by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കാർ അപകടത്തിൽ പരിക്ക്. ഉത്തരാഖണ്ഡിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ഇന്ന് പുലര്ച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ റിഷഭ് പന്തിനു പൊള്ളലേറ്റിട്ടുണ്ട്. തലക്ക് മുറിവേറ്റിട്ടുണ്ട്. ആരോഗ്യനിലയെ കുറിച്ച് കൂടുതല് വിവരങ്ങള് പുറത്ത് വിട്ടിട്ടില്ല. ഡൽഹിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. കാര് പൂര്ണമായും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.
by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി കേരളത്തിൻ്റെ ഫ്ലോട്ടിന് അനുമതി. സ്ത്രീ ശാക്തീകരണം വിശദമാക്കുന്ന ഫ്ലോട്ട് അവതരിപ്പിക്കും. കഴിഞ്ഞ തവണ കേരളത്തിന് അവതരണാനുമതി കിട്ടിയിരുന്നില്ല. 16 സംസ്ഥാനങ്ങള്ക്കാണ് ഇക്കുറി അനുമതി കിട്ടിയത്.
by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു.എൻ. മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പുലർച്ചെ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മഹത്തായഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. അതേസമയം, മുൻനിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
by Midhun HP News | Dec 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഫുട്ബോള് ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. സാവോപോളോയിലെ ആല്ബര്ട്ട് ഐന്സ്റ്റീന് ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. കുടലിലെ അര്ബുദബാധയെത്തുടര്ന്ന് ദീര്ഘകാലമായി ചിതിസയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്ന്ന് ഒരു മാസത്തിലേറെയായി പെലെയെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും താരത്തെ അലട്ടിയിരുന്നു. ലോകമെമ്പാടുമുള്ള കാല്പ്പന്തുകളി ആരാധകരുടെ ഹൃദയം കവര്ന്ന താരമാണ് പെലെ. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി പെലെ ചരിത്രം കുറിച്ചു. 1958, 1962, 1970 ലോകകപ്പ് കിരീടങ്ങളാണ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള് താരവും പെലെയാണ്.
ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും പെലെയാണ്. നൂറ്റാണ്ടിന്റെ താരമായി ഫിഫ അദ്ദേഹത്തെ ആദരിച്ചിരുന്നു. 1961 ല് ബ്രസീല് പെലെയെ ദേശീയ സ്വത്തായി പ്രഖ്യാപിച്ചിരുന്നു. 1940 ഒക്ടോബര് 23ന് ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെയുടെ ജനനം. എഡ്സണ് അറാന്റെസ് ദൊ നാസിമെന്റോ എന്നാണ് മുഴുവന് പേര്. അച്ഛന് ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ. സെലെസ്റ്റേ അരാന്റസ് ആണ് അമ്മ. 1956ല് 15-ാം വയസില് ബ്രസീലിന്റെ പ്രശസ്ത ഫുട്ബോള് ക്ലബ്ബ് സാന്റോസിലൂടെയാണ് പെലെ ഫുട്ബോള് കരിയറിന് തുടക്കമിടുന്നത്. 1956 സെപ്റ്റംബര് ഏഴിന് കൊറിന്ത്യന്സിനെതിരെയായിരുന്നു സാന്റോസ് സീനിയര് ടീമിലെ ആദ്യ കളി. പതിനാറാം വയസ്സില് ബ്രസീല് ദേശീയ ടീമിനായി അരങ്ങേറി. 1957 ജൂലായ് ഏഴിന് അര്ജന്റീനയ്ക്കെതിരെയായിരുന്നു മത്സരം. 16 വര്ഷവും ഒമ്പത് മാസവുമായിരുന്നു പ്രായം. ആദ്യ മത്സരത്തില് തന്നെ പെലെ ഗോള് നേടി.
1958ല് പെലെ ലോകകപ്പില് അരങ്ങേറ്റം കുറിച്ചു. സെമിയില് ഫ്രാന്സിനെതിരേ ഹാട്രിക്ക് നേടി പെലെ വരവറിയിച്ചു. ലോകകപ്പ് ചരിത്രത്തില് ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള് നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകര്ത്ത് ബ്രസീല് കിരീടവും നേടി. നാലു മത്സരങ്ങളില് ആറു ഗോളുകള് നേടിയ പെലെയെ ടൂര്ണമെന്റിലെ മികച്ച യുവതാരമായി തെരഞ്ഞെടുത്തിരുന്നു.
ലോകത്തെ എക്കാലത്തെയും മികച്ച ടീമുകളില് ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. നാലു ലോകകപ്പുകളിലാണ് പെലെ ബ്രസീലിനായി കളിച്ചത്. 1958, 1962, 1966, 1970 ലോകകപ്പുകളില്. 1962 ലും പെലെയുടെ ബ്രസീല് കിരീടം നേടി. 1970 ലോകകപ്പില് പെലെ ഗോള്ഡന് ബോളും സ്വന്തമാക്കി.
അന്താരാഷ്ട്ര കരിയറില് മഞ്ഞപ്പടയ്ക്കു വേണ്ടി 92 മത്സരങ്ങളില് നിന്ന് 77 ഗോളുകള് നേടി. 1977 ഒക്ടോബര് ഒന്നിന് ഫുട്ബോളില് നിന്നും വിരമിച്ചു. ന്യൂയോര്ക്ക് കോസ്മോസും സാന്റോസും തമ്മിലുള്ള കളിയായിരുന്നു പ്രൊഫഷണല് കരിയറിലെ അവസാന മത്സരം. ഫിഫ പ്ലെയര് ഓഫ് ദ സെഞ്ചുറി, ഫിഫ ഓര്ഡര് ഓഫ് മെറിറ്റ്: 2004, ഐഒസി അത്ലറ്റ് ഓഫ് ദി ഇയര്, സൗത്ത് അമേരിക്കന് ഫുട്ബോളര് തുടങ്ങിയ ബഹുമതികളും പെലെയ്ക്ക് ലഭിച്ചിട്ടുണ്ട്.
by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നഗരങ്ങൾ സമൂഹത്തിന്റെ അതിപ്രധാന ഭാഗമായി മാറുകയാണെന്നും നഗരസഭകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കേന്ദ്ര സ്ഥാനത്തേയ്ക്ക് വരികയാണെന്നും തദ്ദേശ ഭരണ വകുപ്പുമന്ത്രി എം.ബി.രാജേഷ്. മേയഴ്സ് കൗൺസിലും ചെയർമാൻ ചേംമ്പറും കിലയും കെ.എം.സി.എസ്.യുവും ചേർന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശിൽപശാല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിൽപശാലയിൽ മുനിസിപ്പൽ ചെയർമാൻ ചേംമ്പർ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ മുഖ്യപ്രഭാഷണം നടത്തി. കില അർബൻ ചെയർ പ്രൊഫ. ഡോ.അജിത്ത് കാളിയത്ത്, സീനിയർ ഫെല്ലോ ഡോ.കെ.രാജേഷ്, കെ.എം.സി എസ് യു പ്രസിഡന്റ് എൻ.എസ്.ഷൈൻ തുടങ്ങിയവർ സംസാരിച്ചു.
കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ് സ്വാഗതവും സെക്രട്ടറി കെ.ബാബു നന്ദിയും പറഞ്ഞു. നഗരസഭകളെ സംബന്ധിച്ച് പൊതു സമുഹത്തിന് പല ആക്ഷേപങ്ങളും പരാതിയും ഉണ്ട് . അത് ഇല്ലാതാകണം . നഗരസഭയിൽ എത്തുന്ന ജനങ്ങൾക്ക് നല്ല അനുഭവം ഉണ്ടാകണം. ജനങ്ങൾ അവരുടെ അവകാശത്തിനാണ് വരുന്നതെന്ന ബോധ്യം ജീവനക്കാർക്ക് ഉണ്ടാകണം. നൽകാനാകുന്ന സേവനങ്ങൾ യാതൊരു തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കണം. ഇന്നു നേരിടുന്ന വൈദഗ്ധ്യത്തിന്റെ കുറവ് പരിഹരിക്കാനാകണം.
ജനങ്ങൾ നഗരസഭകളിൽ കയറിയിറങ്ങുന്നത് അവസാനിക്കണം. പൂർണമായും ഇ- ഓഫീസ് നിലവിൽ വരണം. അതിനുള്ള കർമ്മ പരിപാടിയാണ് സർക്കാർ നടപ്പാക്കുന്നത്. അതിലൂടെ അഴിമതി ഇല്ലാതാക്കാനാകും. വലിയ മാറ്റങ്ങളാണ് നഗരസഭകളിൽ ഉണ്ടാകുന്നത്. ഈ പ്രവർത്തനങ്ങൾക്കാകെ ശക്തി പകരുന്നതാകും. നവനഗരസഭാ കാമ്പയിൻ പഠനത്തിൽ നിന്ന് പ്രവർത്തനങ്ങളിലേയ്ക്കും അതിൽ നിന്ന് പരിഹാരങ്ങളിലേയ്ക്കും പോകാൻ കഴിയണം. എന്നും എം.ബി.രാജേഷ് പറഞ്ഞു.

by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 452 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PB 769265 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ PA 954199 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Recent Comments