തിരുവനന്തപുരം കോർപറേഷനിലെ സമരം ഒത്തുതീർന്നു

തിരുവനന്തപുരം കോർപറേഷനിലെ സമരം ഒത്തുതീർന്നു

തിരുവനന്തപുരം : കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷം നടത്തി വരുന്ന സമരം തീർക്കാൻ ധാരണ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. അന്വേഷണം അതിന്റെ വഴിക്ക് നടക്കും. ഡി ആർ അനിലിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കും. കത്ത് എഴുതിയ കാര്യം ഡി ആർ അനിൽ സമ്മതിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ഉയർന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കും.

ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കും. നഗരസഭയിലെ ദൈനം ദിന പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും വി വി രാജേഷ് അറിയിച്ചു. സമരം അവസാനിപ്പിക്കുന്നുവെന്ന് യുഡിഎഫും വ്യക്തമാക്കി. മൊത്തം അഴിമതിക്കെതിരെയായിരുന്നു സമരമെന്ന് പാലോട് രവി പറഞ്ഞു. ഇതോടെ തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ 56 ദിവസമായി തുടരുന്ന സമരമാണ് അവസാനിക്കുന്നത്.

ഒന്നര വയസ്സുകാരന്  ഇരുപതോളം തെരുവുനായ്ക്കള്‍ ചേർന്നുള്ള ആക്രമണത്തിൽ ഗുരുതര പരിക്ക്

ഒന്നര വയസ്സുകാരന് ഇരുപതോളം തെരുവുനായ്ക്കള്‍ ചേർന്നുള്ള ആക്രമണത്തിൽ ഗുരുതര പരിക്ക്

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതര പരിക്ക്. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുമ്പോഴാണ് കുട്ടിയുടെ നേര്‍ക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഈ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ ഇരുപതോളം തെരുവുനായകള്‍ ചേര്‍ന്ന് കുട്ടിയെ
കടിച്ചു പറിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മരക്കഷണം ഉപയോഗിച്ച് തെരുവുനായകളെ അടിച്ചോടിച്ച് കുട്ടിയെ രക്ഷിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയില്‍ പേവിഷബാധയ്‌ക്കെതിരായ വാക്‌സിനടക്കമുള്ള ചികിത്സ കുട്ടിക്ക് നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റും.

50 ശതമാനത്തിലേറെ ഓഹരി, എന്‍ ഡി ടിവി അദാനിക്ക് സ്വന്തം; പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത്‌ 602 കോടി

50 ശതമാനത്തിലേറെ ഓഹരി, എന്‍ ഡി ടിവി അദാനിക്ക് സ്വന്തം; പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത്‌ 602 കോടി

ന്യൂഡല്‍ഹി: പ്രമുഖ ടെലിവിഷന്‍ ചാനലായ എന്‍ഡിടിവി അദാനി ഗ്രൂപ്പിന് സ്വന്തം. എന്‍ഡിടിവി സ്ഥാപകരായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും സംയുക്തമായ 27.26 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായി റെഗുലേറ്ററി ഫയലിങ്ങിലൂടെ അദാനി ഗ്രൂപ്പ് അറിയിച്ചു. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇടപാട് പൂര്‍ത്തിയായി. അഞ്ചുകോടി രൂപയിലധികമുള്ള ഇടപാടുകളെ പറയുന്ന ബ്ലോക്ക് ഡീല്‍ സംവിധാനം വഴിയായിരുന്നു വ്യാപാരം എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

അദാനി ഗ്രൂപ്പിന്റെ ഉപകമ്പനിയായ ആര്‍ ആര്‍ പി ആറാണ് ഇരുവരുടെയും ഓഹരികള്‍ വാങ്ങിയത്. ഇതോടെ എന്‍ ഡി ടിവിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരിപങ്കാളിത്തം 50 ശതമാനത്തിന് മുകളിലായി. ആര്‍ ആര്‍ പി ആറിന്റെ മാത്രം എന്‍ ഡി ടിവിയിലെ ഓഹരി പങ്കാളിത്തം 56.45 ശതമാനമായി മാറി. ഒരു ഓഹരിക്ക് 342.65 രൂപ എന്ന നിരക്കിലാണ് ഇരുവരുടെയും ഓഹരികള്‍ ആര്‍ ആര്‍ പി ആര്‍ വാങ്ങിയത്. ഇതനുസരിച്ച് 1.75 കോടി ഓഹരികളാണ് വിറ്റത്. ഓഹരി വില്‍പ്പനയിലൂടെ 602 കോടി രൂപയാണ് പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത്. ഇതോടെ എന്‍ ഡി ടിവിയില്‍ ഇരുവരുടെയും ഓഹരി പങ്കാളിത്തം അഞ്ചുശതമാനമായി ചുരുങ്ങി.

ഡിസംബര്‍ 23 നാണ് പ്രണോയി റോയിയും രാധിക റോയിയും എന്‍ ഡി ടിവിയിലുള്ള 32.26 ശതമാനം ഓഹരിപങ്കാളിത്തത്തില്‍ 27.26 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന് വില്‍ക്കുമെന്ന് അറിയിച്ചത്. എന്‍ ഡി ടിവിയില്‍ 29.18 ശതമാനം ഓഹരി പങ്കാളിത്തമുള്ള ആര്‍ ആര്‍ പി ആര്‍ കമ്പനിയെ വാങ്ങിയാണ് അദാനി ഗ്രൂപ്പ് എന്‍ ഡി ടിവിയില്‍ സാന്നിധ്യം അറിയിച്ചത്. തുടര്‍ന്ന് ഓപ്പണ്‍ ഓഫറിലൂടെ 8.27 ശതമാനം ഓഹരി സ്വന്തമാക്കുകയായിരുന്നു.

യുജിസി നെറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ജൂണ്‍ 13 മുതല്‍ 22 വരെ

യുജിസി നെറ്റ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; ജൂണ്‍ 13 മുതല്‍ 22 വരെ

ന്യൂഡല്‍ഹി: 2023ലെ യുജിസി നെറ്റ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുകയെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ അറിയിച്ചു.

എല്ലാ വര്‍ഷവും ജൂണ്‍ ഡിസംബര്‍ മാസങ്ങളില്‍ രണ്ട ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കാറുള്ളത്. രണ്ടാം ഘട്ട പരീക്ഷ ഡിസംബറില്‍ നടക്കും. ആദ്യഘട്ട പരീക്ഷ ജൂണ്‍ 13 മുതല്‍ 22വരെയായിരിക്കുമെന്ന് ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

2022ലെ രാജാവ് പൊറോട്ട, ബിരിയാണിയെ കടത്തിവെട്ടി മുന്നേറ്റം; മൂന്നാമതെത്തി ഇടിയപ്പം

2022ലെ രാജാവ് പൊറോട്ട, ബിരിയാണിയെ കടത്തിവെട്ടി മുന്നേറ്റം; മൂന്നാമതെത്തി ഇടിയപ്പം

കേരളത്തിന്റെ ദേശീയ ഭക്ഷണം എന്നാണ് നമ്മളൊക്കെ പൊറോട്ടയെ വിശേഷിപ്പിക്കാറ്. ഇപ്പോഴിതാ ചിക്കന്‍ ബിരിയാണിയെ പിന്നിലാക്കി ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒന്നാമനായിരിക്കുകയാണ് പൊറോട്ട. 2022 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ വാങ്ങിയത് പൊറോട്ടയാണെന്നാണ് പ്രമുഖ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗിയുടെ കണക്കുകള്‍. 25 ലക്ഷത്തോളം പൊറോട്ടയാണ് ഈ വര്‍ഷം ആളുകള്‍ ഓണ്‍ലൈനായി വാങ്ങിയത്.

4.27 ലക്ഷം ചിക്കന്‍ ബിരിയാണിയും 2.61 ലക്ഷം ഇടിയപ്പവും ഓണ്‍ലൈനില്‍ വിറ്റു. മസാല ദോശയാണ് അഞ്ചാം സ്ഥാനത്ത്. 24,65,507 പൊറോട്ടകളാണ് ഈ വര്‍ഷം ഓണ്‍ലൈനില്‍ വിറ്റത്. ഓണ്‍ലൈനിന് പുറമേ കടയിലിരുന്ന് കഴിക്കാനും പൊറോട്ടയ്ക്ക് ഡിമാന്‍ഡ് കൂടുതലാണെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. ദിവസവും 700 മുതല്‍ 800 പൊറോട്ട വരെ കച്ചവടം ചെയ്യാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പൊറോട്ടയ്‌ക്കൊപ്പം ചിക്കന്‍ കറിക്കും ബീഫ് കറിക്കുമാണ് ആവശ്യക്കാരേറെയെന്നും അവര്‍ പറഞ്ഞു.

മുമ്പ് കഞ്ഞി കുടിച്ച് ദിവസം തുടങ്ങിയിരുന്ന മലയാളികള്‍ പിന്നീട് ദോശ, ഇഡ്ഡലി, പുട്ട്, ഇടയപ്പം എന്നിവയിലേക്ക് മാറി. ഇപ്പോഴാകട്ടെ പ്രഭാതഭക്ഷണമായി ആളുകള്‍ കട്ടിയുള്ള ആഹാരം തെരഞ്ഞെടുക്കുന്ന ട്രെന്‍ഡിലേക്ക് മാറി. അതേസമയം മൈദ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

കൊച്ചി മെട്രോ പുതുവത്സരാഘോഷം, 31 ന് രാത്രി ഒരുമണി വരെ സര്‍വീസ്; ടിക്കറ്റ് നിരക്ക് പകുതി മാത്രം

കൊച്ചി മെട്രോ പുതുവത്സരാഘോഷം, 31 ന് രാത്രി ഒരുമണി വരെ സര്‍വീസ്; ടിക്കറ്റ് നിരക്ക് പകുതി മാത്രം

കൊച്ചി: പുതുവത്സരാഘോഷത്തില്‍ പങ്കുചേര്‍ന്ന് കൊച്ചി മെട്രോ. ഡിസംബര്‍ 31 ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
പുതുവത്സരം പ്രമാണിച്ച് പ്രത്യേക ഇളവും പ്രഖ്യാപിച്ചു. ഡിസംബര്‍ 31 ന് രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുള്ള സര്‍വീസിന് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.