പൊളിറ്റിയ്ക്കൽ സയൻസിൽ അധ്യാപക ഒഴിവ്

പൊളിറ്റിയ്ക്കൽ സയൻസിൽ അധ്യാപക ഒഴിവ്

ആറ്റിങ്ങൽ∙ ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവിലേയ്ക്കുള്ള അഭിമുഖം ജനുവരി 1 രാവിലെ 10 ന് നടക്കും.

എസ്.എ.ടി ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി ഉയര്‍ത്തി ആരോഗ്യ വകുപ്പ്

എസ്.എ.ടി ആശുപത്രിയെ സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി ഉയര്‍ത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാണ്. രാജ്യത്തെ 10 പ്രധാന ആശുപത്രികളുടെ പട്ടികയിലാണ് എസ്.എ.ടി. ആശുപത്രി ഇടം പിടിച്ചിരിക്കുന്നത്. അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുന്നതിലും ചികിത്സയിലും ഗവേഷണത്തിലും വിപ്ലവാത്മക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും. സമയബന്ധിതമായി സെന്റര്‍ ഓഫ് എക്‌സലന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അപൂര്‍വ രോഗങ്ങള്‍ കണ്ടെത്തുക, ചികിത്സിക്കുക, പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളുമായി അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ പോളിസിയനുസരിച്ചാണ് അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടിക തയ്യാറാക്കിയത്. പോളിസിയുടെ ഭാഗമായുള്ള മാനദണ്ഡങ്ങളനുസരിച്ച് കേന്ദ്ര സംഘം നടത്തിയ പരിശോധനയില്‍ മികവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്.എ.ടി.യെ തെരഞ്ഞെടുത്തത്. ജനിതക രോഗങ്ങളുടെ പരിശോധന, രോഗനിര്‍ണയം, ചികിത്സ എന്നിവ എസ്.എ.ടി. ആശുപത്രിയില്‍ സാധ്യമാണ്. മാത്രമല്ല മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സഹകരണവും ലഭ്യമാണ്.

ഏതെങ്കിലും ഒരു അപൂര്‍വ രോഗം കണ്ടുപിടിച്ചു കഴിഞ്ഞാല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതി വഴി ചികിത്സ ലഭിക്കും. കേരളത്തില്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ അപൂര്‍വ രോഗം കണ്ടെത്തിയാലും എസ്.എ.ടി. ആശുപത്രിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് വഴിയായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായുള്ള അധിക സൗകര്യവും കൂടുതല്‍ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്തും.

ചിറയിൻകീഴ് താലൂക്കിലെ മോക് ഡ്രില്ലിൽ അമ്പരന്ന് നാട്ടുകാർ

ചിറയിൻകീഴ് താലൂക്കിലെ മോക് ഡ്രില്ലിൽ അമ്പരന്ന് നാട്ടുകാർ

സമയം രാവിലെ 9 മണി. നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍, ചിറയിന്‍കീഴിലെ കീഴാറ്റിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഫയര്‍ എഞ്ചിന്‍ ചീറിപ്പായുന്നു. നദിയില്‍ ഒഴുക്കില്‍പെട്ട ആളുകളെ നിമിഷനേരം കൊണ്ട് കരയ്‌ക്കെത്തിക്കുന്നു. പ്രദേശവാസികളില്‍ അമ്പരപ്പും കൗതുകവും. സമയം രാവിലെ 9.37, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ആറാട്ട് വഴി ബീച്ചിലേക്ക് സൈറണ്‍ മുഴക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ ഫയര്‍ ടെന്‍ഡര്‍, പൊലീസ് ജീപ്പുകള്‍ എന്നിവ പാഞ്ഞെത്തി. തൊട്ടുപിന്നാലെ ആംബുലന്‍സുകളുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രളയ-ഉരുള്‍പൊട്ടല്‍ സാധ്യത തയാറെടുപ്പുകളുടെ ഭാഗമായുള്ള മോക്ഡ്രില്ലിലെ കാഴ്ചകള്‍ ഇങ്ങനെയായിരുന്നു.

ദേശീയദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെമ്പാടും നടന്ന മോക് ഡ്രില്ലിന്റെ ഭാഗമായി ജില്ലയില്‍ വിവിധ താലൂക്കുകളിലായി അഞ്ച് പഞ്ചായത്തുകളിലാണ് സാങ്കല്‍പിക പ്രളയ സാഹചര്യം സൃഷ്ടിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയത്. തിരുവനന്തപുരം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അതിതീവ്ര മഴയും റെഡ് അലര്‍ട്ടും പ്രഖ്യാപിക്കപ്പെട്ട സാഹചര്യം സൃഷ്ടിച്ചാണ് മോക് ഡ്രില്‍ നടത്തിയത്. ചെങ്കല്‍, പൂവച്ചല്‍, വെള്ളനാട്, കടയ്ക്കാവൂര്‍, കഠിനംകുളം എന്നീ പഞ്ചായത്തുകളിലാണ് മോക് ഡ്രില്‍ നടന്നത്. കഠിനംകുളത്ത് എയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവും നടന്നു. നെയ്യാറ്റിന്‍കര ചെങ്കല്‍ പഞ്ചായത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ പങ്കാളിത്തവുമുണ്ടായിരുന്നു.

ജില്ലയില്‍ പ്രളയ സമാനസാഹചര്യമുണ്ടായാല്‍ ദുരന്തനിവാരണ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. താലൂക്ക് തലങ്ങളിലും ജില്ലാ തലത്തിലും രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ (ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം) ഇന്‍സിഡന്റ് കമാന്‍ഡ് പോസ്റ്റ്, എമര്‍ജന്‍സ് ഓപ്പറേഷന്‍ സെന്ററുകള്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജില്ലാ തലത്തില്‍ ജില്ലാ കളക്ടറുടെ ചുമതല വിഹിക്കുന്ന എഡിഎം അനില്‍ ജോസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന്‍ എന്നിവരുടെ നേതൃത്വത്തിലും താലൂക്ക് തലങ്ങളില്‍ വിവിധ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. താലൂക്ക് തലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, ആംബുലന്‍സുകള്‍, ആശുപത്രി സൗകര്യം തുടങ്ങിയവ മോക് ഡ്രില്ലിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു. കളക്ടറേറ്റില്‍ സജ്ജമാക്കിയ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രതിനിധി നിരീക്ഷകനായി എത്തിയിരുന്നു. മോക്ഡ്രില്‍ സംഘടിപ്പിച്ച കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷകന്‍ സന്ദര്‍ശിച്ചു.

ചരിത്രപ്രസിദ്ധമായ ശിവഗിരി തീർത്ഥാടനത്തിന് നാളെ തിരിതെളിയും

ചരിത്രപ്രസിദ്ധമായ ശിവഗിരി തീർത്ഥാടനത്തിന് നാളെ തിരിതെളിയും

വർക്കല: ശിവഗിരി തീർത്ഥാടനത്തിന് നാളെ (ഡിസംബർ 30 ) ആരംഭം കുറിക്കും. രാവിലെ 9 30 ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയായിരിക്കും. ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമികളുടെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേദ്രൻ , കെ. ബാബു , കെ ജി ബാബുരാജൻ , ഗോകുലം ഗോപാലൻ , ദീപുരവി , വിശാലാനന്ദസ്വാമികൾ , ശാരദാനന്ദസ്വാമികൾ എന്നവർ പ്രസംഗിക്കും. 11 മണിക്ക് വിദ്യാഭ്യാസ – ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന്ന് ആരോഗ്യ – ശുചിത്വ – പരിസ്ഥിതി സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജി ആർ അനിൽ അദ്ധ്യക്ഷനാകും. രാത്രി ഏഴിന് കലാപരിപാടികൾ ഗായിക കെ എസ് ചിത്ര ഉദ്ഘാടനം ചെയ്യും.

31 ന് പുലർച്ചെ നാലരയ്ക്ക് തീർത്ഥാടന ഘോഷയാത്ര ആരംഭിച്ച് 8 30 ന് മഹാസമാധിപീഠത്തിൽ തിരിച്ചെത്തും . തുടർന്ന് സച്ചിദാനന്ദ സ്വാമികൾ തീർത്ഥാടന സന്ദേശം നൽകും. 10 മണിക്ക് തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ മന്ത്രി വി എൻ വാസവൻ, വെള്ളാപ്പിള്ളി നടേശൻ , എം എ യൂസഫലി എന്നിവർ മുഖ്യാതിഥികളാകും. ഉച്ചക്ക് 12 ന് സംഘടനാ സമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 3 ന് കൃഷി – കൈത്തൊഴിൽ സമ്മേളനം കേന്ദ്രമന്ത്രി കരന്തലജെ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് അദ്ധ്യക്ഷനാകും. അഞ്ചിന് വ്യവസായ-ടൂറിസം സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ജനുവരി ഒന്നിനു രാവിലെ 10 മണിക്ക് ശിവഗിരി തീർത്ഥാടന നവതി സമാപന സമ്മേളനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി എകെ ശശീന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഉച്ചക്ക് 12ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടരക്ക് സാഹിത്യ സമ്മേളനം ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സച്ചിതാനന്ദൻ അദ്ധ്യക്ഷനാകും. നാലരയ്ക്ക് സമാപനസമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുഖ്യാതിഥിയാകും.

വ്യോമസേനയ്ക്ക് അഭിമാനനിമിഷം 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരം

വ്യോമസേനയ്ക്ക് അഭിമാനനിമിഷം 400 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: വ്യോമസേനയുടെ ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വിജയകരം. സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. 400 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യസ്ഥാനമായ കപ്പലാണ് മിസൈല്‍ ഭേദിച്ചത്.

സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. പരീക്ഷണം വിജയകരമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

കരയിലെയും കടലിലെയും അകലെയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്നും പ്രസ്താവനയില്‍ പറയുന്നു. നാവികസേനയുടെയും ഡിആര്‍ഡിഒയുടെയും എച്ച്എഎല്ലിന്റെയും ബ്രഹ്മോസ് എയറോസ്‌പേസിന്റെയും സഹകരണത്തോടെയായിരുന്നു പരീക്ഷണം.

എൻഐഎ റെയ്‌ഡ്‌ : വിതുരയിൽ പിഎഫ്ഐ സംസ്ഥാന നേതാവ് ഉൾപ്പടെ മൂന്നു പേർ കസ്റ്റഡിയിൽ

എൻഐഎ റെയ്‌ഡ്‌ : വിതുരയിൽ പിഎഫ്ഐ സംസ്ഥാന നേതാവ് ഉൾപ്പടെ മൂന്നു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടർന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുൽഫി, ഇയാളുടെ സഹോദരൻ സുധീർ, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുൽഫിയുടെ വീട്ടിൽ രാവിലെ തുടങ്ങിയ പരിശോധന അൽപ സമയം മുമ്പാണ് അവസാനിച്ചത്. ഇന്ന് സംസ്ഥാനത്ത് 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

പരിശോധനയിൽ ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പോപുലർ ഫ്രണ്ടിൻ്റെ 7 എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ, 7 മേഖലാ തലവന്മാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ റെയ്ഡ്. പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ദില്ലിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരും ഇന്ന് നടന്ന റെയ്ഡിൽ ഭാഗമായി. കേരള പൊലീസും റെയ്ഡിന് സുരക്ഷയൊരുക്കി. എവിടെയും പ്രതിഷേധമോ പ്രതിരോധമോ ഉണ്ടായിരുന്നില്ല.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടർച്ചയായാണ് ഈ റെയ്ഡ്. സെപ്തംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. സെപ്തംബറിൽ നടന്ന റെയ്‌ഡ് കേന്ദ്രസേനകളുടെ സുരക്ഷയിലായിരുന്നു. കേരള പൊലീസിനെ റെയ്ഡിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരുന്നു. ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്.