്രക്കാര്‍ പ്രതിഷേധമറിയിച്ചു. വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നുളള സംഘമെത്തിയാണ് ബസ് ടോള്‍പ്ലാസക്ക് സമീപത്ത് നിന്ന് മാറ്റിയത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം; ഡോക്ടർ ഉൾപ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റു

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം; ഡോക്ടർ ഉൾപ്പെടെ മൂന്നുപേര്‍ക്ക് കടിയേറ്റു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാരിക്കും നായയുടെ കടിയേറ്റു. മൂന്നുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ് നല്‍കി.