രാജ്യത്തിന്‍റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു

രാജ്യത്തിന്‍റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.

JUST IN

“തിങ്കളും താരങ്ങളും” ചാന്ദ്രദിനത്തിൽ ആകാശ ഗോളങ്ങളുടെ ആവിഷ്കാരവുമായി മടവൂർ ഗവ.എൽ.പി.എസ്

“തിങ്കളും താരങ്ങളും” ചാന്ദ്രദിനത്തിൽ ആകാശ ഗോളങ്ങളുടെ ആവിഷ്കാരവുമായി മടവൂർ ഗവ.എൽ.പി.എസ്

ചാന്ദ്രരഹസ്യങ്ങളിലേക്കുള്ള മനുഷ്യ പ്രയാണത്തിന്റെ ഓർമ്മപ്പെടുത്തലുമായി എത്തുന്ന ചാന്ദ്രദിനത്തെ ഇത്തവണ “തിങ്കളും താരങ്ങളും” എന്ന പേരിൽ ആകാശഗോളങ്ങളുടെ ആവിഷ്കാരം നടത്തിയാണ് മടവൂർ ഗവൺമെന്റ് എൽപിഎസ് എതിരേറ്റത്. ചാന്ദ്രവാരാചരണത്തിലൂടെ കാഴ്ചകളുടെയും അറിവിന്റെയും വിസ്മയ പ്രപഞ്ചം തീർക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചിട്ടുള്ളത്. ആകാശ ഗോളങ്ങളായ സൂര്യൻ, ചന്ദ്രൻ , അഷ്ടഗ്രഹങ്ങൾ തുടങ്ങിയവയെ സിമിലേഷനിലൂടെ കുട്ടികൾ അവതരിപ്പിച്ചു. അമ്പിളി മാമന് കത്തെഴുത്ത് , അമ്പിളിപ്പാട്ടുകളുടെ ആലാപനം, ആകാശവിസ്മയങ്ങളുടെ ചിത്ര ഗാലറി, ചുമർപത്രം തുടങ്ങിയ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രധാനാധ്യാപകൻ എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.

50 ഹോം കെയർ പൂർത്തിയാക്കി കടുവയിൽ സൗഹൃദ പാലിയേറ്റീവ് യൂണിറ്റ്

50 ഹോം കെയർ പൂർത്തിയാക്കി കടുവയിൽ സൗഹൃദ പാലിയേറ്റീവ് യൂണിറ്റ്

കല്ലമ്പലം: കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഏപ്രിൽ മാസം മുതൽ പ്രവർത്തനം ആരംഭിച്ച പാലിയേറ്റീവ് മെഡിക്കൽ കെയർ യൂണിറ്റ് ഇതുവരെ 54 സൗജന്യ ഗൃഹ സന്ദർശനം പൂർത്തിയാക്കി. ഡോക്ടർ, നഴ്‌സ്‌, സന്നദ്ധസേവകർ എന്നിവർ അടങ്ങിയ ഒരു ടീമാണ് കിടപ്പുരോഗികളെ സന്ദർശിക്കുന്നത്. സുമനസ്സുകൾ സംഭാവന ചെയ്ത വീൽ ചെയർ വാർഡ് മെമ്പർ മുഹമ്മദ്‌ റാഷിദ്‌ ഒരു രോഗിക്ക് കൈമാറി.

ചടങ്ങിൽ എസ്. ആർ. എ.പ്രസിഡന്റ്‌ ശശിധരൻ ഇടായവണത്തു മഠം, സെക്രട്ടറി ഖാലിദ് പനവിള, പാലിയേറ്റീവ് യൂണിറ്റ് ക്യാപ്റ്റൻമാരായ ഡോക്ടർ ഷാഹിൻ ഷാനവാസ്‌, സിസ്റ്റർ സഫീല ബീവി, ഹസീന നജീം, ലിജി സജീവ്, സന്നദ്ധ സേവകരായ ആരിഫ് ഖാൻ,യാസർ അറഫാത്, സോണി, പത്രപ്രവർത്തകൻ വി. മഹേഷ് എന്നിവർ പങ്കെടുത്തു.

അങ്കണവാടി അധ്യാപിക അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയില്‍

അങ്കണവാടി അധ്യാപിക അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയില്‍

പത്തനംതിട്ട: അങ്കണവാടി അധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റപ്പുഴ സ്വദേശി മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ അടുക്കളയില്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കാനായി രാവിലെ ആറു മണിയോടെ അടുക്കളയിലേക്ക് പോയ മഹിളാ മണിയെ ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരഞ്ഞപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞ് മഹിളാ മണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു. മൂന്നാഴ്ച മുമ്പ് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മഹിളാ മണിക്ക് ചില മാനസിക പ്രശ്നങ്ങള്‍ അനുഭവപെട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

‘തിരിച്ചറിവിന്റ യൗവ്വനം’ വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനം ഇന്ന്

ആറ്റിങ്ങൾ : ‘തിരിച്ചറിവിന്റ യൗവ്വനം’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ജില്ലാ യുവജന സമ്മേളനം ഇന്ന് രാവിലെ 9.30 മുതൽ ആലംകോട് ഹാരിസൺസ് പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

അഡ്വ. വി.ജോയ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. അബ്ദുറഷീദ്
സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ത്വാഹ അബ്ദുൽ ബാരി അധ്യക്ഷത വഹിക്കും.

മുഹമ്മദ്‌ സ്വാദിഖ് മദീനി, ഹാരിസ് മദനി കായക്കൊടി, മുസ്തഫ മദനി, ജംഷീർ സ്വലാഹി, സുഹൈൽ പി.യു, അക്ബർഷാ അൽ ഹികമി, ഹാരിസ് ആറ്റൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സമ്മേളനത്തിൽ വീഡിയോ പ്രദര്‍ശനം, ക്വിസ് പ്രോഗ്രാം,യൂത്ത്ടോക്ക്.. എന്നിവ ഉണ്ടാകുമെന്ന് മീഡിയ കൺവീനർമാരായ ഷഹീർ സലിം പെരുമാതുറ, ജമീൽ പാലാംകോണം എന്നിവർ അറിയിച്ചു.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും രേണു രാജിനെ എറണാകുളം കളക്ടറായും നിയമിച്ചു. എം.ജി രാജമാണിക്യം റൂറല്‍ ഡെവലപ്മെന്‍റ് കമ്മീഷണര്‍, നവ്ജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി, എസ്.ഹരികിഷോര്‍ കെഎസ്ഐഡിസി എംഡി, ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടര്‍ ആയും സ്ഥാനമേറ്റു.