by Midhun HP News | Dec 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ. പകരം തീർഥാടനത്തിന് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. തിരക്ക് നിയന്ത്രിക്കാനായി ദർശന സമയം കൂട്ടും. നിലവിലുള്ളതിനേക്കാൾ ഒരു മണിക്കൂറാണ് കൂട്ടുക. പമ്പയിലെ വാഹന പാർക്കിങ്ങ് പുന:സ്ഥാപിക്കുന്നത് ആലോചനയിലില്ല. പമ്പയിൽ പാർക്കിങ്ങ് അനുവദിക്കരുതെന്നത് കോടതി തീരുമാനം ആണ്. രണ്ടാം തവണയാണ് ഈ സീസണിൽ തീർഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. പമ്പ മുതൽ തീർഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടൂ. ഇതിനായി ഓരോ പോയിന്റിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്ന തീർഥാടകർക്ക് കുടിവെളളവും ലഘുഭക്ഷണവും ഉറപ്പാക്കും.

by Midhun HP News | Dec 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ചാലക്കുടിക്കും കറുകുറ്റിക്കും ഇടയിൽ ഗർഡർ മാറ്റുന്നത് അടക്കമുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും ഏതാനും ചില ട്രെയിനുകൾ റദ്ദാക്കി. നാഗര്കോവില്- മംഗലാപുരം ഏറനാട് എക്സ്പ്രസ് ഓടില്ല. ഗുരുവായൂര്- തിരുവനന്തപുരം ഇന്റര് സിറ്റിയും റദ്ദാക്കിയിട്ടുണ്ട്. കൊച്ചുവേളി യാർഡിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്ന് മുതൽ 12 വരെ 21 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. കൊച്ചുവേളി- ചണ്ഡീഗഢ് സൂപ്പർ ഫാസ്റ്റ് ഇന്ന് ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കും.
ആലപ്പുഴ ധന്ബാദ് എക്സ്പ്രസ് ആറു മണിക്കൂര് വൈകി ഉച്ചയ്ക്ക് 12 നാകും പുറപ്പെടുക. കൊച്ചുവേളി-കോര്ബ സൂപ്പര്ഫാസ്റ്റ് രണ്ടു മണിക്കൂര് വൈകി 8.15 നാകും കൊച്ചുവേളിയില് നിന്നും പുറപ്പെടുകയെന്നും റെയില്വേ അറിയിച്ചു.

by Midhun HP News | Dec 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പുറത്താക്കാതിരിക്കാന് കാരണം കാണിക്കല് നോട്ടീസ് നല്കിയ സംസ്ഥാനത്തെ സര്വകലാശാലകളുടെ വൈസ് ചാന്സലര്മാരുടെ ഹിയറിങ് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഇന്ന് നടത്തും. അതിനിടെ ഗവര്ണറുടെ കാരണം കാണിക്കല് നോട്ടീസിനെതിരെ വൈസ് ചാന്സലര്മാര് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. ഹിയറിങ്ങ് കഴിഞ്ഞാലും ഹൈക്കോടതിയില് വിസിമാര് നല്കിയ കേസില് കോടതി വിധി കൂടി പരിഗണിച്ചാകും ഗവര്ണര് വിഷയത്തില് അന്തിമ നിലപാട് സ്വീകരിക്കുക. രാജ്ഭവനില് 11 മണി മുതലാണ് ഹിയറിങ്. വിസിമാര് നേരിട്ടോ അല്ലെങ്കില് വിസിമാര് ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിങ്ങിന് എത്തും. വിദേശത്തുള്ള എംജി സര്വകലാശാല വിസിയുടെ ഹിയറിങ് പിന്നീട് നടത്തും. ഇന്നെത്താന് പ്രയാസം ഉണ്ടെന്നാണ് കണ്ണൂര് വിസി അറിയിച്ചിരിക്കുന്നത്. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില് ആണ് ഹിയറിങ്.

യുജിസി മാര്ഗ നിര്ദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവന് വിസിമാരെയും പുറത്താക്കാന് ആണ് ഗവര്ണറുടെ നീക്കം. ഹിയറിങ്ങ് കഴിഞ്ഞാലും കോടതിയില് വിസിമാര് നല്കിയ കേസ് കൂടി പരിഗണിച്ചാകും ഗവര്ണര് അന്തിമ നിലപാട് എടുക്കുക.
ഗവര്ണറുടെ കാരണം കാണിക്കല് നോട്ടീസിനെതിരെ വൈസ് ചാന്സലര്മാര് സമര്പ്പിച്ച ഹര്ജി ഹൈക്കോടതിയുടെ മുന്നിലാണ്. ചാന്സലറുടെ അധികാര പരിധി സംബന്ധിച്ച് വിശദമായ വാദം കേള്ക്കണമെന്നും വിസിമാര് ആവശ്യപ്പെട്ടിരുന്നു. കാരണം കാണിക്കല് നോട്ടീസ് നല്കാന് ചാന്സലറായ ഗവര്ണര്ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം.
by Midhun HP News | Dec 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഗുജറാത്തില് ബിജെപി സര്ക്കാര് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. തുടര്ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില് ബിജെപി അധികാരം നേടുന്നത്. ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയായാണ് ഭൂപേന്ദ്ര പട്ടേല് അധികാരമേല്ക്കുക. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര് പങ്കെടുക്കും. പാര്ട്ടി കേന്ദ്രനേതാക്കള്ക്ക് പുറമെ, ബിജെപി മുഖ്യമന്ത്രിമാരും ചടങ്ങില് സംബന്ധിക്കും. മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുമെന്നാണ് റിപ്പോര്ട്ട്.
ഗത്ലോഡിയയില് നിന്നും 1.92 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 60 കാരനായ ഭൂപേന്ദ്ര പട്ടേല് ഇത്തവണ വിജയിച്ചത്.കഴിഞ്ഞദിവസം അഹമ്മദാബാദില് ചേര്ന്ന ബിജെപി നിയമസഭാകക്ഷിയോഗം മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നു. 2021 സെപ്റ്റംബറില് വിജയ് രൂപാണിയുടെ പിന്ഗാമിയായിട്ടാണ് ഭൂപേന്ദ്ര പട്ടേല് മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്.
by Midhun HP News | Dec 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മാന്ദൗസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില് ഇന്നും ശക്തമായ മഴ തുടരും. നാളെ വരെ പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില് നാളെയും മഴ മുന്നറിയിപ്പുണ്ട്.

തമിഴ്നാട്ടില് കര തൊട്ട മാന്ദൗസ് ചുഴലിക്കാറ്റ് ദുര്ബലമായി ചക്രവാത ചുഴിയായി മാറിയതാണ് കേരളത്തില് പരക്കെ മഴയ്ക്ക് കാരണം. ചക്രവാതചുഴി വടക്കന് കേരള കര്ണാടക തീരം വഴി തെക്ക് കിഴക്കന് അറബിക്കടലില് പ്രവേശിച്ച് ഡിസംബര് 13 ഓടെ ന്യുന മര്ദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യന് തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത.
കേരള കര്ണാടക ലക്ഷദ്വീപ് തീരങ്ങളില് ഡിസംബര് 13 വരെ മത്സ്യബന്ധനത്തിന് പോകാന് പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മണിക്കൂറില് 40 മുതല് 45 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
by Midhun HP News | Dec 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ ആഗോള മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സ്കൂൾ പി.റ്റി.എ. കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ഹ്യൂമൻ റൈറ്റ്സ് ജില്ലാ ജോയിന്റ് സെക്രട്ടറിയും റിട്ടയേർഡ് എക്സൈസ് ഓഫീസറുമായ സത്യ പ്രഭൻ നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ പി.റ്റി.എ. അംഗങ്ങൾക്കായി ലഹരി വിരുദ്ധ ക്ലാസ്സും സത്യ പ്രഭൻ നയിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റും, ഹ്യൂമൻ റൈറ്റ്സ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ മൂഴിയിൽ സുരേഷ് അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ മധു ബി.ആർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പുലരി ആർ ചന്ദ്രൻ നന്ദിയും പറഞ്ഞു.

Recent Comments