പരിസ്ഥിതി പ്രവര്‍ത്തക മീന ശാന്തിവനം അന്തരിച്ചു

പരിസ്ഥിതി പ്രവര്‍ത്തക മീന ശാന്തിവനം അന്തരിച്ചു

പിറന്നാൾ ദിനത്തിൽ പരിസ്ഥിതി പ്രവര്‍ത്തക മീന ശാന്തിവനം അന്തരിച്ചു. 52 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. എറണാകുളം നോര്‍ത്ത് പറവൂരിലെ വിവാദമായ ശാന്തിവനത്തിന്റെ സംരക്ഷണത്തിനായി വര്‍ഷങ്ങളോളം പ്രതിഷേധവും നിയമപോരാട്ടങ്ങളും നടത്തിയ വ്യക്തിയാണ് മീന മേനോന്‍.

പറവൂരിലെ വഴിക്കുളങ്ങരയിലാണ് രണ്ടേക്കറോളമുള്ള ശാന്തിവനം സ്ഥിതിചെയ്യുന്നത്. തുണ്ടപ്പറമ്പ് പരേതരായ രവീന്ദ്രന്റേയും സാവിത്രിയുടേയും മകളായ മീന അച്ഛൻ കാത്തുസൂക്ഷിച്ച ശാന്തിവനം പരിപാലിക്കാനാണ് ജീവിതം മാറ്റിവച്ചത്. നാലു കാവുകളും കുളങ്ങളും വൃക്ഷ‌ങ്ങളും നിറഞ്ഞതാണ് ശാന്തിവനം. കാടിന്റെ അന്തരീക്ഷമുള്ള ശാന്തിവനത്തിലെ പഴയ വീട്ടിൽ മകൾ ഉത്തരയ്ക്കൊപ്പമാണ് മീന താമസിച്ചിരുന്നത്. ആലുവ യുസി കോളജിൽ ഡി​ഗ്രി വിദ്യാർത്ഥിയാണ് ഉത്തര.

വഴിക്കുളങ്ങര ശാന്തിവനത്തിന് നടുവിൽ 110 കെവി ടവര്‍ നിര്‍മ്മിക്കാനുള്ള കെഎസ്ഇബിയുടെ നീക്കം വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പ്രകൃതി സ്നേഹികൾ ഒത്തുചേർന്ന് ഒട്ടേറെ സമരങ്ങൾ നടത്തിയെങ്കിലും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ഇബി മരങ്ങള്‍ മുറിച്ച് ടവർ സ്ഥാപിച്ചു. തന്റെ മുടി മുറിച്ചുകൊണ്ടായിരുന്നു മീന ഇതിനെതിരെ പ്രതിഷേധിച്ചത്.

വടക്കാഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതമന്ത്രി

വടക്കാഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതമന്ത്രി

പാലക്കാട്: വടക്കാഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടു. യാത്രയുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ഗതാഗത വകുപ്പിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതിനിടെ അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോനെ കാണാനില്ല. ഇയാള്‍ മുങ്ങിയതായാണ് സംശയിക്കുന്നത്. പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാള്‍ എവിടെയാണെന്ന് അറിയില്ലെന്നും വടക്കഞ്ചേരി പൊലീസ് പറഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ കള്ളപ്പേരാണ് നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജോജോ പത്രോസ് എന്നാണ് ഇയാള്‍ പേരു പറഞ്ഞതെന്നാണ് വടക്കഞ്ചേരിയിലെ ആശുപത്രി ജീവനക്കാര്‍ സൂചിപ്പിക്കുന്നത്. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ബസില്‍ ഉണ്ടായിരുന്നയാളാണ് എന്നാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞത്. ഇയാള്‍ക്ക് കാര്യമായ പരിക്കുകളുണ്ടായിരുന്നില്ലെന്നും, നടുവേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ എക്‌സ്‌റേ എടുത്തു നോക്കിയെങ്കിലും കാര്യമായ പരിക്കുണ്ടായിരുന്നില്ലെന്ന് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍ പറഞ്ഞു.

അപകടസമയത്ത് ബസിന്റെ വേഗത മണിക്കൂറില്‍ 97.72 കിലോമീറ്ററായിരുന്നുവെന്ന് വ്യക്തമായി. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് ടൂര്‍ പോകാനായി എത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ബസ് അമിതവേ​ഗതയിലായിരുന്നുവെന്ന് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന കുട്ടികളും വ്യക്തമാക്കി. ബസില്‍ ജോമോനെക്കുടാതെ എല്‍ദോ എന്ന റിസര്‍വ് ഡ്രൈവറും ഉണ്ടായിരുന്നു. കാലിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. താന്‍ ഉറങ്ങുകയായിരുന്നുവെന്നും, ജോമോനാണ് ബസ് ഓടിച്ചതെന്നുമാണ് എല്‍ദോ പറഞ്ഞത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഈട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് വടക്കഞ്ചേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്.

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധന

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധന

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധന. പവന് 8 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,280 രൂപ. ഗ്രാമിന് പത്തു രൂപ വര്‍ധിച്ച് 4785 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന്‍ വിലയില്‍ 720 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നത്തോടെ വര്‍ധന 800ല്‍ എത്തി.

ഒരു വൈറലായ ബിരിയാണിക്കഥ

ഒരു വൈറലായ ബിരിയാണിക്കഥ

ചൂടും പുകയും കൊണ്ട് സ്വാദേറും ഭക്ഷണം പാചകം ചെയ്ത് തീൻ മീശയിൽ എത്തിച്ചു തരുന്ന മുന്നണിയിൽ കാണാത്ത പാചകക്കാരുടെ കഥ പറഞ്ഞ “മുഹബ്ബത്തിൻ ബിരിയാണി കിസ്സ” യൂട്യൂബിൽ വൈറലാകുന്നു. പാചകപ്പുരയിലും കല്യാണ വീടുകളിലും ഹോട്ടലിലും പാചക തൊഴിൽ മേഖലയിൽ കഷ്ടപ്പെടുന്നവരുടെ നൊമ്പരവും വേദനയും അവഹേളനവും അവരുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സംഭവബഹുലമായ നിമിഷങ്ങളിലൂടെ പ്രേക്ഷകരിൽ എത്തിക്കുന്ന മുഹബ്ബത്തിൽ ബിരിയാണി കിസ്സയുടെ നിർമ്മാണം ഐ മാക്സ് ഗോൾഡാണ്. രചനയും, ചിത്ര സംയോജനവും, സംവിധാനവും നിർവഹിച്ചത് ഫൈസൽ ഹുസൈൻ ആണ്.
ഒരു കല്യാണ വീട്ടിൽ ബിരിയാണി വെയ്ക്കാൻ എത്തുന്ന പാചകക്കാരന്റെ ഒരു ദിനം പ്രേക്ഷകർക്ക് പുത്തൻ കാഴ്ച സമ്മാനിക്കും.കെട്ടുറുപ്പുള്ള തിരക്കഥയും സംവിധാന മികവും അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കും.

ചലച്ചിത്ര താരങ്ങളായ വിജയൻ കാരന്തൂർ, മുഹമ്മദ് പേരാബ്ര, കാശിനാഥൻ, റിഷാദ് മുഹമ്മദ്, ഉത്തര മനോജ്, സലാം ലെൻസ് വ്യൂ,രേഖ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.
മുഹമ്മദ് -എ ക്യാമറ ചലിപ്പിക്കുന്നു. സിമ്പു സുകുമാരൻ ആണ് പശ്ചാത്തല സംഗീതം.
മേക്കപ്പ് – അനീഷ് പാലോട്, ലൊക്കേഷൻ മാനേജർ -ബാസിത് ഐ മാക്സ് ഗോൾഡ്, സക്കീർ പുതിയപാലം. സംവിധാന സഹായി – ജാഫർ, വിഷ്ണു പ്രസാദ് , ക്യാമറ അസോസിയേറ്റ് – ചന്തു മേപ്പയ്യൂർ, ക്യാമറ അസിസ്റ്റന്റ് – വിപിൻ പ്രേരാമ്പ്ര, ആശയം – അബ്ദുൽ വാരിഷ്
കല- സുബൈർ, പോസ്റ്റർ – അഖിൽ ദാസ്, പ്രൊഡക്ഷൻ ഹൗസ് – ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറി ഫൈസൽ ഹുസൈ അസാമിന്റെ പശ്ചാത്തലത്തിൽ തദ്ദേശീയരെ വെച്ച് അസ്സാമി ഭാഷയിൽ അണിയിച്ചൊരുക്കിയ “ജ്യോതി” ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇരുവഴിഞ്ഞിപുഴയുടെ മണവാട്ടിയും പിന്നെ സുൽത്താന്മാരും, മെമ്മറി ഫുൾ, ടൈം ഓവർ, കൗമുദി ജബ്ബാർ, ഹൃദയത്തിൽ തൊട്ട് നാദാപുരം, മുളഞ്ചോലയിൽ ദാമോദരൻ, ചാലിയം കഥ പറയുമ്പോൾ, ക്ലാസ്സിഫൈഡ്സ്, മീസാൻ കല്ലുകൾ തളിർക്കുമ്പോൾ തുടങ്ങിയ പ്രോജക്ടുകളും ഏറെ ശ്രദ്ധേയമാണ്.

യു ട്യൂബ് ലിങ്ക് താഴെ കാണാം

https://youtu.be/pw6yp67jFM8

യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഫേസ്ബുക്കിൽ ലൈവ് കൊടുത്തശേഷം ആത്മഹത്യയെന്ന് സൂചന

യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഫേസ്ബുക്കിൽ ലൈവ് കൊടുത്തശേഷം ആത്മഹത്യയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തനിലയില്‍. കോട്ടയം സ്വദേശിയായ യുവാവാണ് രണ്ട് ദിവസം മുമ്പ് വെമ്പായത്ത് തൂങ്ങിമരിച്ചത്. ഇയാളെ കാണാനിനില്ലെന്ന് ബന്ധുക്കൾ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരം വെമ്പായത്തെ പിരപ്പൻകോട് ഇന്‍റര്‍നാഷണല്‍ നീന്തൽ സമുച്ചയത്തിന് സമീപത്തെ റബർ തോട്ടത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം പുത്തെറ്റ് സ്വദേശി കൊല്ലാടിൽ ജെയിംസ് വർഗീസാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

തിരുവനന്തപുരത്തേക്ക് ജോലിക്ക് പോയ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ പ്ലാസ്റ്റിക് കയറിൽ തൂങ്ങിനിൽക്കുന്ന മൃതദേഹം കണ്ടത്. ഇതിന് സമീപത്തായി ഒരു മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഓൺ ചെയ്ത് ഫേസ്ബുക്കിൽ ലൈവ് കൊടുത്തതിന് ശേഷമാണ് ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം. തൂങ്ങിക്കിടന്ന മൃതദേഹത്തിന് അഭിമുഖമായി വച്ചിരുന്ന മൊബൈൽ പൊലീസ് കണ്ടെടുത്ത് പരിശോധിച്ചു വരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇയാൾ റോഡരികിൽ കാർ പാർക്ക് ചെയ്തതിനുശേഷം ഡോർ തുറന്ന് പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. 33 കാരനായ ജെയിംസിന് ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് സൂചനയുണ്ട്. വെഞ്ഞാറമൂട് പോലീസ് നടപടികൾ ആരംഭിച്ചു.

ഡോ. ബി ആർ അംബേദ്കർ പഠന പദ്ധതിയുടെ ഭാഗമായി  പി. എസ്. സി പരീക്ഷ  പരിശീലനത്തിന്റെ രണ്ടാംഘട്ട ബാച്ച് പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഡോ. ബി ആർ അംബേദ്കർ പഠന പദ്ധതിയുടെ ഭാഗമായി പി. എസ്. സി പരീക്ഷ പരിശീലനത്തിന്റെ രണ്ടാംഘട്ട ബാച്ച് പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

കേരള പുലയർ മഹാസഭ ചിറയിൻകീഴ് യൂണിയന് കീഴിൽ എസ്. സി, എസ്. ടി ഉദ്യോഗാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്നതിന് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഡോ. ബി ആർ അംബേദ്കർ പഠന പദ്ധതിയുടെ ഭാഗമായി
പി. എസ്. സി പരീക്ഷ പരിശീലനത്തിന്റെ രണ്ടാംഘട്ട ബാച്ച് പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെപിഎംഎസ് യൂണിയൻ സെക്രട്ടറിയും ഡോ. ബി. ആർ അംബേദ്കർ പഠനകേന്ദ്രം ചെയർമാനുമായ ശാന്തശീലൻ കാട്ടുംപുറം ഉദ്ഘാടനം ചെയ്തു.

ഉദ്യോഗാർത്ഥികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ പഠനപ്രവർത്തനങ്ങൾക്ക്
ഡോ. ബി ആർ അംബേദ്കർ പഠനകേന്ദ്രം നേതൃത്വം നൽകുന്നു. യൂണിയൻ അസി. സെക്രട്ടറി സുനിത ശാസ്തവട്ടം സ്വാഗതവും കെ.പി. എം. എസ് യൂണിയൻ പ്രസിഡന്റ് പമ്മംകോട് സന്തോഷ്, ട്രഷറർ പ്രസാദ് മേവർക്കൽ, റിട്ട. ഉദ്യോഗസ്ഥൻ സുദർശനൻ എന്നിവർ പദ്ധതിക്ക് ആശംസകൾ നേർന്നു. തുടർന്ന് നടന്ന പി. എസ്‌. സി ക്ലാസ് പദ്ധതിയുടെ കോഡിനേറ്റർ ഷിബു ശാസ്തവട്ടം നേതൃത്വം നൽകി. ചിറയിൻകീഴ് താലൂക്ക് യൂണിയൻ പരിധിയിൽ വരുന്ന എസ് സി/ എസ് ടി വിദ്യാർഥികൾക്ക് ഈ പദ്ധതിയിൽ ചേർന്ന് പഠിക്കാവുന്നതാണ് .